Image

കിട്ടാക്കൂലി ( കഥ : കുമാരി എൻ കൊട്ടാരം )

Published on 15 July, 2024
കിട്ടാക്കൂലി ( കഥ : കുമാരി എൻ കൊട്ടാരം )

റേഡിയോയിൽ 6.55-ന് സമ്പ്രതി വാർത്തായാം എന്ന് കേൾക്കുമ്പോഴേ ഞാൻ വീട്ടിൽ നിന്നിറങ്ങി ഗേറ്റ് കടന്നിരിക്കും എങ്കിലേ 7-5-ന് വരുന്ന ബസ്സ് പിടിക്കാൻ പറ്റൂ.
അന്നും അത് പോലെ ഗേറ്റ് കടക്കുമ്പോൾ ഒരു ഫോൺ കോൾ.
അഭിലാഷ് .അച്ഛനെ നോക്കുന്ന ഹോം നഴ്സാണ്.അച്ഛന് പിന്നേം സോഡിയം കുറഞ്ഞു പോയോന്ന് സംശയം. ഇന്നലെ ഒട്ടും ഉറങ്ങിയിട്ടില്ലത്രെ! ബഹളമായിരുന്നു. ഈയിടെയായി ഇടയ്ക്കിടെ സോഡിയം കുറയാറുണ്ട്.
അച്ഛന് വയ്യാതായാൽ എപ്പോഴും ഓടിയെത്തുന്നത് ഞാനും മൂത്ത സഹോദരനുമാണ്.
അച്ഛന് വീട്ടിൽ കുറച്ചു ദിവസം നിൽക്കണമെന്ന് ശാഠ്യം പിടിച്ചതുകൊണ്ടാണ് ഒരു ഹോം നഴ്സുമായി തറവാട്ടിലേയ്ക്ക് വിട്ടത്.
തിരിയെ കൂട്ടാൻ ചെല്ലുമ്പോഴൊക്കെ പറയും കുറച്ചു ദിവസം കഴിയട്ടെ. റോഡിന് പറ്റെയാണ് വീട്. അത് കൊണ്ട് വഴിയെ പോകുന്ന പരിചയക്കാരൊക്കെ വീട്ടിൽ കയറും അച്ഛനോട് സംസാരിച്ചിരിക്കും. പഴയ ചങ്ങാതിമാർ തിരക്കി വരും.അച്ഛൻ്റെ സന്തോഷം കാണുമ്പോൾ പട്ടണത്തിലെ വീട്ടിലേക്ക് കൊണ്ടുപോരാൻ തോന്നില്ല.

അഭിലാഷ് സഹോദരനേയും വിളിച്ചു. ഉടനെ പുറപ്പെടുമെന്ന് പറഞ്ഞത്രെ!
ഞാൻ ഓഫീസിൽ പോകാതെ നേരെ വീട്ടിലേക്ക് പോയി.
സോഡിയത്തിൻ്റെ ഹോമിയോ ഗുളിക തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ച് കുറേശ്ശയായി കൊടുക്കാൻ പറഞ്ഞിരുന്നു.എന്തായാലും ഞങ്ങൾ എത്തുമ്പോൾ അച്ഛൻ നോർമലായിരുന്നു.
"രാത്രിയിൽ ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ടില്ല. അഭിലാഷ് പറഞ്ഞു.
"ഇത് എൻ്റെ വീടല്ല. എനിക്കെൻ്റെ വീട്ടിൽ പോകണം എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ തുടങ്ങുകയായിരുന്നു."
"ആര് ഞാനോ  "എന്ന് ചോദിച്ചു അച്ഛൻ അത്ഭുതം കൊണ്ടു.
ആ മരുന്ന് തന്നെ തുടർന്ന് കൊടുത്തുകൊള്ളാൻ ഡോക്ടർ പറഞ്ഞു.
അച്ഛൻ്റെ ഇരുവശവുമിരുന്ന് ഞങ്ങൾ അച്ഛനെ ഊണ് കഴിപ്പിച്ചു. അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം പരിപ്പുവടയാണ് .ഞാൻ ചെല്ലുമ്പോഴൊക്കെ വാങ്ങിച്ചു കൊടുക്കാറുണ്ട്. അത് രണ്ടെണ്ണം തിന്നത് കൊണ്ട് ചോറ് ഇത്തിരി യേ കഴിച്ചുള്ളു.
ഊണ് കഴിഞ്ഞ് സംസാരിച്ചിരിക്കെ അച്ഛൻ ചോദിച്ചു: "മക്കൾക്ക്  വല്യ വീട്ടിലെ ഔസേപ്പിനെ  ഓർമ്മയുണ്ടോ ?.
" പിന്നേ നല്ല ഓർമ്മയുണ്ട്. അച്ഛനേക്കൊണ്ട് പണിയെടുപ്പിച്ചിട്ട് കൂലി തരാത്ത ആളല്ലേ .കിട്ടാക്കൂലി പലിശയുകൂടി ഇപ്പോൾ ലക്ഷങ്ങൾ ആയിട്ടുണ്ടാവും" ചേട്ടൻ പറഞ്ഞു.
" അന്നന്ന് അരി മേടിക്കാനുള്ള കാശുപോലും തരാതെ
ഞങ്ങളെ പലപ്പോഴും രാപ്പട്ടിണിയ്ക്കിട്ട അയാളെ മറക്കാൻ പറ്റുമോ?"
"ഇതൊന്നും ഓർമ്മിപ്പിക്കാനല്ല ഞാൻ ചോദിച്ചേ. അയാളു വയ്യാതെ കിടപ്പാ.മക്കളൊന്നു പോയി കാണണം"
"ഞങ്ങൾ ഇത്ര ദൂരം വന്നിട്ട് അയാളുടെ അടുത്തു പോയി സമയം കളയാനോ. ആ സമയം ഞങ്ങൾക്ക് അച്ഛൻറടുത്തിരിക്കാലോ.
അയാൾ കോടീശ്വരനല്ലേ .പരിചരിക്കാൻ മക്കളും മക്കടെ മക്കളും വേലക്കാരും ഒക്കെ കാണുമല്ലോ.
പണിക്കാർക്ക് നേരാംവണ്ണം കൂലി പോലും കൊടുക്കാതെ സമ്പാദിച്ചുകൂട്ടിയത് മക്കൾക്കല്ലേ "
"അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ "
"പക്ഷേ ഞങ്ങളതൊന്നും മറന്നിട്ടില്ല. ദിവസവും പണി എടുത്തിട്ടും ഞങ്ങൾക്ക് നിറയെ ഭക്ഷണം തരാനും വസ്ത്രം തരാനും എന്തിന് പഠിക്കാൻ ബുക്കും പുസ്തകവും മേടിച്ചു തരാൻ പോലും  കഴിഞ്ഞിട്ടുണ്ടോ അച്ഛന് .അയാളുടെ മക്കളുപേക്ഷിച്ച ഉടുപ്പുകളും അവർ പഠിച്ചു പഴയതായ പുസ്തകങ്ങളും അവരുടെ ബുക്കുകളിലെ എഴുതാപഴങ്കടലാസുകളും ഒക്കെയല്ലേ ഞങ്ങൾക്ക് തന്നിരുന്നത്. "ഞാൻ രോഷത്തോടെ പറഞ്ഞു.
"അതെങ്കിലും കിട്ടിയിരുന്നല്ലോ.
നിങ്ങൾക്കതു കൊണ്ട് ഒരു ദോഷവും സംഭവിച്ചില്ലല്ലോ പഠിച്ച് നല്ല നിലയിലെത്തീല്ലേ.ജോലിക്കാരായില്ലേ. അയാളുടെ ഒരു മക്കളും പഠിച്ചില്ല. സർക്കാർ ജോലിക്കാരായില്ല."
"അവർക്കെന്തിനാ ജോലി.ഇഷ്ടം പോലെ സ്വത്തല്ലേ ഉള്ളത്. "
"അതൊക്കെ മക്കള് മറക്ക്.ആയകാലത്ത് ഓരോന്ന് ചെയ്തതല്ലേ.പോട്ടെ. ചാകാൻ കിടക്കുന്ന ഒരാളെ കാണാൻ പോണൂ എന്ന് കരുതിയാൽ മതി."
ഞങ്ങൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
'" പിന്നേ കുറച്ചു പഴങ്ങളും പലഹാരങ്ങളും വാങ്ങിക്കൊണ്ടു പോണേ."
"ഓ അയാളവിടെ പഞ്ഞം കിടക്ക് വല്ലേ " ചേട്ടന് ദ്യേഷ്യം വന്നു.
" കയ്യും വീശി ചെല്ലുന്നത് ശരിയല്ല."
പിന്നെ എന്നെ അടുത്തു വിളിച്ച് അച്ഛൻ പറഞ്ഞു. " അച്ഛന് പിറന്നാളിന് കിട്ടിയതിൽ നല്ല ഒരു മുണ്ടും ഷർട്ടും പിന്നെ തണുപ്പിനിടാനുള്ള ഒരു ഉടുപ്പും ഒരു പുതപ്പും എടുത്ത് കവറിലാക്കി വണ്ടിയിൽ വച്ചോ "
"അതൊക്കെയെന്തിന്. മക്കൾക്കെന്തു തോന്നും തുണിയൊക്കെ കൊടുത്താൽ '
" നീ എന്തായാലും വണ്ടിയിൽ വച്ചോ. എത്രയെണ്ണാ ഇരിക്കുന്നെ ഇതെല്ലാം കൂടി എനിക്കെന്തിനാ. അച്ഛൻ ഒരു സന്തോഷത്തിന് തന്ന് വിട്ടതാണെന്ന് പറഞ്ഞാൽ മതി."
"ഉം .ശരി. "
ഞാൻ അച്ഛനെ അനുസരിച്ചു.
"പഴയതൊന്നും മനസ്സിൽ വച്ച് പെരുമാറരുത് മക്കൾ. അച്ഛനേക്കാൾ അഞ്ച് വയസ്സ് മൂത്ത ആളാണ്. മാത്രല്ല മരണം തൊട്ടു നില്ക്കുന്ന ആളോട് സ്നേഹവും കരുണയുമേ പാടുള്ളു. അവനോടും പറ"
"ശരിയച്ഛാ. സങ്കടം കൊണ്ട് പറഞ്ഞു എന്ന് കരുതി. ഞങ്ങൾ അങ്ങനെ ഒന്നും കാണിക്കില്ല"

പണ്ടത്തെ ഓർമ്മ വച്ച് ചേട്ടൻ വണ്ടിയോടിച്ചു. വഴിയൊക്കെ മാറിയിട്ടുണ്ട്. പുതിയ ധാരാളം വീടുകൾ ഒരു തിരിവിലെത്തി കടയിൽ ചോദിച്ചു.
വല്യ വീട്ടിലെ ആരെ കാണാനാ?
ഔസേപ്പച്ചനെ. 
" നാലഞ്ചു വീടുകളുണ്ട്. മക്കളുടെ .അപ്പൻ ഏത് മകൻ്റെ കൂടെയാണെന്നറിയില്ല.
എന്തായാലും പോയി നോക്ക് വഴി പറഞ്ഞു തരാം .
അല്ലേ നിക്ക് പാപ്പിയല്ലേ വരുന്നേ അവനോട് ചോദിക്കാം അവിടുത്തെ പണിക്കാരനാ.
എടാ പാപ്പി ഒന്ന് നിന്നേ. ദേ ഇവര് ആ വല്യ വീട്ടിലെ ഔസേപ്പച്ചായനെ കാണാൻ വന്നതാ .പുള്ളി തീരെ വയ്യാതിരിക്കുവല്ലാരുന്നോ തറവാട്ടിലല്ലാന്നാ കേട്ടേ ഏത് മകൻ്റെ കൂടെയാ?"
പാപ്പി ഞങ്ങളെ സൂക്ഷിച്ചു നോക്കി.
പിന്നെ അയാളെ വിളിച്ച് മാറ്റി നിർത്തി എന്തൊക്കെയോ പറയുന്നത് കണ്ടു.
ഞങ്ങളെ ഒന്നൂടെ നോക്കിയിട്ട് പാപ്പി ധ്രുതിയിൽ നടന്നു പോയി.
കടക്കാരൻ ഞങ്ങളുടെയടുത്തേക്ക് വന്നു.
"നിങ്ങള് ഔസേപ്പച്ചായൻ്റെ ആരാന്നാ പറഞ്ഞെ?
ഞങ്ങളുടെ അച്ഛൻ്റെ കൂട്ടുകാരനാ. 
ഔസേപ്പച്ചായൻ "
"അതേ ഔസേപ്പച്ചായന് ഓർമ്മേടെ പ്രശ്നോണ്ടാരുന്നേ. വീട്ടീന്നെറങ്ങിപ്പോകുവാരുന്നു. മാത്രല്ല ഓർമ്മേല്ലാണ്ട് മൂത്രമൊഴിക്കലും അപ്പീടലുമൊക്കെ വീടിനകത്ത് എവിടെങ്കിലുമാകും . അങ്ങനെ പൊറുതിമുട്ടി ഓരോരുത്തരും അടുത്ത ആളിൻ്റെ വീട്ടിലാക്കും കുറച്ചു ദിവസം കഴിയുമ്പോൾ അയാൾ അടുത്തവൻ്റെ വീട്ടിലാക്കും അങ്ങനെ തട്ടിക്കളിക്കയായിരുന്നൂന്നാ പാപ്പി പറഞ്ഞെ.
ഒരു ദിവസം മക്കളെല്ലാരും കൂടി ഒരുമിച്ചുകൂടി എന്തൊക്കെയോ കൂടിയാലോചിച്ച് എങ്ങോട്ടോ കൊണ്ടു പോയത്രെ!
അങ്ങ് ആയാംകുടീല് ഔസേപ്പച്ചായൻ്റെ ഏറ്റവും ഇളയ അനുജനുണ്ട്. ഒറ്റാം തടിയാ.അയാളുടെ അടുത്ത് കൊറേ പണവുമായി ഏൽപിച്ചെന്നാ അവരുടെ സംസാരത്തീന്നു മനസ്സിലായേന്ന് പാപ്പി പറഞ്ഞു. "
ഞാൻ നോക്കിയേനല്ലോ എന്തിനാ കൊണ്ടെകളഞ്ഞേന്ന് പാപ്പി മൂന്നാമത്തോൻ്റെ കെട്ട്യോളോട് ചോദിച്ചു.
അവരാ പറഞ്ഞത് കളഞ്ഞതൊന്നുമല്ല അനിയൻറടുത്താണെന്ന്. ആർക്കറിയാം."
തിരിയെ പോരുമ്പോൾ ഞാൻ പറഞ്ഞു ആ പാപ്പിയെ കിട്ടിയാൽ എവിടെയാണെന്ന് കൃത്യമായിട്ടറിയാം എന്തോ കള്ളത്തരമുണ്ട്.
"എന്തേലുമാകട്ടെ നമുക്കെന്തു കാര്യം" ചേട്ടൻ പറഞ്ഞു.
"അച്ഛനോടെന്തു പറയും ?
"നമ്മളറിഞ്ഞത് പറയാം"
"ദേ നോക്ക് പാപ്പിയല്ലേ പോകുന്നെ. കാറ് നിർത്ത്"
"പാപ്പി എങ്ങോട്ടാ?"
"കവല വരെ ''
"കേറിക്കോ. ഞങ്ങളിറക്കിത്തരാം"
"ഓ വേണ്ട പാപ്പി നടന്നോളാം."
"കേറ് പാപ്പീ. മഴ വരുന്നുണ്ട്
കേറിക്കോ"
പാപ്പി മടിച്ച് മടിച്ച് കാറിൽ കയറി.
"പാപ്പി ശരിക്കും എവിടെ പോകുവാ ?"
"കവല വരെ '
" ഔസേപ്പച്ചായനെ
വിടെയാ പാപ്പി ?
" ആയാംകുടീല് അനിയൻ്റെ കൂടെ. ഞാനത് തോമാച്ചായനോട് പറഞ്ഞാരുന്നു."
"എന്നാ നമുക്ക് ആയാംകുടി വരെ ഒന്നു പോയാലോ.
"ആയാംകുടീലോ അതൊത്തിരി ദൂരെയല്ലേ?
" അതെ .ഇപ്പൊ പുറപ്പെട്ടാ
രാത്രി ഒരു 10 മണിയാകുമ്പോൾ തിരിച്ചെത്താം. എന്താ പോയാലോ "ചേട്ടൻ ചോദിച്ചു.
"പോകാന്നേ. പാപ്പി കള്ളു കുടിക്കുവോ അവിടെത്തെ ഷാപ്പിലേ നല്ല ഒന്നാന്തരം കള്ളു കിട്ടും." ഞാൻ പറഞ്ഞു.
പാപ്പിക്ക് എന്തോ ഏനക്കേട് മണത്തു.
"നിങ്ങക്കിപ്പോ എന്നാ വേണം. ഔസേപ്പച്ചായനെ ഒന്നു കാണണം.പാപ്പി കാണിച്ചു തരാം. പക്ഷേ നിങ്ങൾ രണ്ടാളുമല്ലാതെ ഒരു കുഞ്ഞു പോലും അറിയരുത്. "
"ഇല്ലന്നേ. ഒന്നു കാണുക പോരുക. ഞങ്ങളീ നാട്ടുകാരേയല്ല."
"എന്നാ ദേ കവല കഴിഞ്ഞ് കൊറച്ചൂടങ്ങ് ചെല്ലുമ്പം ഇടത്തോട്ടൊരു റോഡുണ്ട്. അതിലൂടങ്ങു പോകുമ്പോൾ വലത്തോട്ട് ഒരു റോഡുണ്ട്. ചെറിയ ടാറിട്ട റോഡ് അത് ചെന്ന് നില്ക്കുന്നത് വല്യ വീട്ടു കാരുടെ....
" ശരി. ശരി. പാപ്പി വഴി പറഞ്ഞു തന്നോണ്ടിരുന്നാ മതി"
ഇരുവശത്തും റബ്ബർ തോട്ടം അല്ല റബ്ബർ തോട്ടത്തിന് നടുവിലൂടെ ഒരു റോഡ്. അടുത്ത് വീടുകളൊന്നുമില്ല. പകലാണെങ്കിലും ഇരുണ്ടു മൂടിക്കിടക്കുന്നു .
"ദേ അവിടെ അത് കണ്ടില്ലേ.ഷീറ്റൊണക്കാനുള്ള പുകപ്പുരയാ."
"ഔസേപ്പച്ചായനെ കാണിക്കാന്ന് പറഞ്ഞ് തോട്ടത്തിലെ പുകപ്പുരേക്കൊണ്ടു വന്ന് ...
എന്താ പാപ്പീടെ പ്ലാൻ?
ചേട്ടൻ കാറു നിർത്തി പുറത്തിറങ്ങി ഡോർ തുറന്ന് പാപ്പിയെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് പുറത്തിറക്കിക്കൊണ്ട് ചോദിച്ചു.
"ഇതെന്തു കൂത്ത്. നിങ്ങൾക്ക് ഔസേപ്പച്ചായനെ കാണണ്ടായോ?
" കാണണം.
അതിനിങ്ങോട്ടു കൊണ്ടുവന്നെ എന്തിനാ ?"
" അച്ചായനിവിടാ .പുകപ്പുര യോടു ചേർന്ന് ഒരു മുറിയുണ്ട്. "
പാപ്പി കൈകൂപ്പിക്കൊണ്ടു പറഞ്ഞു. "പുറത്തറിഞ്ഞൂന്നറിഞ്ഞാ അവരെന്നെ വച്ചേക്കില്ല. നിങ്ങളിവിടെ നില്ക്ക് ഞാനിപ്പോ വരാം."
അയാൾ  പോക്കറ്റിൽ നിന്നും താക്കോലെടുത്ത് വാതിലു തുറന്ന് അകത്തു കയറി. ഞങ്ങൾ പിന്നാലെ ചെന്നപ്പോഴേയ്ക്കും വാതിൽ അകത്തുനിന്ന് പൂട്ടിക്കളഞ്ഞു.
കുറച്ച് കഴിഞ്ഞ് വാതിൽ തുറന്ന് അയാൾ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.
"ഞാൻ എല്ലാം ഒന്ന് വൃത്തിയാക്കുകയായിരുന്നു. കിടന്നിടത്ത് കിടന്ന് ചിലപ്പോൾ എല്ലാം സാധിക്കും. അപ്പിയിട്ടിട്ട് വാരിഭിത്തിയിലൊക്കെ തേച്ചു വയ്ക്കും.
അവരുടെയൊക്കെ നല്ലൊന്നാന്തരം വീടിന് ഇപ്പോ ഇദ്ദേഹം ചേരില്ല.
കിടക്കവിരി മാറ്റിയേയുള്ളു. നിങ്ങൾ പോയിട്ടു വേണം കുളിപ്പിക്കാൻ."
ഒരൊറ്റ ജനൽ മാത്രമുള്ള ആ ഇടുങ്ങിയ മുറിയിൽ
നരച്ച ഭിത്തിക്കഭിമുഖമായി ഒരെല്ലിൻ കൂട്.
"ഓസേപ്പച്ചായാ ഇതാരാ വന്നേന്ന് നോക്കിക്കേ "
"ജോർജാണോടാ അതോ ജോസൂട്ടിയോ?"
എടാ മക്കളേ അപ്പനെ വീട്ടിക്കൊണ്ടു പോടാ.ഇവിടെ അപ്പന് പേടിയാടാ മക്കളേ.
സാത്താമ്മാര് ചുറ്റിനും നിക്കുവാ. അപ്പനേക്കൊണ്ട് വേണ്ടാത്തതെല്ലാം ചെയ്യിക്കുവാ..
അപ്പന് മക്കളേം കൊച്ചുമക്കളേം കണ്ടു മരിക്കണമെടാ .....
അയ്യോ ഞാൻ നരകത്തിലേക്ക് പോണേ പാപ്പീ എന്നെ പിടിച്ചോടാ...
"ചിലപ്പോ നല്ല ബോധോണ്ടെന്ന് തോന്നും പെട്ടെന്നാ വിധം മാറുന്നേ. ഭക്ഷണം കഴിക്കാനും മടിയാ."
പാപ്പി പറഞ്ഞു.
ചേട്ടൻ കാറിൽ നിന്നും പഴങ്ങളും മുണ്ടും ഷർട്ടും മറ്റും അടങ്ങിയ പാക്കറ്റും എടുത്തു കൊണ്ടുവന്നു.
കുളിപ്പിച്ചു കഴിയുമ്പോൾ ഈ മുണ്ടും ഷർട്ടും ഇടീക്കണേ." ഞാൻ പറഞ്ഞു.
'' ആര് തന്നതാന്ന് പറയണം.?
"മക്കൾ "
തിരിച്ചുപോരുമ്പോൾ ചേട്ടൻ പറഞ്ഞു നമ്മൾ അച്ഛനേക്കുറിച്ചു പറഞ്ഞാൽ അദ്ദേഹത്തിന് പണ്ടത്തെ ഓർമ്മകൾ വന്നാൽ അച്ഛനോട് ചെയ്തതോർത്ത് കുറ്റബോധം തോന്നിയാൽ പാവം വേദനിക്കും. അതാ ഒന്നും പറയാതിരുന്നത് .പാവം"
"നമ്മുടെ അച്ഛൻ എത്ര ഭാഗ്യവാനാ അല്ലേ? ഞാൻ പറഞ്ഞു.
ചേട്ടൻ ചിരിച്ചു.
"നമുക്ക് ഔസേപ്പച്ചായനേം അങ്ങ് ഭാഗ്യവാനാക്കിയാലോ?"
"എങ്ങനെ?"

ചേട്ടൻ പിന്നേം ചിരിച്ചു.

വീട്ടിലേക്ക് എന്നെ ബസ്സ്  കയറ്റി വിടുമ്പോൾ ചേട്ടൻ പറഞ്ഞു. 
"എന്തായാലും വന്നതല്ലേ ഞാൻ കുറച്ചു ദിവസം അച്ഛൻ്റെ കൂടെ നിക്കാൻ പോകുവാ "
ഒരു മാസം കഴിഞ്ഞ് ഞാനും മോളും കൂടി അച്ഛനെ കാണാൻ പോയി.
ഗേറ്റ് കടന്നപ്പോൾ കേട്ടു അച്ഛൻ്റെ ചിരി.
അച്ഛൻ വളരെ സന്തോഷത്തിലാണല്ലോ.
എന്നെ കണ്ടതും അച്ഛൻ പറഞ്ഞു: ദേ അച്ഛന് കൂലി തരാതെ പണിയിപ്പിച്ച ആള്.ഇപ്പോ പറയുവാ സ്വന്തം പേരിൽ 5 സെൻ്റ് സ്ഥലമേ ബാക്കിയുള്ളു. അത് എഴുതിത്തരട്ടേന്ന്.
എങ്ങനെ ചിരിക്കാതിരിക്കും. കുഴീലൊട്ട് കാലും നീട്ടി ഇരിക്കുമ്പോ സ്വന്തം പേരിൽ അഞ്ചു സെൻ്റ് സ്ഥലം...
അച്ഛൻ പിന്നെയും ചിരിച്ചു കൊണ്ടേയിരുന്നു . ഔസേപ്പച്ചായനും"
"ഇതാരാ അമ്മേ അച്ചാച്ചനെപ്പോലെ വേറൊരാൾ "മോളു ചോദിച്ചു
" അതും ഒരച്ചാച്ചൻ "ഞാൻ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക