Image

എഴുത്ത് കൂടുന്നു , വായന കുറയുന്നു ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും . 4 : പ്രകാശൻ കരിവെള്ളൂർ )

Published on 11 July, 2024
എഴുത്ത് കൂടുന്നു , വായന കുറയുന്നു ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും . 4 : പ്രകാശൻ കരിവെള്ളൂർ )

കേരളത്തിലിപ്പോൾ തെങ്ങുകളേക്കാൾ കൂടുതലുള്ളത് എഴുത്തുകാരാണ്. ഒരു ദിവസം തന്നെ ലക്ഷക്കണക്കിന് കഥകളും കവിതകളും ലേഖനങ്ങളുമാണ്  അച്ചടി മാധ്യമങ്ങളോ നവമാധ്യമങ്ങളോ വഴി നാട്ടിലിറങ്ങുന്നത് . ഇതിൽ അച്ചടിച്ച് വരുന്നത് പോലും അത് എഴുതിയവർ മാത്രമേ പലപ്പോഴും ശ്രദ്ധിക്കാറുള്ളൂ .വായിക്കാതിരിക്കാൻ കഴിയാത്ത പരമ്പരാഗതവായനക്കാരും അത് വായിച്ചേക്കും . പിന്നെ എഴുത്തുകാർ തന്നെ നവമാധ്യമങ്ങളിലൊക്കെ സ്വയവും മറ്റുള്ളവരെക്കൊണ്ടും പ്രചരിപ്പിച്ചും കുറച്ച് ആളുകൾ വായിക്കുന്നുണ്ട് . ഇതിനപ്പുറം സാമാന്യ സമൂഹത്തിന് എന്ത് കഥ ? ഏത് കവിത ? മലയാളത്തിലെ ഏറെ പ്രശസ്തരായ പുതിയ കാല കവികളെയും കഥാകൃത്തുക്കളുടെയും പേര് പോലും കേൾക്കാത്തവരാണ് മഹാഭൂരിപക്ഷം മലയാളികളാണ് . നാലഞ്ച് വർഷം മുമ്പ് ഒരു ദിവസം രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ അയൽക്കാരൻ കുട്ടി എന്നോട് ചോദിക്കുകയാണ് - മാഷ് സാഹിത്യകാരനാണോ ?
ഞാൻ ഉള്ളിലൊരു സന്തോഷത്തോടെ തിരിച്ച് ചോദിച്ചു - എങ്ങനെ മനസ്സിലായി ?
കുട്ടി - ഇങ്ങനെയുള്ള തുണി സഞ്ചി സാഹിത്യകാരന്മാരാണ് എടുക്കുക അമ്മ കാർട്ടൂണിൽ കാണിച്ച് തന്നു .
കനത്ത അപമാന ഭാരത്താൽ കുറേക്കാലം സഞ്ചി ഒഴിവാക്കിയാണ് ഞാൻ സ്കൂളിൽ പോയത് . പിന്നെ , പ്ളാസ്റ്റിക് വിരുദ്ധ ആദർശത്തിൻ്റെ അസുഖം ഒരൽപ്പം വേണമല്ലോ ബുദ്ധിജീവികൾക്ക് . അതു കൊണ്ടും സഞ്ചിയുടെ അത്യാവശ്യഘട്ടത്തിൽ ഞാനിപ്പോഴും സാഹിത്യകാരവേഷം കെട്ടുകയാണ്. ഈ തുണി സഞ്ചി പതിവായെടുക്കാൻ തുടങ്ങിയതിൽ പിന്നെയാണ് മുതിർന്നവരിൽ  ചിലരും  ഞാൻ എഴുത്തുകാരനാണെന്ന് മനസ്സിലാക്കിയത് . എഴുതിയ നാടകം കണ്ട നാട്ടുകാർ ഞാനൊരു നാടകകൃത്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട് . എന്നാൽ നിരൂപണം , ബാലസാഹിത്യം , കവിത എന്നീ മേഖലകളിലായി ഞാനെഴുതിയ പതിനേഴോളം പുസ്തകങ്ങളിൽ മിക്കതും എൻ്റെ അയൽക്കാരോ നാട്ടുകാരോ സഹപ്രവർത്തകരോ എന്തിന് വീട്ടുകാർ പോലും മുഴുവനായും വായിച്ചിട്ടില്ല . എന്നെപ്പോലെ പതിനായിരക്കണക്കിന് എഴുത്തുകാരും അവരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങളും . ഇത് കൂടാതെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ പുസ്തകങ്ങൾ . അതും വായനക്കാർ എന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വിഭാഗം മാത്രമാണ് വാങ്ങി വായിക്കുന്നത്. പിന്നെ , വായനക്കാരാണെന്ന് തെളിയിക്കാൻ പുസ്തകച്ചന്തയിൽ പോയി പുസ്തകം വാങ്ങാൻ ചിലരുണ്ട് . പലർക്കും തുറന്നു നോക്കാൻ നേരം കിട്ടാറില്ല . എഴുത്തുകാരുടെ എണ്ണം കൂടിയതിന് ആനുപാതികമായി പ്രസാധകരും വർധിച്ചു . ഇവരുടെ സെൽഫ് മാർക്കറ്റിങ്ങ് തന്ത്രത്തിലൂടെ ബെസ്റ്റർ സെല്ലർ ആയി വാഴ്ത്തപ്പെടുന്ന പുസ്തകങ്ങൾ മാത്രം വാങ്ങി വായിക്കുന്ന വിചിത്ര വായനക്കാരാണ് പുതിയ ജനുസ്സ് .
മുമ്പൊക്കെ ആയിരവും രണ്ടായിരവും കോപ്പിയാണ് ഒരു പുസ്തകത്തിൻ്റെ ഒന്നാം പതിപ്പ് . പല പല ലൈബ്രറികളിലായി എത്ര തലമുറ വായിച്ച് ലക്ഷക്കണക്കിന് കോപ്പികളുടെ ഫലം ചെയ്തതാണ് രമണൻ്റെയും ചണ്ഡാലഭിക്ഷുകിയുടെയും ഓടയിൽ നിന്നിൻ്റെയും ബാല്യകാലസഖിയുടെയും ഉമ്മാച്ചുവിൻ്റെയും അഗ്നിസാക്ഷിയുടെയും നാലുകെട്ടിൻ്റെയും നീർമാതാളം പൂത്ത കാലത്തിൻ്റേയും ആയുസ്സിൻ്റെ പുസ്തകത്തിൻ്റെയും അതു പോലെ പല പുസ്തകങ്ങളുടെയും ഒന്നാം പതിപ്പു തന്നെ . ഇപ്പോൾ നൂറും ഇരുന്നൂറും കോപ്പി സുഹൃത്തുക്കൾക്കിടയിൽ വിറ്റഴിച്ച് അവരെക്കൊണ്ട് മികച്ച പുസ്തകമെന്ന് വാഴ്ത്തിപ്പിച്ച് അടുത്ത 200 രണ്ടാം പതിപ്പിറക്കി അങ്ങനെ നാലും അഞ്ചും പതിപ്പിൻ്റെ മാഹാത്മ്യം സൃഷ്ടിച്ച് സിനിമകളുടെ നൂറ് കോടി ക്ളബ് പോലെ അമ്പത് ലക്ഷം കോപ്പിയൊക്കെ വിറ്റഴിഞ്ഞ നോവൽ - 2024ൽ കേരളത്തിൽ അമ്പത് ലക്ഷം വായനക്കാരോ ? ആർക്ക് വിശ്വസിക്കാൻ കഴിയും ഈ നുണക്കഥ ! എന്നാൽ ഇത്തരം മാജിക്കുകളാണ് വർത്തമാനകാലത്തെ ചില വിചിത്ര ജീവികൾക്ക് വേണ്ടത്. ഇന്നുവരെ ഒരു നോവലും വാങ്ങുകയോ വായിക്കുകയോ ചെയ്യാത്ത അവർ പുസ്തകം വി പി പി കിട്ടാൻ ഗൂഗിൾ പേ അയക്കും . പ്രശസ്തരുടെയും അപ്രശസ്തരുടെയും നല്ല കൃതികൾ അഞ്ഞൂറ് അടിച്ചത് തന്നെ കാലങ്ങളോളം ബുക്സ്റ്റാളുകളിൽ കെട്ടിക്കിടക്കും . പുസ്തകമേളകളിൽ ചിലതിന് ശാപമോക്ഷം ലഭിച്ചേക്കും - ഏതെങ്കിലും ലൈബ്രറി അലമാരയിലേക്ക് .ലൈബ്രറി ഭരണ സമിതി അംഗത്തിന് പോലും വല്ല വായനക്കാരും ചോദിച്ചാൽ പറയാനാവില്ല , ആ പുസ്തകം തൻ്റെ ലൈബ്രറിയിലുണ്ടെന്ന കാര്യം ! 
എഴുത്തുകാരിൽ പലരും നിശ്ചിത കോക്കസ്സുകളായി അവരെഴുതിയത് മാത്രം അങ്ങോട്ടും ഇങ്ങോട്ടും വായിച്ച് പരസ്പരം പുറം ചൊറിഞ്ഞ് സുഖിപ്പിച്ച് സൃഷ്ടിക്കുന്ന ഈ കൃത്രിമാരവങ്ങളിൽ നിന്ന് അത്യാവശ്യം വായനയും വകതിരിവുമുള്ള കുറേ ആളുകൾ മാറി നിൽക്കുകയാണ് - പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കന്ത് കാര്യം ?
 

( തുടരും )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക