Image

മുക്കത്തിന്റെ പ്രണയക്കടവിൽ കാഞ്ചന തനിച്ചായ് : ലാലു കോനാടിൽ 

Published on 16 July, 2024
മുക്കത്തിന്റെ പ്രണയക്കടവിൽ കാഞ്ചന തനിച്ചായ് : ലാലു കോനാടിൽ 

ഇന്നും മഴ പെയ്യുന്നുണ്ട്... 

42 കൊല്ലം മുമ്പ് ഇതേ ജൂലായ് 15ന്റെ പ്രഭാതത്തിലും മഴ പെയ്തിരുന്നു...

1982 ജൂലൈ 15 ന് തെയ്യത്തും കടവിലുണ്ടായ തോണിയപകടത്തിന് നാല്പത്തിരണ്ടാണ്ട് പൂർത്തിയാവുന്നു...

നോമ്പുകാലത്തിന്റെ മഴക്കുളിരിൽ
ഉറക്കം വിടാൻ മടിച്ച ഗ്രാമത്തിന്റെ
ഇരുവഴിഞ്ഞി പുഴയോരം ഒരു കൂട്ട നിലവിളിയിലേക്കാണുണർന്നത്..
തെയ്യത്തും കടവിൽ തോണി മറിഞ്ഞു.. കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും കടവിലേക്കോടി.. തലേന്ന് പെയ്ത പെരുമഴയിൽ വെള്ളരിമല ഉരുൾപൊട്ടി കലങ്ങി മറിഞ്ഞ് സംഹാരരുദ്രയായ് ഇരുവഴിഞ്ഞിയിൽ ഇരമ്പിയാർക്കുന്നു..  

മരണദേവത അപ്പൊഴേക്കും മൂന്ന് പേരെയുമായ് കാണാത്ത ലോകത്തേക്ക് യാത്ര പോയിരുന്നു.. മൊയ്തീനും, ഉസ്സൻകുട്ടിയും, അംജത് മോനും മരിക്കാത്ത ഓർമകളായ്, പെയ്തു തീരാത്ത കണ്ണീരോർമയായ് ഇന്നും ജീവിക്കുന്നു...

മുക്കത്തിന്റെ പ്രണയക്കടവിൽ കാഞ്ചന തനിച്ചായ്... മിഠായി പൊതി കാത്തിരുന്ന സിനിമോൾ കിട്ടാതെ പോയ മധുരത്തിൽ അനാഥയായ്.. മയ്യത്ത് പോലും തിരിച്ചുനൽകാതെ ആയിഷ -കോയസ്സൻ മാഷ് ദമ്പതികളെ കണ്ണീരാഴങ്ങളിലാക്കി ഇരുവഴിഞ്ഞി.. കടവുകാരനില്ലാത്ത തെയ്യത്തും കടവിൽ പകരം പണിത പാലത്തിലൂടെ കാലം ഓർക്കാൻ സമയമില്ലാതെ ഓടികൊണ്ടിരിക്കുന്നു.. മൊയ്തീന്റെയും, കാഞ്ചനയുടേയും അനശ്വര പ്രണയം അഭ്രപാളികളിൽ കണ്ടറിഞ്ഞവർ വല്ലപ്പോഴും വന്ന് പുഴയെ പിന്നിൽ നിർത്തി സെൽഫിയെടുത്തു മടങ്ങുന്നു.. കൊടിയത്തൂരും, ചേന്ദമംഗല്ലൂരും ജൂലായ് 15കളിൽ നദിക്കരയിൽ ഓർമകളുടെ നെടുവീർപ്പുയർത്തുന്നു... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക