Image

ഇരട്ടക്കലാശത്തില്‍ സ്‌പെയിന്‍, അര്‍ജന്റീന (സനില്‍ പി. തോമസ്)

Published on 15 July, 2024
ഇരട്ടക്കലാശത്തില്‍ സ്‌പെയിന്‍, അര്‍ജന്റീന (സനില്‍ പി. തോമസ്)

ഒരു മാസം നീണ്ട ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല. ഒരു രാത്രിയുടെയോ(ഒരു പകലിന്റെയോ) വ്യത്യാസത്തില്‍ യൂറോ കപ്പില്‍ സ്‌പെയിനും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ജേതാക്കള്‍. ഫൈനലില്‍ അര്‍ജന്റീന, എക്‌സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിന് കൊളംബിയയെയും സ്‌പെയിന്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി. അര്‍ജന്റീനയ്ക്ക് പതിനാറാം കീരീടമെങ്കില്‍ സ്‌പെയിനിന് നാലാം ചാമ്പ്യന്‍ പട്ടം. 1966 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഒരു ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ഹാരി കെയ്ന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ 2026 ലെ ലോകകപ്പില്‍ ബൂട്ടുകെട്ടിയേക്കും. പക്ഷേ, കോപ്പയിലും യൂറോകപ്പിലും തലമുറ മാറ്റം ഉറപ്പാണ്. ഏയ്ഞ്ചല്‍ ഡി മരിയ വിടവാങ്ങല്‍ പ്രഖ്യാപിച്ചു . പക്ഷേ, ഫുട്‌ബോളിന്റെ ചടുലതയും ചാരുതയും നിലനിര്‍ത്താന്‍ പുത്തന്‍ താരങ്ങള്‍ കളം നിറഞ്ഞുകഴിഞ്ഞു. സ്‌പെയിനിന്റെ കൗമാര വിസ്മയം ലാമിന്‍ യമാല്‍ പതിനേഴാം പിറന്നാള്‍ ആഘോഷിച്ചത് കളിക്കിടയില്‍. ഒപ്പം പ്രായം കുറഞ്ഞ യൂറോ കപ്പ് താരവും ഗോള്‍ നേടിയ താരവുമായി. പിന്നെ, നിക്കോ വില്യംസ്.

2020ലെ കോപ്പ വിജയത്തിന്റെ തുടര്‍ച്ചയായി 2022ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ഇപ്പോള്‍ കോപ്പ നിലനിര്‍ത്തിയപ്പോള്‍ സ്‌പെയിനിന്റെ 2008, 12 യൂറോ കപ്പ് 2010 ലോക കപ്പ് വിജയങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുന്നു.  2026 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ഏതു രാജ്യത്തിനും വെല്ലുവിളി ആയേക്കാം. ബ്രസീലിനും പോര്‍ച്ചുഗലിനും സെമി കാണാനാവാത്തതിന്റെ നിരാശ. ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും പൊരുതി തോറ്റുവെന്ന് പറയാം. കോപ്പ അമേരിക്കയില്‍ സെമിയില്‍ കടന്ന് കാനഡ വരവ് അറിയിച്ചു. നഷ്ടപ്പെടാന്‍ അധികമില്ല, നേടാന്‍ ഏറെ എന്നതായിരുന്നു കൊളംബിയയുടെ നിലപാട്. സാധാരണ കളി സമയത്ത് അര്‍ജന്റീനയെ അവര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ എട്ടു മിനിറ്റ് ബാക്കിനില്‍ക്കുമ്പോഴാണ് അവര്‍ ഒരു ഗോള്‍ വഴങ്ങിയത്. കോപ്പ ഫൈനലില്‍ കാണികളുടെ കുത്തൊഴുക്കായിരുന്നു. പ്രവേശന കവാടം തകര്‍ത്തതും കളി തുടങ്ങാന്‍ വൈകിയതും സ്വാഭാവികം. ്അറുപത്താറാം മിനിറ്റില്‍ നായകന്‍ ലയണന്‍ മെസ്സി പരുക്കേറ്റു പുറത്തുപോകുന്നു. നിശ്ചിത സമയത്തും ഗോള്‍ രഹിത സമനില. എക്‌സ്ട്രാ ടൈം എട്ടു മിനിറ്റ് ബാക്കി നില്‍ക്കെ ലൗമാറോ മാര്‍ട്ടിനെസ് ലക്ഷ്യം കാണുന്നു(1-0). ലൗറ്റാറോ മാര്‍ട്ടിനെസ് ടോപ് സ്‌കോറര്‍ ആയപ്പോള്‍ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോളിയുമായി.

യൂറോ കപ്പില്‍ സ്‌പെയിന്‍ നിക്കോ വില്യംസിലൂടെ ലീഡ് നേടി. കോലേ പാമര്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ എത്തിച്ചു. ഒടുവില്‍ എണ്‍പത്താറാം മിനിറ്റില്‍ മിഖേല്‍ ഒയാര്‍സ ബാൽ  സ്‌പെയ്‌നിനെ മുന്നിലെത്തിച്ചു. പക്ഷേ അവസാന നിമിഷം ഡാനി ഒല്‍മോ നടത്തിയ ഗോള്‍ ലൈന്‍ സേവ് ആണ് സ്പപെയിനിനെ, ചാമ്പ്യന്‍മാരാക്കിയത്. സ്‌പെയിനിന്റെ  റോഡ്‌റി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായപ്പോള്‍ മൂന്നു ഗോള്‍ വീതം നേടി ആറുപേര്‍ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹരായി-കോഡി ഗക്ക്‌പോ(നെതര്‍ലന്‍ഡ്‌സ്), ഹാരി കെയ്ന്‍(ഇംഗ്ലണ്ട്), ഡാനി ഒല്‍മോ(സ്‌പെയിന്‍), ജമാല്‍ മുസിയാല(ജര്‍മ്മനി), ഇവാന്‍ ഷ്രാന്‍സ്(സ്ലോവാക്യ), ജോര്‍ജസ് മിഖാതുട്‌സെ(ജോർജിയ). നിക്കോ വില്യംസ് കലാശപ്പോരിലെ മികച്ച താരമായി. യമാൽ ഭാവിയുടെ താരവും.

ഒരു മാസം നീണ്ട ഫു്ട്‌ബോള്‍ മാമാങ്കമാണ് അവസാനിച്ചത്. ഇതിനിടയില്‍ വിംബിള്‍ഡന്‍ ടെന്നിസും പൂര്‍ത്തിയായി. കായിക പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ തല്‍ക്കാലം അവസാനിച്ചു. ഒരാഴ്ച കഴിഞ്ഞാല്‍ പാരിസ് ഒളിംമ്പിക്‌സിന് ആരവം ഉയരും. അതുവെര കോപ അമേരിക്കയിലെയും യൂറോകപ്പിലെയും അട്ടിമറികളും പരാജയങ്ങളും വിലയിരുത്തപ്പെടും. കോപ്പയില്‍ ബ്രസീല്‍ സെമി കാണാതെ മടങ്ങി. കാനഡ സെമിയില്‍ കടക്കുകയും ചെയ്തു. കാനഡയെയും ചിലിയെയും പെറുവിനെയും മറികടന്ന് ക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന ഇക്വഡോറിനെ തോല്‍പിച്ച് സെമിയില്‍ എത്തി. സെമിയില്‍ വീണ്ടും കാനഡ്‌ക്കെതിരെ വിജയം. കൊളംമ്പിയ ആകട്ടെ പരാഗ്വെ യെയും കോസ്റ്ററിക്കയെയും തോല്‍പിച്ച്, ബ്രസീലിനെ സമനിലയില്‍ തളച്ച് ക്വാര്‍ട്ടറില്‍ കടന്നു. പിന്നെ വിജയം പാനമയ്ക്കും യുറുഗ്വായ്ക്കുമെതിരെ.

യൂറോകപ്പില്‍ ഇംഗ്ലണ്ട്, സെര്‍ബിയ, ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, സ്ലോവാക്യ ടീമുകളെ കീഴടക്കി ക്വാര്‍ട്ടരില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പിന്‍തള്ളി സെമിയില്‍ നെതര്‍ലന്സ്ഡ്സിനെതിരെ വിജയം(2-1) സ്‌പെയിന്‍ ആകട്ടെ, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ, ജോര്‍ജിയ ടീമുകളെ പിന്‍തള്ളി ക്വാര്‍ട്ടറില്‍ .ജര്‍മ്മനിക്കും ഫ്രാന്‍സിനും എതിരെ(രണ്ടു മത്സരങ്ങളിലും സ്‌കോര്‍2-1) വിജയിച്ച് കലാശക്കളിക്ക്. ഫ്രാന്‍സിനെതിരെ സ്‌പെയിനിനു വേണ്ടി യമാല്‍ നേടിയ ഗോള്‍ വരാന്‍ പോകുന്നതിന്റെ സൂചനയാണ്. കാത്തിരിക്കാം. അടുത്ത ലോക കപ്പില്‍ പുതിയ മെസിമാരെയും റൊണാള്‍ഡൊമാരെയും കാണാന്‍ കഴിയും. സംശയം വേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക