Image

കവി എൻ.എൻ. കക്കാടിന്റെ 97-ാം ജന്മദിനം : ജോയ്ഷ് ജോസ്

Published on 14 July, 2024
കവി എൻ.എൻ. കക്കാടിന്റെ 97-ാം ജന്മദിനം : ജോയ്ഷ് ജോസ്

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരുംപോകുമല്ലേ സഖീ? ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം.....

ആധുനിക മലയാളകവിതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉൾക്കാഴ്ചകളുടെ കരുത്തുനൽകിയ കവി എൻ.എൻ. കക്കാട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കക്കാട് നാരായണൻ നമ്പൂതിരിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനമാണിന്ന്

കോഴിക്കോട് അവിടനല്ലൂരിൽ നാരായണൻ തമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി 1927 ജൂലായ് 14നാണ് കക്കാട് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വേദങ്ങളിലും ഇതിഹാസങ്ങളിലും തന്ത്രയോഗാദികളിലും പ്രാവീണ്യം നേടിയ കക്കാട് ചിത്രമെഴുത്ത്, ശാസ്ത്രീയസംഗീതം, ഓടക്കുഴൽ എന്നിവയും സ്വായത്തമാക്കി. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും, തൃശൂർ കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

തൃശൂർ വിവേകോദയം ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അസ്സോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കക്കാടിന്റെ കവിതകളെ പൊതുവെ മൂന്നു കാലഘട്ടങ്ങളായാണു നിരൂപകര്‍ വിലയിരുത്തുന്നത്. ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നഗരവല്‍ക്കരണത്തെയും ഉത്തരോത്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സുഖാസക്തിയെയും നിശിതമായി വിമര്‍ശിക്കുന്നതാണ് ഒന്നാമത്തേത്. ഈ കാലത്താണ്.അദ്ദേഹം ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം എന്നിങ്ങനെയുള്ള സമാഹാരങ്ങള്‍ രചിച്ചത്.

രണ്ടാമത്തെ കാലഘട്ടത്തില്‍ കവി ഇന്ത്യാ രാജ്യത്തെയാകമാനം വീക്ഷിക്കുകയായിരുന്നു. ഉയര്‍ന്നു കയറുന്ന നഗരസംസ്‌കൃതി രാജ്യമൊന്നാകെ പടരുന്നതായുള്ള 
തിരിച്ചറിവില്‍നിന്നുണ്ടായതായിരുന്നു പിന്നീടുണ്ടായ കവിതകള്‍. എവിടെയോ പ്രതീക്ഷയുടെ ഒരു തിരിനാളം കക്കാട് കാണുന്നത് അങ്ങനെയാണ്. വജ്രകുണ്ഡലം എന്ന ഖണ്ഡകാവ്യം ഈ കാലത്തെ മികച്ച സൃഷ്ടിയാണ്. 1977ലാണ് വജ്രകുണ്ഡലത്തിന്റെ പിറവി.

രണ്ടു കാലങ്ങളിലായുണ്ടായിരുന്ന പ്രതീക്ഷകളൊന്നും ഫലവത്താകുന്നില്ലെന്ന തിരിച്ചറിവില്‍നിന്നുണ്ടായ അമര്‍ഷവും നിരാശയും വേദനകളും വിഹ്വലതകളും ഉത്കണ്ഠകളും ചേര്‍ന്ന രചനകളായിരുന്നു മൂന്നാമത്തെ കാലഘട്ടത്തില്‍ കക്കാട് കൈരളിക്കു സമര്‍പ്പിച്ചത്. പട്ടിപ്പാട്ട്, ചെറ്റകളുടെ പാട്ട്, കഴുവേറിപ്പാച്ചന്റെ പാട്ടുകള്‍, വാരിക്കുഴിപ്പാട്ട്, കുമ്മാട്ടി, രാമായണം കളി എന്നിവ ഈ കാലഘട്ടത്തില്‍ വന്ന രചനകളാണ്...ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടൻചിന്തുകൾ, കവിതയും പാരമ്പര്യവും, അവലോകനം തുടങ്ങിയവ പ്രധാനകൃതികളാണ്. വയലാർ അവാർഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, ചെറുകാട് അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1987 ജനുവരി 6 ന് അദേഹം കാവ്യലോകത്തോട് വിട പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക