Image

റീനയുടെ ഓര്‍മ്മകള്‍ പറയുന്ന കഥകള്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 27- സാംസി കൊടുമണ്‍)

Published on 14 July, 2024
റീനയുടെ ഓര്‍മ്മകള്‍ പറയുന്ന കഥകള്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 27- സാംസി കൊടുമണ്‍)

സാം ഞാന്‍ പറയുന്ന കഥകളില്‍ നീ ഇല്ല... അടിമവര്‍ഗ്ഗത്തിന്റെ അടിവയറ്റില്‍നിന്നും ഇരച്ചുകയറുന്ന കടലിന്റെ ഇരമ്പലെ ഉള്ളു. ആ അലറിക്കരയുന്ന കടല്‍ ഞങ്ങളുടെ പങ്കുവെയ്ക്കാത്ത വേദനകളാ.... തലമുറകളായി ഒരോ അടിമയും അടുത്ത തലമുറയ്ക്കു കൈമാറുന്ന വേദനകള്‍! അതേ… ഒരടിമക്ക് ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍പോലും സ്വന്തമായി ഇല്ലാത്തവനായിരുന്നപ്പോള്‍അവന്റെ വേദനയുടെ കണക്കുകള്‍ അവന്‍ മറന്നുവോ...? മറ്റുള്ളവരുടെ മുന്നില്‍ അവന്‍ നിര്‍വികാരനായിരുന്നപ്പോഴും അവന്റെ കഥകള്‍, പാട്ടിലൂടെ, മരമുട്ടിയുടെ താളത്തിലൂടെ, കാറ്റിനോടു ചൊല്ലി. കാറ്റ് അതു ഞങ്ങള്‍ക്കു മാത്രം മനസിലാകുന്ന തരംഗങ്ങളില്‍, എഴുത്തോലയില്‍ നാരായം കൊണ്ടെന്നപോലെ ഞങ്ങളുടെ കാതുകളില്‍ കുറിയ്ക്കുന്നു. ഒരോ അടിമയും ഒരു നിധിയെന്നപൊലെ അതു സൂക്ഷിക്കുന്നു. അല്ലെങ്കില്‍ അവനു സ്വന്തമെന്നുപറയാന്‍ മറ്റെന്താണുള്ളത്. സാം ഞാന്‍ പറയുന്നത് നിനക്കു ബോദ്ധ്യമാകുന്നുണ്ടോ..?' പറയേണ്ടതിങ്ങനെ തന്നെയോ എന്ന സന്ദേഹം മാറ്റാനെന്നവണ്ണം റീന സാമിനോടു ചോദിച്ചു. സാം ഉറക്കത്തിന്റെ കരതലോടലില്‍ ലയിച്ചവനായി താളം തെറ്റിയ ഒരു നീണ്ട മൂളലില്‍ മറുവശം കിടന്നു.

റീന ഉള്ളില്‍ ചിരിച്ചു. ഒരു അടിമയുടെ അതിജീവനകഥ കേള്‍ക്കാന്‍ അര്‍ക്കും താല്പര്യം കാണില്ലെന്നു സ്വയം സമാധാനിച്ച് ശാന്തമാകാത്ത മനസിനോട് കലഹിച്ചു. ഒരടിമയുടെ കഥ അടിമവംശത്തിന്റെമൊത്തം കഥയാകുമോ...? ചിലപ്പോള്‍ സമാനതകള്‍ കണ്ടേക്കാം.പക്ഷേ ഒരോ കഥയും വ്യത്യസ്ഥമായ അനുഭവങ്ങളുടെതാണ്. ചിലതൊക്കെ വ്യക്തികളില്‍ നിന്നും ആരംഭിച്ച് ഒരു വംശത്തിന്റെ മൊത്തം കഥകാളായി മാറിയ കലാപത്തിന്റെയും കൂട്ടക്കുരുതികളുടെയും കഥകളാണ്. അത് എല്ലാവരും കൂട്ടമായി പങ്കിടുന്നു. എന്നാല്‍ തന്റെ വംശവൃക്ഷത്തിന്റെ ചിലശാഖയില്‍ ചിലകഥകളുടെ കേട്ടറിവുകള്‍ തികച്ചും വ്യക്തിപരം എന്ന തിരിച്ചറിവിലാണ്, തനിക്കു പങ്കുവെയ്ക്കാന്‍ സാം എന്ന തോഴന്റെ ചെവികളെ തേടിയത്... പക്ഷേ അവനു കഥകള്‍ ഇഷ്ടമല്ലഞ്ഞാകില്ല, നീണ്ട ദിവസം ശരീരത്തിനോട് ഉറക്കം ആവശ്യപ്പെടുമ്പോള്‍ മറിച്ചെന്തു പറയും.സാമിനുറങ്ങാന്‍ പറ്റുന്നു; എന്നാല്‍ തന്റെ ശരീരം ഉറക്കം വെടിഞ്ഞ് ഉണര്‍വ്വില്‍ മനസ്സ് എവിടെയെല്ലാമോ അലയുന്നു.ജോര്‍ജ്ജയിലെ തന്റെ അയല്‍ക്കാരെല്ലം തനിക്കുചുറ്റിനും ഉത്സവ വിളക്കുമായി പ്രതിക്ഷണം വെയ്ക്കുന്നുവല്ലോ... അവരൊക്കെ ഓര്‍മ്മകളുടെ ഉത്സവമ്പറമ്പിലാണ്.

ജാക്‌സണ്‍ അവന്യുവിലെ അറ്റാച്ചിഡ് ഹൗസുകളിലെ പതിനൊന്നാം നമ്പര്‍ രണ്ടുമുറിവീട് തന്റെ ഓര്‍മ്മകളുടെ പിറവി ഇടവും, അറിവുകളുടെ എഴുത്തോലകളില്‍ ആദ്യാക്ഷരം കുറിച്ച ഇടവും ആയിരുന്നു. അനുഭവങ്ങളിലൂടെ ഉള്ള അറിവുകള്‍ എഴുത്തോലകളിലല്ല, ഹൃദയ ഭിത്തിയിലാണ് കോറിയിട്ടതേറയും. അതൊന്നും അത്രപെട്ടന്നൊന്നും മാഞ്ഞുപോകില്ല. ഒരു നീഗ്രോ ജീവിതത്തിന്റെ അറിവുകളായിരുന്നു അതേറയും. അമ്മയും മൂന്നു സഹോദരങ്ങളും ആ പാഠപുസ്ത്കത്തില്‍ ഉണ്ട്. അവരുടെ ജീവിതം മറ്റാരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്തോ... അടിമവംശത്തിന്റെ വിധി ഒറ്റപ്പെട്ടു ജീവിക്കുക എന്നതാണ്. അള്‍ക്കൂട്ടത്തില്‍ ആയിരിക്കുമ്പോഴും ഒറ്റപ്പെട്ടവരുടെ നിശ്വാസങ്ങളില്‍ അവര്‍ ജീവിക്കുന്നു. അവര്‍ക്കതെ അറിയു. രണ്ടുമുറിവീട്ടില്‍ അഞ്ചുപേര്‍,മൂത്ത സഹോദരങ്ങായി രണ്ടു പേരും ഒരനുജത്തിയും അമ്മയും ആയാല്‍ ആ കുടുംബ നാള്‍വഴിയില്‍ എല്ലാവരും പേരു ചാര്‍ത്തപ്പെട്ടവരായി എങ്കിലും അവര്‍ പരസ്പരം അധികം സംസാരിക്കാറില്ലായിരുന്നു. പക്ഷേ ഒരോ നോട്ടത്തിലും ഒരു കുന്ന് കാര്യങ്ങള്‍ അവര്‍ പരസ്പരം കൈമാറിയിരുന്നു. പ്ലന്റേഷനുകളിലെ അടിമപ്പണിക്കാരായിരുന്ന കാലത്ത് അവര്‍ അങ്ങനെ ആയിരിക്കും ശിലിച്ചത്. ഒരോ വിളിപ്പാടകലത്തില്‍ പണിയെടുക്കുമ്പോള്‍അവര്‍ക്ക് പറയാനേറെയുണ്ടായിരുന്നിരിക്കാമെങ്കിലും അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കി അവരുടെ അനുഭവങ്ങളെ പങ്കുവെച്ചിരിക്കാം. ആ കാലം അവരുടെ ജീനുകളില്‍ ഉറച്ച് തലമുറകള്‍ക്ക് കൈമാറിയതിനാലാകാം കറുത്തവംശകരേറയും താന്താങ്ങളിലേക്കിറങ്ങിയവരായത്. കുടുംബത്തില്‍ ഒച്ചയും ബഹളവും കുറവായിരുന്നു

രാവിലെ നാലുമണിക്കു തന്നെ അമ്മ തൊഴിലിടത്തിലേക്കു പോകും. വീട്ടില്‍ നിന്നും ഒരു ബ്ലോക്കപ്പുറമുള്ള ബേഗിള്‍ കടയിലെ ബേക്കിങ്ങ് ജോലിയാണ്. അമ്മെക്കെപ്പോഴും ചൂടായ ഓവന്റെ മണമാണ്. അതില്‍ വേവുന്ന ബേഗിളിന്റെ മണം കിട്ടാനായി അമ്മയോടു ചേര്‍ന്നു കിടക്കാന്‍ അനുജത്തിയോടെന്നും മത്സരമായിരുന്നു. രാവിലെ പത്തുപതിനൊന്നോട് ബേഗിള്‍ കടയിലെ ബ്രിക്കോവന്‍ വൃത്തിയാക്കി, കരിഞ്ഞതും, മുറിഞ്ഞതുമായ ബേഗിളിന്റെ ഭാഗങ്ങളുമായി വരുന്ന അമ്മ അതുമക്കള്‍ക്കായി മാറ്റിവെയ്ക്കും. ചിലപ്പോള്‍ ദിവസം മുഴുവന്‍ അതായിരിക്കും വീട്ടിലെ ആഹാരം. ചിലപ്പോള്‍ ഇറച്ചിക്കടയില്‍ പോയി ഇറച്ചിവെട്ടുകരനുമായി ഏറെനേരം കാര്യങ്ങള്‍ പറഞ്ഞിരുന്ന്, പശുവിന്റെ ഏറ്റവും വിലക്കുറവുള്ള ഭാഗങ്ങളില്‍ നിന്നും ഒരു പൗണ്ട് ഇറച്ചിയുമായി വരുന്ന അമ്മയെ ഓര്‍മ്മയുണ്ട്. കോണ്‍സൂപ്പും, കോണ്‍ബ്രെഡും, പൊട്ടറ്റോയും, ഗോതമ്പപ്പവും ഒക്കെ ഓര്‍മ്മയില്‍ അമ്മക്കൊപ്പം ഇഴഞ്ഞു നടക്കുന്നു. അമ്മ എന്തെന്തു ജോലികള്‍ ചെയ്തു. ബേഗിള്‍ കടയിലെ ജോലികഴിഞ്ഞു വന്നാല്‍ നേരെ ചര്‍ച്ചിലേക്കു പോകും. അവിടെമെല്ലാം അടുച്ചുവാരി തൂത്തു തുടച്ചു കഴിയുമ്പോഴേക്കും, ലാന്റുലോഡിന്റെ വീട്ടിലെ തുണികള്‍ അലക്കാന്‍ പോകും. എല്ലം കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോഴേക്കും മണി ആറെങ്കിലും ആയിട്ടുണ്ടാകും. പിന്നെ വിടൊരുക്കലും, അത്താഴംവെപ്പും കഴിഞ്ഞാല്‍ വിശ്രമസമയമാണ്. അന്നേരമാണ് ഞങ്ങള്‍ക്ക് ആവശ്യമായ തുണികള്‍ തയ്ക്കുന്നത്. ചിലപ്പൊഴൊക്കെ അലക്കാന്‍ പോകുന്ന വീടുകളില്‍ നിന്നും വലിയ കേടുപാടുകളില്ലാത്ത ഉടുപ്പുകള്‍ കിട്ടാറുണ്ട്. അതിന്റെ അറ്റവും മൂലയും മുറിച്ച് ഒരൊരുത്തര്‍ക്കും പാകമാകുന്ന വിധത്തില്‍ തയ്‌ച്ചെടുക്കുന്ന അമ്മയുടെ ഭാവം ഒരു നെയ്ത്തുകാരിയുടേതായിരുന്നു. ഒരിക്കലും അമ്മ വെറുതെ ഇരിക്കുന്നതു കണ്ട ഓര്‍മ്മയില്ല.

തന്റെ ഓര്‍മ്മകളെ മൂളിക്കേള്‍ക്കാന്‍ ആരും ചെവിതരുന്നില്ലല്ലോ എന്ന സങ്കടം ഉള്ളില്‍ തട്ടിയപ്പോള്‍ റീനയൊന്നു ചിരിച്ചു. സാം ഉറക്കത്തിലായിരുന്നു. അടിമകള്‍ എന്നും അങ്ങനെയായിരുന്നു. സ്വന്തം സങ്കടങ്ങള്‍ ആരോടും പങ്കുവെയ്ക്കില്ല. സന്തോഷങ്ങള്‍ ഏറെ ഉണ്ടാകില്ലല്ലോ... അമ്മയും അങ്ങനെ തന്നെയായിരുന്നു. എപ്പോഴും തന്നത്താനെന്നപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ഒരു വക്കിലെന്നപോലെ തര്‍ക്കിക്കും. കൂടുതലും അയല്‍ക്കാരൊടാരെങ്കിലും അന്യായം കാണിക്കുന്നതു കാണുമ്പോഴാണ്. ആ പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടാകുന്നതുവരെ അതിനുവേണ്ടി വാദിക്കും. ഏറയും ചര്‍ച്ചായിരുന്നു ഇത്തരം പ്രശ്‌നപരിഹാരക്കോടതികള്‍. പാസ്റ്ററുമായി നീണ്ടതര്‍ക്കങ്ങള്‍ നടക്കും. ദൈവനീതിയെക്കുറിച്ച് അമ്മയുടേതായ വ്യാഖ്യാനങ്ങള്‍ അധികമാര്‍ക്കും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മയെന്നും നീതി നിക്ഷേധിക്കപ്പെട്ടവരുടെ ശബ്ദം ആയിരുന്നു. സ്‌കൂളുകളില്‍ കറുത്ത കുട്ടികളോടു കാണിക്കുന്ന വിവേചനത്തിനെതിരെ അമ്മയുടെ ശബ്ദം മുഴങ്ങി.

'ആയിരത്തി എണ്ണൂറ്റി അറുപത്തിമൂന്നിലെ (1863) എമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷന്‍നിങ്ങള്‍ക്കറിയില്ലെ. അടിമകള്‍ വിമോചിതരായി... അവരെ എബ്രഹാം ലിങ്കണ്‍ എന്ന വലിയ മനുഷ്യന്‍ വിമോചിപ്പിച്ചു. പക്ഷേ നിങ്ങള്‍ പകരം അദ്ദേഹത്തെ കൊന്നു. അങ്ങനെ വെളുത്തവരായ ഒത്തിരിയേറെ ആളുകള്‍ ഞങ്ങള്‍ക്കായി ബലിയായി...നന്ദിയുണ്ട്... എങ്കിലും ഞങ്ങളുടെ സ്വാതന്ത്ര്യം ഇന്നും നിയമതാളുകളില്‍ മാത്രമല്ലേ...? നിങ്ങളുടെ ഒരൊരുത്തരുടെയും മനസ്സില്‍ ഞങ്ങള്‍ ഇന്നും നിങ്ങളുടെ അടിമകള്‍ തന്നെ. ഞങ്ങളുടെ യുവാക്കള്‍ ഉയര്‍ത്തെഴുനേല്‍ക്കുന്ന ഒരു കാലം വരും അന്നു നിങ്ങള്‍ പറയരുത് നീഗ്രോകളെല്ലാം കലാപകാരികളാണന്ന്.'ഇതൊക്കെ സ്‌കൂള്‍ ബോര്‍ഡ് മീറ്റിങ്ങിലോ, ചര്‍ച്ച് വിളിച്ചുകൂട്ടിയ സന്ധി സംഭാഷണവേളയിലോ അമ്മ പറഞ്ഞതാണ്. അമ്മ എത്രവരെ പഠിച്ചു...? അമ്മക്ക് ഇതൊക്കെ എങ്ങനെ അറിയാം...? ഒരിക്കല്‍ ചോദിച്ചു. അമ്മ ചിരിച്ചതെയുള്ളു. സ്‌കുളില്‍ പോയിട്ടില്ല... പക്ഷേ അമ്മ ജോലിക്കു നിന്ന വിട് നന്മയുള്ളവരുടേതായിരുന്നു. വലിയോരു തോട്ട ഉടമയുടെ കൊച്ചുമകന് ഭാഗം കിട്ടിയ വിഹിതത്തിലെ കൃഷിയെന്നതിനേക്കാള്‍, എന്തൊക്കയോ ബിസിനസ് താല്പര്യങ്ങളുമായി, കൃഷിഭൂമി ഭാഗങ്ങളായി മുറിച്ചു വിറ്റുകൊണ്ടിരുന്ന കാലത്ത് ആ വീട്ടിലെ മിസ്റ്ററസിന്റെ സഹായിയായി,അഞ്ചുവയസുള്ള അമ്മ വേലക്കാരിയുടെ കുപ്പായം ഇട്ടു.

അധികം കഥകളൊന്നും അമ്മ പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെ അധികം വിസ്തരിക്കാതെ ചെറിയ വാക്കുകളിലായിരുന്നു. അമ്മയുടെ പകുതി മുറിഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കഥയുണ്ടാക്കാന്‍ ശ്രമിച്ചു നോക്കി. അതില്‍ കുറെ നേരും അധികം ഭാവനയും ഉണ്ടാകും. മിസ്റ്ററസിന്റെ മകള്‍ക്കും വേലക്കാരിയായി ചെന്നവള്‍ക്കുംഒരേപ്രായമായിരുന്നെങ്കിലും, വേലക്കാരി അടിമക്കണ്ണിയില്‍ ജനിച്ചവളായതിനാല്‍ വേലയറുവുകള്‍ ഏറെയുണ്ടായിരുന്നു. ഇനി കഥയില്‍ അമ്മയെന്നു പറയുമ്പോള്‍ നിങ്ങള്‍ അതെന്റെ അമ്മയെന്നു മനസിലാക്കണം. അങ്ങനെ പറയാനാണെളുപ്പം. റീന പറയുന്ന കഥ ആയിരങ്ങള്‍ കേള്‍ക്കുന്നു എന്ന മട്ടില്‍ റീന ഇരുട്ടിലേക്കു നോക്കി. അമ്മയും മിസ്ട്രസ്സിന്റെ മകള്‍ എലിസബത്ത് എന്ന ലിസയും നല്ല കൂട്ടുകാരായി. ലിസക്കൊപ്പം പാഠങ്ങള്‍ പഠിക്കാന്‍ മേരിയും ഒപ്പം കൂടും. മേരി എന്നാണ് എന്റെ അമ്മയുടെ പേരെന്നു ഞാന്‍ ഇതുവരേയും വെളിപ്പെടുത്തിയിരുന്നോ...? ഇല്ല എന്നാണെന്റെ ഓര്‍മ്മ... അതെന്തായാലും ലിസയുടെ നല്ല കൂട്ടുകാരിക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിലും നല്ല ഉടുപ്പുകള്‍ കൊടുക്കുന്നതിലും ലിസയുടെ അച്ഛനും തല്പര്യമുണ്ടായിരുന്നതെന്തുകൊണ്ടെന്ന ചൊദ്യത്തിന് മേരിക്കുത്തരം ഇല്ലായിരുന്നു. ചിലപ്പോള്‍ മേരിയുടെ അമ്മക്ക് അറിയാമായിരിക്കും. ലിസയുടെ അമ്മ പറയുന്നത് ലിസയുടേയും മേരിയുടേയും അച്ഛന്‍ ഒന്നായിരിക്കും എന്നാണ്. അതില്‍ വല്ല്യ അതിശയോക്തി ഒന്നും ഇല്ല. അക്കാലത്ത് ഒരടിമപ്പെണ്ണില്‍ കുട്ടികളെ ജനിപ്പിക്കുന്നതിന് അവളുടെ അനുവാദം ആരും ചോദിക്കേണ്ടതില്ലായിരുന്നു. അതിനെ ബലാല്‍സംഘം എന്നാരും വിളിക്കാറുമില്ല.

പത്തുപതിമൂന്നു വയസുവരെ ലിസയുടെ ടീച്ചറിനൊപ്പം മേരിയും കുറെ പഠിച്ചു. പിന്നെ ലിസ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു. ലിസ സ്‌കൂളില്‍ പോയപ്പോള്‍ മേരിക്ക് ആ വീട്ടിലെ അലക്കും, നനയും, തറതുടയ്ക്കലും ഒക്കെയായി ഏറെ പണികള്‍ ചെയ്യാനുണ്ടായിരുന്നു. ലിസയുടെ ഒരു അകന്നബന്ധു എങ്ങനെയോ ആ വീട്ടിലെ ഒരു നിത്യ സന്ദര്‍ശകനായി. ഒടുവില്‍ അയാള്‍ മേരിയുടെ കിടപ്പുമുറിയിലും സന്ദര്‍ശനം തുടങ്ങി.ഗര്‍ഭിണിയായ മേരിക്കന്ന് പതിമൂന്നോ പതിനാലോ...മൂത്ത സഹോദരന്റെ ജനനത്തെക്കുറിച്ച് അമ്മ അങ്ങനെ എന്തോ പറഞ്ഞപോലെ ഓര്‍ക്കുന്നു. ഒരു നീഗ്രോ പെണ്ണ് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത് ആരും ചര്‍ച്ച ചെയ്യുന്നുപോലും ഇല്ല. എക്കാലത്തേയും സദാചാരബോധം അങ്ങനെ ആയിരുന്നു. അമ്മയുടെ ജോലി അടുക്കളയില്‍ നിന്നും പ്ലാന്റേഷനിലേക്ക് മാറി. പ്ലാന്റേഷനിലെ സ്ലേവ് ക്യാബിനില്‍ ( സ്ലേവറി നിര്‍ത്തലാക്കിയെങ്കിലും പ്ലന്റേഷനുകളിലെ താമസക്കാര്‍ അങ്ങനെയാണ് അറിയപ്പെട്ടത്.) പ്രസവിച്ച അമ്മയുടെ ജീവിതവും വഴിയും പ്രവചനങ്ങള്‍ക്ക് അപ്പുറമായിരുന്നു. ലിസയുടെ കൂടെ കുറെ പുസ്തകങ്ങള്‍ വായിക്കുകയും, രണ്ടുപേരും മാത്രമുള്ളപ്പോള്‍ പുസ്തകങ്ങളിലെ ആശയങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത്, അതൊരാരോഗ്യമുള്ള സംവാദങ്ങളാക്കി മാറ്റാറുണ്ട്.ലിസ അമ്മയുടെ ജീവിതത്തില്‍ ഒത്തിരി വെളിച്ചം തെളിച്ച കൂട്ടുകാരിയായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അമ്മയാണ് ഫില്ലീസ് വിറ്റിലി എന്ന ആദ്യ സ്ലേവ് കവയത്രിയെക്കുറിച്ചു പറഞ്ഞത്. അമ്മ ലിസക്കൊപ്പം ഇരുന്നു വായിച്ച ആദ്യ കവിതയായിരുന്നത്രേ ഫില്ലീസ് വിറ്റ്‌ലിയുടെ പ്രസിദ്ധമായ വരികള്‍..''റിമമെബെര്‍ ക്രിസ്റ്റിയന്‍സ്, നീഗ്രൊസ്, ബ്ലാക് ആസ് കെയിന്‍/മേ ബി റിഫൈന്‍ഡ് അന്‍ഡ് ജോയിന്‍ ദ് ആജ്ഞലിക്ക് ട്രെയിന്‍'' ആയിരത്തി എഴുനൂറ്റി അമ്പത്തിമൂന്നില്‍ (1753) ഈ കവിത ഒരു വലിയ ആശയമായിരുന്നു. അതു ബോധവല്‍ക്കരിക്കലിന്റെ ഭാഗമായിരുന്നു. ക്രിസ്ത്യന്‍സിനോട് ആഫ്രിക്കന്‍സിനെ ഒപ്പം കൂട്ടാനുള്ള ആഹ്വാനം അബോളിഷ് മൂവ്‌മെന്റിന് ആക്കം കൂട്ടി എന്ന് ചരിത്രം പറയുന്നു.

താന്‍ ആറിലോ ഏഴിലൊ പഠിക്കുമ്പോള്‍ ഈ കവിത വായിച്ചതു കേട്ടപ്പൊഴാണ് അമ്മ പഴയ ഓര്‍മ്മയിലെ തര്‍ക്കങ്ങള്‍ ഓര്‍ത്തെടുത്തതും ചിലതെല്ലാം പറഞ്ഞതും. ബ്ലാക് ആസ് കെയിന്‍ എന്നാല്‍ എന്താണ് കവി ഉദ്ദേശിക്കുന്നത്...? തര്‍ക്കം രണ്ടു രീതിലിലും ശരിയായിരിക്കും. കറുത്ത കരിമ്പില്‍ നിന്നും ആട്ടി ശുദ്ധികരിച്ച് വെളുത്ത പഞ്ചസാര ഉണ്ടാക്കുന്നപോലെ കറുത്തവരേയും ശുദ്ധികരിച്ച്, ക്രിസ്ത്യന്‍ വണ്ടിയുടെ ഭാഗമാക്കണം എന്നായിരിക്കും കവയത്രി പറയുന്നതെന്ന് ലിസ വാദിക്കുമ്പോള്‍ അമ്മ പറഞ്ഞത്രെ; സ്വന്തം അനുജനായ ഹാബേലിനെ കൊന്ന കായിന്റെ ഹൃദയത്തിലെ കറുപ്പിനെ മാറ്റി ശുദ്ധീകരിച്ച് ക്രിത്യന്‍ നന്മയിലേക്ക് നയിക്കണം എന്നായിരിക്കും. തര്‍ക്കങ്ങളില്‍ ഒരിക്കലും ലിസ വാശിപിടിക്കാറില്ല. പലപ്പോഴും മനപ്പൂര്‍വ്വമയിത്തന്നെ തോറ്റുകൊടുക്കും. അവര്‍ പാവമായിരുന്നു. അമ്മ സാക്ഷ്യപ്പെടുത്തുന്നു. ലിസയുടെ അച്ഛന്റെ ബിസിനസ് പൊളിഞ്ഞു. അവര്‍ ഉള്ളതൊക്കെ വിറ്റ് നോര്‍ത്ത് കരോളിനയിലേക്ക് താമസം മാറി. പിന്നിട് കണ്ടിട്ടില്ല.ഒരു നെടുവീര്‍പ്പിന്റെ അകമ്പടിയോട് അമ്മ പറഞ്ഞതിപ്പോഴും ഓര്‍ക്കുന്നു. ലിസയുടെ ഓര്‍മ്മക്കൊപ്പം അമ്മ പറഞ്ഞത് മറ്റൊരു പുസ്തകത്തെക്കുറിച്ചായിരുന്നു. ഹരിയറ്റ് ബീച്ചെര്‍ സ്റ്റോസിന്റെ 'അങ്കിള്‍ ടോംസ് ക്യാബിന്‍' ആദ്യ നോവല്‍ എന്ന നിലയില്‍ മാത്രമല്ല പ്രമേയ പരമായി അതു കറുത്തവരുടെ മനസിന്റെ ആഴങ്ങളിലേക്കു വെളിച്ചം വീശുന്ന, ഒരു വെളുത്ത എഴുത്തുകാരിയുടെ കൈവേല എന്ന രീതിയിലും, അബോളിഷ് മൂവ്‌മെന്റിനെ ഏറെ സഹായിച്ചു എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

ആയിരത്തി എണ്ണൂറ്റി അമ്പത്തി രണ്ടില്‍ (1852) എഴുതിയ ആ നോവല്‍ സ്ലേവറിക്കെതിരെ അമേരിക്കന്‍ മനസാക്ഷിയെ ഏറെ ഉണര്‍ത്തിയ ഒരു കൃതിയായി എന്നു മാത്രമല്ല, ആയിരത്തി എണ്ണൂറ്റി അറുപത്തൊന്നോട് ആരംഭിച്ച സിവില്‍ വാറിനുള്ള വിത്തുകള്‍ പാകി എന്നും പൊതുവേ വിലയിരുത്തപ്പെടുന്നു. മുഖ്യകഥാപാത്രമായ അങ്കിള്‍ ടോം എന്ന സത്യസന്ധനായ, നീതിമാനായ, സ്‌നേഹസമ്പന്നനായ, യജമാനനെ വിശ്വസിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുന്നഅടിമയുടെ ജീവിത കഥയായിരുന്നു അത്. ആ പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ ലിസ ഏരെ കരയുന്നത് കണ്ടതായി അമ്മ പറയുന്നു.കഥയിലെ കഥാപാത്രമായഇവായില്‍ ലിസ സ്വയം പ്രതിഷ്ടിക്കുന്നു. അപ്പോള്‍ അങ്കിള്‍ ടോമില്‍ തന്റെ തോട്ടത്തിലെ പ്രായമുള്ളവര്‍ കേറിക്കൂടുന്നാതായി അവള്‍ പറയും.അക്കാലത്ത് അങ്കിള്‍ ടോംസ് ക്യാബിന്‍ ജനഹൃദയങ്ങളെ തൊട്ടു. ഹാരിയട്ട് ബീച്ചര്‍ അവരുടെ ഹൃദയം തൊട്ടെഴുതിയ ഈ കഥ ഒരു കെട്ടുകഥ എന്നതിനുപരി അവര്‍ നിത്യവും കാണുന്ന മനുഷ്യരുടെ ജീവിതമായി കണ്ടപ്പോള്‍ വിമോചകരായവരുടെ ഉള്ളുനീറി. അതൊരു വലിയ പ്രസ്ഥാനമായിമാറി, എബ്രഹാം ലിങ്കന്‍ തീര്‍ച്ചയായും ആ പുസ്തകം വായിച്ചിട്ടുണ്ടാകും.

അങ്കിള്‍ ടോം എന്ന അടിമയെ കടത്തുവള്ളത്തില്‍ ന്യു ഓര്‍ലെന്‍സിലെ അടിമച്ചന്തയില്‍ ലേലം വിളിക്കാന്‍ കൊണ്ടുപോകുമ്പോഴാണ്, അതെ വള്ളത്തില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടിയായ ഈവയുടെ ജീവനെഅങ്കിള്‍ ടോം രക്ഷിക്കുന്നതും, ഈവയും അങ്കിള്‍ ടോമും നല്ല സുഹൃത്തുക്കളായി യാത്ര തുടരവേ ഈവയുടെ നിര്‍ബന്ധത്താല്‍ ഈവയുടെ അച്ഛന്‍ അങ്കിള്‍ ടോമിനെ സ്വന്തം അടിമയായി വാങ്ങി, ഈവയുടെ ആരോഗ്യം ദിവസേന എന്നവണ്ണം കുറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെ അങ്കിള്‍ ടോം അവള്‍ക്ക് നല്ല കൂട്ടുകരനായിരുന്നു. ഈവയുടെ മരണക്കിടക്കയില്‍ അവള്‍ അച്ചനെക്കൊണ്ട് സത്യം ചെയ്യിച്ചു, അവര്‍ക്കുള്ള എല്ലാ അടിമകളേയും മോചിപ്പിക്കാമെന്ന്. കൊച്ച് ഈവായെ ഏറെ സ്‌നേഹിച്ചിരുന്ന അച്ഛന്‍ അതിനൊരുങ്ങവേ കൊല്ലപ്പെടുകയും, അവിടെ ഉണ്ടായിരുന്ന എല്ലാ അടിമളുടെയും വിധി മറ്റൊന്നാകുകയും ചെയ്തു. അങ്കിള്‍ ടോം സൈമന്‍ ലിഗ്രീ എന്നമറ്റൊരു ഉടമക്കു കീഴിലാകുകയും, വളരെ ക്രൂരനായ അയാള്‍, തന്റെ തോട്ടത്തില്‍ നിന്നും ഒളിച്ചോടിയ അടിമകളെക്കുറിച്ചുള്ള വിവിയരങ്ങള്‍ അങ്കിള്‍ ടോമിന് അറിയാമെന്നും, അങ്കിള്‍ ടോമിന്റെ അറിവോടും ഒത്താശയോടുമാണ് അവര്‍ രക്ഷപെട്ടതുമെന്നആരോപണങ്ങള്‍ ചുമത്തി, അങ്കിള്‍ ടോമിനെ കെട്ടിയിട്ട് ചാട്ടകൊണ്ട് അടിച്ചു കൊന്നു. എത്ര അടികിട്ടിയിട്ടും കൂടെയുള്ളവരെ ഒറ്റിക്കൊടുക്കാത്ത സത്യസന്ധനും, നീതിമാനുമായിരുന്നു അങ്കിള്‍ ടോം എന്ന കഥാപാത്രമെന്ന് കഥാകാരി സ്ഥാപിക്കുന്നതിനൊപ്പം, മറ്റനേകം കഥാപാത്രങ്ങളിലൂടെ ഒരു നീഗ്രോ ജിവിതത്തിന്റെ അഗാത ഗര്‍ത്തങ്ങളെ തുറന്നു കാട്ടി, നീഗ്രൊക്ക് സ്വാന്തന്ത്ര്യം ആവശമില്ലെന്നു പറയുന്ന വെളുത്തവനുനേരെ ശകാരത്തിന്റേയും പരിഹാസത്തിന്റേയും അമ്പുകള്‍ എയ്യുന്നു. ആ നോവല്‍ വെളുത്തവന്റെ മനസാക്ഷിയെ പൊള്ളിച്ചു. ആ കൃതി അമേരിക്കന്‍ സിവില്‍ വാറിലേക്ക് നയിച്ച സംഭവ ങ്ങളുടെ അടിയൊഴുക്കായി എന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ സിവില്‍ വാര്‍ അടിമത്വം നിലനിര്‍ത്തണമോ വേണ്ടയൊ എന്ന ചോദ്യത്തിനുള്ള ഉത്തരമായിമാറി. പ്രത്യക്ഷത്തില്‍ ആ ചോദ്യം ഇല്ലായിരുന്നു എങ്കിലും അടിയൊഴുക്കതായിരുന്നു.

എബ്രഹാം ലിങ്കന്‍ അയിരത്തി എണ്ണൂറ്റി അറുപത്തിരണ്ടില്‍ (1862) ഹരിയറ്റ് ബീച്ചറിനെ കണ്ടപ്പോള്‍ കൗതകത്തോട് ചോദിച്ചത്രേ; ''അപ്പോള്‍ ഈ കൊച്ചു മിടുക്കിയാണ് ആ വലിയ യുദ്ധത്തിന്റെ കാരണം'' ആ പുസ്തകത്തിന്റെ സ്വാധീനം എത്രമാത്രം ആഴങ്ങളില്‍ പതിഞ്ഞു എന്നുള്ളത് ആ വാക്കുകളില്‍ വായിച്ചെടുക്കാം. സ്ലേവരി നിരോധിക്കണം എന്നുള്ളത് എബ്രഹാം ലിങ്കന്റെ എക്കാലത്തേയും സ്വപ്നമായിരുന്നു. അല്ലെങ്കില്‍ ഇലക്ഷനു മുമ്പുതന്നെ അദ്ദേഹം അതു പറഞ്ഞിരുന്നു. എന്നിട്ടും തത്വത്തില്‍ അടിമത്വം നിരോധിച്ചിരിക്കുന്നു എന്നുമാത്രമേ അദ്ദേഹത്തിനു പറയാന്‍ കഴിയുമയിരുന്നുള്ളു. ഹാരിയറ്റ് ബീച്ചര്‍ എബ്രഹാം ലിങ്കന്റെ ഒരു വലിയ ആരാധിക ആയിരിക്കുമ്പോള്‍ തന്നെ ഒരു വലിയ വിമര്‍ശകയും ആയിരുന്നു എന്ന് അവരെക്കുറിച്ചെഴുതിയവര്‍ സാക്ഷപ്പെടുത്തുന്നു. കാരണം അദ്ദേഹം അടിമക്കച്ചവടം നിരോധിച്ചെങ്കിലും, നിലവിലുള്ള മുഴുവന്‍ അടിമകളെയും മോചിപ്പിക്കാന്‍ തയ്യാറായില്ല. ലിങ്കണിലെ രാഷ്ട്രിയക്കാരന്‍ അമേരിക്കയെക്കുറിച്ച് ആഴത്തില്‍ അറിവുള്ളവനായിരുന്നു. സിവില്‍ വാറില്‍ തോറ്റ തെക്കന്‍ പ്രദേശങ്ങളിലെ അടിമകളെ മോചിപ്പിക്കാന്‍ മുന്നോട്ടുവന്ന ആര്‍മി ജനറലിനെ മാറ്റി മറ്റൊരാളെ നിയമിച്ചപ്പോള്‍ അബോളിഷ്ണിസ്റ്റുകള്‍ ഏറെ നിരാശപ്പെട്ടുവെങ്കിലും, എബ്രഹാം ലിങ്കന്‍ തന്റെ തിരുമാനത്തില്‍ ഉറച്ചു. യുണറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിയ്ക്കക്കുു വേണ്ടിയാണ് ഈ യുദ്ധം. മുഴുവന്‍ അടിമകളേയും മോചിപ്പിച്ചാല്‍ ഇതു പലരാജ്യങ്ങളായി മാറും എന്ന തിരിച്ചറിവില്‍, തെക്കന്‍ സംസ്ഥാനങ്ങളുടെ നിലനില്പുതന്നെ അടിമകളുടെ അദ്ധ്വാനവും വിയര്‍പ്പുമാണന്ന് ലിങ്കന്‍ തിരിച്ചറിഞ്ഞിരുന്നു എന്ന് പലരും രേഖപ്പെടുത്തിയിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളിലെ വെളുത്തവരുടെ മനസ്സില്‍ അടിമകളെ മോചിപ്പിക്കുന്നതിനെതിരായ വികാരം അത്ര ആഴത്തില്‍ വേരൂന്നിയിരുന്നു. അമരിക്കയുടെ സാമ്പത്തിക നിലനില്പുതന്നെ അവരെ ആശ്രയിച്ചായിരുന്നു. കൃഷിയുല്പന്നങ്ങള്‍ എല്ലാം അവിടെയായയിരുന്നു. കന്നാലിക്ക് പുല്ലും, വൈക്കോലും എന്നപോലെ അടിമക്ക്, കോണും, കോണ്‍ബ്രെഡും മതിയായിരുന്നു. നിരന്തര ചെറുത്തുനില്പുകളിലൂടെ ഒരടിമക്ക് ഒരു സാധാരണ മനുഷ്യനെക്കാള്‍ അഞ്ചിലൊന്നവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ ഈ കാലയളവില്‍ ഉടമകള്‍ സമ്മതിച്ചതുതന്നെ ഒരു വലിയ നേട്ടമായി അബോളിഷ്ണിസ്റ്റുകള്‍ കരുതി.

മുഴുവന്‍ അടിമകളേയും വിടുതല്‍ ചെയ്യുന്ന പ്രസിഡന്‍ഷല്‍ അമാന്‍സിപ്പേഷന്‍ ഡിക്ലറേഷന്‍ കൊതിച്ച പുരോഗമനവാദികളോട്, അല്പം കൂടി ക്ഷമിക്കു എന്ന നിലപാടെടുത്ത ലിങ്കന്‍ തീര്‍ച്ചയായും അതും ചെയ്യുമായിരുന്നു എന്നാണു കരുതേണ്ടത്. അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ വിശ്വാസവും, ആദര്‍ശങ്ങളും മറ്റുള്ളവരെപ്പൊലെ പ്രദര്‍ശനവസ്തു ആയിരുന്നില്ല. ഹൃദയത്തില്‍ നിന്നുവരുന്ന ആത്മാര്‍ത്ഥതയുടെ ഭാഗമായിരുന്നതുകൊണ്ടുതന്നെ , രാഷ്ട്രിയ കോളിളക്കങ്ങള്‍ അവസാനിച്ചാല്‍ എല്ലാം നേരെയാക്കാമെന്നു, ഫെഡറിക്ക് ഡ്ക്ലസനും മറ്റും വാക്കുകൊടുത്തിരുന്നതായി രേഖകളില്ലാത്ത ചരിത്രവായ്പ്പാട്ടുകള്‍ ഉണ്ട്. അതു തിരിച്ചറിഞ്ഞിട്ടാകാം അദ്ദേഹം ഒരു വംശിയ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അടിമയ്ക്കുവേണ്ടി രക്തസാക്ഷിയാകുന്ന ആദ്യത്തെ വെള്ളക്കാരനല്ല എബ്രഹാം ലിങ്കന്‍ എങ്കിലും അദ്ദേഹത്തിന്റെ പേരുതന്നെയാകും മുന്നില്‍. അധികാരങ്ങളും, പദവിയും ഉണ്ടായിട്ടും എങ്ങനെ അദ്ദേഹം കൊല്ലപ്പെട്ടു എന്നാലോചിക്കുമ്പോഴാണ്, അദ്ദേഹത്തിനു ചുറ്റും സംരക്ഷണം ഒരുക്കേണ്ടവര്‍പോലും അദ്ദേഹത്തിന്റെ മരണത്തിനൊത്താശ ചെയ്തിരുന്നു എന്നു മനസ്സിലാകുന്നത്. വംശിയതയുടേയും, വര്‍ഗ്ഗിയതയുടേയും വേരുകള്‍ ഇവിടെ എന്നും നിലനില്‍ക്കുന്നു. റീന തന്റെ ചിന്തകളില്‍ ഒന്നു തിരിഞ്ഞുകിടന്ന് നെടുവീര്‍പ്പിട്ടു.ഉറക്കം അകന്നകന്നു പോകുന്നു. രാത്രി ഏറെ ഇരുണ്ടിരിക്കുന്നു. റീന സാമിനോട് പറ്റിച്ചേര്‍ന്നു. ഒരു പുരുഷന്റെ ചൂട് സിരകളെ തണുപ്പിക്കുമായിരിക്കും

പക്ഷേ റീനയുടെ ഉള്ള് തണുത്തില്ല. ഒരോ കാര്യങ്ങള്‍ ഒര്‍മ്മകളില്‍ തള്ളിക്കയറുകയാണ്. ആയിരത്തി എണ്ണൂറ്റി അറുപത്തഞ്ചിലെ (1865) സിവില്‍ വാറില്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ തോല്‍വിക്കും, എബ്രഹാം ലിങ്കന്റെ കൊലപാതകത്തിനു ശേഷവുമുള്ള കാലം എങ്ങനെ ആയിരുന്നു. അതിനെ ചരിത്രകാരന്മാര്‍ റീകണ്‍സ്ട്രക്ഷന്‍ കാലം എന്നാണു വിളിക്കുന്നത്. പുനര്‍നിമ്മാണവും, പുനരധിവാസവും. സിവില്‍ വാറില്‍ ലിങ്കനൊപ്പം നിന്ന ഒത്തിരിയേറെ അടിമകളുടെ സ്വപ്നമായിരുന്നു യുദ്ധാനന്തരമുള്ള സ്വാതന്ത്ര്യം. അങ്ങനെ ആയിരുന്നു അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കുറെ ഏറെ പേര്‍ രണഭൂമിയില്‍ മരിച്ചിട്ടുണ്ടാകും. ബാക്കിയുള്ളവരെ യുദ്ധവീരന്മാര്‍ എന്നാരും വാഴ്ത്തിയിട്ടുണ്ടാവില്ല. യുദ്ധത്തില്‍ തോറ്റ പല തോട്ട ഉടകളുടേയും വസ്തുവകകള്‍ അടിമകള്‍ തങ്ങളുടെ അവകാശമായി കൈയ്യേറിയിരുന്നു. എന്നാല്‍ ജന്മിമനസുള്ള അധികാരികള്‍ ഉടമയുടെ അവകാശികള്‍ക്ക് തോട്ടങ്ങള്‍ തിരികെ കൊടുപ്പിക്കുമ്പോള്‍ കറുത്തവന്റെ തലമുറകളുടെ അദ്ധ്വാനത്തിന്റെ അവകാശം അംഗീകരിക്കാന്‍ അധികാരികള്‍ക്കു കഴിയുമായിരുന്നില്ല. പകരം അവിടെയും ഇവിടെയുമായി അവകാശികളില്ലാത്ത കുറെ ചതിപ്പുകള്‍ അവകാശമായി കൊടുത്തു. ഏറ്റവും വലിയ റി കണ്‍സ്ട്രക്ഷന്‍ അതായിരുന്നു. അടിമകളുടെ ഉദ്ഗ്രദനം ആയിരുന്നു ഉദേശ്യമെങ്കിലും അതുമാത്രം നടന്നുവോ? കുറെ മാറ്റങ്ങള്‍ ഉണ്ടായില്ലന്നു പറയുന്നത് ചരിത്രത്തോടു കാട്ടുന്ന അനീതിയായിരിക്കും. റീന നിഷ്പക്ഷയാകാന്‍ ശ്രമിച്ചെങ്കിലും മനസ്സ് അടിമവംശത്തിന്റെ പക്ഷത്തായിരുന്നു.ചിലരൊക്കെ അവകാശങ്ങളുള്ള അമേരിക്കക്കാരായി, കച്ചവടക്കാരും, കൃഷിക്കാരും ഉണ്ടായി. പുതിയ ചൂക്ഷകരെ സൃഷ്ടിച്ചാല്‍ മറ്റുള്ളവര്‍ പിന്നേയും അവരുടെ അടിമായി കഴിയും എന്നവര്‍ നിരൂപിച്ചു. കറുത്ത മുതലാളി... വോട്ടവകാശമുള്ള ചിലരെല്ലാം അധികാരസ്ഥാനങ്ങളില്‍ എത്തി. മറ്റൊരുകൂട്ടര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ, തങ്ങള്‍ സ്വതന്ത്രരാണന്നറിയാതെ പല പ്ലാന്റേഷനുകളിലും അപ്പൊഴും പണിയെടുത്തുകൊണ്ടിരുന്നു.

സ്വതന്ത്രരായ അടിമകള്‍ കൂട്ടമായി ജീവിക്കുന്നത് അപകടമാണന്നറിഞ്ഞ വെളുത്തവര്‍ മറുമരുന്നെന്തെന്നാലോചിച്ചു. അവരുടെ മനോഭാവം തിരിച്ചറിഞ്ഞിട്ടെന്നപോലെ ഫെഡറല്‍ ഗവ: എല്ലാ സ്ഥലങ്ങളിലും മുന്‍ അടിമകളായിരുന്നവര്‍ക്ക് സംരക്ഷണം കൊടുത്തിരുന്ന പട്ടാളത്തെ തിരിച്ചു വിളിച്ചു. വെളുത്തവന്റെ പട്ടണങ്ങളില്‍ താമസിക്കുന്ന കറുത്തവനെ തുറിച്ചു നോക്കുന്ന കണ്ണുകളുടെ എണ്ണം കൂടുകയും, പകയുടെ പുക അവരുടെ കണ്ണുകളില്‍ നിറയുകയും ചെയ്തു. വലിയ സ്വപ്നവുമായി സ്‌കൂളില്‍ ചേര്‍ന്നവര്‍ നേരിടേണ്ടിവന്നത് വെളുത്തവന്റെ തീണ്ടല്‍ വിലക്കുകളായിരുന്നു. നിയമം സംരക്ഷിക്കാന്‍ നിയമപാലകരില്ലാത്ത ഇടത്ത് കയ്യുക്കുള്ളവന്റെ ഗുണ്ടാനിയമങ്ങള്‍ നിലവില്‍ വന്നു. സംഘര്‍ഷഭൂമിയില്‍ കറുത്തവന് ഭയം ഉണ്ടായിരുന്നെങ്കിലും നിലനില്പിനുവെണ്ടിയുള്ള പോരാട്ടങ്ങളില്‍ പിന്തിരിഞ്ഞോടാന്‍ കഴിയുമായിരുന്നില്ല. ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും ഒരു പുത്തന്‍ എഴുത്തു ഫലകം പ്രത്യക്ഷപ്പെട്ടു. അതില്‍ അവര്‍ വായിച്ചു... പട്ടികള്‍ക്കും, നീഗ്രോകള്‍ക്കും, മെക്‌സിക്കനും പ്രവേശനമില്ല... ആ കാലത്തെ സെഗ്രിഗേഷന്‍ കാലം എന്നുവിളിച്ചു.

ഈ കാലത്തെ ഏറ്റവും വലിയ ഒരു കൂട്ടക്കുരുതിയെ എങ്ങനെ മറക്കും. ആയിരത്തി എണ്ണൂറ്റി എഴുപത്തി മൂന്നില്‍ (1873) ലൂസിയാനയിലുള്ള കോള്‍ഫാക്‌സ് എന്ന സ്ഥലത്തു നടന്നത് വര്‍ഗ്ഗീയ കൊലപാതകങ്ങളുടെ ഒരു രക്തപങ്കിലമായ അദ്ധ്യായമാണെന്നതിന് ചരിത്രം സാക്ഷി. മൂന്നു വെളുത്തവര്‍ മരിച്ചപ്പോള്‍ പകരം നൂറ്റിയമ്പതില്‍ കൂടുതല്‍ കറുത്തവരുടെ രക്തസാക്ഷിത്വം രേഖയില്‍ ഉണ്ട്.രേഖയില്‍ കയറാത്തവര്‍ വേറയും ഉണ്ടാകും. ഈ കൂട്ടക്കുരുതിയുടെ കാരണം എന്തായിരുന്നു....? അതിനുവേണ്ടി തിരഞ്ഞെടുത്ത ദിവസമോ.... ഏപ്രില്‍ പതിമൂന്ന് ...ഈസ്റ്റര്‍ ദിവസം....രക്ഷകന്റെ ഉയര്‍പ്പിന്റെ ദിവസം. ആ ദിവസം യാതൃശ്ചികമായി വന്നതാകില്ല...കറുത്തവന്റെ ഉയര്‍പ്പിനെ പാടെ ഇല്ലാതാക്കാനുള്ള കരുതിക്കൂട്ടിയുള്ള പദ്ധതിതന്നെയായിരുന്നു. എന്നിട്ട് ക്രിസ്തിയ സ്‌നേഹത്തെക്കുറിച്ച് പറയുന്നു. അവര്‍ക്ക് വേണ്ടത്അധികാരം തന്നെ.... കറുത്തവന്റെമേലുള്ള അധികാരം.ഇപ്പോള്‍ അതിനെ ഇങ്ങനെ തിരുത്തണം എല്ലാകുടിയേറ്റക്കാരുടെമേലുമുള്ള അധികാരം…!സിവില്‍വാറിനു ശേഷമുള്ള പുനര്‍നിര്‍മ്മാണകാലത്ത്, അടിമത്വത്തില്‍ നിന്നും വിടുതല്‍ കിട്ടിയ കറുത്തവര്‍ കുടിപാര്‍ക്കാന്‍ വെളുത്തവന്റെ അതിരുകളില്‍ നിന്നും വളരെ ദൂരങ്ങളിലായി കോളനികളായി അവര്‍ കുടിവെച്ചു.

കറുത്തവന്റെ മോചനത്തില്‍ ചുരമാന്തി നടന്ന തെക്കന്‍ സംസ്ഥാനങ്ങളിലെ കടുത്ത വര്‍ഗ്ഗിയവാദികളുടെ കൂട്ടാഴ്മ കുക്ക് ക്ലക്ക് ക്ലാനായി (ഗ.ഗ.ഗ.) രുപപ്പെട്ട് സായുധകലാപത്തിലൂടെ കറുത്തവന്റെ അവകാശങ്ങളെ, വേട്ടവകാശത്തെ തള്ളിക്കളയാന്‍, ഫെഡറല്‍ ഗവ. അധികാരത്തിലിരിക്കുന്നറിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു തടസമായിരുന്നു. എങ്ങനേയും റിപ്പബ്ല്ക്കന്‍ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അടവുനയങ്ങളുമായി നടക്കുന്ന കാലം. ലൂസിയാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗിയവാദികളുടെ പാര്‍ട്ടിയായ ഡെമോക്രറ്റിന് ഏകദേശം രണ്ടായിരത്തി ഇരുനൂറും, കറുത്തവന്റെ പിന്‍ബലമുള്ള റിപ്പബ്ലിക്കന് രണ്ടായിരത്തി നാനൂറ് വോട്ടും ഉറപ്പായപ്പോള്‍കറുത്തവന്റെ വോട്ട് കണക്കിലെടുക്കാതിരുന്നാല്‍ അധികാരം പിടിക്കാമെന്ന ചിന്തയില്‍ സായുധകലാപത്തിലുടെ, കറുത്തവനെ ഇല്ലാതാക്കാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായി, കറുത്തവരുടെ കോളനിയായ പാരീഷ് സീറ്റ് ഓഫ് ഗ്രാന്റ് പാരിഷിലെ കോര്‍ട്ട്ഹൗസ് ആക്രമിച്ച് അവിടെ കൂടിയിരുന്ന കറുത്തവരെ കൊന്ന് കോര്‍ട്ട് ഹൗസിനു തീയ്യിട്ട് എന്നേക്കുമായി അവരുടെ ശബ്ദം അടയ്ക്കാമെന്നു മോഹിച്ചു. (ഇന്നത്തെ ജാനുവരി 6 ലെ കലാപവുമായി എത്തൊക്കയോ സാമ്യങ്ങള്‍. അന്ന് വര്‍ഗ്ഗീയപാര്‍ട്ടി ഡെമോക്രറ്റുകളായിരുന്നുവെങ്കില്‍ ഇന്ന് റിപബ്‌ളിക്കന്‍ ആ സ്ഥാനം ഏറ്റെടുത്തു എന്നു മാത്രം.) അധിദാരുണമെന്ന് ഇന്ന് ഒഴുക്കില്‍ പറഞ്ഞ് ഒരു നെടുവീര്‍പ്പിട്ടാല്‍ എല്ലാം കഴിഞ്ഞു എന്നുകരുതുന്നവര്‍ക്കു തെറ്റി... അന്നത്തെ വെളുത്തവന്റെ വര്‍ഗ്ഗിയത തലമുറകള്‍ മാറിയിട്ടും ഇന്നും അവന്റെ കൂടെയുണ്ട്. കറുത്തവന് അവന്റെ ഇടം അവര്‍ ചൂണ്ടിക്കാട്ടി. അയിത്താചരണം നിര്‍ബന്ധമായിരുന്നു. കറുത്തവന് പ്രവേശനമില്ലാത്ത ഇടങ്ങളില്‍ തൂങ്ങിയ ബോര്‍ഡില്‍, 'പട്ടികള്‍ക്കും, കറുത്തവനും' പ്രവേശനമില്ല എന്നു വായിച്ചവര്‍ ഉള്ളില്‍ കരഞ്ഞുവോ... അതോ അവന്റെ ഇടം തിരിച്ചറിഞ്ഞ് മാറിനടന്നുവോ...? എല്ലാ തലമുറകളിലും ഉള്ളില്‍ തീയ്യുള്ളവരുണ്ട്... അവരേറയും അന്യായത്തെ എതിര്‍ക്കുന്നവരും രക്തസാക്ഷികളാകാന്‍ വിധിക്കപ്പെട്ടവരുമാണ്. അന്നും അവരുടെ നിയമത്തെ എതിര്‍ത്തതിന്റെ പേരില്‍ പൊതുസ്ഥലത്ത് കഴുവിലേറ്റിയവര്‍ നിലവിളിച്ചോ...? പക്ഷേ അവരുടെ വിപ്ലവഗാനങ്ങളുടെ അലയടികള്‍ കറുത്തവന്റെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും.

അന്നെത്ര പേര്‍ കോള്‍ഫാക്‌സില്‍ കൊല്ലപ്പെട്ടു...? അതില്‍ ആയുധമെടുക്കാത്ത, നിരപരാധികളായ എത്ര സ്ത്രികളും കുട്ടികളൂം ഉണ്ടായിരുന്നു. അവര്‍ ഒരു ഗ്രാമം മുഴുവന്‍ ചുട്ടുകരിച്ചു...അവരുടെ നിലവിളികള്‍ എന്നെങ്കിലും അവസാനിക്കുമോ...കരുണാമയനായ ദൈവം ഇതൊന്നും കേള്‍ക്കുന്നില്ലെ....ചരിത്രം ആവര്‍ത്തിച്ചുകൊണ്ടെയിരിക്കുന്നു.

തൊട്ടുകൂടാഴ്മയുടേയും, തീണ്ടിക്കൂടഴ്മയുടെയും കാലം അനുവഭവിച്ചവരുടെ തലമുറകള്‍ കൈമാറിയ കഥകളൊന്നും ചരിത്രത്തില്‍ കാണില്ല. റീന ചരിത്ര ദളങ്ങള്‍ ഒരോന്നായി മറിച്ചു ഇല്ല ഒന്നിലും, റോസിയുടെ മൂന്നാം തലമുറയില്‍ പെട്ട ഒരുവളെ നോര്‍ത്ത് കരോലിനയിലെ ഒരു തോട്ടത്തിലേക്ക് വിലയ്ക്കെടുത്തവളുടെ ചരിത്രം എങ്ങും ഇല്ല. അവള്‍ എട്ടുപ്രസവിച്ചുവെങ്കിലും (അല്ല മക്കള്‍ എന്നു പറയില്ല പകരം കിടാങ്ങള്‍ എന്നു പറഞ്ഞാല്‍ മതിയായിരിക്കും. അടിമക്ക് മക്കള്‍ ജനിക്കാറില്ലല്ലോ) യൗവ്വനം നഷ്ടപ്പെടാത്തവളുടെ ജീവിതദുരന്തം മുത്തമകനില്‍ നിന്നുമാണാരംഭിച്ചത്. യജമാനന്റെ വീട്ടിലെ അടുക്കളക്കാരിയുടെ മകനെ യജമാനന്‍ തന്നെയാണ് അഞ്ചുവയസുള്ളപ്പോള്‍, തന്റെ കുതിരകളെ പോറ്റാനും, തോട്ടം നനയ്ക്കാനുമായി നിയമിച്ചത്. അവന് യജമാനന്റെ കണ്ണും നെറ്റിയുമായിരുന്നെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, മറ്റുമക്കളിലെ ഇത്തരം സമാനതകള്‍ ആരും കണ്ടിട്ടുണ്ടാകില്ല. അവന്‍ യജമാനന്റെ മുറ്റത്ത് വളരുന്നത് അവന്റെ തന്നെ പ്രായമുള്ള യജമാനന്റെ മകളുടെകണ്ണില്‍ ഏറെ സന്തോഷങ്ങള്‍ വിതച്ചു. ആ സന്തോഷങ്ങള്‍ വളര്‍ന്നു പന്തലിക്കെ അവനു വീടിന്റെ തിണ്ണയോളം പ്രവേശനം അനുവദിച്ചുകിട്ടിയിരുന്നു. ക്രമേണ അവര്‍ കൂട്ടുകാരായി. അവള്‍ അവനെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. വിശാലമായ കൃഷിയിടങ്ങളില്‍ അവര്‍ കൈകേര്‍ത്തു നടന്ന് സന്ധ്യയുടെ ഇളം കാറ്റില്‍,പഠിച്ച കഥകളൊക്കെ അവള്‍ അവനെ കേള്‍പ്പിച്ചു. പകരം അവന്‍ ആ പകലത്രയും പ്രകൃതിയില്‍ നിന്നും പഠിച്ചതൊക്കെ അവളോടും പറഞ്ഞു.

പാഠങ്ങള്‍ മാറുന്നതനുസരിച്ച്പുതിയ കളികളും, കളിക്കളങ്ങളും അവര്‍ കണ്ടെത്തി. കുതിരാലയത്തിലെ വൈക്കോല്‍ കെട്ടുകള്‍ക്കിടയില്‍ അവര്‍ കളിയിടം കണ്ടെത്തി ഏരെനേരം കണ്ണില്‍ കണ്ണില്‍ നോക്കി അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പറഞ്ഞ് ഏറെ ചിരിക്കും. ഒരടിമയുടെ ജീവിതത്തില്‍ ഇത്തരം കളിയവസരങ്ങള്‍ അധികം കിട്ടാറില്ല. അടിമച്ചെക്കന്‍മിക്കപ്പോഴും കോട്ടന്‍ ചെടികള്‍ക്കിടയിലോ, കരിമ്പിന്‍ തോട്ടത്തിലോ, ചോളപ്പാടങ്ങളിലോ, നെല്പാടങ്ങളിലോ പണിയെടുക്കേണ്ടവനാണ്. യജമാനന്‍ മകളോടുള്ള വാത്സല്ല്യത്താലവനെ പാടത്തേക്കയച്ചില്ല. പക്ഷേ അതവനു വിനയായി. കുതിരാലയത്തിലെ കുസ്രൃതികള്‍ ആരോ യജമാനനൊറ്റിക്കൊടുത്തു. ഒരുനാള്‍ മുതലക്കുളത്തില്‍ അവന്റെ ശവം തലയും ഉടലുമായി ബന്ധമില്ലാതെ ഒഴുകി. പന്ത്രണ്ടു തികയാത്തവന്റെ ശവത്തോട് മുതലകള്‍പോലും സഹതപിച്ച് വഴിമാറി നടന്നു. അവന്റെ ഏഴുസഹോദരങ്ങളും അവനുവേണ്ടി കരഞ്ഞുവോ...? ഇല്ല അവര്‍ക്ക് കരയാന്‍ അറിയില്ലായിരുന്നു. ഒരടിമയും തന്റെ കണ്ണുനീര്‍ മറ്റുള്ളവരുടെ സഹതാപത്തിനായി പ്രദര്‍ശിപ്പിക്കാറില്ല. എന്നാല്‍ അവന്റെ അമ്മ യജമാനനുനേരെ ഒരീറ്റപ്പുലിയെപ്പോലെ ചീറി. അടുക്കളയിലെ കോണ്‍ബ്രെഡ് ബേക്കുചെയ്യുന്ന പാത്രം യജമാനനുനേരെ വലിച്ചെറിഞ്ഞ് പുലഭ്യം പറഞ്ഞു. ഇതിനുമുമ്പ് ഒരടിമസ്ത്രീയും അങ്ങനെ ചെയ്തിട്ടുണ്ടാകില്ല. യജമാനത്തി കരയുന്ന മകളേയും ചേര്‍ത്തു പിടിച്ച് രണ്ടുപേരേയും മാറി മാറി നോക്കി. അവരുടെ കണ്ണില്‍ നിന്നും ചോരയൊഴുകുന്നപോലെ തോന്നി. ആ രംഗം അവിടെ അവസാനിച്ചെങ്കിലും, മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ കലഹിച്ചവളുടെ ജഡം മരക്കൊമ്പില്‍ തൂങ്ങിയാടി. അവള്‍ അപ്പോള്‍ ഒമ്പതാമത്തെ ഗര്‍ഭം ഉള്ളില്‍ വഹിക്കുന്നുണ്ടായിരുന്നു. അവശേഷിച്ച ഏഴുമക്കള്‍, അവകാശങ്ങളില്ലാത്തവര്‍ അടിമകളായി, വില്പനച്ചരക്കായി, തൂങ്ങി ആടുന്ന അമ്മയുടെ ജഡവും നോക്കി ഒന്നു നെടുവീര്‍പ്പിട്ടോ എന്തോ... ചിലപ്പോള്‍ അവര്‍ക്ക് അതിനും കഴിയുമായിരുന്നില്ല. നാലുപെണ്ണും മൂന്നാണുമായി അവര്‍ അടിമച്ചന്തയില്‍ വിറ്റ് യജമാനന്‍ അവരെ ഓര്‍മ്മയില്‍ നിന്നു മായിച്ചു. അവര്‍ പല തോട്ടം ഉടമകളുടെ ഉടമസ്ഥതയിലായി, കാലത്തേയും ദേശത്തേയും മറന്നെങ്കിലും, ആ നാലുപെണ്മക്കളുടെ ശാഖയില്‍ ആണ് ലെമാറിന്റെ അമ്മ ഗ്ലോറിയ ജനിച്ചത്. പിന്നെ വീണ്ടും ഒന്നോരണ്ടോ തലമുറകള്‍ക്കു ശേഷം മറ്റൊരു ശഖയിലാണ് ജോര്‍ജ്ജയില്‍ അമ്മ ജനിച്ചതെന്ന് നാള്‍വഴികള്‍ നോക്കി അമ്മ പറഞ്ഞത്. റീന ഓര്‍ത്തു.

റീനയുടെ ഉറക്കം ഒരു പിണക്കക്കാരിയെപ്പോലെ അവളില്‍ നിന്നും അകലം പാലിച്ച് സാമിനോട് പറ്റിച്ചേര്‍ന്നു. ഇങ്ങനെയുള്ള ദിവസങ്ങളില്‍ റിനയില്‍ ചില ഭ്രാന്തുകള്‍ ആവേശിക്കും. ഉടുതുണിയില്ലാതെ ബഡില്‍ കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടും...എന്തൊക്കയോ ഉറക്കെ വിളിച്ചു പറയും... പൂര്‍വ്വികരായവര്‍ ആരൊക്കയോ കൂട്ടമായി തന്റെ ഉള്ളിലേക്കു പ്രവേശിക്കുന്നതുപോലെ തോന്നും. അവര്‍ പാടുകയും ആടുകയും ചെയ്യും. മരമുട്ടിയില്‍ തീര്‍ത്ത അവരുടെ ഡ്രമ്മിന്റെ വാദ്യം തലയില്‍ മുഴങ്ങും. ഏറെ നേരം ആ താളത്തിനൊപ്പം നൃത്തംചെയ്ത് അങ്ങനെ തന്നെ ബഡിലേക്ക് വീണ് ഉറങ്ങും... ഇന്നും എങ്ങനെ എന്തൊക്കയോ റിനയിലേക്കിറങ്ങിവരുന്നതവള്‍ അറിഞ്ഞു. പക്ഷേ ഇതു സാമിന്റെ ബഡാണ്...അവനെ ഉണര്‍ത്തേണ്ട... ഒരു ബീയറും ഒരു സിഗരറ്റും ഉണര്‍ന്ന സിരകള്‍ ആവശ്യപ്പെടുന്നു.രാത്രി രണ്ടുമണിയോളം ആയിരിക്കുന്നു...ഇനി പെരുമീനുദിക്കാന്‍ അധികം സമയമില്ല. ഒരടിമയുടെ ജീവിതത്തില്‍ ആകാശത്തിലെ അടയാളങ്ങളായിരുന്നു അവന്റെ ജീവിതം. എപ്പോള്‍ എഴുനേല്‍ക്കണമെന്നും, എപ്പോള്‍ കിടക്കണമെന്നും അവനെ ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങള്‍!. റീന ഒരു ബീയറും, സിഗരറ്റുമായി ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് വരാന്തയിലെ കശേരയില്‍ ഇരുന്നു. ആകാശത്തില്‍ വെളുത്ത മേഘങ്ങള്‍ നിലാവിനൊപ്പം മത്സരിക്കുന്നപോലെ.നിലാവ്് ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ റീനയെ നോക്കി ചിരിയ്ക്കന്നു. റീനയും നിലാവിനൊപ്പം ചിരിച്ചു.

ഓര്‍മ്മയുടെ ദളങ്ങളില്‍ കൊഴിയാതെ നില്‍ക്കുന്ന ചുവന്ന അദ്ധ്യായത്തില്‍ നിന്നും അവള്‍ വായിച്ചു; ജോര്‍ജ്ജയിലെജാക്‌സണ്‍ അവന്യുവിലെ പതിനൊന്നാം നബര്‍ വീട്ടിലെ ഇരട്ടമുറിയിലെ ജീവിതം ആയിരുന്നു. രണ്ടുമുറികളില്‍ ഒന്നില്‍ രണ്ടു മൂത്ത സഹോദരന്മാരും, മറ്റതില്‍ ഇളയസഹോദരിയും, അമ്മയും താനും. അടുക്കള എന്നു പറയുന്ന ചെറിയ സ്ഥലത്ത് മരപ്പലകകള്‍ നാലുകാലില്‍ ആണിയടിച്ചുറപ്പിച്ച ഊണുമേശ. ഇരുന്നുണ്ണാന്‍ പ്രായമായപ്പോഴേക്കും മൂത്ത സഹോദരന്‍ ഇല്ലായിരുന്നു. അവനെത്തു സംഭവിച്ചു....? ഒരേഴുവയസുകാരിയുടെ ഓര്‍മ്മയില്‍ ഒരു പന്ത്രണ്ടുവയസുകാരന്‍ സഹോദരനെക്കുറിച്ച് എത്രമാത്രം ഓര്‍മ്മകള്‍ ഉണ്ടാകും. പ്രത്യേകിച്ചും സ്‌കൂള്‍ കഴിഞ്ഞുവന്നാല്‍ അവന്‍ അടുത്തുള്ള ഒരു കൊല്ലന്റെ അപ്രന്റീസായി പോയി ഭാവി ഉറപ്പിക്കാന്‍ കൊതിച്ചവനെ വീട്ടില്‍ അധികം കണ്ടിട്ടില്ല. അവന്റെ കണ്ണുകളുടെ വലുപ്പവും, കണ്ണിലെ പ്രകാശവും ഇന്നും ഓര്‍മ്മകളുടെ ദളത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. അവന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. അതൊരു നിക്ഷേധിയുടെ അടയാളമായിരുന്നു. അവന്‍ പള്ളിയില്‍ അധികം പോയിരുന്നില്ല. പാസ്റ്റര്‍ അമ്മയോട് അതിന്റെ പേരില്‍ ഏറെകലഹിച്ചിട്ടുണ്ട്. അമ്മ തക്ക മറുപടി പറഞ്ഞ് മകന്റെ പക്ഷം ചേരും.

അവന്റെ ശബ്ദത്തിന് പ്രത്യേക ഈണവും താളവും ഉണ്ടായിരുന്നു. മരമുട്ടിയില്‍ അവന്‍ കടഞ്ഞെടുത്ത ഡ്രമ്മിന്റെ ശബ്ദം ആ ഗ്രാമം മുഴുവന്‍ കേള്‍ക്കാമായിരുന്നു. ഒപ്പം ആ താളത്തില്‍ അവന്‍ എഴുതിയുണ്ടാക്കിയ പാട്ടും. സംഗീതത്തില്‍ ഇതിനുമുമ്പാരും കേട്ടിട്ടില്ലാത്ത ശബ്ദം.ആദ്യമൊക്കെ അവന്‍ വീട്ടില്‍ ഞങ്ങളുടെ മുന്നില്‍ പാടും, കൂടെപ്പാടാന്‍ ഞങ്ങളോടു പറയും.ആഫ്രിക്കയിലെ കാടിന്റെ തനതു സംഗീതം എന്നാണാവനതിനെ വിളിച്ചത്.പക്ഷേ ആഫ്രിക്കന്‍ സംഗീതം അവന്‍ എങ്ങനെ അറിഞ്ഞു.അതവന്റെ ഉള്ളിലെ പാരമ്പര്യങ്ങള്‍ കൊടുത്തതാകാം. അമ്മ ആഫ്രിക്കന്‍ പാരമ്പര്യങ്ങളില്‍ നിന്നുമാണോ അവനെഗര്‍ഭംധരിച്ചതെന്നെനിക്കറിയില്ല. ഞങ്ങള്‍ നാലാളുടേയും അച്ഛന്‍ ഒരാളാണോ എന്നും ഞാന്‍ ചോദിച്ചിട്ടില്ല. അമ്മയുടെ കൂട്ടുകാരി ലിസയുടെ കസിനാണ് അമ്മയുടെ അക്കാലത്തെ ഇഷ്ടക്കാരന്‍ എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഒരടിമസ്ത്രീക്ക് അവളുടെ ഇഷ്ടങ്ങളുടെ പിന്നാലെ പോകാന്‍ പറ്റുമോ...? ചിലപ്പോള്‍ അയാള്‍ അമ്മയില്‍ അയാളുടെ കാമത്തെ പിഴിഞ്ഞൊഴിച്ച്, വെളുത്തവന്റെ ആധിപത്യം സ്ഥാപിച്ചതാകാം. രണ്ടാമത്തവന്‍ അപ്പാര്‍ട്ട്‌മെന്റുടമയുടെ രൂപസാദൃശത്തില്‍ എന്ന് ആരും പറയും. പലപ്പോഴും റെന്റു താമസിച്ചാലും തങ്ങളെ ഇറക്കിവിടാത്തത്, വെളുത്തവന്റെ ഔദാര്യമല്ല, അടിമയുടെ വിയര്‍പ്പിന്റെ വിലകൂടിയാണ് എന്നോര്‍ക്കുന്നത് നന്നായിരിക്കും. മുന്നാമത്തെവളായ തന്റെ പിതൃത്വം ആരേല്‍ക്കും. തീര്‍ച്ചയായും അതു ബേക്കര്‍ അല്ലാതെ മറ്റാര്‍ അമ്മ കൊണ്ടുവരുന്ന ബേഗിള്‍ ഒരവകാശം മാതിരിയായിരുന്നു അമ്മ തന്റെ കയ്യില്‍ തന്നിരുന്നത്. നാലാമത്തെ സുന്ദരിയുടെ പിതാവ് തീര്‍ച്ചയായും പള്ളിയില്‍ പുതുതായിവന്ന പാസ്റ്ററില്‍ ഉറപ്പിക്കാം. . അമ്മ പള്ളി തൂക്കാനും തുടയ്ക്കാനും പോയതിന്റെ ബാക്കി. ഒരിക്കലും അമ്മ ആരേയും കുറ്റപ്പെടുത്തുന്നതോ, സ്വയം ശപിക്കുന്നതോ കേട്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും പണിയെടുത്തുകൊണ്ടിരിക്കും.നല്ല തണുപ്പുകാലത്ത്, സ്വറ്ററുകള്‍ തുന്നും. അപ്പോള്‍ ലിസയെക്കുറിച്ച് ഒരോന്നു പറഞ്ഞുകൊണ്ടിരിക്കും. അവരാണമ്മയെ ഇതൊക്കെ പഠിപ്പിച്ചതെന്നു പറയും.

മൂത്ത മകനെക്കുറിച്ച് വലിയ അഭിമാനവും കരുതലും ആയിരുന്നു. അവന്റെ കഴുവുകളെ ലിസയുമായി ബന്ധപ്പെടുത്തും. ലിസക്ക് പീയാനോ വലിയ ഇഷ്ടമയിരുന്നെന്നു പറയും. ചര്‍ച്ചിലെ പാട്ടുകുര്‍ബാനക്ക് ലിസയായിരുന്നു നേതൃത്വം കൊടുത്തിരുന്നതെന്നഭിമാനത്തൊടു പറയുമ്പോള്‍ അടിമക്ക് ഉടമയോടുള്ള വിധേയത്വം എന്നു വായിക്കണ്ട. പകരം കണ്ടോ എന്റെ മകനും എന്റെ യജമാനത്തിയെപ്പോലെ സംഗീതം ഇഷ്ടമുള്ളവനത്രെ എന്നു തിരുത്തണം.

പക്ഷേ എത്ര നാള്‍ ആ സന്തോഷം നിലനിന്നുമകന്റെ സംഗീതത്തില്‍ സന്തോഷിച്ചവള്‍ കരഞ്ഞു. അവന്റെ കൊലപാതകികള്‍ക്ക് നേരെ ചീറി. ആരും അനങ്ങിയില്ല. എല്ലാവര്‍ക്കും അറിയാമായിരുന്നു ആരാണവനെ കൊന്നതെന്ന്. അവന്‍ ചെയ്ത തെറ്റ് സംഗീതത്തെ സ്‌നേഹിച്ചു. വെള്ളക്കാരന്റെ. അഹന്തയെ ചോദ്യം ചെയ്തു.ഒരു വെള്ളിയാഴ്ച അവനും സുഹൃത്തുകളുമായി ഒരു ക്ലബില്‍ മ്യൂസിക്കല്‍ നൈറ്റിനുപോയതാ...പിന്നെ തിരിച്ചു വന്നിട്ടില്ല. ആദ്യമൊക്കെ വീട്ടില്‍ ഡ്രെമ്മടിച്ചവന്‍ പാടി. പിന്നെ കവലകളില്‍ പാടി. പള്ളിക്കുടത്തിലെ വെളുത്തവളായ ഒരു ടീച്ചര്‍ അവനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അവന്റെ സംഗീതത്തെ അവര്‍ ആരാധിച്ചു. മറ്റുവെളുത്ത കുട്ടികള്‍ക്കവനോട് അസൂയ ആയിരുന്നുവെങ്കിലും ടിച്ചറിന്റെ നിര്‍ബന്ധത്താല്‍ അവന്റെ പരിപാടികള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. ആ പരിപാടിയുടെ മികവിലാണ് അവനെ നൈറ്റ് ക്ലബ്ബില്‍ സംഗീതത്തിനു ക്ഷണിച്ചത്. അവനോടൊപ്പം പാടാനും, സംഗീതോപകരണങ്ങള്‍ വായിക്കാനും അപ്പോഴേക്കും ആറുപേരുണ്ടായിരുന്നു. അവനു പന്ത്രണ്ടുവയസേ ആയിട്ടുള്ളു എന്നോര്‍ക്കണം. അവന്‍ ഒരു ആഫ്രിക്കന്‍ പേരില്‍ അവന്റെ ബാന്‍ഡിനെ രജിസ്റ്റര്‍ ചെയ്തു. അവന്‍ പേരും പെരുമയും നേടുന്നതിലെ അസൂയ വെളൂത്തവന് ഇരിക്കപ്പൊറുതി കൊടുത്തില്ല. അവര്‍ അവനെതിരെ കരുക്കള്‍ നീക്കി. അങ്ങനെയാണവന്‍ ആ രാത്രിയില്‍ കൊല്ലപ്പെട്ടത്. പാട്ടിനിടയില്‍ ഏറിഞ്ഞുകൊടുക്കപ്പെടുന്ന വെള്ളിരുപകളായിരുന്നു അവരുടെ വരുമാനമാര്‍ഗ്ഗം. കരുതിക്കുട്ടി വന്ന നാലുവെള്ളക്കാര്‍ അവനു വെള്ളിനാണയങ്ങള്‍ എറിഞ്ഞുകൊടുത്തു; സാധാരണക്കാരെപ്പോലെയല്ല അവര്‍ നാണയം എറിഞ്ഞത് അതുചെന്നുവീണത് ബാറില്‍ ലഹരിയില്‍ ബോധം നഷ്ടപ്പെട്ടവര്‍, തുപ്പുകയും, ഛര്‍ദിക്കുകയും ചെയ്യുന്ന ഇരുണ്ടകോണിലേക്കായിരുന്നു. അവിടെനിന്നും ഒരോ നാണയത്തുട്ടും നാക്കുകൊണ്ട് നക്കിയെടുക്കണം അതായിരുന്നു അവരുടെ നിര്‍ബന്ധം. ആത്മാഭിമാനം മുറിപ്പെട്ടവന്‍ ചെറുത്തു. പക്ഷേ ജനക്കൂട്ടം രണ്ടുചേരികളായി കാഴ്ചക്കാരായതെയുള്ളു. ഒരു പന്ത്രണ്ടുകാരന്റെ ചെറുത്തുനില്‍പിന്റെ ബലമറിയാവുന്നവര്‍ ഉറക്കെ ചിരിച്ച് അവര്‍ക്കു നേരെ നിറയൊഴിച്ചു. അവനൊപ്പം അവന്റെ അടുത്ത സുഹൃത്തിന്റെയും.സംഗീത ലോകം അവിടെ അവസാനിച്ചു. ഷെറിഫ് സെല്‍ഫ് ഡിഫന്‍സെന്നെഴുതി വെളുത്തവനു മോചനം കൊടുത്തെങ്കിലും, ക്ഷമിക്കാന്‍ കഴിയാത്ത സഹാദരന്‍ പ്രതികളെ തേടി നടന്നു. അവന്‍ പ്രതികാരം ചെയ്തുവോ എന്തൊ....? എന്നും കുറ്റവാളി കറുത്തവനാണല്ലോ...!അമ്മ ഊട്ടിവളര്‍ത്തിയവര്‍ പലവഴിക്കായി. അമ്മയും മരിച്ചു.

Read: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക