Image

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആകാമെന്ന് മുൻ ഭാര്യ മാർല മേപ്പിൾസ് (പിപിഎം)

Published on 11 July, 2024
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആകാമെന്ന്   മുൻ ഭാര്യ മാർല മേപ്പിൾസ് (പിപിഎം)

ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിൽ സഹായിക്കാൻ തയാറാണെന്നു അദ്ദേഹത്തിന്റെ മുൻ ഭാര്യ മാർല മേപ്പിൾസ്. വേണ്ടിവന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാനും തയാറാണ്.

"ഞാൻ തയാറാണ്. ആവശ്യമെങ്കിൽ ഞാൻ രംഗത്തിറങ്ങും. മാറി നിൽക്കാനല്ല താല്പര്യം," എട്ടു വർഷത്തിനു ശേഷം ഈവനിംഗ് സ്റ്റാൻഡേർഡ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ 60കാരിയായ അവർ പറഞ്ഞു.

"എനിക്കു കൂടുതലായി പുറത്തേക്കു ഇറങ്ങണമെന്നുണ്ട്. തുറന്നു സംസാരിക്കുമ്പോൾ ഉണ്ടാവുന്ന ഫലങ്ങൾ ഗുണമായാലും ദോഷമായാലും എനിക്കതു പ്രശ്നമല്ല."

ട്രംപിന്റെ മകൾ ടിഫാനിയുടെ അമ്മയായ മാർല അദ്ദേഹത്തിന്റെ നിയമപ്രശ്നങ്ങൾ കൂട്ടാക്കുന്നില്ല. ന്യൂ യോർക്കിൽ എഴുത്തുകാരി ഇ. ജീൻ കരളിനെ ബലാത്സംഗം ചെയ്തു എന്ന കേസ് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം നിരപരാധിയാണെന്നാണ് താൻ കരുതുന്നതെന്നു മാർല പറഞ്ഞു. "അദ്ദേഹത്തെ എപ്പോഴും സ്ത്രീകൾ വളഞ്ഞിരുന്നു. ആരെയും ബലാത്സംഗം ചെയ്യേണ്ട കാര്യം അദ്ദേഹത്തിനില്ല."

നടിയും ഗായികയുമായ മാർല ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവും എന്ന വാർത്ത പത്രം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് അദ്ദേഹത്തോടു തന്നെ ചോദിക്കണം എന്നായിരുന്നു പ്രതികരണം.

ട്രംപും മാർലയും 1993ലാണ് വിവാഹം കഴിച്ചത്. ആറു വർഷം കഴിഞ്ഞു പിരിഞ്ഞപ്പോൾ മാർല $2 മില്യൺ നഷ്ടപരിഹാരം വാങ്ങി. 1985ൽ വിവാഹം കഴിച്ച ഇവാന ട്രംപ് ഭാര്യ ആയിരിക്കെ തന്നെയാണ് ട്രംപ് മാർലയുമായി ബന്ധം സ്ഥാപിച്ചത്.

Trump's ex-wife offers help 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക