പഴി ചാരേണ്ടതാരെ-
യെന്നറിയാതെ
പകച്ചു നിൽപ്പൂ
ഹതാശയോടെ
ആമയിഴഞ്ചാൻ -
നഗരഹൃദയത്തിലെ
വിഷമാലിന്യവാഹിനി!
ചെയ്യാത്തൊരപരാധത്തിനു
കല്ലെറിയപ്പെടുന്നോൾ;
പാവമൊരു അഭിശപ്ത -
ആമയിഴഞ്ചാൻ തോട്!
മുറിച്ച് മാറ്റപെട്ട
അവയവഖണ്ഡങ്ങൾ മുതൽ
മാഫിയകൾ ഇരുട്ടിന്റെ
മറവിൽ വലിച്ചെറിയുന്ന
ജൈവ-അജൈവ-ഖര
വിസർജ്ജ്യങ്ങൾവരെ പേറി
അവളുടെ മുന്നൂർക്കുടം കിതയ്ക്കുന്നു!
വേഗം സമ്പന്നതയുടെ
അളവുകോലായ കലികാലത്ത്
ഗ്രാമനഗരമാലിന്യങ്ങളുടെ സർജ്ജനത്തിന്
പടക്കുതിരയുടെ വേഗം.
ആമയുടെ ഇഴച്ചിൽ
കണക്കെയൊന്നുമല്ല
നീക്കവും നിവാരണവും;
പതുക്കെ ഒച്ചിനെയും
തോൽപ്പിക്കും തോതിൽ!
വകുപ്പുകൾക്കും
കാര്യാലയങ്ങൾക്കും
നിഷ്ക്രിയത്വത്തിന്റെ മന്ത്
കപടഋഷിക്കളുടെ നിസ്സംഗത.
പൊലിഞ്ഞത്
അന്നന്നത്തെ അപ്പത്തിനു വേണ്ടി
അദ്ധ്യാനിക്കാനിറങ്ങിത്തിരിച്ച
ഒരു മനുഷ്യപുത്രന്റെ പ്രാണൻ
തകർന്നത്
ഒരു വൃദ്ധമാതാവിന്റെ തിരുഹൃദയം.
ആപത് നിമിഷങ്ങളുടെ
കാഠിന്യവും പാരുഷ്യവും
സഹനത്തോടെ നേരിട്ട രക്ഷകർ
അനുതാപത്തിന്റെ സന്ദേശം
മാലിന്യക്കയത്തിലൊഴുക്കുന്നു:
മനുഷ്യാ നീ ഞങ്ങളെക്കാൾ
പ്രധാനി; നിന്റെ പ്രാണൻ
രക്ഷിക്കുക ഞങ്ങളുടെ ധർമ്മം.
ഞങ്ങളുടെ അവസാന ശ്വാസവും
നിനക്കു വേണ്ടി -
എങ്കിലും നിറവേറപ്പെടുക
ഉടയവന്റെ ഹിതം!
പുറലക്ഷണങ്ങളെ
ചികിത്സിക്കുന്ന പഠിച്ച വൈദ്യൻ
അകത്തെ അർബ്ബുദത്തെ പാടെ
അവഗണിക്കുന്നു.
ആമയിഴഞ്ചാൻ
ഒരു നഗരത്തിൽ മാത്രമൊതുങ്ങുന്നില്ല
അതിന്റെ അദൃശ്യമായ വേരുകൾ
ഭൂമിയിലെമ്പാടും പടരുന്നു.
ആവശ്യത്തെക്കാളേറെ
അനാവശ്യങ്ങളാട് അതിരില്ലാ
ആർത്തി ശീലിച്ച ഓരോ
മനുഷന്റെയും സിരകളിലുണ്ട് ആമയിഴഞ്ചാൻ.
പിരിമുറുക്കത്തിൽ അത്
പൊട്ടിയൊലിച്ച് നഗരത്തിന്റെ
നാസാരന്ധ്രങ്ങളിലേക്ക് തന്നെ
തീക്ഷ്ണമായ ദുർഗ്ഗന്ധം
കയറ്റുമതി ചെയ്യുന്നു.
വീടുകളും തെരുവുകളും മരങ്ങളും
മനുഷ്യർക്കുമിടയിലെ നികത്താനാവാത്ത വിടവ്
ദുർഗ്ഗന്ധത്താൽ പൂരിതമാകുന്നു
ഉത്തരവാദിയാരാണെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർ മത്സരിച്ച്
പഴി ചാരാനിറങ്ങുന്നു
അവർക്കു വേണ്ടി അസത്യം
അതിന്റെ ഭീമാകാരമായ വായ
തുറന്നു പിടിക്കുന്നു
അതിദുർഗ്ഗന്ധം വമിക്കുന്ന
വായിലൂടെ കറുത്ത ആമയിഴഞ്ചാൻ
ബഹിർഗ്ഗമിക്കുന്നു.
ഉയർത്തപ്പെടുന്ന
ചോദ്യങ്ങൾക്കിടയിൽ
ഇന്നും ഉത്തരം കുരിശിലേറ്റപ്പെടുന്നു!
മൂന്നാം പക്കം
നിർദ്ദോഷിയായ ഒരു നരൻ
അപരന്റെ അപരാധത്തിനു ശിക്ഷയേറ്റവൻ
ഉപേക്ഷിക്കപെട്ട മാലിന്യചാക്കു പോലെ
ആമയിഴഞ്ചാനിൽ
കമിഴ്ന്നു പൊങ്ങുന്നു!