Image

റിപ്പബ്ലിക്കൻ കൺവൻഷൻ ഇന്ന് മുതൽ; വധശ്രമം കഴിഞ്ഞു 24 മണിക്കൂർ തികയും മുൻപ് ട്രംപ് കൺവെൻഷനിൽ

Published on 15 July, 2024
റിപ്പബ്ലിക്കൻ കൺവൻഷൻ ഇന്ന് മുതൽ;  വധശ്രമം കഴിഞ്ഞു 24 മണിക്കൂർ തികയും മുൻപ്  ട്രംപ് കൺവെൻഷനിൽ

മിൽവോക്കി: ഡൊണാൾഡ് ട്രംപ് വധശ്രമത്തിൽ പരുക്കേറ്റ് 24 മണിക്കൂർ തികയും മുൻപ് ന്യൂ ജേഴ്സിയിലെ ബെഡ്‌മിൻസ്റ്റർ ഗോൾഫ് ക്ലബ് വിട്ടു മിൽവോക്കിയിൽ. 

ഞായറാഴ്ച ഉച്ച തിരിഞ്ഞു ഇ എസ് ടി 3:30നു വിസ്കോൺസിനിലേക്കു പുറപ്പെടുമെന്നു ട്രംപ് പറഞ്ഞിരുന്നു. ത്രിദിന കൺവെൻഷൻ തിങ്കളാഴ്ച ആരംഭിക്കുമെങ്കിലും രണ്ടു ദിവസം വൈകി എത്താം എന്നാണ് ആദ്യം കരുതിയത്. "എന്നാൽ കൊല്ലാൻ ശ്രമിച്ചവന് വിജയം സമ്മാനിക്കേണ്ട എന്നു തീരുമാനിച്ചു."

ട്രംപിന്റെ ഗോൾഫ് ക്ലബിനു പുറത്തു അദ്ദേഹം എത്തുന്നു എന്നറിഞ്ഞു ആരാധകർ അണിനിരന്നു.  

ട്രംപ് കാലിഞ്ചു വ്യത്യാസത്തിലാണ് മരണത്തിൽ നിന്നു രക്ഷപെട്ടതെന്നു ഡോക്ടർമാർ പറഞ്ഞതായി ചില മാധ്യമങ്ങൾ പറയുന്നു. വലതു ചെവിയുടെ മേൽ ഭാഗം തുളച്ചു കടന്നു പോയ വെടിയുണ്ട തലയിൽ ലക്‌ഷ്യം വച്ചാണ് വിട്ടതെന്നു വ്യക്തം.  

വെടിവയ്‌പുണ്ടായ സാഹചര്യത്തിൽ മിൽവോക്കിയിൽ സുരക്ഷ അതീവ കർശനമാക്കിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൺവെൻഷൻ നടക്കുനാണ് ഫൈസർവ് ഫോറത്തിനു ചുറ്റും പ്രാദേശിക സുരക്ഷാ ഭടന്മാരും അണിനിരന്നിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി, ട്രംപ് കാമ്പയ്ൻ സ്റ്റാഫ് ഫ്ലോറിഡയിലെയും വാഷിംഗ്‌ടണിലെയും ഓഫിസുകളിൽ നിന്ന് മാറി നിൽക്കണമെന്നു അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ സൂസി വൈൽസും ക്രിസ് ലാസിവിറ്റയും നിർദേശം നൽകി.

ട്രംപിന്റെ സുരക്ഷ വർധിപ്പിക്കാൻ പ്രസിഡന്റ് ബൈഡൻ സീക്രട്ട് സർവീസിനോട് ഞായറാഴ്ച നിർദേശിച്ചിരുന്നു. മുൻ പ്രസിഡന്റുമാർക്കു പരിമിതമായ സുരക്ഷ മാത്രമേ നൽകാറുള്ളൂ. ട്രംപിന് എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണം എന്നാണ് നിർദേശം.

വധ ശ്രമത്തെ കുറിച്ച് കൺവെൻഷനിൽ ട്രംപ് സംസാരിക്കും എന്നാണ് പ്രതീക്ഷ.

Trump headed for convention 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക