Image

ദൈവ ദാസൻ മാർ ഇവാനിയോസ് (മുരളീ കൈമൾ)

Published on 15 July, 2024
ദൈവ ദാസൻ മാർ ഇവാനിയോസ്  (മുരളീ കൈമൾ)

ദേശ സ്നേഹം ഊട്ടി ഉറപ്പിച്ചതിന്, പിറന്ന നാടിനെ കാത്ത് രക്ഷിക്കാൻ ആളും അർത്ഥവും നൽകിയതിന് തിരുവതാംകുറിന്റെ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ  'പണിക്കർ' സ്ഥാനം നൽകി ആദരിച്ച ഒരു ക്രൈസ്തവ തറവാട് മാവേലിക്കരയിൽ ഉണ്ടായിരുന്നു.

പണിക്കരു വീട്- എന്ന അറിയപ്പെട്ട ആ തറവാട്ടിൽ 1882 സെപ്തംബർ 21 ന് ജന്മമെടുത്ത ഗീവറുഗീസിന് , സ്വർഗ്ഗീയ നിയോഗങ്ങളുടെ പൂർത്തീകരണത്തിന് വേറിട്ട വഴികളിലൂടെ നടക്കുവാൻ വിധിയായി.

ദൈവദാസൻ എന്ന്  നാമകരണം ചെയ്ത  മാർ ഇവാനിയോസിസ് പിതാവിന്റെ യാത്രകൾ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ജന്മത്തിന് കാരണമായി.

കോട്ടയം എം.ഡി.  സെമിനാരി സ്കൂളിലെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഉള്ളിലെ ആത്മീയ വളർച്ചയിലെ അടിസ്ഥാന ശിലയായി. തുടർന്ന് സെറാംപുരിലെക്ക് പോകുന്നതിന് മുൻപ് , കോട്ടയം സി.എം. എസ്സ് കോളേജിൽ നിന്നുമാണ് ധനതത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തത്. ബിരുദാനന്തര ബിരുദം സമ്പാദിച്ചത് മദ്രാസ് ക്രിസ്റ്റൻ കോളേജിൽ നിന്നായിരുന്നു.

വിദ്യാഭ്യാസത്തിന് ശേഷം എം.ഡി  സെമിനാരി സ്കൂളിൽ അദ്ധ്യാപകനായെങ്കിലും, ഉള്ളിലെ ജ്ഞാനതൃഷ്ണ സെറാംപുരിൽ എത്തിച്ചു.
അക്കാലത്ത് അപൂർവമായ എം. ഏ ബിരുദധാരിയായതു കൊണ്ട് വട്ടശ്ശേരിൽ ബാവാ പോലും തിരുമേനിയെ 'MA അച്ചൻ'   എന്ന് സ്നേഹത്തോടെ വിളിച്ചു. അന്ന്  മലങ്കര സഭയിൽ ബിരുദാനന്തരബിരുദം ഉളള ഏക വൈദികനായിരുന്നു ഗീവറുഗീസ് അച്ചൻ.

വേദപുസ്തകം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വഴി. പള്ളികളിലെ ബൈബിൾ കൺവെൻഷൻ സംഘാടകനായിരുന്ന കാലത്ത് തന്നെ കൂദാശ ശെമ്മാശൻ എന്ന ഓമന പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു.

തീവ്രമായ ധ്യാനവും,  പഠനവും സെറാംപൂർ സെമിനാരി കാലത്ത് അദ്ദേഹത്തെ  പരിശുദ്ധ ബാസിൽ തിരുവെഴുത്തുകളുടെ കൈ പിടിച്ച് നടക്കാൻ പ്രേരിപ്പിച്ചു.

ടാഗോറിന്റെ ശാന്തിനികേതനിലും, മഹാന്മാഗാന്ധിയുടെ സബർമതിയിലും അക്കാലത്ത് അദ്ദേഹം സന്ദർശനം നടത്തി.

ഈ വിദ്യാഭ്യാസ രീതികൾ, അദ്ദേഹത്തിന്റെ ഉള്ളിലെ അന്വേഷിയെ ഉണർത്തി. ഭാരതത്തിലെ ഇവാൻജ്ജലിസ്റ്റുകളുടെ പരിവർത്തനത്തിന് തുടക്കമിടാൻ ഇവയെല്ലാം   ഊർജ്ജo നൽകിയിരിക്കണം.
സെറാംപുരിൽ നിന്ന് മടങ്ങിയ അദ്ദേഹം ആശ്രമം കെട്ടിപ്പെടുക്കുന്നതിൽ വ്യാപ്രതനായി.

റാന്നിക്കടുത്ത് , മുണ്ട മലയിൽ, പമ്പയുടെ തീരത്തെ ആത്മീയാന്വേഷികളുടെ ആശ്രമം അദ്ദേഹം പടുത്ത് ഉയർത്തിയത് പിന്നീട് ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ആഗസ്റ്റ് 15 ന് തന്നെയായിരുന്നു .  മുൻപേ നടന്ന പക്ഷിയാണ് അദ്ദേഹം എന്നതിന്റെ ദൃഷ്ടന്തമാണ് ഇത്.

പ്രാർത്ഥനയോടെ വേദ പുസ്തകം തുറന്നപ്പോൾ ലഭിച്ച ബഥനി- എന്ന പേരാണ് ആശ്രമത്തിന് 1919 ൽ അദ്ദേഹം നൽകിയത്. 28 വർഷങ്ങൾക്ക് ശേഷം ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1947 ഓഗസ്റ്റ് 15 ന് ആയിരുന്നു എന്ന് ചേർത്തു വായിക്കുക.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രാഗ് രൂപമായ ബഥനി ആശ്രമം തുടങ്ങിയതും ആഗസ്റ്റ് 15 ന് തന്നെ.
ആലംബഹീനർക്ക് അത്താണിയായി മാറിയ ആശ്രമം ഉന്നത വൈദിക പഠനത്തിനും , പ്രാർത്ഥനക്കും വേദിയായി.
1925 ൽ  സ്ത്രീ ശാക്തീകരണത്തെ മുൻനിർത്തി   തുടങ്ങി വെച്ച ബഥനി മഠത്തിന് ഇംഗ്ലണ്ടിലെ എപ്പിഫെനി സിസ്റ്റർമാരുടെ അംഗീകാരവും , സഹായവും ലഭിച്ചു. ഭുഖണ്ഡങ്ങൾ കടന്ന് തിരുവെഴുത്തിന് ഒപ്പം നടക്കുന്നവരെ കൈ ചേർത്ത് പിടിക്കാൻ അക്കാലത്ത് തന്നെ അദ്ദേഹത്തിനായി .

1932 ൽ റോമിലേക്ക്   നടത്തിയ തീർത്ഥാടനം വലിയ ചലനങൾ സൃഷ്ടിച്ചു. വന്ദ്യ പോപ്പ് പയസ്സ് X1 നെ നേരിട്ട് കണ്ടു.
വന്ദ്യ പോപ്പ് പയസ്സ് X1 വിന്റെ അനുഗ്രഹാശിസ്സുകളോടെ തിരിച്ചെത്തിയ ഇവാനിയോസിസ് പിതാവ് സീറോ മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണത്തിൽ മുഴുകി.


എഴുപത്തി അഞ്ചിൽ പരം വൈദികരുടെ ആത്മീയ ബലത്തിൽ പിതാവ് വളരെ പെട്ടന്ന് 150 ൽ പരം ദേവാലയങ്ങൾ പടുത്തുയർത്തി. 50 ൽ പരം സ്കൂളുകൾ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ 
ഉദാഹരണമായി.

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ തല ഉയർത്തി നിൽക്കുന്ന മാർ ഇവാനിയോസ് കോളേജ് സ്ഥാപിച്ചത് തിരുമേനി തന്നെ.

'This dignified Indian gentleman, who represented this far off triumph in the Orient, had changed his neighbors by bringing them to the Roman Communion.' പ്രിൻസ് ഓഫ് പാരഡോക്സ് എന്ന് വിശേഷിപ്പിക്കപ്പെട്ട ആഗലേയ സാഹിത്യ കാരൻ G K ചെസ്റ്റർട്ടൻ, മാർ ഇവാനിയോസ് പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ ഭാഷാന്തരീകരിച്ച് അതിന്റെ മൂല്യം കുറക്കാൻ ആഗ്രഹിക്കുന്നില്ല.

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് , ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് സുവിശേഷത്തിന്റെ , സ്നേഹത്തിന്റെ, ദുതുമായി മലങ്കരയിലെ വൈദികരെ പിതാവ് നിയോഗിച്ചു.

ഇവാനിയോസ് പിതാവ് ഉറപ്പുള്ള പാറക്ക് സമമായിരുന്നു. ആ പാറമേൽ കർത്താവിന്റെ ആലയങ്ങൾ നിരവധി പടുത്ത് ഉയർത്തപ്പെട്ടു.

1953 ലെ ജൂലൈ   മാസത്തിലെ പതിനഞ്ചാം തീയതിക്കു കണ്ണീരിന്റെ നനവും ഉപ്പും ഉണ്ടായിരുന്നു. അന്ന് വൈകിട്ടാണ് മാർ ഇവാനിയോസ് പിതാവ് വിട വാങ്ങിയത്. മണ്ണിന്റെ ഉപ്പായി മാറിയ , ഇവാനിയോസ് പിതാവ് കർത്താവിൽ ലയിച്ച ദിനമായിരുന്നു അന്ന്.

വൈദികരും , ആത്മായരും മാത്രമല്ല, തിരുവനന്തപുരം നഗരത്തിലെ മുഴുവൻ ജനങ്ങളുo പട്ടത്തെ കത്തീഡ്രൽ വളപ്പിൽ ഒത്തുകൂടിയത് പിതാവിന്റെ കബറടക്കത്തിനായിരുന്നു.

അറിവിന്റെ, അലിവിന്റെ തമ്പുരാനായ ഇവാനിയോസ് പിതാവിന് അവർ അന്ത്യ യാത്രാ മൊഴി ചൊല്ലി .
കർത്താവിന്റെ ചാരെ ,നക്ഷത്ര പ്രഭ ചൊരിഞ്ഞ് ദൈവദാസനായി നാമകരണം ചെയ്യപ്പെട്ട തിരുമേനി ഉണ്ട്.
സഹനത്തിൻ്റെ പാതയിൽ ഒരു സഭയെ കെട്ടിപ്പടുത്ത തിരുമേനിയെ 'ധന്യൻ' പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു.
ഹൃദയത്തിലും, പ്രവർ ത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ച പിതാവിനെ 'വിശുദ്ധരുടെ' പദവിയിലേക്ക് ഉയർത്താൻ കാലവും സഭയും തീരുമാനിക്കും എന്ന് ഉറപ്പ്.
'സ്വന്തം ജീവിതത്തിലെ വിശുദ്ധി കൊണ്ട് തന്റെ മേൽ സഭ പണിത ആളായി' വരും തലമുറ പിതാവിനെ പ്രകീർത്തിക്കും.
 

ദൈവ ദാസൻ മാർ ഇവാനിയോസ്  (മുരളീ കൈമൾ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക