Image

മാതൃ ഹൃദയത്തുടിപ്പുകൾ കവിതയാക്കിയ ബാലാമണി അമ്മയുടെ ജന്മദിനം : ജോയ്ഷ് ജോസ്

Published on 19 July, 2024
മാതൃ ഹൃദയത്തുടിപ്പുകൾ കവിതയാക്കിയ ബാലാമണി അമ്മയുടെ ജന്മദിനം : ജോയ്ഷ് ജോസ്

ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി-
ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം"
തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ
കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍.
സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി-
ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. 
               മാതൃഹൃദയം- ബാലാമണിയമ്മ

മാതൃവാത്സല്യത്തിന്റെ ഇളംചൂട്‌ പകർന്ന്‌ ഒരു താരാട്ടുപോലെ കവിതകളെഴുതിയ മലയാളിയുടെ അമ്മ കവയത്രി ബാലാമണിയമ്മയുടെ നൂറ്റിപതിനഞ്ചാം ജന്മദിനമാണിന്ന്.

തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 19നാണ്  ബാലാമണിയമ്മ ജനിച്ചത്. അമ്മാവനായിരുന്ന
കവി നാലപ്പാട്ട് നാരായണമേനോന്‍റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി.1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു.മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്.ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.

നിഷ്‌ക്കളങ്കമായ വാത്സല്യം കൊണ്ട് മലയാള കവിതയെ ധന്യമാക്കിയ കവയിത്രിയാണ് ബാലാമണിയമ്മ.കുട്ടികളെ കഥാപാ ത്രങ്ങളാക്കിയായാലും പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും കണ്ടെത്തിയ മുഹൂര്‍ത്തങ്ങള്‍ക്ക് കാവ്യരൂപം കൊടുക്കുമ്പോഴായാലും ബാലാമണിയമ്മയുടെ കവിതകളില്‍ നിറഞ്ഞു നിന്നത് മാതൃവാത്സല്യമാണ്. ഒരമ്മയുടെ സ്‌നേഹവും പരിഗണനയുമാണ്. ഓര്‍മ നഷ്ടപ്പെടുന്ന ‘അല്‍ഷിമേഴ്‌സ്’ രോഗത്തിനു അടിപ്പെടുന്നതുവരെ നിരന്തരം അവര്‍ കവിതകളെഴുതി. കാവ്യങ്ങളും കവിതാസമാഹാരങ്ങളുമായി ഇരുപത്തിയഞ്ചിലേറെ കൃതികള്‍ അവരുടെതായിട്ടുണ്ട്.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് - ‘കൂപ്പുകൈ‘.പ്രധാന രചനകള്‍ - കുടുംബിനി, ധര്‍മ്മമാര്‍ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍ ഊഞ്ഞാലിന്മേല്‍,കളിക്കൊട്ട, വെളിച്ചത്തില്‍, അവര്‍ പാടുന്നു, പ്രണാമം, ലോകാന്തരങ്ങളില്‍, സോപാനം, മുത്തശ്ശി, മഴുവിന്റെ കഥ, അമ്പലത്തില്‍, നഗരത്തില്‍, വെയിലാറുമ്പോള്‍, അമൃതംഗമയ, സന്ധ്യ, നിവേദ്യം, മാതൃഹൃദയം, സഹപാഠികള്‍, കളങ്കമറ്റ കൈ (പദ്യകൃതികള്‍), ജീവിതത്തിലൂടെ, അമ്മയുടെ ലോകം (ഗദ്യകൃതികള്‍).

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് രാജാവില്‍ നിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി.‘മുത്തശ്ശി’ ക്കു 1964 ലെ കേരള സാഹിത്യ അക്കാദമിയുടെയും 1965 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ‘അമൃതം ഗമയ’ യ്ക്ക് 1981 ലെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡും ‘നിവേദ്യ’ത്തിന് 1988 ലെ മൂലൂര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. ആശാന്‍ പുരസ്‌ക്കാരം (1991), ലളിതാംബികാ അന്തര്‍ജ്ജന പുരസ്‌ക്കാരം (1993), വള്ളത്തോള്‍ പുരസ്‌ക്കാരം (1993), കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം (1995), സരസ്വതീ സമ്മാനം (1996), എന്‍ വി കൃഷ്ണ വാരിയര്‍ പുരസ്‌ക്കാരം (1997) എന്നീ പുരസ്‌ക്കാരങ്ങളും അവര്‍ക്ക് ലഭിച്ചു. ഇവ കൂടാതെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും പത്മഭൂഷണ്‍ ബഹുമതിയും കിട്ടിയിട്ടുണ്ട്.2004 സെപ്റ്റംബർ 29 ന് മാതൃത്വത്തിന്‍റെ പ്രിയ കവയത്രി നമ്മോട് വിടവാങ്ങി.

*കുറിപ്പ് തയ്യാറാക്കാനായി സഹായങ്ങള്‍ തേടിയിട്ടുണ്ട്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക