Image

വന്നത് ഞഞ്ഞാപിഞ്ഞാ രോഗം വല്ലതുമാണെങ്കി ഒരു രക്ഷേം ഇല്ല ( ഇറ്റലിയിൽ : മിനി ആന്റണി)

Published on 14 July, 2024
വന്നത് ഞഞ്ഞാപിഞ്ഞാ രോഗം വല്ലതുമാണെങ്കി ഒരു രക്ഷേം ഇല്ല ( ഇറ്റലിയിൽ : മിനി ആന്റണി)

ഞങ്ങളിങ്ങനെ പതുക്കെ നടന്നു. വൈകിട്ട് അഞ്ചുമണി ആയെങ്കിലും നല്ല വെയിലുണ്ട്.  പൊള്ളുന്ന ചൂടും. ഡോക്ടറെ കാണലാണ് ഉദ്ദ്യേശം.  ഇത്തിരിയങ്ങോട്ട് നടന്നാൽ ഒരു ക്ലിനിക്കുണ്ട്.  നമ്മള് നോക്കുന്ന ആളിൻ്റെ (സെഞ്ഞോറയുടെ)  സ്ഥിരം ഡോക്ടറാണ്.  

സെഞ്ഞോറക്ക്  ഹൃദയം പ്രവർത്തിക്കാൻ വച്ച് കൊടുത്തേക്കണ യന്ത്രത്തിന് രണ്ട് ദെവസായി ഭയങ്കര സൗണ്ടാന്നാ പറയണെ.

 "പൊ... പോം " എന്ന് അത് മിടിക്കാത്രെ.

 പോണ വഴിക്ക് ഞാൻ സെഞ്ഞോയോട് പറഞ്ഞു.  

"ഞങ്ങടെ നാട്ടിലൊക്കെ ആവണം. രോഗം വരണ്ട താമസം.  ഓടിച്ചെന്നാ പിടിച്ച് കെടത്താൻ എത്ര ഡോക്ടർമാരാന്നറിയോ. ഇനി ആശുപത്രി ആണേല്   ഫൈഫ്സ്റ്റാറ് വരെണ്ട്.  ഇതെന്തൊരു നാടാത്. ആശുപത്രി ഇല്ലാത്ത നാട്. വെറുതെയല്ല നിങ്ങടെ നാട്ടില് കൊറോണക്ക്  ഇത്ര വല്യ പുകിലൊക്കെ ഉണ്ടായത്."

"കെ കോസ? ദേവി പർലാരെ ഇത്തലിയാനൊ "   പറയാനൊള്ളത്  ഇറ്റാലിയനിൽ പറയാൻ.  ഇതൊക്കെ ഇറ്റാലിയനിൽ പറയാൻ പഠിച്ചാ പിന്നെ  എന്നെ ഇറ്റാലിയൻ പാർലിമെൻ്റിൽ നോക്ക്യാ മതി.  

തൃശൂര് ഒല്ലൂരാണ് എൻ്റെ സ്ഥലം. അവിടെ രണ്ട് പ്രൈവറ്റാശുപത്രി  പിന്നെ ഒരു ഹെൽത്ത് സെൻറർ . ആയുർവേദം രണ്ടെണ്ണം. ദന്താശുപത്രി ഹോമിയോ എണ്ണം അറിയില്ല. അഞ്ചാറെണ്ണത്തി കൂടുതലാ എന്തായാലും. പിന്നെ ലാബും ഡോക്ടർമാരും എണ്ണിയാ തീരൂല്ല്യ.   ഇതുപോലെ ഉള്ള സ്ഥലത്ത് താമസിച്ചപ്പോ എടക്കെടെ കൊറച്ച് കാശ് ആ വകേല് കളയാറുണ്ട്.   
ഇവിടെ ഇറ്റലീല് വന്നിട്ട് ഒരു കൊല്ലം. രോഗം ഇതേ വരെ വന്നില്ല.   രോഗം വന്നാലും കാര്യല്ല്യ.  ആശുപത്രീ പോവല് നടക്കണ കാര്യല്ല.   ഇവിടെ ആതുരാലയങ്ങൾക്ക് ഭയങ്കര പഞ്ഞാണ്.   ഇനി എന്തെങ്കിലും രോഗം വന്ന് അവിടെ പോയാലോ.   കാലത്ത് പോയാ വൈകുന്നേരം ആവുമ്പഴേക്കും  ഭാഗ്യം ണ്ടെങ്കി  ഡോക്ടറെ കാണാം.  

പിന്നൊരു വഴിണ്ട്. എമർജസി ആന്നെങ്കി ആംബുലൻസ് വിളിക്ക. അപ്പൊ ഒരു കുഞ്ഞാശുപത്രി വീട്ടില് വരും.   അത്യാവശ്യ ചികൽസയൊക്കെ നടത്തും. അത്യാവശ്യ ടെസ്റ്റുകളും നടത്തും.   കൂടുൽ ആവശ്യം ഉണ്ടെന്ന് കണ്ടാ നേരെ ഹോസ്പിറ്റൽ. അവിടെ ബൈസ്റ്റാൻഡേഴ്സിൻ്റെ ആവശ്യം ഒന്നും ഇല്ല. കാശും വേണ്ട. (എമർജൻസിയാണെങ്കിൽ മാത്രം)

വന്നത് ഞഞ്ഞാപിഞ്ഞാ രോഗം വല്ലതുമാണെങ്കി  ഒരു രക്ഷേം ഇല്ല.   സഹിക്ക. പറ്റാണ്ടായാ  ആശുപത്രി പോയി തൂങ്ങിക്കെട്ടി നിന്ന് മെനക്കെട.  

ഞങ്ങള് നടന്ന് ക്ലിനിക്കിലെത്തി.   മൂന്നാല് പേരുണ്ട്. ക്യൂവിൽ '. ഇത്തരം ക്ലിനിക്ക് ഞാനാദ്യായിട്ടാ കാണണെ. ഇവിടുത്തെ ഫീസും കാര്യങ്ങളും അറിയില്ല. ഡോക്ടർ   പൊളിയാന്നറിയാം.  ചൂളമടിച്ച് പാട്ടും പാടിയാണ് മരുന്നെഴുതണത്.  മസില് പിടുത്തമില്ലാത്ത ഡോക്ടർ. എനിക്കിഷ്ടപ്പെട്ടു.

ഒരു ജില്ലേല് ഒരാശുപത്രി.  അതാ ഇവിടുത്തെ ഒരു രീതി.   പിന്നെ  ഒരു പഞ്ചായത്തിൽ ചെലപ്പോ  ഒരു ചെറുത്.    അല്ലാതെ നമ്മടെ നാട്ടിലെ പ്രൈവറ്റ് സെറ്റപ്പില്ല.   മുക്കിന് മുക്കിന് ഡോക്ടർമാരും ഇല്ല.

ഇനി ഒരു പ്രൈവറ്റ് ഡോക്ടറെ തേടിപ്പിടിച്ച് കാണണെങ്കി 200 യൂറോയാണ് കുറഞ്ഞ ഫീസ്.   ( 18000 രൂപ)

ആശുപത്രി ഇല്ലാത്തോണ്ടാണോ എന്തോ ഇവിടെ രോഗങ്ങൾ കുറവാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക