Image

വിഴിഞ്ഞത്ത് കണ്ടത് സാംസ്‌കാരിക പാപ്പരത്വം (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന് - 114)

Published on 17 July, 2024
വിഴിഞ്ഞത്ത് കണ്ടത്  സാംസ്‌കാരിക പാപ്പരത്വം (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന് - 114)

"എന്റെ വല്യപ്പൻ പകലോമറ്റം കുടുംബാംഗമാണ്. ഞങ്ങൾ തോമാശ്ലീഹായുടെ കാലത്തു മതം മാറിയ പകലോമറ്റം ബ്രാഹ്മണ കുടുംബത്തിന്റെ പരമ്പരയിൽ പെട്ടവരാണ്." ഇത് ക്രിസ്ത്യാനികളിൽ പലരും അവകാശപ്പെടുന്ന ഒരു കാര്യമാണ്. തോമ്മാശ്ലീഹാ വന്നുവെന്നോ വന്നെങ്കിൽ തന്നെ അന്ന് കേരളത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നുവെന്നോ ബ്രാഹ്മണരെ തോമ്മാശ്ലീഹാ മതം മാറ്റി ക്രിസ്ത്യാനികൾ ആക്കിയെന്നോ പ്രസ്താവിക്കാൻ മതിയായ തെളിവുകളൊന്നും ആരുടേയും കയ്യിൽ ഇല്ല എന്നതാണ് സത്യം. അതുപോലെ, ഹിന്ദുക്കളിൽ പലരും അവരുടെ ജാതി ചോദിച്ചാൽ നായരിൽ കുറഞ്ഞത് ആരുമില്ല. സ്വന്തം അസ്തിത്വത്തിൽ അപകർഷതാ ബോധം പേറുന്ന ഒരു സമൂഹമാണ് മലയാളികൾ.

അതുകൊണ്ടു തന്നെ, നൂറ്റാണ്ടുകൾക്കു മുൻപ് ആരോ എഴുതിവച്ച അന്തസ്സിന്റെയും സ്ഥാന വലുപ്പത്തിന്റെയും അബദ്ധമായ കീഴ്വഴക്കങ്ങളിൽ ദുരഭിമാനത്തിന്റെ ‘അഭിമാന’ത്തിൽ അഭിരമിച്ചു  നാം പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. അങ്ങനെ 'ഗുണ്ട്' അടിക്കുന്നത് മലയാളിയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ പരമ ദാരിദ്ര്യത്തിൽ കഴിഞ്ഞപ്പോൾ വല്ലവനും വച്ച് നീട്ടിയ ഔദാര്യം കൊണ്ട് മാത്രം കരകയറിയവരും പറയുന്നത് കേട്ടാൽ ആ നാട്ടിലെ ഏറ്റവും വലിയ ജന്മിയായിരുന്നു അവരുടെ കുടുംബം എന്ന് തോന്നിപ്പോകും. അങ്ങനെ ഗീർവാണം കത്തിക്കാനും തള്ളാനും മലയാളിയെ കഴിഞ്ഞേ ആരുമുള്ളൂ. എന്നാൽ ഈ 'തള്ള്' കേൾക്കുന്നവർ അതിന്റെ സത്യം അറിയാവുന്നവരാണെന്നും പറയുന്നവരെപ്പറ്റി കേൾക്കുന്നവരുടെ മനസ്സിൽ പുശ്ചമാണെന്നും തള്ളുന്നവർ മനസ്സിലാക്കുന്നില്ല. അഥവാ അത് മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ല.  

ഇത് പറയാൻ കാരണം, ഇക്കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഒരു സംഭവമാണ്. കേരളത്തിന്റെ 'സ്വപ്‌നപദ്ധതി' എന്ന് വിശേഷിപ്പിച്ചിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഭാഗം പൂർത്തീകരിക്കപ്പെട്ട് കേരളത്തിന്റെ സമ്മാനമായി ഈ തുറമുഖം കേരളത്തിന്റെ മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഈ തുറമുഖത്തിന്റെ പ്രത്യേകതകൾ ഏറെയാണ്. മണ്ണ് മാന്തി മാറ്റാതെ തന്നെ 80 അടിയിലധികം ആഴം തീരത്തു തന്നെയുണ്ട്. ഒപ്പം വിഴിഞ്ഞം നിലകൊള്ളുന്നത് യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങൾ, തെക്കു കിഴക്കൻ രാജ്യങ്ങൾ, ഫിലിപ്പൈൻസ് പോലെയുള്ള കിഴക്കൻ രാജ്യങ്ങൾ മുതലായവയെ എല്ലാം ബന്ധിപ്പിക്കുന്ന മുഖ്യ അന്താരാഷ്‌ട്ര കപ്പൽ ചാനൽ കടന്നു പോകുന്നത് വിഴിഞ്ഞത്തു നിന്നും വെറും പത്തു നോട്ടിക്കൽ മൈൽ ദൂരത്തു മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ആഴമേറിയതും ലോകത്തിലെ മൂന്നാമത്തെ ആഴമേറിയതുമാണ് ഈ തുറമുഖം. ഈ തുറമുഖം പൂർണ്ണമായി യാഥാർഥ്യമായാൽ സിംഗപ്പൂരും ദുബായ് പോലും പിന്നിലായി പോകും. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ, ഗതി മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വെറും 10 മൈൽ ദൂരം മാത്രമേയുള്ളൂ.

ഇനി തമിഴ്‌നാടുമായും കർണ്ണാടകയുമായും കാശ്‌മീർ വരെയും ബന്ധിപ്പിക്കുന്ന കൂറ്റൻ ഹൈവേകൾ കണ്ടെയ്‌നർ ഗതാഗതത്തിനു വേണ്ടി നിർമ്മിക്കേണ്ടതായിട്ടുണ്ട്. അങ്ങനെ രാജ്യത്തിനെ പുരോഗമനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാൻ വാതായനം തുറക്കുന്ന വമ്പൻ പദ്ധതിയായ വിഴിഞ്ഞം തുറമുഖം എന്ന ആശയം പെട്ടെന്ന് പൊട്ടിമുളച്ചതല്ല. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഇവിടെയൊരു തുറമുഖത്തിന്റെ ആവശ്യകത പലരുടെയും മനസ്സിൽ ഉദിച്ചെങ്കിലും പല പല കാരണങ്ങളാൽ അവയൊന്നും നടപ്പിലായില്ല. ഒടുവിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ എങ്ങനെയും ഈ തുറമുഖ പ്രൊജക്റ്റ് യാഥാർഥ്യമാക്കണമെന്ന് അദ്ദേഹം ദൃഢപ്രത്ജ്ഞയെടുത്തു. എന്നാൽ എതിർപ്പുകൾ പല വഴിയിൽ കൂടി വന്നു. ഈ എതിർത്തവരിൽ നല്ലൊരു പങ്കും നാടിൻറെ നന്മയല്ല ആഗ്രഹിച്ചത്. മറിച്ച്‌, ഉമ്മൻ ചാണ്ടി ഇത് സാധ്യമാക്കിയാൽ അദ്ദേഹം കൂടുതൽ പ്രശസ്തനാകുമെന്നും അതനുവദിക്കാൻ പാടില്ലെന്നുമായിരുന്നു. സ്വന്തം പാർട്ടിയിലുള്ളവർ അങ്ങനെ ചിന്തിക്കുമ്പോൾ പ്രതിപക്ഷത്തുള്ള കമ്മ്യൂണിസ്ററ് പാർട്ടി എങ്ങനെയെങ്കിലും ആർക്കിട്ടൊക്കെ തുരങ്കം വച്ചായാലും ഈ ഭരണം അട്ടിമറിച്ചു തങ്ങൾക്കു ഭരണത്തിൽ കയറണം എന്നായിരുന്നു ചിന്ത.

ഒരു കാരണവശാലും ഇത് നടത്താൻ അനുവദിക്കില്ലെന്ന് മനസ്സിലാക്കിയ രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻ ചാണ്ടി ആരോടും പറയാതെ അദാനിയുമായുള്ള സർക്കാരിന്റെ കരാർ ഒപ്പിട്ടു. സ്വന്തം പാർട്ടിയിലുള്ള പല പ്രമുഖരും അദ്ദേഹത്തിന്റെ നടപടിയെ എതിർത്തു. കമ്മ്യൂണിസ്ററ് പാർട്ടി സമരം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. പക്ഷേ, ഉമ്മൻ ചാണ്ടി കുലുങ്ങിയില്ല. 2015 ഓഗസ്റ്റ് 17 നു പൂർണ്ണ കരാർ ഒപ്പിട്ട് ആ വർഷം ഡിസംബർ 5 ന് അദാനി ഗ്രൂപ്പ് പണി തുടങ്ങുകയും ചെയ്‌തു. 'ഇത് കടൽക്കൊള്ളയാണെന്നും 6000 കോടിയുടെ അഴിമതി ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ടെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ഈ കരാർ റദ്ദാക്കുമെന്നും’ പരസ്യമായി ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രസ്താവിച്ചു. എന്നാൽ, കേരളത്തിലെ സർവ്വ പദ്ധതികൾക്കും മുൻപിൽ കൊടി കുത്തി മുടക്കിയിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ട് യാതൊരു എതിർപ്പുമില്ലാതെ അദാനിയോട് സഹകരിച്ചു പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. അത് അദാനി ഗ്രൂപ്പിന്റെ 'മാനേജ്‌മെന്റ് സ്‌കിൽ' ആണെന്നു പറയാതെ വയ്യ.

ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും കൊണ്ട് മാത്രം സഫലീകരിച്ച ഈ സ്വപ്‌ന പദ്ധതിയുടെ ഉത്‌ഘാടന ചടങ്ങിൽ വിശദമായി പ്രസംഗം എഴുതി വായിച്ച കേരളാ മുഖ്യമന്ത്രി പക്ഷേ ഉമ്മൻ ചാണ്ടിയുടെ പേരു പോലും പറഞ്ഞില്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. എല്ലാം സ്വന്തം സർക്കാരിന്റെ മികവ് കൊണ്ട് മാത്രം ഉണ്ടായതാണ്. അങ്ങനെ വല്ലവരും ചെയ്തു വച്ച കാര്യങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനും താൻ ഏതോ വലിയ സംഭവമാണെന്നു സ്വയം പറയാനും ഒരു മലയാളിക്കു മാത്രമേ കഴിയൂ. അപകർഷതാ ബോധം താങ്ങാനാവില്ല. ലേഖനത്തിന്റെ ആദ്യം പറഞ്ഞതുപോലെ  ദുരഭിമാനം നയിക്കുന്ന സാംസ്കാരിക പാപ്പരത്വം.

ഉമ്മൻ ചാണ്ടി മണ്മറഞ്ഞിട്ട്  ഒരു വർഷം ആകുന്നു. ഇന്നും നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുന്നു. നിവേദനങ്ങളും പരിഭവങ്ങളും നന്ദി പറച്ചിലും അടങ്ങിയ അനേകം കുറിപ്പുകൾ ഇപ്പോഴും ആ കുഴിമാടത്തിൽ പൂക്കളോടൊപ്പം ആളുകൾ കൊണ്ടുവയ്ക്കുന്നു. കേരള ചരിത്രത്തിൽ ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും പുഞ്ചിരിച്ചുകൊണ്ട് ഇന്നും ജാതി മത ഭേദമെന്യേ ജനമനസ്സിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നേതാവില്ല. വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടിയുടെ പേര് മനപ്പൂർവ്വം പറയാതിരുന്ന 'മിടുക്കനായ' നേതാവ് ഒരു കാര്യം കണ്ടില്ല. ജനങ്ങൾ നിങ്ങളെ നോക്കി ചിരിക്കയാണ്.

യശഃശരീരനായ ഉമ്മൻ ചാണ്ടീ, ആ കാൽക്കൽ ഒരു പിടി പുഷ്‌പം അർപ്പിക്കുന്നു. പ്രണാമം!

Join WhatsApp News
T.C.Geevarghee 2024-07-17 22:35:06
OMG, what an article? Thanks to the Author for a brave statement. Communism will disappear from Kerala also shortly? Wait and watch? Poor people are tortured by this ism??
Peter Basil 2024-07-17 22:36:27
Well-written article, and very precise to the point.. Keep up your great work… 👍👍
josecheripuram 2024-07-18 00:08:02
This is called "Politics"!
(ഡോ.കെ.കെ ശശിധരൻ) 2024-07-18 16:50:35
എഴുത്തുകാരെ ഇടത് പക്ഷം എന്നും,വലത് പക്ഷം എന്നും വിഭജിച്ച്,അതീവ രാഷ്ട്രീയ മത താല്പര്യങ്ങൾ മൂലം എഴുത്തിന്റെ മാത്രമല്ല ,എഴുത്തുകാരൻറെയും വിലയിടിയുന്ന ഈ സാമൂഹിക സാഹചര്യത്തിൽ,ഒരു പക്ഷവും ചേരാതെ വ്യക്തമായ അവബോധത്തോടുകൂടിയുളള, സമ്യക്കായ സാമുഹിക താല്പര്യം മാത്രം മുന്നിൽ കണ്ട് നമ്മുടെ സമാജത്തെ പരസ്പ്പരം സ്നേഹപൂർണ്ണമാക്കി,സന്തോഷപ്രദമായ ഒരു ജീവിത ക്രമത്തെ മുന്നോട്ട് നയിക്കാൻ ശ്രീ.ബാബു പാറക്കലിന്റെ ഈ ലേഖനപരമ്പര നമ്മെ സഹായിക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക