ബഹിരാകാശ നിലയത്തിൽ (ഐ എസ് എസ്) പ്രതീക്ഷിച്ചതിലും കൂടുതൽ കാലം കഴിയേണ്ടി വന്ന സ്റ്റാർലൈനർ യാത്രികർ സുനിത വില്യംസും ബുച് വിൽമോറും ബുധനാഴ്ച ലൈവായി മാധ്യമങ്ങളോട് സംസാരിച്ചു. ജൂൺ 5നു ബോയിങ്ങിന്റെ ആദ്യ ദൗത്യത്തിൽ പറന്ന അവരുടെ മടക്ക യാത്ര നീണ്ടു പോകുന്നതിൽ ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണിത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ബോയിങ്ങും നാസയും വിജയം കണ്ടെത്താത്തതു കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഭൂമിയിലേക്കു മടങ്ങാൻ തടസമൊന്നും ഇല്ലെന്നും ദൗത്യം പൂർത്തിയായിട്ടില്ലെന്നും അവർ വിശദീകരിച്ചു. "ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്."
"സ്റ്റാർലൈനർ ഞങ്ങളെ സുഖമായി തിരിച്ചെത്തിക്കുമെന്നു എന്റെ ഹൃദയത്തിൽ എനിക്കു നല്ല ഉറപ്പുണ്ട്," വില്യംസ് പറഞ്ഞു.
സ്റ്റാർലൈനറിന്റെ ആദ്യ പറക്കൽ പരീക്ഷണമാണെന്നു വില്യംസ് ചൂണ്ടിക്കാട്ടി. അവരുടെ ഭാവി ദൗത്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.
സ്റ്റാർലൈനർ പെട്ടെന്നു ഐ എസ് എസ് ബന്ധം വേർപെടുത്തിയാൽ അതിനുള്ളിൽ തുടരാൻ കഴിയുന്നത് എങ്ങിനെ എന്ന 'സേഫ് ഹാവെൻ' പരീക്ഷണം വിജയകരമായി നടത്തിയെന്നു വിൽമോർ പറഞ്ഞു.
എന്നാണ് മടക്കയാത്രയെന്നു തീരുമാനിച്ചിട്ടില്ലെന്നു നാസ അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങളുടെ ഉറവിടം കണ്ടെത്തി അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
"ഞങ്ങൾ ഒട്ടേറെ പരിശീലനം നടത്തി," വില്യംസ് പറഞ്ഞു. "ഐ എസ് എസിനു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങൾക്കു ഞങ്ങളുടെ പേടകത്തിൽ കയറാം. ഞങ്ങൾക്ക് യാനം വേർപെടുത്താം."
"ഐ എസ് എസ് ജീവിക്കാനും ജോലി ചെയ്യാനും സുഖമുള്ള ഇടമാണ്," വിൽമോർ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ അദ്ദേഹം വിശദീകരിച്ചു. "ഭൂമിയിൽ അവർ അതെല്ലാം പരിഹരിക്കുന്ന പ്രക്രിയ തുടരുകയാണ്."
പേടകത്തിൽ നാലു പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന കാര്യവും പരിശോധിച്ചെന്നു വില്യംസ് പറഞ്ഞു.
Starliner crew speaks from ISS