പ്രസിഡന്റ് ജോ ബൈഡൻ 2024 മത്സരത്തിൽ നിന്നു പിന്മാറണമെന്ന അഭിപ്രായത്തെ പരോക്ഷമായി പിന്തുണച്ചു മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി. "തീരുമാനം (എന്തായാലും) എടുക്കാൻ ബൈഡൻ ഇനി വൈകാൻ പാടില്ല," യുഎസ് ഹൗസ് മുൻ സ്‌പീക്കറായ കലിഫോർണിയ ഡെമോക്രാറ്റ് പറഞ്ഞു.
എന്നാൽ ബൈഡന്റെ തീരുമാനം എന്തായാലും അതിനെ പിന്താങ്ങുമെന്നു പെലോസി (84) വ്യക്തമാക്കി.
പെലോസിയുടെ അഭിപ്രായത്തിനു പിന്നാലെ ന്യൂ യോർക്ക് റെപ്. പാറ്റ് റയാൻ ബൈഡനോട് പിന്മാറാൻ ആവശ്യപ്പെട്ടു. "രാജ്യത്തിൻറെ നന്മയ്ക്കു വേണ്ടി അദ്ദേഹം അങ്ങിനെ ചെയ്യണം," മണ്ഡലത്തിൽ വെല്ലുവിളി നേരിടുന്ന റയാൻ പറഞ്ഞു. ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ അസ്തിത്വത്തിനു ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനു പിന്നാലെ ഒറിഗണിലെ റെപ്.ഏൾ ബ്ലൂമെനയാർ പറഞ്ഞു: "ഇത് അദ്ദേഹത്തിന്റെ പ്രസിഡൻസി ആവർത്തിക്കുന്ന വിഷയമല്ല. രാജ്യത്തെ സംരക്ഷിക്കുന്നതാണ് പ്രധാനം."
ഇതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ഉന്നയിക്കുന്ന ഹൗസ് ഡെമോക്രാറ്റുകളുടെ എണ്ണം ഒൻപതായി.
ബൈഡൻ മാറണം എന്ന ആവശ്യം ആവർത്തിച്ച മെയ്‌നിലെ റെപ്. ഹാരഡ് ഗോൾഡൻ പറഞ്ഞു: "ശാരീരികമായും മാനസികമായും രാജ്യത്തെ നയിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലാത്ത ഒരാൾക്കു ഞാൻ വോട്ട് ചെയ്യില്ല. യുഎസ് പ്രസിഡന്റിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ നില എന്താണെന്നു ചോദിക്കുന്ന മില്യൺ കണക്കിനു അമേരിക്കൻ പൗരന്മാരുടെ ആശങ്കയാണ് ഞാനും പങ്കു വയ്ക്കുന്നത്."
ന്യൂ യോർക്ക് ലെഫ്. ഗവർണർ അന്റോണിയോ ഡെൽഗാഡോയും ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
മത്സരത്തിൽ തുടരുന്നു എന്നു തന്നെയാണ് ബൈഡൻ തറപ്പിച്ചു പറഞ്ഞിട്ടുള്ളത്. തിങ്കളാഴ്ച അദ്ദേഹം എൻബിസി ന്യൂസിനു അഭിമുഖം അനുവദിച്ചിട്ടുണ്ട്. ജൂൺ 27 ഡിബേറ്റിൽ ഡൊണാൾഡ് ട്രംപിനു മുന്നിൽ അടിപതറിയ ശേഷം ഒരു പ്രമുഖ നെറ്റ് വർക്കിന് അദ്ദേഹം അനുവദിക്കുന്ന രണ്ടാമത്തെ അഭിമുഖം.
Pelosi joins chorus asking for Biden exit