Image

വായന - പ്രകടനവും യാഥാര്‍ത്ഥ്യങ്ങളും 6 - വാരികകള്‍ കത്തിച്ച പ്രബുദ്ധതീവ്രതയ്ക്ക് ശേഷം : പ്രകാശന്‍ കരിവെള്ളൂര്‍

പ്രകാശന്‍ കരിവെള്ളൂര്‍ Published on 18 July, 2024
വായന - പ്രകടനവും യാഥാര്‍ത്ഥ്യങ്ങളും 6 - വാരികകള്‍ കത്തിച്ച പ്രബുദ്ധതീവ്രതയ്ക്ക് ശേഷം : പ്രകാശന്‍ കരിവെള്ളൂര്‍

മലയാളിയെ ആധുനികീകരിക്കാന്‍  ഇംഗ്‌ളീഷ് വിദ്യാഭ്യാസവും വ്യവസായവല്‍ക്കരണവും വേണം എന്ന സാമൂഹ്യദര്‍ശനം അവതരിപ്പിക്കാന്‍ ഇന്ദുലേഖയില്‍ ചന്തുമേനോന്‍ കേന്ദ്ര പ്രമേയമാക്കിയത് ഒരു പ്രണയകഥയേയാണ്. വായിച്ചവരില്‍ നിന്ന് വായിക്കാനറിയാത്തവര്‍ ആ കഥ കേള്‍ക്കാന്‍ താല്‍പ്പര്യം കാണിച്ചതും ആ പ്രണയം നിമിത്തമാണ്. ചന്തുമേനോനേക്കാള്‍ എത്രയോ ഉയരത്തിലാണ് സിവി രാമന്‍പിള്ള എന്ന നോവലിസ്റ്റ്. എന്നാല്‍ ഇന്ദുലേഖയ്ക്ക് ലഭിച്ച വായന പ്രീതി ഒരിക്കലും സീവിയുടെ ചരിത്രനോവലുകള്‍ക്ക് ലഭിച്ചില്ല. ആശാന്റെ കനപ്പെട്ട കവിതകള്‍ പോലും ചങ്ങമ്പുഴയുടെ രമണനോളം വായിക്കപ്പെട്ടില്ല . ബഷീറിന്റെ ബാല്യകാലസഖിയും തകഴിയുടെ ചെമ്മീനും വായിക്കുന്ന കാലത്ത് മലയാളത്തില്‍ ജനപ്രിയസാഹിത്യം, ബൗദ്ധികസാഹിത്യം എന്നിങ്ങനെയുള്ള തരംതിരിവ് ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ സാഹിത്യത്തെ അനുകരിച്ചുള്ള ആധുനികതാവാദമാണ്  വായനയും എഴുത്തുമൊക്കെ വേറെത്തന്നെ ഒരു കസര്‍ത്താണെന്നും നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് അത് അപ്രാപ്യമാണെന്നും സ്ഥാപിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചത്. ഓടയില്‍ നിന്ന് എഴുതിയ കേശവദേവിനെ ഖണ്ഡിക്കുന്ന പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഓവി വിജയന്‍ ഖസാക്കിന് പുതിയ സ്ഥാനം ഉറപ്പിക്കുന്നത്. സാമാന്യജനത്തിന്റെ സാഹിത്യ വായന സിനിമ കാണലിന് വഴി മാറുന്ന 1950 - 60 കളുടെ ചരിത്ര പശ്ചാത്തലം ഇതാണ്.

നാട്ടുകാര്‍ക്ക് വലിയ പ്രയാസമില്ലാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതെല്ലാം പൈങ്കിളിയാണ് എന്ന വരേണ്യമായ തീര്‍പ്പുകല്‍പ്പിക്കലാണ് വായനയുടെ ജനകീയവല്‍ക്കരണത്തിനെതിരെ പ്രബുദ്ധ കേരളം നടത്തിയ ആദ്യഗൂഢാലോചന. അക്കാദമികവും സാംസ്‌കാരികവുമായ കേമന്മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നൊരു അദൃശ്യ ബോര്‍ഡ് കേരളീയതയില്‍ പ്രത്യക്ഷമായി. അതോടെ ഓടയില്‍ നിന്നും  ബാല്യകാലസഖിയും രമണനും ചെമ്മീനും വായിച്ച ബീഡിക്കാരും കൃഷിക്കാരും നെയ്ത്തുകാരും ടൈലര്‍മാരും വീട്ടമ്മമാരും വായനയുടെ ആരുമല്ലാതായി. അവര്‍ വായിക്കാന്‍ താല്പര്യം കാണിച്ച മംഗളം, മനോരമ, മനോരാജ്യം, കന്യക, കുങ്കുമം തുടങ്ങിയ വാരികകള്‍ പൈങ്കിളി എന്നറിയപ്പെട്ടു. മസൃണമായ ഭാഷയില്‍ പെണ്ണ്, പ്രണയം, വിരഹം, കണ്ണീര്, മരണം എന്നിവ പ്രമേയമാക്കി എഴുതുന്നതെല്ലാം പൈങ്കിളിയാണെങ്കില്‍ രമണനാണ് മലയാളത്തിലെ നമ്പര്‍ വണ്‍ പൈങ്കിളി. മലയാള നോവല്‍ഭാഷയുടെ വേദപ്രമാണം എന്ന് വിളിക്കാവുന്ന ഖസാക്ക് എത്ര പേര്‍ വായിക്കുമായിരുന്നു രവിയുടെ ആ അഗമ്യഗമനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ? വായിച്ചിട്ട് മഹാഭൂരിപക്ഷത്തിനും മനസ്സിലാക്കാന്‍ കഴിഞ്ഞതും ആ രതിക്രീഡകള്‍ മാത്രമാണ്. പൈങ്കിളി എന്ന് നാട്ടുകാര്‍ വായിക്കുന്നവയെ പരിഹസിക്കുന്ന ബുദ്ധിജീവികളോട് സക്കറിയ ഒരിക്കല്‍ തിരിച്ചടിച്ചിരുന്നു ഓ വി വിജയനും ആനന്ദു മൊക്കെ ദാര്‍ശനികപൈങ്കിളികളാണെന്ന്.
സിനിമകാണലില്‍ ഉന്നത നിലവാരമുള്ള സിനിമകള്‍ കാണുന്നവരേക്കാള്‍ മുന്‍തൂക്കം ജനപ്രിയ സിനിമ കാണുന്ന പ്രേക്ഷകര്‍ക്കാണ്. അവരാല്‍ പ്രബുദ്ധര്‍ കളിയാക്കപ്പെടുന്ന അവസ്ഥയാണ് അവിടെയുളളത്. എന്നാല്‍ വായനയില്‍ ഈ നിര്‍ണീതാധികാരം ബുദ്ധിജീവികള്‍ തട്ടിയെടുത്തു.

കൂലിപ്പണിക്കാരും കൃഷിക്കാരും ചെറുകിട കച്ചവടക്കാരും കുടുംബിനികളും നാടകത്തോടും സിനിമയോടും പാട്ടിനോടും പുലര്‍ത്തിയ പോലൊരു ബന്ധം മിനിമം വായനയുമായി നിലനിര്‍ത്താന്‍ അവരെ സഹായിച്ചത് മ എന്ന് കളിയാക്കപ്പെട്ട വാരികകളും പത്രങ്ങളുമാണ്. ടീവി ചാനലുകള്‍ അരങ്ങു തകര്‍ക്കാനെത്തിയ തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രബുദ്ധകേരളം വിചിത്രമായ ഒരു സമരം നടത്തി.
 

Join WhatsApp News
(ഡോ . കെ) 2024-07-18 17:45:37
പാചകമെന്നോ ,ഫിസിക്സ് എന്നോ ,കെമിസ്ട്രി എന്നോ, ബയോളജിയെന്നോ എന്നൊന്നും തരം തിരിക്കാതെ സകല വൈഞ്ജാനിക മണ്ഡലങ്ങളെയും സംബന്ധിക്കുന്ന സമഗ്രമായ അറിവ് സമൂഹത്തിന് പകരുന്ന ഒരേ ഒരു മീമാംസയാണ് സാഹിത്യ മീംമാസ.മനുഷ്യജീവിതം നിലനിൽക്കുന്നോളം സാഹിത്യമുണ്ടാകും .സാഹിത്യം ജീവിതമാണ് , സാധാരണക്കാരന്റെ ജീവിതമാണ് , ജീവിത വിമർശന മാണ്.മനുഷ്യൻ സകല മേഖലകളിലും പുരോഗതിനേടിയിട്ടും, മനുഷ്യന്റെ ദുഃഖം അനുദിനം കൂടി,കൂടിവരികയാണ്.സാഹിത്യകാരന് മാത്രമേ സമൂഹത്തിനെ ഈ ദുഃഖത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളു .അതുകൊണ്ട് തന്നെ സാഹത്യത്തിനും ,സാഹിത്യവായനകൾക്കും ഇന്നും സമൂഹത്തിൽ മുൻകാലഘട്ടത്തേക്കാൾ പ്രസക്തത്തി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക