സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങളിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറണമെന്ന ആവശ്യം ഉയർന്നു. ഹൗസിൽ നിന്നു എട്ടു ഡെമോക്രറ്റുകൾ ഈ ആവശ്യം ഉന്നയിച്ചെങ്കിലും സെനറ്റിൽ നിന്ന് ആദ്യം കേൾക്കുന്ന ശബ്ദം വെർമെണ്ട് സെനറ്റർ പീറ്റർ വെൽഷിന്റെതാണ്.
"അതിനു അതുല്യമായ ത്യാഗചിന്തയും ധീരതയും വേണം," അദ്ദേഹം വാഷിംഗ്‌ടൺ പോസ്റ്റ് പത്രത്തിൽ എഴുതി. "അദ്ദേഹം എന്നും ചെയ്തിട്ടുള്ളതു പോലെ നമ്മളെ അദ്ദേഹം ഏറ്റവും പ്രധാനമായി കാണണം. ഇപ്പോൾ അങ്ങിനെ അദ്ദേഹം ചെയ്യണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്."
ന്യൂ യോർക്ക് ടൈംസുമായുള്ള അഭിമുഖത്തിൽ ബൈഡന്റെ ഡിബേറ്റ് പ്രകടനം പരാമർശിച്ചു അദ്ദേഹം പറഞ്ഞു: "നമ്മൾ കണ്ടത് കണ്ടില്ലെന്നു നമുക്ക് നടിക്കാനാവില്ല. ഡിബേറ്റ് വരുന്നതിനു മുൻപു തന്നെ അദ്ദേഹത്തിന്റെ പ്രായം വലിയൊരു ചർച്ചാ വിഷയം ആയിരുന്നു. അത്തരം വിമർശനം അവസാനിപ്പിക്കാൻ നല്ല അവസരമായിരുന്നു ചർച്ച. പക്ഷെ ഡിബേറ്റ് കഴിഞ്ഞപ്പോൾ അത് കൂടുതൽ ശക്തമായി. അതാണ് പ്രശ്നം."
കണക്ടിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൾ ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞു: ഞാൻ നവംബറിൽ ബൈഡനു എന്ത് സംഭവിക്കും എന്ന കാര്യത്തിൽ ഏറെ ആശങ്കയിലാണ്. ബൈഡനെ പിന്തുണച്ചെങ്കിലും ഈ കാര്യം പാർട്ടി ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബൈഡന്റെ കൂടെത്തന്നെയെന്നു ഷൂമർ
സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ (ന്യൂ യോർക്ക്) പക്ഷെ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു. "ഞാൻ പരസ്യമായും രഹസ്യമായും വ്യക്തമായി ആവർത്തിച്ചു പറഞ്ഞിട്ടുള്ളതു പോലെ, ഞാൻ പ്രസിഡന്റ് ബൈഡനെ പിന്തുണയ്ക്കുന്നു. നവംബറിൽ ഡൊണാൾഡ് ട്രംപിനെ തോൽപിക്കണം എന്ന എന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ല."
ബൈഡനെതിരെ ഷൂമർ ചില ഡോണർമാരോടു സംസാരിച്ചു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.