Image

റാപ്പിലൂടെ രാഷ്‌ട്രീയ അവബോധം സൃഷ്ടിക്കുന്ന അമേരിക്കൻ മലയാളി യുവാവ്

Published on 16 July, 2024
റാപ്പിലൂടെ രാഷ്‌ട്രീയ അവബോധം സൃഷ്ടിക്കുന്ന അമേരിക്കൻ മലയാളി യുവാവ്

ലാസ് വെഗസ് : ജനങ്ങളിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കാൻ 'കല' യേക്കാൾ  ശക്തമായ മാധ്യമം ഇല്ലെന്ന്  കെപിഎസി പോലുള്ള  നാടക സമിതികൾ മലയാളികളെ പഠിപ്പിച്ചതാണ്. 2004 ൽ ലാസ് വേഗസിലേക്ക് കുടിയേറിയ ഫോമാ നേതാവ് പന്തളം ബിജു തോമസിന്റെയും ജിസി തോമസിന്റെയും മൂത്തമകൻ കുര്യനും പിന്തുടരുന്നത് ആ വഴിയാണ്. റാപ്പർ എന്ന നിലയിൽ ഈ ഇരുപത്തിനാലുകാരൻ ഇതിനോടകം പേരെടുത്തുകഴിഞ്ഞു. ഹൈസ്‌കൂളിൽ ആദ്യമായി 'യീസസ്' എന്ന ആൽബം കേട്ടുകൊണ്ടാണ് റാപ്പിന്റെ മാസ്മരികലോകത്തേക്ക്  വഴുതിവീണത്.
പിന്നീട് ലൂപ്പ് ഫിയാസ്കോയെപ്പോലുള്ള മറ്റ് കലാകാരന്മാരും  സ്വാധീനം ചെലുത്തി. പൂർണമായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഈ  ആവിഷ്കാര രൂപത്തിലേക്ക് ആകർഷിക്കപ്പെട്ട കുര്യൻ, സ്വന്തമായി നിർമ്മിച്ച ബീറ്റുകളിൽ റാപ്പ് ചെയ്യാൻ തുടങ്ങി.  

2008-ൽ ഒരു പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജോർജ്ജ് ബുഷിന് നേരെ  ഇറാഖി പത്രപ്രവർത്തകനായ മുൻതാദർ അൽ-സെയ്ദ് ഷൂ എറിഞ്ഞ സംഭവം പരാമർശിക്കുന്ന  'ഐ വുഡ് ത്രോ അനദർ ഷൂ' എന്ന റാപ്പ് ഗാനം കുര്യൻ 2022 ൽ  അവതരിപ്പിച്ചു. തൻ്റെ സമപ്രായക്കാരിൽ പലരും രാഷ്ട്രീയത്തിൽ ഇടപെടാൻ തയ്യാറാകാത്ത  സമയത്താണ് താൻ ജീവിക്കുന്ന നാട്ടിലെ രാഷ്ട്രീയ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് വിവേകപൂർവം കുര്യൻ അതിലേക്ക് എടുത്തുചാടിയത്.  സാമൂഹികവും സാമ്പത്തികവുമായ സംവിധാനങ്ങളും സർക്കാർ സംവിധാനങ്ങളും വിശകലനം ചെയ്യാൻ റാപ്പ് സംഗീതം എങ്ങനെ ഉപയോഗിക്കാമെന്നും സാധാരണക്കാരിൽ അതുവഴി രാഷ്ട്രീയ അവബോധം എങ്ങനെ ഉണ്ടാക്കാം എന്നുമാണ് ഈ യുവാവ് തെളിയിക്കാൻ ശ്രമിക്കുന്നത്.



വേൾഡ് ട്രേഡ് സെൻ്റർ തകർന്ന 9/ 11 ന് കൈക്കുഞ്ഞായിരുന്ന കുര്യൻ, അതിന്റെ പ്രത്യാഘാതങ്ങൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലാണ്  തിരിച്ചറിഞ്ഞത്. 2010 ൽ റിലീസായ ബോളിവുഡ് ചിത്രം  മൈ നെയിം ഈസ് ഖാൻ കണ്ടശേഷമാണ്  മിഡിൽ ഈസ്റ്റേണെഴ്‌സ് നേരിടുന്ന വിവേചനത്തിലേക്ക് തൻ്റെ കണ്ണുതുറന്നതെന്ന് കുര്യൻ പറഞ്ഞു.
ബുഷിന്റെ ഭരണകാലയളവിൽ  നിന്ന് ഒബാമയുടെ വർഷങ്ങളിലേക്ക്  കണ്ണോടിച്ചാൽ വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നും 2008 ൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ലെന്നുമാണ് കുര്യന്റെ കണ്ടെത്തൽ.
2023 ൽ ' ദി ഡെസേർട്ട് വിൽ നോട്ട് ഷെഡ് ടിയർ ഫോർ യു, ഐ വുഡ് ത്രോ അനദർ ഷൂ' എന്ന റാപ്പ് ഗാനം പിറന്നതും ഇത്തരത്തിൽ മുൻകാല രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ ഭാഗമായാണ്.
കുര്യനെ സംബന്ധിച്ച് തൻ്റെ സംഗീതം ഒരു പ്രേരകശക്തിയാണ്. പുതുതലമുറയിലേക്ക് അത് പകർന്നുകൊടുത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഈ റാപ്പർ സ്വപ്നം കാണുന്നത്.
അവബോധം മാത്രമല്ല പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണെന്ന് കുര്യൻ പറയുന്നു.
കമ്മ്യൂണിറ്റികൾ കരുത്താർജ്ജിക്കണമെന്നും പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തുറന്ന സംവാദങ്ങളിൽ ഏർപ്പെടുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അയൺ കർട്ടനാണ്  കുര്യൻ്റെ വരാനിരിക്കുന്ന ആൽബം.
 മെച്ചപ്പെട്ട ഒരു ലോകം സാധ്യമാകുന്നതിന് ഭരണകർത്താക്കളെപ്പോലും ചൊടിപ്പിക്കാൻ കുര്യൻ ഭയക്കുന്നില്ല. മാതാപിതാക്കൾക്കൊപ്പം ഏക സഹോദരി ജോആൻ മേരി തോമസും (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്റർ) കുര്യന്റെ സംഗീതത്തിനും സ്വപ്നങ്ങൾക്കും ഒപ്പമുണ്ട്.
see : KURIAN linktr.ee/kurian.1111

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക