Image

കടത്തനാടന്‍ തത്തമ്മ: (കവിത:സതീഷ് കളത്തില്‍.)

സതീഷ് കളത്തില്‍ Published on 12 July, 2024
കടത്തനാടന്‍ തത്തമ്മ: (കവിത:സതീഷ് കളത്തില്‍.)

കടത്തനാടന്‍ കളരിയിലെയെന്‍ പ്രിയ
കള്ളിത്തത്തമ്മേ;- യെങ്ങുപ്പോയി നിന്‍ 
കളമൊഴി;- യെന്‍ കളഭാഷിണി, നിന്‍ 
കിളിമൊഴിയിന്നെങ്ങുപ്പോയി?

കളരിമുറ്റത്തെ കുത്തുവിളക്കിലെ 
കരിയെടുത്തു കണ്ണെഴുതുമെന്‍  
കണ്ണഴകി; നിന്‍ കണ്‍തടങ്ങകളിലെ 
കണ്മഷിയാരു കവര്‍ന്നുപ്പോയി?

കദളിവനത്തില്‍ കലാധരനെ കാണ്‍കെ, 
കളരിയില്‍നിന്നും ഞാനെത്തും നേരം
കന്മഷമകലുന്ന നാലുകെട്ടെന്തിനിന്നു
കനകചിലങ്കതന്‍ നാദം മറയ്ക്കുന്നു?

ഓമലാളേ;- യെന്‍ ചേലൊത്ത ചേകവത്തി,  
ഓതിരം പയറ്റുന്നതെന്തിനു നീ;
കടകം കാട്ടുന്നതെന്തിനു നീ;
കടകം കൊതിക്കുന്നുവോയെന്നു ചൊല്ലൂ;
കള്ളക്കോലെന്തിനെന്നെന്നോടു ചൊല്‍വൂ;
കാഞ്ചനമാല പണിയിച്ചു തന്നിടാം ഞാന്‍!

* ഓതിരം= കരണം മറിച്ചില്‍
* കടകം= കൈമുദ്രകളില്‍ ഒന്ന്, അരയ്ക്കു താഴെ അടിയ്ക്കുന്ന അടി
***********************************
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക