Image

മഹാപ്രളയത്തിന്റെ ഓർമകൾക്ക് നൂറു വയസ്

Published on 15 July, 2024
മഹാപ്രളയത്തിന്റെ ഓർമകൾക്ക്  നൂറു വയസ്

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന് മലയാളികൾ പറയുന്ന മഹാപ്രളയത്തിന് ഇന്ന് നൂറ്റാണ്ട് തികയുന്നു. 1924 ജൂലായ് 15ന് തുടങ്ങി 25 വരെ തോരാതെ, ഭ്രാന്തുപിടിച്ചതു പോലെ മഴ പെയ്ത പത്തുദിവസത്തെ പെരുമഴക്കാലം!  കേരള ചരിത്രത്തിലേക്ക് കുത്തിയൊലിച്ചെത്തിയ  മഹാപ്രളയത്തിന്റെ ഓർമ്മകൾ ഇന്നും പഴയ തലമുറയ്ക്ക്  നോവാണ്. കൊല്ലവർഷം 1099ൽ ഉണ്ടായ ഈ വെള്ളപൊക്കത്തെ ’99ലെ പ്രളയ’മെന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്. 2018-ൽ കേരളത്തെ മുക്കിയ പ്രളയ നാളുകളിലാണ് പുതുതലമുറ അന്നത്തെ മഹാപ്രളയത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചത് .

പെരുമഴയിലും മലവെള്ളപാച്ചിലിലും ഒഴുകിവരുന്ന മൃതശരീരങ്ങൾ. പക്ഷി-മൃഗാദികളുടെ ശവങ്ങൾ, ഒരായുസ്സ് കൊണ്ടുകെട്ടിപ്പൊക്കിയ സമ്പാദ്യങ്ങൾ എല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ . 99-ലെ വെള്ളപ്പൊക്കമെന്ന് പഴയ തലമുറ പറയുന്ന  മഹാപ്രളയത്തെപ്പറ്റി പറയുമ്പോൾ ഇത്തരം നിരവധി ഓർമ്മകളാണ് അവരുടെ ഉള്ളിൽ നോവായി പെയ്യുക. 

  3368 മില്ലി മീറ്റർ മഴയാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചതെന്ന വിശദീകരണമുണ്ടായി.

 കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ   പ്രളയത്തി മുങ്ങി. തിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചെങ്കിലും ഏറ്റവുമധികം കെടുതികൾ നേരിട്ടത് തിരുവിതാകൂറിൽ ആണ്. രാജഭരണമായിരുന്നു അന്ന് .  ശ്രീമൂലം തിരുനാളാണ് തിരുവിതാകൂർ ഭരിച്ചത് . തിരുവനന്തപുരം പട്ടണത്തിന്റെ പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ കാണിക്കുന്നത്. മധ്യതിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങിയിരുന്നു. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയിലേക്ക് ഇരച്ചു കയറി . 

കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേമലബാർ വെള്ളത്തിനടിയിൽ ആയി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങിപോയി. രണ്ടായിരം വീടുകൾ നിലം പതിച്ചു. കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകി. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കേരളത്തിന്റെ ഭൂപ്രകൃതിയെയും നദികളുടെ ഗതിയും വരെ സാരമായി മാറ്റുകയുണ്ടായി എന്ന് പറയപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ആളുകളെ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്‌സർലാൻഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്നാറിന്റെ സൗന്ദര്യത്തെയും സൗകര്യങ്ങളെയും അപ്പാടെ മഹാപ്രളയം തകർത്തെറിഞ്ഞു .

പെരിയാർ ഒഴുകി കടലിൽ എത്തുന്നതുവരെയുള്ള ഭാഗങ്ങളിലും ഈ പ്രളയം വലിയ ദുരന്തം വിതച്ചു.
ബ്രിട്ടീഷുകാരുടെ വളരെ കാലത്തെ ശ്രമഫലമായി പൂർത്തിയാക്കിയ നിരവധി നിർമ്മിതികൾ 99ലെ പ്രളയം തകർത്തെറിഞ്ഞതായാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷുകാർ വിവിധ മേഖലയിലുള്ള മൂന്നാറിന്റെ വിപുലമായ സാധ്യതകൾ മനസ്സിലാക്കി നിരവധി നിർമിതികൾ നടത്തിയിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക