Image

ദീപ്ത സ്മരണയായി സൗമ്യനായ സുനു; അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്ത്

എ.എസ് ശ്രീകുമാര്‍ Published on 15 July, 2024
 ദീപ്ത സ്മരണയായി സൗമ്യനായ സുനു; അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്ത്

ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രകാശവേഗത്തില്‍ കടന്നുവന്ന് ഹൃദയത്തില്‍ പ്രതിഷ്ഠിതരാവും. അതേ വേഗത്തില്‍ത്തന്നെ അവര്‍ എന്നെന്നേയ്ക്കുമായി നമ്മെ വിട്ടുപിരിഞ്ഞ് പോവുകയും ചെയ്യും. ആ പിന്‍മടക്കത്തില്‍ അവര്‍ നമ്മുടെ മനസില്‍ ഒരിക്കലും മായാത്ത സ്നേഹമുദ്രകള്‍ ചാര്‍ത്തിയിരിക്കും. കഴിഞ്ഞ ദിവസം അകാലത്തില്‍ ഇഹലോകത്തുനിന്നും വിടചൊല്ലിയ സുനു എബ്രഹാം എന്ന, മാവേലിക്കര കൊട്ടാര്‍കാവ് മാമൂട്ടില്‍ എം.എ സുനു അത്തരത്തിലൊരു വ്യക്തിയായിരുന്നു.

മികച്ച സംഘാടകനായ സുനു, ഫൊക്കാന-ഫോമ ഉള്‍പ്പെടെയുള്ള പല പ്രമുഖ സംഘടനകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഇവന്റ് മാനേജ്മെന്റിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രശസ്ത പരിപാടികളുടെ ഇവന്റ് മാനേജ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള സുനു പരേതനായ എം.കെ ഏബ്രഹാമിന്റെയും സൂസിയുടെയും മകനാണ്. എം.എ അലക്സ് ആണ് സഹോദരന്‍.

അവിവാഹിതനായ സുനു മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപമുള്ള കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. കൊച്ചി കലൂര്‍ ഫില്ലര്‍ ആഡ്സ് സി.ഇ.ഒ എന്ന നിലയില്‍ എറണാകുളത്തു പോയി വീട്ടിലേയ്ക്ക് മടങ്ങുക പതിവായിരുന്നു. രണ്ടു ദിവസം മുമ്പ് എറണാകുളത്തുനിന്നും വീട്ടിലേയ്ക്ക് പോകാന്‍ ബസില്‍ കയറവെ ഫുട്ബോര്‍ഡില്‍ നിന്ന് കാല്‍ വഴുതിവീണ് തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. 53-ാം വയസിലായിരുന്നു പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ക്കിയ സുനുവിന്റെ അന്ത്യം.

വലിയൊരു സൗഹൃദ സാമ്രാജ്യത്തിനുടമയായിരുന്ന സുനുവിന്റെ വേര്‍പാട് പറഞ്ഞറിയിക്കാനാവാത്ത നഷ്ടമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ മസ്‌കറ്റ് (മാസ്‌കോട്ട്) ഹോട്ടലില്‍ നടന്ന ഫോമായുടെ കേരളാ കണ്‍വന്‍ഷനില്‍ വച്ചാണ് സുനുവിനെ ഞാന്‍ പരിചയപ്പെടുന്നത്. അത് ഈടുറ്റ ഒരു സൗദൃദമായി പിന്നീട് വളര്‍ന്നു. ആ കണ്‍വന്‍ഷനില്‍ സുനുവിന്റെ സൗഹൃദ ബന്ധങ്ങളുടെ ആഴം ഞാന്‍ മനസിലാക്കി.

നല്ല ഉയരമുള്ള വ്യക്തിയായിരുന്നു സുനു. ആ പൊക്കത്തിന്റെ പ്രത്യേകത തന്റെ ഇടപെടലുകളിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. മാന്യവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ പെട്ടെന്ന് ആളുകളെ ആകര്‍ഷിക്കാനുള്ള സിദ്ധി സുനുവിന്റെ സവിശേഷതയാണ്. തന്റെ സ്വതസിദ്ധമായ സംഘാടന മികവിലൂടെ സുനു കോ-ഓര്‍ഡിനേറ്റ് പരിപാടികള്‍ തികഞ്ഞ പ്രൊഫഷണല്‍ നിലവാരത്തിലുള്ളതായിരുന്നു. 2022-ല്‍ പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപമുള്ള സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന പ്രവാസി മലയാളി സംഗമം എടുത്തുപറയാവുന്ന ഒന്നാണ്.

തദവസരത്തില്‍ കേരളത്തിലെ കോവിഡ്-വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗത്തും സാമ്പത്തിക സഹായങ്ങളും ജീവല്‍ രക്ഷാ ഉപകരണങ്ങളും നല്‍കി സജീവ സാന്നിധ്യമറിയിച്ച പ്രവാസി മലയാളി സംഘടനകള്‍, വ്യക്തികള്‍ എന്നിവരെ 'പ്രവാസി ഹുമാനിറ്റേറിയന്‍ 2022 അവാര്‍ഡ്' നല്‍കി അദരിക്കുകയുണ്ടായി. മാധ്യമരംഗത്തെ അറിയപ്പെടുന്ന പ്രതിഭകള്‍ക്കും, വ്യാവസായിക, കാര്‍ഷിക, കല, സാംസ്‌കാരിക രംഗത്ത് തനതായ സാന്നിദ്ധ്യം അറിയിച്ചവരുമായ വ്യക്തികള്‍ക്കും പ്രവാസി മലയാളി ഫോറം അവാര്‍ഡുകളും പ്രശസ്തി പത്രവും നല്‍കി.

കലാ-സാഹിത്യ-വ്യാവസായിക രംഗത്ത് നൂനതനമായ ആശയങ്ങള്‍ വിന്യസിച്ച വ്യക്തികളെയും ആദരിക്കുകയുണ്ടായി. പ്രവാസി മലയാളി ഫോറത്തിന്റെ ഫാഷന്‍ ബിസിനസ് അവാര്‍ഡുകളും തദവസരത്തില്‍ വിതരണം ചെയ്തു. പ്രവാസി മലയാളികള്‍ക്ക് നേരില്‍ കാണുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചത് ഈ പ്രവാസി സംഗമത്തിന്റെ വിജയമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസി മലയാളികള്‍ പങ്കെടുത്ത സമ്മേളനം സുനുവിന്റെ മറ്റൊരു സിഗ്‌നേച്ചര്‍ പ്രോഗ്രാമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഞാന്‍ സുനുവിനെ അവസാനമായി കണ്ടത്. എന്റെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തുകയും കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിടുകയും ചെയ്തു. ഫോമാ-ഫൊക്കാന ഉള്‍പ്പെടെ അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ വരുമ്പോള്‍ സുനു നിരന്തരം വിളിക്കുകയും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം സന്തോഷപൂര്‍വം വാര്‍ത്തകളും മറ്റും തയ്യാറാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. മാന്യമായ പ്രതിഫലവും സുനു എനിക്ക് സമ്മാനിച്ചിട്ടുണ്ട്. താമസിയാതെ അമേരിക്കയിലേയ്ക്ക് പോകുന്നുണ്ടെന്നും ചില പ്രോജക്ടുകള്‍ മനസിലുണ്ടെന്നും ഒരു മാസം മുമ്പ് വിളിച്ചപ്പോള്‍ സൂചിപ്പിച്ചിരുന്നു. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന ഫോണ്‍ സംഭാഷണം.

ഇന്നൊവേറ്റീവായ ആശയങ്ങളുടെ കലവറയായിരുന്നു സുനുവിന്റെ മനസ്. നടപ്പാക്കിയവയേക്കാള്‍ നടപ്പാക്കാനുള്ളവയായിരുന്നു  ഏറെയും. എന്നാല്‍ മരണം രംഗബോധമില്ലാതെ വന്ന് സുനുവിനെ കൊണ്ടുപോയി. ഇനിയൊരു മടക്കമില്ലെന്നറിഞ്ഞുകൊണ്ട് ഇനി മുഖദാവിലെത്തില്ലെന്നറിഞ്ഞുകൊണ്ട് ചിരകാല സുഹൃത്തിന്റെ നിര്‍മലമായ ആത്മാവിന് പ്രാര്‍ത്ഥനകളോടെ നിത്യശാന്തി നേരുന്നു. ഒപ്പം ബന്ധുമിത്രാദികളുടെ ദുഖത്തില്‍ ഒരിറ്റു കണ്ണീരുമായി പങ്കുചേരുകയും ചെയ്യുന്നു.

പാബ്ളോ നെരൂദയുടെ 'നത്തിങ് ബട്ട് ഡെത്ത്' എന്ന കവിതയില്‍ നിന്നുള്ള ഒരു ഭാഗം ഇത്തരുണത്തില്‍ സ്മരണീയം...

''ഏകാന്തമായ സിമിത്തേരികളുണ്ട്
ഒച്ച വറ്റിയ എല്ലുകള്‍ നിറഞ്ഞ കുഴിമാടങ്ങളുണ്ട്
ഇരുണ്ടിരുണ്ടിരുണ്ട തുരങ്കം നൂഴുന്നു ഹൃദയം;
കപ്പല്‍ച്ചേതത്തിലെന്ന പോലെ
നാം മരിക്കുന്നതുള്ളിലേക്ക്
സ്വന്തം ഹൃദയങ്ങളില്‍ മുങ്ങിച്ചാവുന്നു നാം
ചര്‍മ്മത്തില്‍ നിന്നാത്മാവിലേക്കിടിഞ്ഞു വീഴുന്നു നാം...''
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക