Image

സാഹിത്യം സാമൂഹ്യജീവിതത്തിന് പുറത്തായതെങ്ങനെ ? ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 5 - പ്രകാശൻ കരിവെള്ളൂർ )

Published on 15 July, 2024
സാഹിത്യം സാമൂഹ്യജീവിതത്തിന് പുറത്തായതെങ്ങനെ ? ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 5 - പ്രകാശൻ കരിവെള്ളൂർ )

നിങ്ങൾക്കും പാചകം പഠിക്കാം , ഒരാഴ്ച്ച കൊണ്ട് തമിഴ് സംസാരിക്കാം , ഇംഗ്ളീഷ് സ്പീക്കിങ് കോഴ്സ് , നൂറ്റൊന്ന് ഒറ്റമൂലി , ചർമ്മ സൗന്ദര്യം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഇത്തരം പുസ്തകങ്ങൾ മാത്രം വാങ്ങി വായിക്കുന്നതും വായനശീലത്തിൽ പെടും . എന്നാൽ സാമൂഹ്യവും സാംസ്കാരികവുമായി കേരളം വളർന്നത് ഇത്തരം വായന കൊണ്ടല്ല . പത്രവായനയേക്കാൾ നിലവാരമേറിയ ഒരു സാഹിത്യവായന നമ്മുടെ സാക്ഷരതാ മികവിൻ്റെ സുഗന്ധമായി വർത്തിച്ചിരുന്നു . ഇന്ദുലേഖയുടെ രചനാ ചരിത്രം പറയുന്നതിലൂടെ ചന്തുമേനോൻ സൂചിപ്പിച്ചത് വായിച്ച പുസ്തകത്തിലെ കഥ സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറഞ്ഞു കൊടുക്കുന്ന ഒരു പതിവ് അന്ന് നാട്ടിലുണ്ടായിരുന്നു എന്നാണ് . തൊഴിലാളി നേതാവും കൃഷിക്കാരും രാഷ്ട്രീയക്കാരും പട്ടാളക്കാരുമൊക്കെ കഥയും നോവലും കവിതയുമൊക്കെ എഴുതി സാഹിത്യകാരന്മാരായ ഒരു കാലഘട്ടം .അന്ന് സാക്ഷരത അമ്പത് ശതമാനത്തിൽ താഴെയായിരുന്നു . എന്നാൽ ആ അമ്പതിൽ നാൽപ്പതിലേറെ പേരും വായന ജീവിതത്തിൻ്റെ അലങ്കാരമായി കരുതിയിരുന്നു .
കഥകളും നോവലുകളും മാത്രമല്ല ദുരവസ്ഥ , വാഴക്കുല , രമണൻ തുടങ്ങിയ കവിതകൾ പോലും പൊതുസമൂഹത്തിൻ്റെ ചർച്ചാവിഷയമായിരുന്നു . രമണൻ വായിക്കാൻ വേണ്ടി കാലി പൂട്ടുന്നവരും ബീഡിക്കാരും ചുമട്ടുകാരും സാക്ഷരതാ ക്ളാസിൽ പോയ 1940 - 50കളെക്കുറിച്ച് രമണീയം ഒരു കാലം എന്ന പുസ്തകത്തിൽ എം ടി ഓർക്കുന്നുണ്ട് . ഓടയിൽ നിന്നും ചെമ്മീനും മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളായതിൻ്റെ പിന്നിൽ ആ നോവലുകൾക്ക് കിട്ടിയ വായനാപ്രീതി പ്രവർത്തിച്ചിട്ടുണ്ട് . മലയാളത്തിലെ മൂന്ന് പ്രമുഖ കവികൾ (വയലാർ ഓ എൻ വി, പി ഭാസ്കരൻ ) കവിതയെ ഗാനസാഹിത്യമാക്കി സിനിമയോട് ബന്ധിപ്പിച്ചു . പി. ഭാസ്കരൻ , ശ്രീകുമാരൻ തമ്പി തുടങ്ങിയ കവികൾ മുഖ്യധാരാ സിനിമയെ സാഹിത്യ മുഖരിതമാക്കി .
നമ്മുടെ  സിനിമ മലയാളിത്തം കൈ വരിക്കുന്നത് ഉറൂബിൻ്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലൂടെയാണ് . പി. ഭാസ്കരൻ പാട്ട് കൊണ്ട് മാത്രമല്ല കഥയും സംവിധാനവും നിർമ്മാണവും അഭിനയവും കൊണ്ട് സിനിമയുടെ അമരക്കാരനായിരുന്നു . ശ്രീ കുമാരൻ തമ്പിയും അതെ . എം ടി , പത്മരാജൻ തുടങ്ങിയ നമ്പർ വൺ എഴുത്തുകാരുടെ തിരക്കഥാകരുത്ത് മുഖ്യധാരാ സിനിമകളുടെ നട്ടെല്ലായിരുന്നു . സേതുമാധവൻ എന്ന പ്രശസ്ത സംവിധായകൻ നല്ല നോവലുകൾ മാത്രമല്ല നാടകങ്ങൾ കൂടി സിനിമകളാക്കി പ്രേക്ഷകരിലേക്ക് സാഹിത്യമെത്തിച്ചു . സിനിമയിലെ സാഹിത്യ പ്രണയത്തിൻ്റെ ബാക്കിയായിരുന്നു നടനും എഴുത്തുകാരനും സംവിധായകനുമായ വേണു നാഗവള്ളി . തൊണ്ണൂറുകളോടെ ടീവി ചാനലുകളും മിമിക്സ് പരേഡുകളും ചേർന്ന് സിനിമയുടെ സാഹിത്യബന്ധത്തെ ചവിട്ടിപ്പുറത്താക്കുകയായിരുന്നു . വിഷ്വൽ ഇംപാക്ട് , ടെക്നിക്കൽ പർഫെക്ഷൻ എന്നിവയിലൂന്നി അക്ഷരവിരോധികളായിത്തീർന്ന പാട്ടെഴുത്തുകാരും തിരക്കഥാകൃത്തുക്കളുമാണ് ഇപ്പോൾ സ്ക്രീൻ ഭരിക്കുന്നത്. അതിലാണ് ഇളമുറപ്രേക്ഷകർക്ക് ഹരം .
സിനിമ എന്ന ജനകീയ മാധ്യമത്തിൻ്റെ ആഭിമുഖ്യങ്ങൾ സമൂഹത്തെ സ്വാധീനിക്കും . അവിടെ ഇന്ന് സാഹിത്യം എടുക്കാച്ചരക്കാണ് . പൊതു സമൂഹത്തിലും അതെ . സിനിമാറ്റിക് നോവലെഴുതി തിരക്കഥാ രചനയിലേക്ക് കടക്കാൻ വെമ്പിയാണ് പുതിയ തലമുറയിൽ ചിലരെങ്കിലും നോവലെഴുതാൻ ഒരുമ്പെടുന്നത് തന്നെ . വർഷങ്ങൾക്ക് ശേഷമാണ് ഒരു നോവൽ സിനിമയാകുന്ന കാര്യം ആടുജീവിതത്തിലൂടെ ശ്രദ്ധേയമായത് . ഇടയിൽ ചില നല്ല കഥകളും നോവലുകളും സിനിമയാക്കിയത് കടുത്ത സിനിമാപ്രേമികൾ പോലും അറിഞ്ഞില്ല . പിന്നല്ലേ , സാമാന്യജനത ?

സാധാരണ മനുഷ്യരടക്കം വിദൂരബന്ധങ്ങളിൽ വിനിമയം നടത്തിയിരുന്ന കത്തുകൾ വായനയുടെയും എഴുത്തിൻ്റെയും വൈകാരികമായ ഒരു സാധ്യതയായിരുന്നു . എത്രയെത്ര കാൽപ്പനിക പ്രണയങ്ങളാണ് കത്തുകളിലൂടെ എഴുത്തും വായനയുമായത് ?
നവമാധ്യമങ്ങളായി ഫെയ്സ്ബുക്ക് , വാട്സാപ്പ് , ട്വിസ്റ്റർ , ബ്ലോഗ് തുടങ്ങിയവ വഴി യുള്ള നൂതന സാധ്യതകൾ വന്നു ചേർന്നു എന്നത് ശരി . എന്നാൽ അതൊന്നും സമൂഹത്തെ കാര്യമായി സ്വാധീനിക്കാൻ കെൽപ്പുള്ള എഴുത്തും വായനയുമാവുന്നില്ല .fb വഴിയൊക്കെ നോവൽ പരമ്പര വരുന്നു . പക്ഷേ , കല്യാണി -ദാക്ഷാണി പെണ്ണുങ്ങളുടെ കത , ഒരിക്കൽ മാത്രം ചക്ക വീണ് ചത്ത മുയലാണ് . പിന്നെ അമ്പത് ലക്ഷം പതിപ്പിറങ്ങിയ ഓൺലൈൻ നോവൽ മാർക്കറ്റും നമ്മുടെ വായനാവിരക്തിയും ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു വിചിത്ര സമസ്യയുമാണ് .

( തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക