Image

കൂടോത്ര മനസ്ഥിതികൾ (ജെ.എസ്. അടൂർ)

Published on 11 July, 2024
കൂടോത്ര മനസ്ഥിതികൾ  (ജെ.എസ്. അടൂർ)

മനുഷ്യന്റെ അടിസ്ഥാന മനസ്ഥിതിയുടെ ഒരു പ്രധാന ഘടകമാണ്‌ ഭയം. കൂട്ടോത്ര / അഭിചാര, കുതന്ത്ര മന്ത്രമനസ്‌ഥിതിയുള്ളവർ പല വിധ ഭയ വിചാരങ്ങളിൽ നിന്നുള്ള അരക്ഷിത ബോധവും അപകർഷത ബോധവും അന്ധ വിശ്വാസങ്ങളുമുള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യരാണ്. അവരുടെ മനസ്സിൽ അസൂയയും വിദ്വേഷവും നിറഞ്ഞ കുൽസിത മനോഭാവമായിരിക്കും.
മനുഷ്യന്റെ ഉള്ളിൽ പല വിധ ഭയ വിചാരങ്ങളുണ്ട്. അതിൽ ഏറ്റവും സ്ഥായിയുള്ള ഒന്നാണ് മരണ ഭയം. ജനിക്കുന്നവരെല്ലാം മരിക്കും എന്ന് അറിയുന്നത് മുതൽ മരണ ഭയമുള്ളിൽ കയറും. ജനിച്ചു കഴിഞ്ഞാൽ മരണത്തെ അതിജീവിക്കാൻ കഴിയുന്ന അതിജീവന ത്വര ( survival instinct ) എല്ലാ ജീവികളുടെയും മസ്തിഷ്ക വ്യാപാരത്തിലുണ്ട്. മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ ജനിക്കുന്നത് മുതൽ സാമൂഹിക ജീവിയാണ്.

മനുഷ്യൻ സ്വന്തം സ്വത ബോധവും സ്വയബോധമുണ്ടാക്കുന്നത് പൊലും ഭക്ഷണവും ഭാഷയും വസ്ത്രവും പാർപ്പിടവുമുൾപ്പെടെയുള്ള സാമൂഹികവൽക്കരണത്തിലൂടെയുമാണ്. ഒരു തരത്തിൽ മനുഷ്യന്റെ അസ്ഥിത്വ ഭയത്തിൽ നിന്ന് സുരക്ഷിത ബോധംവും പരിരക്ഷയും നൽകുന്നത് സമൂഹമാണ്‌. പരസ്പരം ഇണയും തുണയുമായി കരുതിയും പങ്കുവച്ചും സ്നേഹിച്ചുമാണ്‌ മനുഷ്യൻ വൈകാരിക സുരക്ഷ അനുഭവിക്കുന്നത്.

ഭയത്തിൽ നിന്ന് മനുഷ്യൻ സ്വതന്ത്രനാകാൻ ശ്രമിക്കുന്നത് വൈകാരിക പരിരക്ഷ തരുന്ന സ്നേഹത്തിലൂടെയാണ്. സ്നേഹമെന്നത് മനുഷ്യർ തമ്മിൽ പരസ്പരം പങ്കുവച്ചും കരുതിയും സന്തോഷിക്കുന്ന മാനസിക അവസ്ഥയാണ്. അതു കൊണ്ടു സ്നേഹ നഷ്ട്ടവും അതിന് ഇടനൽകുന്നവരുടെ ജീവ നഷ്ട്ടവുമാണ്‌ മനുഷ്യനെ അലട്ടുന്ന വൈകാരിക ഭയം.
സ്നേഹ രാഹിത്യത്തിൽ മരണഭയത്തിൽനിന്നും സാമൂഹിക അരക്ഷിതബോധത്തിൽ നിന്നുമാണ്‌ മനുഷ്യനിൽ പരസ്പര വിശ്വാസം നഷ്ട്ടപ്പെടുന്നത്. പരസ്പര വിശ്വാസം നഷ്ട്ടപെട്ട സ്‌നേഹം രഹിതമായ മാനസിക അവസ്ഥയിലാണ് മനുഷ്യനിൽ വെറുപ്പ് എന്ന വികാരത്തിലെത്തുന്നത്.

എല്ലാം വെറുപ്പിന്റെയും പിന്നിൽ വ്യക്തിപരമോ സാമൂഹികപരമോ ആയ ഭയവും അതിൽ നിന്നുള്ള അരക്ഷിതബോധവുമാണ്.ഒരാൾ പ്രതീക്ഷിക്കുന്നു സാമ്പത്തികമൊ സാമൂഹികമായ സ്ഥാനമാനങ്ങൾ ലഭിക്കാതെവരുമ്പോഴോ അതു നഷ്ടപ്പെടുമോ എന്ന ഭയമോ മനുഷ്യരിലുണ്ടാക്കുന്നു വികാരമാണ് അസൂയ.

തങ്ങളെക്കാൾ ശാരീരികമായോ സാമ്പത്തികമായോ സാമൂഹികമായോ വൈകാരിക മായോ സുരഷിതരോ ഭേദമായോ ഉള്ള മനുഷ്യരോടുള്ള അപകർഷത അരക്ഷിതബോധവും അതിൽ നിന്നുള്ള അസൂയയും വെറുപ്പുമാണ് എല്ലാ തരം ഹത്യയുടെ അടിസ്ഥാനം. അങ്ങനെയുള്ള മാനസിക അവസ്ഥയുള്ളവരാണ് മനസ്സ് കൊണ്ടും വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും മറ്റുള്ളവരെ ആക്രമിക്കുന്നതും കൊല്ലുവാൻ പൊലും ശ്രമിക്കുന്നത്.
പലപ്പോഴും ഉൾഭയവും അരക്ഷിത ബോധനുള്ള മനുഷ്യരാണ് ഏറ്റവും കൂടുതൽ അഗ്രെസ്സിവായി അക്രമ ത്വര കാണിക്കുന്നത്.

തങ്ങൾക്കു ഇല്ലാത്തത് നേടാനും, തങ്ങളെ എതിർക്കുന്നു എന്ന് തോന്നുന്നു മനുഷ്യരെ ശത്രുസ്ഥാനത്തു നിർത്തി നിഗ്രഹിക്കാനുള്ള ത്വരയിൽ നിന്നാണ് മനുഷ്യൻ മറ്റുള്ളവരെ ഹനിക്കാനുള്ള നെഗറ്റീവ് മനസ്‌ഥിതിയിയിലെത്തുന്നത്.
സ്വയം ആത്മധൈര്യമോ ആത്മവിശ്വാസമൊ ഇല്ലാതെ ഭയവും അരക്ഷിത ബോധവുമുള്ളവരാണ് കൂട്ടോത്രം പോലുള്ള കുൽസിത അന്ധ വിശ്വാസത്തിന്റെ അടിമകളാകുന്നത്.

യുക്തിപരമോ സാമൂഹികമൊ രാഷ്ട്രീയമൊ സാമ്പത്തികമായോ ആയുധബലം കൊണ്ടോ എതിർക്കുവാൻ ശേഷി ഇല്ലാത്ത ദുർബലമനസ്‌ഥിതിയും ഭയവും അരക്ഷിത ബോധമുള്ളവരാണ് കൂട്ടോത്രം പോലുള്ള ദുർമന്ത്ര അന്ധവിശ്വാസത്തിൽ മറ്റുള്ള മനുഷ്യരുടെ കഷ്ടം നഷ്ടങ്ങളിൽ ആനന്ദിക്കുന്നു വികല മനസ്സുള്ളവർ.
ഇങ്ങനെയുള്ള കുൽസിത അന്ധവിശ്വാസങ്ങൾ ഉള്ളിൽ ആത്മ വിശ്വാസവും പ്രത്യാശയും സ്നേഹവുമുള്ള മനുഷ്യരെ ബാധിക്കില്ല.
അഭിചാരവും കൂടോത്രവും എല്ലാം ബാധിക്കുന്നത് അരക്ഷിത ബോധവും ഭയവും വെറുപ്പുമുള്ള മനുഷ്യരാണ്.

സ്നേഹത്തിൽ കൂടെയും മാനുഷിക പരസ്പര കരുതലും പങ്കുവക്കുന്ന യുക്തി ബോധത്തോടെ പോസിറ്റീവ് വിശ്വാസമുള്ളവരെ ഒരു കൂടോതൃ വും ബാധിക്കില്ല
കൂട്ടോത്ര മനസ്‌ഥിതി ഉള്ളവരുടെ ഭയം അവർ എന്ത് നേടിയാലും അവരെ വിടില്ല. കൂട്ടോത്ര മനസ്‌ഥിതി ഉള്ളവർ എന്തൊക്ക നേടിയാലും അവർ അരക്ഷിത ബോധത്തിന് അടിമകളായി ആരെയും സ്നേഹിക്കാൻ ശേഷി ഇല്ലാത്ത ദുർബല മനുഷ്യരായിരിക്കും. അവരുടെ ഉള്ളിൽ ഒരിക്കലും സന്തോഷമൊ സ്നേഹമോ വെളിച്ചമൊ കാണില്ല.

ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക