"ഇനി ജീവിതത്തെ ഒന്ന് നിർവ്വചിക്കാമൊ?"
"സംഗതി അനിർവചനീയമാണ് പ്രിയേ;
എങ്കിലും നിനക്കു വേണ്ടി നിർവ്വചിക്കാം:
ഒരു വിനോദയാത്ര അല്ലെങ്കിൽ ഒരു ദു:ഖയാത്ര. അതുമല്ലെങ്കിൽ ഒരു തീർത്ഥാടനം - ലേബർ റൂമിൽ നിന്ന്
തുടങ്ങും; ഏതെങ്കിലും ഒരു ക്രീമറ്റോറിയത്തിൽ
അവസാനിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോമഡിക്കും
ട്രാജഡിക്കുമിടയിലെ ഒരു ത്രില്ലർ!"
"ഇനി മരണത്തെ ഒന്ന് നിർവ്വചിക്കാമൊ?"
"സംഗതി അനിർവചനീയമാണ് പ്രിയേ;
എങ്കിലും നിനക്കു വേണ്ടി നിർവ്വചിക്കാം:
സ്ഥലകാല നിദ്രയ്ക്കതീതമായി ഉണർന്നിരിക്കുന്ന നില. ഉറക്കത്തിനു ശേഷം ഉണരാതിരിക്കുന്ന അവസ്ഥ. രാത്രിക്കു ശേഷം മറ്റൊരു പുലരിയില്ലാതിരിക്കുന്ന സ്ഥിതി. മരിക്കും മുമ്പെ മരണസ്വാദ് നേരിട്ട് രുചിക്കാനിട വന്ന ഭാഗ്യശാലികൾക്ക് മരണം കേട്ടു പഴകിയ ഒരു കെട്ടുകഥ മാത്രം!"
"ഇനി പ്രണയത്തെ ഒന്ന് നിർവ്വചിക്കാമൊ?"
"സംഗതി അനിർവചനീയമാണ് പ്രിയേ;
എങ്കിലും നിനക്കു വേണ്ടി നിർവ്വചിക്കാം:
പ്രണയിക്കുന്നവരുടെ അസാന്നിദ്ധ്യത്തിൽ
സ്വയം ദീപ്തമാകുന്ന
സ്വർഗ്ഗീയാനുഭൂതിയാണ് പ്രണയം. ദൌർഭാഗ്യവശാൽ
ഭൂമിയിൽ പ്രണയത്തിന്റെ
പേരിൽ നടമാടുന്നതൊക്കെ
മാംസനിബദ്ധമായ അർദ്ധാനുരാഗം !
അബദ്ധപ്പഞ്ചാംഗം!!"
"ഇനി മൌനത്തെ ഒന്ന് നിർവ്വചിക്കാമൊ?"
"സംഗതി അനിർവചനീയമാണ് പ്രിയേ;
എങ്കിലും നിനക്കു വേണ്ടി നിർവ്വചിക്കാം:
ഇടർച്ച അറിയാത്ത, കണ്ണി മുറിയാത്ത
തുടർച്ച! ബിംബവും പശ്ചാത്തലവും വിഭിന്നമാണെങ്കിലും വേർപെടുത്തി
കാണേണ്ടതല്ല. അങ്ങനെ കാണുന്നതു ബുദ്ധിശൂന്യതയാകും. ജീവിതത്തിന്റെയും മരണത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തല സംഗീതമാണ് മൌനം. ശബ്ദമാണ് മൌനം. മൌനമാണ് നിന്റെയും എന്റെയും സൗണ്ട് ട്രാക്ക്!"