Image

താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Published on 15 July, 2024
താമരശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വിപുലമായ അന്വേഷണം നടത്താന്‍ പോലിസ്.

ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പോലിസുകാരും അന്വേഷണ സംഘത്തിലുണ്ട്.

സംഭവത്തില്‍ നേരത്തെ യുവാവിന്റെ കുടുംബം പോലിസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പോലിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. താമരശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഹര്‍ഷാദിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പ് ഉടമയാണ് ഹര്‍ഷദ്. സാമ്ബത്തിക ഇടപാടിനെ തുടര്‍ന്നാണ് ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു. കാര്‍ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പോലിസിന്റെ ഭാഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷദ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക