Image

ഒന്നിച്ചു നിൽക്കാൻ ബൈഡന്റെ ആഹ്വാനം; രാഷ്ട്രീയ അക്രമങ്ങളാണ് ട്രംപിനെതിരായ ആക്രമണത്തിലേക്കു നയിച്ചതെന്നു ഓർമപ്പെടുത്തലും (പിപിഎം)

Published on 15 July, 2024
ഒന്നിച്ചു നിൽക്കാൻ ബൈഡന്റെ ആഹ്വാനം; രാഷ്ട്രീയ അക്രമങ്ങളാണ് ട്രംപിനെതിരായ ആക്രമണത്തിലേക്കു  നയിച്ചതെന്നു ഓർമപ്പെടുത്തലും (പിപിഎം)

രാഷ്ട്രത്തോടു ഒറ്റക്കെട്ടായി നിന്നു അക്രമങ്ങളെ ചെറുക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ആഹ്വാനം ചെയ്തു. ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം നടന്നതിന്റെ പിന്നാലെ വിശ്രമ ദിനങ്ങൾ റദ്ദാക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രസിഡന്റ് ഓവൽ ഓഫിസിൽ നിന്നു ഞായറാഴ്ച രാഷ്ട്രത്തോടു സംസാരിക്കുകയായിരുന്നു.

"നമ്മുടെ രാഷ്ട്രീയത്തിലെ ചൂട് കുറയ്ക്കാൻ നമ്മൾ ഒന്നിച്ചു നിൽക്കണം," അദ്ദേഹം പറഞ്ഞു. "നമുക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവാം. പക്ഷെ നമ്മൾ ശതൃക്കളല്ല. നമ്മൾ അയൽവാസികളാണ്, സുഹൃത്തുക്കളാണ്, സഹപ്രവർത്തകരാണ്, പൗരന്മാരാണ്. ഏറ്റവും പ്രധാനം നമ്മൾ അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളാണ് എന്നതാണ്. നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം."

ഏഴു മിനിറ്റ് നീണ്ട പ്രസംഗത്തിൽ, ട്രംപ് വധശ്രമത്തെ അതിജീവിച്ചതിൽ ബൈഡൻ ദൈവത്തോട് നന്ദി പറഞ്ഞു. "ദൈവത്തിനു നന്ദി, ട്രംപിനു ഗുരുതരമായി പരുക്കേറ്റില്ല. കഴിഞ്ഞ രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു എന്നതിൽ സന്തോഷം. ജില്ലും ഞാനും അദ്ദേഹത്തെ പ്രാർഥനകളിൽ ഓർമിക്കുന്നു."

വെടിയേറ്റ് മരിച്ച കോറി കോംപെറേറ്റർ എന്നയാളിനെ ബൈഡൻ 'ഹീറോ' എന്നു വിശേഷിപ്പിച്ചു. "കോറിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം. കോറി ഒരു ഭർത്താവും അഗ്നിശമന വോളന്റിയരും ഹീറോയും ആയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും മുറിവേറ്റ എല്ലാവരെയും നമ്മൾ പ്രാർഥനകളിൽ ഓർമിക്കണം."

വെടിവച്ച തോമസ് മാത്യു ക്രൂക്സിന്റെ പ്രകോപനം എന്താണെന്നു അന്വേഷണം നടത്തുകയാണ്. ആരും അതേപ്പറ്റി സ്വന്തം നിഗമനങ്ങളിലേക്കു എടുത്തു ചാടരുത്. "അയാളുടെ അഭിപായങ്ങളോ ലക്ഷ്യങ്ങളോ നമുക്ക് അറിയില്ല. മറ്റാരെങ്കിലും അയാൾക്കു പിന്നിൽ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല.

"നമുക്കു അറിയാവുന്ന കാര്യങ്ങൾ സംസാരിക്കാം. ഒരു മുൻ പ്രസിഡന്റിനു വെടിയേറ്റു. തനിക്കു ഇഷ്ടപ്പെട്ട സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ എത്തിയ അമേരിക്കൻ പൗരൻ വെടിയേറ്റു മരിച്ചു. അമേരിക്കയിൽ, ഈ വഴിയിൽ നമുക്ക് മുന്നോട്ടു പോകാനാവില്ല. പോകാൻ പാടില്ല. നമ്മുടെ ചരിത്രത്തിൽ മുൻപും നമ്മൾ അത് പിന്നിട്ടിട്ടുണ്ട്."

2021 ജനുവരി 6 നു യുഎസ് ക്യാപിറ്റോളിൽ ഉണ്ടായ അക്രമവും  മിഷിഗൺ ഗവർണർ വിറ്റ്മറെ തട്ടിക്കൊണ്ടു പോകാൻ നടന്ന ശ്രമവും അദ്ദേഹം ഓർമിച്ചു. നമുക്കു യോജിക്കാൻ കഴിയാത്ത അത്തരം രാഷ്ട്രീയ അക്രമങ്ങളാണ്  ഇത്തരം അക്രമങ്ങൾക്കു പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു.

"അക്രമം ഒരിക്കലും പരിഹാരമായിട്ടില്ല" എന്നു തറപ്പിച്ചു പറഞ്ഞ ബൈഡൻ, മുൻ സ്‌പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ കയറി അവരുടെ ഭർത്താവിനെ ആക്രമിച്ചതും ഓർമിച്ചു. "ഭിന്നതകൾ പ്രകടമാകേണ്ടത് ബാലറ്റ് ബോക്സിലാണ്. വെടിയുണ്ടകൾ കൊണ്ടല്ല."

Biden calls for unity, slams political violence

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക