( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ലേക്കുള്ള യാത്ര 5 )
നമ്മൾ പറഞ്ഞു വരുന്ന കാലത്തിനും കുറേ മാസങ്ങൾക്കു മുമ്പാണ് ഈ സംഭവങ്ങളുടെ തുടക്കം. അന്ന്ഞങ്ങളുടെ പള്ളിയിലെ വികാരിയായി പ്രവർത്തിച്ചിരുന്ന അച്ചൻ രണ്ടാഴ്ചത്തെ അവധിയെടുത്ത് നാട്ടിൽപോകുന്നു. ആഴ്ചക്കുർബാനകൾ മുടങ്ങാതെ നടത്തേണ്ടതിലേക്കായി സ്വാഭാവികമായും മറ്റൊരച്ചൻനിയമിക്കപ്പെടണമല്ലോ?. ഏതെങ്കിലും ഒരു മലയാളി അച്ചനാവും വരിക എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ്, മലയാളി അല്ലാത്ത അദ്ദേഹം പള്ളിയിൽ എത്തുന്നത്.
അലസമായി നീണ്ടു കിടക്കുന്ന മുക്കാലും നരച്ചു കഴിഞ്ഞ താടിയും, തലമുടിയുമായി എത്തിച്ചേർന്ന അദ്ദേഹംഇന്നത്തേക്ക് കുർബാന ചൊല്ലാനായി നിയോഗിക്കപ്പെട്ട വെള്ളക്കാരനായ ഒരു പുരോഹിതനായിരുന്നു. സൗമ്യമായ ഒരു ചെറു പുഞ്ചിരി ഇപ്പോഴും മുഖത്ത് സൂക്ഷിച്ചു വച്ചിരുന്ന അദ്ദേഹം വളരെ ലളിതമായ രൂപ - ഭാവങ്ങളോടെയാണ് തന്റെ ഓരോ പ്രവർത്തികളും അനുഷ്ടിച്ചു കൊണ്ടിരുന്നത്. സാധാരണ പള്ളീലച്ചന്മാർവലിയ ഭക്ത ശിരോമണികളായി ഭാവിച്ചു കൊണ്ട് ആടുകൾക്കിടയിൽ നടപ്പിലാക്കുന്ന ആത്മീയമായആധികാരിക ആജ്ഞകളുടെ തലക്കനം ഇദ്ദേഹത്തിൽ തൊട്ടു തീണ്ടിയിട്ടില്ലല്ലോ എന്ന് പ്രഥമ ദൃഷ്ടിയിൽ തന്നെഎനിക്ക് ബോധ്യപ്പെട്ടു. അത് കൊണ്ട് തന്നെ ഒരേ തൂവൽ പക്ഷികളുടേതായ ഒരു വർഗ്ഗബോധം ഞാനറിയാതെഎന്നിൽ രൂപപ്പെട്ടു വന്നു.
വളരെ ലളിതമായും, ചിട്ടയായും സ്പാനിഷ് കലർന്ന ഇംഗ്ലീഷിൽ അദ്ദേഹം കുർബാന പൂർത്തിയാക്കിയെങ്കിലുംവളരെപ്പേരും അത് എത്രമാത്രം ആസ്വദിച്ചു എന്ന് നിശ്ചയമില്ല. നിസ്സാരനും, നിസ്സഹായനുമായ മനുഷ്യൻതന്നിൽത്തന്നെ സജീവമായിരിക്കുന്ന അദ്വൈത സത്തയായ ദൈവീക സാന്നിധ്യത്തിന്റെ അക്ഷയ ഖനിയിൽനിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടു കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ ജീവിയായി പരിണമിക്കേണ്ടതിന്റെഅനിവാര്യമായ ആവശ്യകതയാണ് കുർബാന എന്ന അനുഷ്ഠാന സമർപ്പണത്തിലൂടെ സാധിച്ചെടുക്കേണ്ടത്എന്നാണ് എന്റെ ചിന്ത. ചില മലയാളി പുരോഹിതന്മാർ അട്ടഹാസങ്ങളുടെയും, ആക്രോശങ്ങളുടെയും ഒക്കെവേദികയാക്കി തങ്ങളുടെ പെർഫോമൻസ് മാറ്റിത്തീർക്കുന്നത് കണ്ടു ശീലിച്ച ആടുകളെ ആവേശം കൊള്ളിക്കുന്നപ്രകടനങ്ങളൊന്നും ഇദ്ദേഹം കാഴ്ച്ച വച്ചില്ല എന്നത് കൊണ്ടുതന്നെ നിഷ്ക്കളങ്കവും. ഭക്തി നിർഭരവുമായഒരന്തരീക്ഷമാണ് ഇദ്ദേഹം ക്രിയേറ്റ് ചെയ്യുന്നത് എന്നാണു എനിക്ക് തോന്നിയത്.
കുർബാനക്ക് ശേഷമുള്ള പ്രസംഗത്തിന്റെ സമയം വന്നു. സ്പെയിനിൽ ജനിച്ചു വളരുകയും, കൂടുംബ സമേതംഅമേരിക്കയിലേക്ക് കുടിയേറുകയും ചെയ്ത താൻ ഇപ്പോൾ അമേരിക്കയിലെ യാക്കോബായ സുറിയാനിസഭയിലെ ഒരു വൈദികനായി സേവനം അനുഷ്ഠിക്കുകയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സ്പാനിഷ്കലർന്ന ഇംഗ്ലീഷിൽ അദ്ദേഹം ആരംഭിച്ച സൗമ്യമായ പ്രസംഗം, സാധാരണങ്ങളായ പള്ളി പ്രസംഗങ്ങളിൽ നിന്ന്വ്യത്യസ്തമായി ക്രൈസ്തവ ദർശനങ്ങളിലെ അത്യഗാധമായ ആശയങ്ങളെ പച്ചയായ മനുഷ്യന്റെ വ്യക്തിവ്യാപാരങ്ങളിൽ എങ്ങനെ ഗുണ പരമായി പ്രയോഗത്തിലാക്കാം എന്നുള്ള തത്വ ശാസ്ത്ര പരമായ ഒരു വിശകലനംആയിരുന്നുവെങ്കിലും, എത്ര പേർ അത് മനസിലാക്കുകയും, ഉൾക്കൊള്ളുകയും ചെയ്തുവെന്ന് ഇന്നുംനിശ്ചയമില്ല.
പെട്ടെന്ന് എന്റെ മനസ്സിൽ ഒരു തിരിവെട്ടം തെളിഞ്ഞു. ഇതേ ആശയം തന്നെയാണല്ലോ ‘ റ്റുവാർഡ്‌സ് ദി ലൈറ്റ് ‘ ൽ ഞാൻ ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന തിരിച്ചറിവിൽ ഒരു നിമിഷം ഞാൻ തരിച്ചു നിന്നു പോയി. അത്കൊണ്ട് തന്നെയാണ്, പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിന് വായിക്കാൻ കൊടുക്കാം എന്ന തീരുമാനംഅപ്പോൾ ഞാനെടുത്തത്.
എങ്കിലും എനിക്ക് ഭയമായിരുന്നു. അപരിചിതനും, അന്യ ഭാഷക്കാരനും, ആയ ഏതോ ഒരു സായിപ്പിനോട് എന്റെകൃതി വായിക്കണം എന്ന് എന്തടിസ്ഥാനത്തിൽ ഞാനാവശ്യപ്പെടും എന്നതായിരുന്നു എന്നെ കുഴക്കിയ പ്രധാനചോദ്യം. ‘ ഇതെന്താ സാധനം ‘ എന്ന് ചോദിച്ചു കൊണ്ട് എന്നെ തുറിച്ചു നോക്കിയേക്കാവുന്ന അദ്ദേഹത്തിന്റെഗൗരവമാർന്ന മുഖം ഞാൻ ഭാവനയിൽ കണ്ടു. അഥവാ സൗമ്യനായി അദ്ദേഹം പുസ്തകം കൈപ്പറ്റിയാൽ തന്നെവായിക്കും എന്നതിന് എന്താണുറപ്പ് ? അഥവാ വായിച്ചാൽ തന്നെ ഏതോ ഒരുത്തന്റെ ഏതോ ഒരു പുസ്തകംഅദ്ദേഹത്തെ പോലുള്ള ഒരാളിൽ എന്ത് പ്രതികരണം ഉളവാക്കുവാനാണ് ?
മനസ്സ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മനസ്സ് തന്നെ ഉത്തരം കണ്ടെത്തുകയും, ‘ അദ്ദേഹത്തിന് പുസ്തകംകൊടുക്കേണ്ടതില്ല ‘ എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തുവെങ്കിലും, അകത്ത് ആരോ നിശബ്ദമായിതേങ്ങുന്നുണ്ട് എന്ന് ഞാനറിഞ്ഞു. “ അദ്ദേഹത്തിന് പുസ്തകം കൊടുക്കുന്നില്ലെങ്കിൽ വേണ്ട ; അദ്ദേഹത്തെ ഒന്ന്പരിചയപ്പെടുന്നതിൽ എന്താണ് കുഴപ്പം ? “ എന്ന് അകത്തെ ആൾ വീണ്ടും ചോദിക്കുന്നു. “ പരിചയപ്പെടുമ്പോൾആളെ മനസ്സിലാക്കാമല്ലോ ? ഉചിതമെന്നു തോന്നിയാൽ അപ്പോൾ പുസ്തകത്തിന്റെ കാര്യം പറയാമല്ലോ “ എന്നുംവീണ്ടും അകത്തെ ആൾ.
ആളുകൾ തകൃതിയായി അദ്ദേഹത്തെ പരിചയപ്പെടുന്നു. ആ കൂട്ടത്തിൽ ചെന്നാൽ ഈ പള്ളിയിലെ ഒരുഇടവകക്കാരൻ മാത്രമായി ഞാനും സാമാന്യവൽക്കരിയ്ക്കപ്പെട്ടു പോകുമെന്നും, ഉദ്ദേശിക്കുന്ന ഫലംഉണ്ടാവുകയില്ലെന്നും എനിക്ക് തോന്നി. അത് കൊണ്ട് തന്നെ കാത്തു നിന്നു. പോകാനായി അദ്ദേഹം ബാഗുമായികാറിനടുത്തേക്ക് നടക്കുമ്പോൾ ഞാൻ പിറകേ ചെന്നു. കാർ സ്റ്റാർട്ട് ചെയുമ്പോൾ അദ്ദേഹം എന്നെ കാണുകയും, എന്താ എന്ന അർത്ഥത്തിൽ നോക്കുകയും ചെയ്തപ്പോൾ എവിടെ നിന്നോ ലഭ്യമായ ആത്മ ധൈര്യത്തിന്റെ അജ്ഞാത ബലത്തിൽ അറിയാതെ ഞാൻ വായ് തുറന്നു :
“ അങ്ങയോട് വ്യക്തിപരമായ ഒരു കാര്യം സംസാരിക്കാനുണ്ട്. ദയവായി എനിക്കൊരു അപ്പോയ്മെന്റ് തരണം “ എന്ന് പെട്ടെന്നു പറഞ്ഞ എന്നെ ഒരു നിമിഷം അദ്ദേഹം കൗതുകത്തോടെ നോക്കുകയും, ‘ തന്നെക്കാണാൻപ്രത്യേക അപ്പോയ്‌മെന്റ് ഒന്നും ആവശ്യമില്ലെന്നും, മിക്ക ഞായറാഴ്ചകളിലും സ്റ്റാറ്റൻ ഐലൻഡിൽ തന്നെയുള്ള ‘ സെന്റ് ജോൺസ് ചർച്ചിൽ ‘ താനുണ്ടാവുമെന്നും’ എപ്പോൾവേണമെങ്കിലും അവിടെ വന്നു തന്നെ കാണാമെന്നുംഅദ്ദേഹം അനുവദിച്ചതോടെ അദ്ദേഹത്തെ പോലുള്ളവരുടെ തലയിൽ സാധാരണ കാണാറുള്ള തലക്കനത്തിന്റെഭാരം താഴെയിട്ടു നടക്കുന്ന ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി.
രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച ഞാൻ സെന്റ് ജോൺസ് ചർച്ചിലെത്തി. കുർബാന കഴിഞ്ഞു വന്നഅദ്ദേഹം ചിര പരിചിതനെപ്പോലെ എന്റെ അടുത്തു വന്ന് അഭിവാദ്യം ചെയ്‌തു. ലഘു ഭക്ഷണം കഴിക്കാൻഎന്നെയും ക്ഷണിച്ചുവെങ്കിക്കും ഞാൻ കഴിച്ചതാണ് എന്ന് പറഞ്ഞ് ഒഴിവായി. ഭക്ഷണം കഴിഞ്ഞ് തന്റെ കാറിൽഇരുന്ന് സംസാരിക്കാം എന്ന് അദ്ദേഹം നിർദ്ദേശിച്ചപ്പോൾ ഞാൻ സമ്മതിച്ചു.
കാറിനുള്ളിലെ ഏ. സി. ഒക്കെ ഓൺ ആക്കിയിട്ട് ' എന്താണ് കാര്യം ? ' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ' ഞാൻ ഒരു എഴുത്തുകാരൻ ആണെന്നും, ഇംഗ്ലീഷിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, ഏതെങ്കിലുംതരത്തിൽ അത് ഇംഗ്ലീഷ് വായനക്കാർക്കിടയിൽ എത്തിക്കുന്നതിനുള്ള ഒരു സഹായം ചെയ്‌യുവാൻ അങ്ങേക്ക്സാധിക്കുമോ എന്നറിയാൻ വന്നതാണെ ' ന്നും പറഞ്ഞു കൊണ്ട് ' റ്റുവാർഡ്‌സ് ദി ലൈറ്റ് ' ന്റെ ഒരു പ്രതി ഞാൻഅദ്ദേഹത്തിന് കൊടുത്തു.
പുസ്തകം വാങ്ങി തിരിച്ചും, മറിച്ചും നോക്കിയ അദ്ദേഹത്തിൽ നിന്ന് : " ബ്യുട്ടിഫുൾ കവർ " എന്ന ആദ്യപ്രതികരണം പുറത്തു വന്നു. " ഐ ലെറ്റ് യു നോ " എന്ന് പറഞ്ഞു കൊണ്ട് സ്വന്തം ബാഗ് തുറന്ന് അതിൽപുസ്തകം വച്ച് കൊണ്ട് അദ്ദേഹം കാറോടിച്ചു പോയി.
രണ്ടു മാസത്തോളം കഴിഞ്ഞപ്പോൾ ആളുടെ ഒരു മെസ്സേജ് വന്നു. തമ്മിൽ കാണണം എന്നായിരുന്നു താൽപ്പര്യം. അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കാണാം എന്നറിയിച്ചു കൊണ്ട് അഡ്രസ്സ് തന്നു. അങ്ങിനെ ഞാൻ അദ്ദേഹത്തിന്റെവീട്ടിലെത്തിയപ്പോൾ വാതിൽക്കൽ തന്നെ അദ്ദേഹം എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കിച്ചനോട്ചേർന്നുള്ള ഒരു ചെറിയ ഡൈനിംഗ് ടേബിളിൽ എന്നെ ഇരുത്തിയിട്ട് അദ്ദേഹം നല്ല കടുപ്പത്തിലുള്ള രണ്ടുകാപ്പിയുമായി വന്നു.
കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അനുസരണയില്ലാതെ വളർന്നു നീണ്ട് മുക്കാലും നരച്ചു കഴിഞ്ഞ തന്റെ താടിരോമങ്ങൾ തടവിക്കൊണ്ട് അദ്ദേഹം സംസാരിച്ചു : " പുസ്തകം ശ്രദ്ധാപൂർവം വായിച്ചു. ഭാരതീയ ദർശനീകതയെക്രൈസ്തവ ദാർശനീകതയുമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ രചനാ രീതി പല സവിശേഷതകളുംഉൾക്കൊള്ളുന്നതാണെന്നും. അത് കൊണ്ട് തന്നെ ഈ രചന പ്രമോട്ട് ചെയ്യപ്പെടേണ്ടതാണ് എന്ന്തീരുമാനിച്ചുവെന്നും, പുസ്തകം പുനഃപ്രകാശനം ചെയ്യുന്നതിനായി, ലൈബ്രറി ഓഫ് കോൺഗ്രസ്സിൽ രെജിസ്റ്റർചെയ്‌ത് ഐ. എസ. ബി. എൻ. നമ്പർ ഒക്കെ വാങ്ങി വച്ചിട്ടുണ്ട് എന്നും,. ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഇക്കാര്യംഅനൗൺസ് ചെയ്‌തിട്ടുണ്ട് എന്നും പറഞ്ഞു. നാടകം എന്ന രീതിയിൽ രചിച്ചിട്ടുള്ളത് കൊണ്ട് തീവ്രമായസംഘർഷ സന്ദർഭങ്ങൾ ചിത്രങ്ങളായി വരച്ചു കിട്ടിയാൽ അതും കൂടി ചേർത്തു പ്രസിദ്ധീകരിക്കുവാനാണ്ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
എനിക്കുണ്ടായ അത്ഭുതത്തിന് അളവുണ്ടായിരുന്നില്ല. തനിക്ക് പ്രയോജനം ലഭിക്കാത്ത ഏതൊരു വെളിച്ചത്തിനുനേരെയും കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ സ്വയമൊളിക്കുന്ന മലയാളിക്ക് പകരമായി വെളിച്ചത്തെ വെളിച്ചമായികാണുന്ന ഒരാളെ എനിക്ക് വേണ്ടി അയക്കേണമേ എന്ന എന്റെ പ്രാർത്ഥന പ്രായോഗിക തലത്തിൽസ്വീകരിക്കപ്പെടുന്നതായി എനിക്ക് മനസിലായി. ' നിസ്സഹായനും, നിരാവലംബനുമായ മനുഷ്യന്റെ മുന്നിൽഅനിവാര്യമായ സാഹചര്യങ്ങളുടെ രൂപത്തിലും, ഭാവത്തിലും ഇന്നും ദൈവം പ്രത്യക്ഷപ്പെടുന്നുണ്ട് ' എന്ന്അറിഞ്ഞോ, അറിയാതെയോ ഞാനെഴുതിപ്പോയ വാചകങ്ങൾ സത്യമായിരുന്നു എന്ന് അനുഭവങ്ങളിലൂടെ ഞാൻതന്നെ തിരിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ.
താൻ തന്നെ പുസ്തകം പുനഃപ്രകാശനം ചെയ്‌യാം എന്നദ്ദേഹം പറയുമ്പോൾ, ഇദ്ദേഹം ഏതോ പ്രസിദ്ധീകരണശാലയുടെ ഉടമസ്ഥനായിരിക്കാം എന്നാണ് ഞാൻ വിചാരിച്ചത്. സംശയ നിവർത്തിക്കായി പിന്നീട് ഞാൻനടത്തിയ അന്വേഷണത്തിലാണ്, സ്‌പെയിനിലെ ഏതോ പ്രദേശത്ത് നിന്ന് അമേരിക്കയിൽ കുടിയേറിയ ഈമനുഷ്യൻ ന്യൂ യോർക്ക് സിറ്റി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായിട്ടുള്ള ' ക്വീൻസ് ബോറോ കമ്യൂണിറ്റി കോളേജിൽ ' സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആർട്സ് ഗാലറിയുടെ ഡയറക്ടറും, ആ മേഖലയിലും, അനുബന്ധ മേഖലകളിലും വിരചിതമാവുന്ന ഗവേഷണ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനായി പ്രവർത്തിക്കുന്നപബ്ലിക്കേഷൻ വിഭാഗത്തിന്റെ തലവനുമാണെന്ന് എനിക്ക് മനസിലാവുന്നത്.
ഒരു വെറും സാധാരണക്കാരനെപ്പോലെ ലളിതമായ വേഷ ഭാവങ്ങളോടെ ജീവിക്കുന്ന അദ്ദേഹം, തന്റെമുന്നിലെത്തിയ എനിക്ക് വേണ്ടി കാപ്പിയിട്ടു തന്ന് സൽക്കരിക്കുകയും, ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത ഏതോ തരംകുക്കി ഷേർ ചെയ്‌ത് എന്നോടൊപ്പം കാപ്പി കുടിക്കുകയും ചെയ്ത പ്രസന്ന വദനനായ ഈ മനുഷ്യൻ ഇത്രക്കുംവലിയ പദവികൾ വഹിക്കുന്നവനാണെന്ന് മലയാളി സമൂഹത്തിന്റെ പൊങ്ങച്ച പ്രകടനങ്ങൾ കണ്ടു വളർന്നഎനിക്ക് വിശ്വസിക്കുവാനേ സാധിച്ചില്ല.
മാത്രമല്ലാ, ആരാലും അവഗണിക്കപ്പെട്ട്, അയോഗ്യതകളുടെ ആകെത്തുകയായി പാർശ്വവൽക്കരിക്കപ്പെട്ട എനിക്ക്വേണ്ടി ആരെയെങ്കിലും അയക്കേണമേ എന്ന എന്റെ പ്രാർത്ഥനക്ക് ഉത്തരമരുളാനുള്ള ഉപകരണമായിഇതിനേക്കാൾ നല്ല ഒരാളെ ലോകത്ത് ഒരിടത്തു നിന്നും അയക്കപ്പെടാനാവില്ല എന്ന സത്യവും എനിക്ക്ബോധ്യപ്പെട്ടു.
ദക്ഷിണേന്ത്യയിലെ ഒരു കുഗ്രാമത്തിൽ നിത്യ ദാരിദ്ര്യത്തിന്റെ നടുക്കയങ്ങളിൽ നിന്ന് വന്ന എനിക്ക് ഔപചാരികവിദ്യാഭ്യാസത്തിന്റെ അക്ഷര മധുരം ഒരു കാണാക്കനി ആയിരുന്നിട്ടു കൂടിയും സ്‌പെയിനിൽ നിന്ന് വന്ന മഹാപണ്ഡിതനായ ഈ മനുഷ്യന്റെ മുന്നിൽ ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇംഗ്ലീഷ് കൃതിയുമായി എന്നെഎത്തിച്ചതിന് വേണ്ടി പ്രവർത്തിച്ച ആയിരമായിരം സാഹചര്യങ്ങൾക്ക് പിന്നിൽ സജീവമായ ഒരു ചിന്താ പദ്ധതിക്രിയേറ്റ് ചെയ്യപ്പെട്ടിരുന്നു എന്നതാവില്ലേ യുക്തി സഹമായ സത്യം ?
നാടകത്തിൽ നിന്നുള്ള സംഘർഷ സന്ദർഭങ്ങൾ ചിത്രീകരിച്ചു കൊടുക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യംസാധിച്ചു കൊടുക്കാം എന്ന് വാക്കു പറഞ്ഞിട്ട് അവിടെ നിന്ന് പൊന്നു. പുറത്തിറങ്ങി ചിന്തിച്ചപ്പോളാണ് അതത്രഈസിയല്ലെന്നു എനിക്ക് മനസിലായത്. ഒന്നാമതായി അത്തരത്തിലുള്ള ചിത്ര കാരന്മാർ ആരൊക്കെ, എവിടെയൊക്കെ ആണുള്ളത് എന്ന് എനിക്ക് അറിവില്ലാ. മാത്രമല്ലാ, അത്തരം പ്രൊഫഷണൽ ചിത്രകാരന്മാർഓരോ ചിത്രത്തിനും ആയിരക്കണക്കിന് ഡോളർ ചാർജ് ചെയ്‌തേക്കാം എന്നും എനിക്കറിയാമായിരുന്നു. ചുരുങ്ങിയത് പതിനാറു ചിത്രങ്ങളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നാടകത്തിന്റെ ഒരു ഏകദേശ രൂപം വരച്ചിടുവാൻസാധിക്കുകയുള്ളു എന്ന് തോന്നിയതിനാൽ അതിന് വേണ്ടി വന്നേക്കാവുന്ന വലിയ തുകയെ കുറിച്ചോർത്ത്നെഞ്ചു പൊള്ളുകയായിരുന്നു.
അപ്പോളാണ് ചിത്രകാരനായ ഒരു മലയാളി സുഹൃത്തിന്റെ മുഖം പെട്ടെന്ന് ഓർമ്മയിലേക്ക് ഓടി വന്നത്. ( ഒരുചിത്രകാരൻ എന്ന നിലയിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ അദ്വിതീയ സ്ഥാനം ഉറപ്പിച്ചിട്ടുള്ളഅദ്ദേഹത്തിന്റെ പേര് ഇവിടെ പറയുന്നില്ല ) ഞാൻ സാഹിത്യവും നാടകവും ഒക്കെ ആയി നടക്കുന്ന ടീനേജർ ആയിരിക്കുമ്പോൾ മുവാറ്റുപുഴയിൽ നടന്ന ഒരു കാർഷിക മേളയിൽ വച്ച് ബഹുമാന്യനായ അദ്ദേഹത്തിന്റെചിത്ര പ്രദർശനം കണ്ടത് ഞാനോർത്തു. അന്ന് സുന്ദരനായ ഒരു യുവാവായിരുന്ന അദ്ദേഹത്തിന്റെ പ്രദർശനചിത്രങ്ങളിൽ ഒന്ന് എന്നെ വല്ലാതെ ആകർഷിക്കുകയും അതിനുള്ള അഭിനന്ദങ്ങൾ അന്ന്, അപ്പോൾത്തന്നെഅദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ക്യൂൻസിലെ സന്തൂർ റെസ്റ്റോറന്റിൽ വച്ച്പ്രശസ്ത കവി ശ്രീ ചെറിയാൻ ചെറിയാൻ നയിച്ചിരുന്ന ' സാഹിത്യ വേദി ' യുടെ ഒരു യോഗത്തിൽ പ്രകൃതിചികിത്സയെക്കുറിച്ച് ക്ലാസെടുക്കാൻ പോയ ഞാൻ അവിടെ വച്ച് അദ്ദേഹത്തെ വീണ്ടും കാണുകയും, പരിചയംപുതുക്കുകയും, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട് കൂടി സന്ദർശിക്കുകയും ചെയ്‌തിട്ടാണ്അന്ന് ഞാൻ മടങ്ങിയത് എന്നും ഞാൻ ഓർമ്മിച്ചെടുത്തു.
എന്റെ എഴുത്തുകൾ തന്നെ ആകർഷിക്കുന്നുണ്ട് എന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറഞ്ഞിരുന്നത് കൊണ്ടും, വളരെ നീണ്ട കാലത്തെ ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് കൊണ്ടും അദ്ദേഹം എന്നെസഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. വളരെ സന്തോഷത്തോടെയാണ് ഞാൻ പറഞ്ഞതെല്ലാം അദ്ദേഹംശ്രദ്ധിച്ചത്. വലിയ സാമ്പത്തിക ബാധ്യത ഇതിനായി ഏറ്റെടുക്കുവാൻ എനിക്കാവില്ല എന്ന് ഞാൻ പറഞ്ഞത്അദ്ദേഹത്തിന് മനസിലായി. ഓരോ പ്രസിദ്ധീകരണവും അതിന്റെ ഇലസ്ട്രേഷൻ വിഭാഗത്തിന് വിൽപ്പനവിലയുടെ നിശ്ചിത ശതമാനക്കണക്കിലാണ് പ്രതിഫലം നൽകുന്നതെന്നും, ഇവിടെയും ആ രീതിസ്വീകരിക്കുന്നതിൽ തനിക്കു വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ എന്റെ തലയിൽ നിന്ന് ഒരു വലിയ ഭാരംകൂടി ഇറങ്ങിപ്പോയതായി എനിക്ക് അനുഭവപ്പെട്ടു.
അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് പുസ്തകവും, അതിന്റെ മലയാളം മൂല രചനയുമായി ബെൽറോസിലുള്ളഅദ്ദേഹത്തിന്റെ വീട്ടിൽ ഞാനെത്തി. അദ്ദേഹം എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വീട്ടിൽ മറ്റാരുമില്ല. ജോലിയും, പഠനവുമായി ബന്ധപ്പെട്ട് എല്ലാവരും വെളിയിലാണ്.
സ്വയം തയാറാക്കിയ രണ്ടു ചായയുമായി ചിത്രകാരൻ വന്നു. ചായ കുടിച്ചിരിക്കുമ്പോൾ അദ്ദേഹം ഏറെവാചാലനായി. ഒരു മലയാളിയുടെ പുസ്തകം പ്രശസ്തമായ അമേരിക്കൻ യൂണിവേഴ്‌സിറ്റി റിസ്‌കെടുത്തുപ്രസിദ്ധീകരിക്കാൻ തയാറായി എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും, അതിനു എത്ര ചിത്രങ്ങൾവേണമെങ്കിലും താൻ തന്നെ വരച്ചു നൽകുമെന്നും പ്രതിഫലം ഇതിനിടയിൽ ഒരു പ്രശ്നമാവില്ലെന്നും അദ്ദേഹംപ്രഖ്യാപിച്ചു. തന്റെ ചിത്രങ്ങൾക്കും അതിലൂടെ ഒരു പ്രമോഷൻ ആണ് ലഭിക്കാൻ പോകുന്നതെന്നും സമ്മതിച്ചുകൊണ്ട് അദ്ദേഹം പുസ്തകവും, മലയാളം കൈയെഴുത്തു പ്രതിയും ആദരവോടെ വാങ്ങി തന്റെ ഷെൽഫിൽഭദ്രമായി വച്ചു.
തുടർന്ന് വീടിനോടു ചേർന്ന് അദ്ദേഹമൊരുക്കിയിട്ടുള്ള ആർട്ട് ഗ്യാലറി വിശദമായി എന്നെ കാണിച്ചു തന്നു. ചിത്രകലയുടെ പാശ്ചാത്യവും, പൗരസ്‌ത്യവുമായ ശൈലികളിൽ അദ്ദേഹത്തിനുള്ള അറിവും, ആ ശൈലികൾസമന്വയിപ്പിച്ചു കൊണ്ടുള്ള സ്വന്തം രചനകളും അദ്ദേഹം വിശദീകരിക്കുമ്പോൾ, ആ രംഗത്തുള്ള പരിമിതമായഎന്റെ അറിവുകൾ എത്ര ചെറുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഇത്രക്കും വലിയ ഒരുചിത്രകാരനെത്തന്നെ എനിക്ക് വേണ്ടി വരക്കാൻ കിട്ടിയതിൽ അവാച്യമായ ഒരനുഭൂതി ഞാൻഅനുഭവിച്ചറിഞ്ഞു.
എല്ലാം പറഞ്ഞുറപ്പിച്ചു ഞാൻ തിരിച്ചു പൊന്നു. ഒരു മാസക്കാലത്തോളം മിക്കവാറും ഫോണിലൂടെ ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. ആദ്യ കാലങ്ങളിൽ ഞാൻ വിളിക്കുമ്പോൾ ആവേശത്തോടെ ഫോൺ എടുത്തിരുന്ന അദ്ദേഹംപിന്നെപ്പിന്നെ ഫോൺ എടുക്കാതെയായി. മെസ്സേജ് ഇട്ടാൽ തിരിച്ചു വിളിക്കുന്നതും കുറഞ്ഞു കുറഞ്ഞു വന്നു. അവസാന മെസ്സേജ് " ഞാൻ തിരക്കിലാണ്, സാവധാനം ചെയ്തു തരാം " എന്നായിരുന്നു. ഒരു മാസം കൂടികാത്തിരുന്നിട്ടും ഒരു തീരുമാനവും ആകുന്നില്ല. പല തവണ മെസ്സേജ് ഇട്ടു. ഒന്നിനും മറുപടിയില്ല. എനിക്ക് പറ്റില്ലഎന്ന് പറഞ്ഞിരുന്നെങ്കിൽ അതിനെ തന്റേടം എന്ന് തന്നെ ഞാൻ വിളിക്കുമായിരുന്നു! അതുമില്ല.
( അമേരിക്കയിൽ മലയാള സാഹിത്യത്തിന്റെ പ്രമോട്ടറായി അറിയപ്പെടുന്ന ഒരു മാന്യ ദേഹം ചിത്രകാരനെകണ്ടിരുന്നുവെന്നും ആവേശത്തോടെ ഇക്കാര്യം പറഞ്ഞ ചിത്രകാരനോട് ‘ അവനെയൊന്നും തല പൊങ്ങാൻഅനുവദിക്കരുത് ‘ എന്ന് അയാൾ ചിത്രകാരനെ ഉപദേശിച്ചുവെന്നും അത് കൊണ്ടാണ് ചിത്രകാരൻപിന്മാറിയതെന്നും അന്ന് ചില റൂമറുകൾ കേൾക്കുകയുണ്ടായെങ്കിലും ആയതിന് തെളിവുകൾ ഒന്നുമില്ല. )
രണ്ടു മാസം കൂടി വെറുതേ നഷ്ടപ്പെട്ടു. അദ്ദേഹം ചെയ്തു തരില്ല എന്ന് ഏകദേശം ബോധ്യപ്പെട്ടു. അയാളുടെവായിൽ നിന്ന് ഒരു ' നോ ' എങ്കിലും കേൾക്കുവാൻ കാത്തിരുന്നു. അതും ഉണ്ടാവാതിരുന്നപ്പോൾ ഇനി വേറെ വഴിനോക്കുക എന്ന് തീരുമാനിച്ചു. പക്ഷെ, അതത്ര എളുപ്പമായിരുന്നില്ല. നമുക്കറിയാവുന്ന ചിത്രകാരന്മാർഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. ഉള്ളവർ ഇത് ചെയ്യാൻ അത്ര പ്രാപ്‌തിയുള്ളവർ ആയിരുന്നില്ലാ എന്നത് മറ്റൊരു കാര്യം.
ഒരു വലിയ സ്വപ്നം പൊലിയുകയാണല്ലോ എന്ന വേദന മനസ്സിൽ പേറി കുറേക്കാലം നടന്നു. എല്ലാക്കാര്യങ്ങളുംഅറിയാമായിരുന്ന ശ്രീ സുധീർ പണിക്കവീട്ടിലുമായി പ്രശ്നങ്ങൾ പങ്കു വച്ചപ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചു. ദൈവീകമായി വന്നു ചേർന്നതാണ് ഈ അവസരമെന്നും,ആരെതിർത്താലും, തടഞ്ഞാലും അത് നടപ്പിലാവുകതന്നെ ചെയ്‌യുമെന്നും അദ്ദേഹം ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചപ്പോൾ വീണ്ടും മുന്നോട്ടു പോകുവാനുള്ളപ്രചോദനം ആ വാക്കുകളിൽ തുടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരാശയം മനസ്സിൽ പൊട്ടി മുളച്ചു. എന്ത് കൊണ്ട് നാടക രംഗങ്ങളുടെ ഫോട്ടോ എടുത്തു കൂടാഎന്നതായിരുന്നു ആ ആശയം. ഫ്ളഷിങ്ങിലെ ഹിന്ദു ടെംബിൾ ഓഡിറ്റോറിയത്തിൽ ' ഉത്സവ് ' മേളയുടെഭാഗമായി നാടകം അവതരിപ്പിച്ചപ്പോൾ തയ്യാറാക്കിയ കോസ്ട്യൂമുകൾ എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അതുപയോഗപ്പെടുത്തി തീവ്രമായ നാടക രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ച് അതിന്റെ പടമെടുക്കുക എന്നതാണ്ഐഡിയ. പുറത്ത് അധികം പേർ അറിയാതെ നമ്മുടെ വീട്ടിലുള്ളവരെ ഒക്കെ വച്ച് രംഗാവിഷ്‌ക്കരണംനടത്തുവാനായിരുന്നു തീരുമാനം.
മകനോട് പറഞ്ഞപ്പോൾ അവനും അതിനോട് യോജിച്ചു. വിശാലമായ ഒരു ലിവിങ് റൂം വീട്ടിൽ ഉണ്ടായിരുന്നത്കൊണ്ട് അവിടെ ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞു. എന്റെ മെയിന്റനൻസ്എക്‌സ്‌പീരിയൻസ് ഉപയോഗപ്പെടുത്തി നാടകാവതരണത്തിനുള്ള ഒരിടം ഉണ്ടാക്കിയെടുത്തു. കഥാപാത്രങ്ങളുടെവേഷം ധരിച്ചു കൊണ്ട് മക്കളും, പേരക്കുട്ടികളും അനുജനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യമുള്ളരംഗങ്ങൾ ക്രിയേറ്റ് ചെയ്യുമ്പോൾ അത് വിദഗ്‌ധമായി ഡിജിറ്റൽ ക്യാമറയിൽ പകർത്തിയെടുക്കുവാനുള്ളതയാറെടുപ്പുകൾ മകൻ ഏർപ്പാടാക്കി. മേരിക്കുട്ടിയുടെ ഇളയ സഹോദരനും കുടുംബവും, ഞങ്ങളുടെ മകളും, കുടുംബവും, അനുജനും കുടുംബവും, രണ്ടു സുഹൃത്തുക്കളും, അവരുടെ കുടുംബങ്ങളും ഒക്കെ സമയത്ത്ഒത്തുകൂടിക്കൊണ്ട് ആവശ്യമായ രംഗങ്ങൾ ക്രിയേറ്റ് ചെയ്തെടുത്ത് ക്യാമറയിലാക്കി.
അങ്ങിനെ ആചാര്യനായി ഞാനും, അധികാരിയായി അനുജൻ റോയിയും, കാവൽക്കാരനായി സുഹൃത്ത് ജോസ്നടുക്കുടിയും, നവൻ ആയി ജെഫിൻ മാത്യുവും, ഗുരു ആയി ഷോൺ പണയിലും, മരണം ആയി സച്ചിൻപണയിലും വേഷമിട്ടു. റോബോട്ടിന്റെയും, മുഖമില്ലാത്ത 666 കളുടെയും വേഷത്തിൽ സർവശ്രീ ഈപ്പൻമാളിയേക്കൽ, സോഫി മാത്യു, ആൻസി എൽദോസ്, രശ്‌മിൻ റോയി എന്നിവരെയും അണി നിരത്തിക്കൊണ്ട്സമ്പൂർണ്ണ നാടകത്തിൽ നിന്നുള്ള പതിനാറ് രംഗങ്ങൾ ചിത്രീകരിച്ചെടുത്തു. ഇതിൽ തന്നെ രണ്ടാം രംഗത്തിൽനവൻ യേശുവായും, ആചാര്യൻ കാറൽ മാർക്‌സായും രൂപം മാറുന്നുമുണ്ട്. ഞാൻ രംഗത്തായതിനാലും, മകൻക്യാമറയുമായി ആയതിനാലും, മകൾ ആശയാണ് ആവശ്യമായ സംവിധാന നിർദ്ദേശങ്ങളും, ക്രമീകരണങ്ങളുംചെയ്തു കൊണ്ടിരുന്നത്.
നാടക രംഗങ്ങളുടെ തനതു ഫോട്ടോകൾ അതേപടി അച്ചടിക്കുന്നത് പുതിയ കാലത്തിന് ചേർന്നതല്ലെന്ന്ഒരഭിപ്രായം രൂപപ്പെട്ടു വന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഫോട്ടോകളുടെ തനത്ഐഡിന്റിറ്റി മാറ്റി അവകളുടെ മറ്റൊരു വേർഷൻ ആക്കി ചേർക്കണമെന്ന് വച്ചു. അതിനായി ഞങ്ങളുടെ കുടുംബസുഹൃത്തും മികച്ച ചിത്രകാരനുമായ ശ്രീ തോമസ് ചാമക്കാലയുടെ സഹായത്തോടെ ഫോട്ടോകൾ ഒന്ന് കൂടിമുഖം മിനുക്കിയെടുത്തുവെങ്കിലും, അതിൽ പൂർണ്ണ സംതൃപ്തി കിട്ടാതെ എൽദോസ് തന്നെ അവന്റെ കംപ്യുട്ടർഎക്സ്പീരിയൻസ് ഉപയോഗപ്പെടുത്തി പുനർ ആവിഷ്‌ക്കരിച്ച ചിത്രങ്ങൾ ആണ് പ്രസാദകനെ ഏൽപ്പിച്ചത്.
അസാമാന്യ പ്രതിഭാ ശാലിയും, എന്റെ പഴയ സുഹൃത്തുമായ ആ ചിത്രകാരൻ തന്റെ പ്രതിഭയുടെവർണ്ണങ്ങളിലൂടെ ഈ രംഗ ചിത്രങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നെങ്കിൽ അത് അനുപമമായ പ്രതിഭാ വിലാസത്തിന്റെഒരു സർഗ്ഗ സംഗമം ആയിത്തീരുമായിരുന്നു എന്നാണ് ഇന്നും എന്റെ വിലയിരുത്തൽ. പുറത്തു കടന്ന് രക്ഷപെടാൻശ്രമിക്കുന്നതിനെ വലിച്ചു താഴെയിടുന്ന നമ്മുടെ മലയാളി ജന്മ ശീലത്തിന്റെ ഏത് ഇടനാഴിയിൽ വച്ചാണ് യെസ്എന്നോ നോ എന്നോ പറയാതെ വിമൂകതയുടെ വിനാശ കയങ്ങളിൽ അദ്ദേഹം മുങ്ങിത്താണത് എന്നറിയാതെഇന്നും ഞാൻ വേദനിക്കുന്നു. അത് കൊണ്ട് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ഭംഗിയായി കംപ്യൂട്ടറിന്റെ സഹായത്തോടെ എന്റെ മകൻ എൽദോസ് ചെയ്‌തെടുത്ത ചിത്രങ്ങൾ പ്രസാധകനെ ഏൽപ്പിച്ചുകാത്തിരിക്കുകയാണ് ഞങ്ങൾ. ഇതുവരെ നമ്മൾ നടന്നു വന്നത് നമ്മുടെ കഴിവ് കൊണ്ട് മാത്രമല്ലല്ലോ എന്നആശ്വാസത്തോടെ
തുടരും.
Read: https://emalayalee.com/writer/127