Image

ഡോ. കൃഷ്ണ കിഷോറിന് സൈനിക് സ്‌കൂളിന്റെയും പെൻസ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും ബഹുമതികൾ

Published on 11 July, 2024
ഡോ. കൃഷ്ണ  കിഷോറിന്  സൈനിക് സ്‌കൂളിന്റെയും പെൻസ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും ബഹുമതികൾ

ന്യു ജേഴ്‌സി: അമേരിക്കയിലെ മാധ്യമ പ്രതിഭ ഡോ. കൃഷ്ണ  കിഷോറിന് രണ്ട്  അപൂർവ ബഹുമതികൾ.  അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ തിരുവനന്തപുരത്തെ സൈനിക് സ്‌കൂൾ  മികച്ച പൂർവവിദ്യാർത്ഥി പുരസ്‌കാരമായ  'ഫ്‌ളയിംഗ് ഓഫീസർ എം.പി അനിൽ കുമാർ മെമ്മോറിയൽ അവാർഡ്; നൽകി ആദരിക്കുന്നു.  ജൂലൈ 20ന് സൈനിക് സ്‌കൂളിൽ വെച്ച്  അവാർഡ് സമ്മാനിക്കും .

മറ്റൊരു പ്രധാന ബഹുമതി അമേരിക്കയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, 2024 ലെ അവരുടെ മികച്ച പൂർവ്വ വിദ്യാർത്ഥി അവാർഡ് നൽകി  കൃഷ്ണ  കിഷോറിനെ ആദരിക്കുന്നു. സെപ്റ്റംബർ 8 ന് അവാർഡ് നൽകും.

ഇവിടെയാണ് അദ്ദേഹം പിഎച്ച്‌ഡി നേടുകയും  ഫാക്കൽറ്റി അംഗമായി പഠിപ്പിക്കുകയും ചെയ്തത്. സതേണ്‍ ഇല്ലിനോയി സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ഡിഗ്രിയും   നേടി

അടുത്തയിടക്ക് ന്യു ജേഴ്‌സി ഗവർണർ ഫിൽ മർഫി, കൃഷ്ണ കിഷോറിനെയും ഭാര്യ വിദ്യ കിഷോറിനെയും പുതുതായി രൂപീകരിച്ച ന്യു ജേഴ്‌സി ഇന്ത്യ  കമ്മീഷനിൽ അംഗങ്ങളായി നിയമിച്ചിരുന്നു. കമ്മീഷനിലെ ഏക ദമ്പതികളാണ്.  

ആകാശവാണിയിൽ  മാധ്യമപ്രവര്‍ത്തനം ആരംഭിച്ച കൃഷ്ണ  കിഷോർ   ഇപ്പോൾ  ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഹെഡ് ആണ് . അമേരിക്കൻ വാർത്തകൾ ലോകമെങ്ങുമുള്ള മലയാളികളിൽ എത്തിക്കുന്ന അദ്ദേഹം   ലോകമലയാളികൾക്ക്  സുപരിചിതൻ.

ന്യൂസ് റീഡറായിട്ടായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ആകാശവാണിയില്‍ നൂറില്‍ അധികം ബുള്ളറ്റിനുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.  മലയാളത്തിന്‍റെ പ്രിയ നടന്‍ പ്രേം നസീറിന്‍റെ മരണ വാര്‍ത്ത അന്ന് ആകാശവാണി സംപ്രേഷണം ചെയ്തത് ഡോ. കൃഷ്ണ കിഷോറിന്‍റെ ശബ്ദത്തിലൂടെയായിരുന്നു.  

ദിവസത്തിൽ പലവട്ടം  അമേരിക്കൻ വാര്‍ത്തകള്‍  റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ, ജനപ്രിയമായ അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയുടെ രചനയും നിര്‍മ്മാണവും അവതരണവും എല്ലാം അദ്ദേഹം  തന്നെയാണ്.
യു. എസ്. വീക്കിലി റൗണ്ട് അപ് എന്ന ഏഷ്യാനെറ്റിലെ പരിപാടി വിജയകരമായതും  ഡോ. കൃഷ്ണ കിഷോറിന്‍റെ അവതരണത്തിലൂടെ തന്നെ. പതിനഞ്ചു വര്‍ഷം എഴുനൂറിലധികം എപ്പിസോഡുകള്‍ അദ്ദേഹം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍ സീനിയര്‍ ഡയറക്ടറായി ജോലി ചെയ്യുകയാണിപ്പോള്‍. 15 വര്‍ഷം ഡിലോയിറ്റില്‍ ജോലി ചെയ്തു.

ഡോ. കൃഷ്ണ കിഷോറിനു മാധ്യമ രംഗത്തെ മികവിന് ഇരുപതിലധികം പുരസ്കാരങ്ങള്‍  ലഭിച്ചിട്ടുണ്ട്. യു. എന്‍. അക്രഡിറ്റേഷന്‍, അമേരിക്കന്‍ ഗവണ്മെന്‍റ് അക്രഡിറ്റേഷന്‍ തുടങ്ങിയവയുള്ള  മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2003-ല്‍ തുടങ്ങിയ യു.എസ്. വീക്കിലി റൗണ്ടപ്പിലെ പ്രകടനത്തിലൂടെ മികച്ച വാര്‍ത്താവതാരകനുള്ള പുരസ്കാരവും നേടി . ലളിതമായ ഭാഷയിലുള്ള അദ്ദേഹത്തിന്‍റെ  അവതരണം മലയാളത്തിന്‍റെ ഏറ്റവും വലിയ വിമര്‍ശകനും നിരൂപകനുമായ സുകുമാര്‍ അഴീക്കോടിന്‍റെ പ്രശംസക്ക് അര്‍ഹനാക്കി. ലോകത്തിലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. കൃഷ്ണ കിഷോര്‍ ഒരു വലിയ മാതൃകയാണെന്നാണ് അഴീക്കോട് മാഷ് അന്ന് പറഞ്ഞത്.  

ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സന്‍റെ ഗ്ലോബല്‍ ഹെഡ് ഓഫ് എച്ച് ആര്‍ ആണ്  ഭാര്യ  വിദ്യ കിഷോർ.  ബോസ്റ്റൺ കോളേജ് ലോ സ്കൂളിൽ നിയമ ( ഡോക്ടർ ഓഫ് ജൂറിസ്പ്രുഡൻസ്) വിദ്യാർത്ഥിയാണ് മകൾ സംഗീത
see also
https://emalayalee.com/vartha/154794

Join WhatsApp News
Mathew Thomad 2024-07-11 06:51:53
Great! Proud of my classmate at St.Joseph's college, Devagiri, Kozhikode.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക