Image

ക്യാമറക്കണ്ണിലൂടെ വിസ്മയം രചിച്ച വിക്ടര്‍ ജോര്‍ജ് (അനുസ്മരണം:ആന്റണി കണയംപ്ലാക്കല്‍)

Published on 11 July, 2024
ക്യാമറക്കണ്ണിലൂടെ വിസ്മയം രചിച്ച വിക്ടര്‍ ജോര്‍ജ് (അനുസ്മരണം:ആന്റണി കണയംപ്ലാക്കല്‍)

വിക്ടർ ജോർജ് (1955 -2001 ) 'മഴയേ.. തൂമഴയേ വാനം തൂവുന്ന പൂങ്കുളിരേ .. കണ്ടുവോ എന്റെ കാതലിയേ നിറയെ.. കണ്‍ നിറയെ പെയ്തിറങ്ങുന്നൊരോർമയിലെ പീലി നീർത്തിയ കാതലിയേ എം ജയചന്ദ്രൻ ഈ വരികൾ ആലപിക്കുമ്പോൾ മഴയുടെ കുളിര് നമ്മെ തഴുകിയൊഴുകി പോകുന്നതുപോലെ ... ഇത് മഴക്കവിത ...ഇനിയും ഞാൻ ഒരു മഴ ചിത്രകാരന്റെ കഥ പറയട്ടെ ........... ക്യാമറക്കണ്ണിൽകൂടി മഴക്കവിത രചിച്ച പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു വിക്ടർ ജോർജ് ."പ്രശസ്ത" എന്ന് മാത്രം പറഞ്ഞു നിർത്തിയാൽ ഒരു കളർ പടത്തിനു B&W പ്രതീതിയാണുണ്ടാവുക. 1981 ൽ മലയാള മനോരമയിൽ ഫോട്ടോഗ്രഫറായി ചേർന്ന വിക്ടറിനെ വെറും നാലു വർഷത്തിനുള്ളിൽ ,1985 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഫോഗ്രഫർമാരിൽ ഒരാളായി യൂണിസെഫും വാർത്താവിനിമയ വകുപ്പും സംയുക്തമായി തെരഞ്ഞെടുത്തു എന്നറിയുമ്പോൾ അദ്ദേഹം സാധാരണ " പ്രശസ്തൻ" മാത്രമല്ല എന്ന് മനസിലാകുമല്ലോ . 20 വർഷം മാത്രം തുറന്നു വച്ച ആ ക്യാമറ ലെൻസുകൾ ഒപ്പിയെടുത്തത് പത്തോളം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ.. .മഴയും പ്രകൃതിയുമായിരുന്നു ഇഷ്ടവിഷയങ്ങൾ ... മഴയെ ഇതുപോലെ സ്നേഹിക്കുകയും പകർത്തുകയും ചെയ്ത മറ്റൊരാളുണ്ടാവുകയില്ല ... .മഴ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയും അനുഭവുമാണെന് വിക്ടർ പറയുമായിരുന്നു... വെണ്ണിയാണിമലയിലെ 2001 ,ജൂലൈയിലെ പെരുമഴ വിക്ടറിനെ മഴവില്ലുകൾക്ക്പ്പുറത്തേക്കു.....വിണ്ണിലേക്കു കൂട്ടികൊണ്ടുപോയി ...അദ്ദേഹത്തിന്റെ FM2 ,F5 ക്യാമറകൾ ഓർമക്കായി നമുക്കു മണ്ണിൽ ബാക്കിവച്ചിട്ട് .... കുറവിലങ്ങാട് ദേവമാതാ കോളേജിൽ പഠിച്ച ഇംഗ്ലീഷ് സാഹിത്യത്തിലെ കവിതകളിൽ നിന്നാണോ വിക്ടർ ക്യാമറ കൊണ്ട് കവിതയെഴുതാൻ പഠിച്ചത് ?കവിതരചനയിൽ സമയ പരിധിയില്ലെങ്കിലും ക്യാമറയിൽ കവിത രചിക്കാൻ നമുക്കു ലഭിക്കുന്നത് ഒരു നിമിഷം മാത്രം....

.പ്രിയപ്പെട്ട വിക്ടർ, താങ്കളിലെ പ്രതിഭയുടെ തീവ്രമായ ഫോക്കസിനെ ഞങ്ങൾ നമിക്കുന്നു ... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന നിരവധി സ്പോർട്സ് ചിത്രങ്ങളും നൽകി വിക്ടർ ..1986 ദേശീയ ഗെയിംസിൽ അനിത സൂദിന്റെ നീന്തൽകുളത്തിലെ പ്രകടനത്തെ വെല്ലുന്ന അമ്മ കവിതയുടെ ഗാലറിയിലെ പ്രകടനം ...വിക്ടറിന് രാജ്യാന്തര ബഹുമതി നേടിക്കൊടുത്ത ചിത്രപരമ്പര .... അങ്ങനെ എത്രയോ വാചാലമായ ചിത്രങ്ങൾ .... ഇന്ന് ഭൂരിഭാഗം മലയാളിക്കും മഴയെ പേടിയാണ്......എനിക്കും... മലയാളിക്ക് മഴ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വെള്ളക്കെട്ടും മാത്രമായി... മലയാളിതന്നെ കേരളത്തിനു വരുത്തിവെച്ച ദുരന്തം ....... പ്രകൃതി ദുരന്തങ്ങൾ വിക്ടർ മുൻകൂട്ടി കാണുകയും, അതിന്റെ പരിണിതഫലം അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ദൃശ്യവത്കരിക്കാൻ എത്രയോ ശ്രമിക്കുകയും ചെയ്തു...പ്രകൃതിചൂഷണത്തോടുള്ള രോഷം നിറഞ്ഞു നിൽക്കുന്ന എത്രയോ ചിത്രങ്ങൾ... വിക്ടറും അദ്ദേഹത്തിന്റെ ചിത്രങ്ങളും അനന്യമായതിന്റെ രഹസ്യം മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പങ്കുവക്കുന്നു " His images showed the nuances that everyone looked at ,but did not bother to notice".എത്ര അര്‍ത്ഥപൂര്‍ണ്ണമായ നിരീക്ഷണം ! കോഴിക്കോട് മലയാള മനോരമയിൽ വിക്ടറിന്റെ സഹപ്രവർത്തകനാകാനുള്ള ഭാഗ്യമെനിക്കുണ്ടായി . ജന്മഭൂമി ദിനപത്രത്തിന്റെ എഡിറ്റർ കെ.എൻ .ആർ. നമ്പൂതിരി "ബൈലൈനിൽ " വിക്ടറിന്റെ ജീവിത ചിത്രം മനോഹരമായി വരച്ചിട്ടിരിക്കുന്നു . പതിനേഴ് പത്രപ്രവർത്തക ഇതിഹാസങ്ങളെക്കുറിച്ചു "ബൈലൈൻ -ഓർമയിലെ പഴയ താളുകൾ " എന്ന പുസ്‌തകത്തിൽ  .. ചിത്രങ്ങൾ :1.അമ്മ കവിത സൂദ് ഗാലറിയിലും മകൾ അനിത സൂദ് നീന്തൽകുളത്തിലും 2. രണ്ടായിരമാണ്ടിന്റെ പിറവികുറിക്കാൻ മനോരമ ഒന്നാം പേജിൽ വിക്ടർ എടുത്ത ചിത്രവും, 20 വർഷത്തിന് ശേഷം 2020 ൽ ആ കുഞ്ഞിക്കാലിന്റെ ഉടമയെ കണ്ടെത്തി മറ്റൊരു മുത്തശ്ശിക്കൊപ്പം വിക്ടറിന്റെ മകൻ നീൽ പകർത്തിയതും 3. വിക്ടറിന്റെ കുടുംബം. പത്നി ലില്ലി ,മകൾ അശ്വതി (ആർക്കിടെക്ട് ),നീൽ . 4. വിക്ടർ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക