Image

ആസിഫിനും പണ്ഡിറ്റിനുമൊപ്പം: വര്‍ഗ്ഗീയ കമന്റുകളില്‍ നിന്നും വിട്ടുനില്‍ക്കുക (യു.എ. നസീര്‍)

Published on 20 July, 2024
ആസിഫിനും പണ്ഡിറ്റിനുമൊപ്പം: വര്‍ഗ്ഗീയ കമന്റുകളില്‍ നിന്നും വിട്ടുനില്‍ക്കുക (യു.എ. നസീര്‍)

നമ്മൾ മലയാളികൾ എല്ലാവരും ഇപ്പോൾ  പണ്ഡിറ്റ് രമേശ് നാരായണനും സിനിമ നടൻ ആസിഫലിക്കും പുറകെയാണ്. വിവാദമായ ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയ കമന്റുകൾ സൃഷ്ടിച്ച  ഒരു പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയൊ പോസ്റ്റ്മോർട്ടം ചെയ്യുകയൊ അല്ല. 
ഈ വിഷയത്തോട് ബന്ധപ്പെട്ട് നമ്മൾ എല്ലാവരും ഗൗരവമായി ചിന്തിക്കേണ്ട ഒരു അഭിപ്രായം രേഖപ്പെടുത്തുക  മാത്രമാണ്  ഇവിടെ ഉദ്ദേശിക്കുന്നത്. ആസിഫലിയിൽ നിന്നും അവാർഡ് സ്വീകരിക്കുമ്പോൾ രമേഷ് നാരായണൻ്റെ  ശരീര ഭാഷയും സ്വഭാവ രീതിയും പെരുമാറ്റവും മൊത്തത്തിൽ ആ രണ്ടു  മിനിറ്റ് വീഡിയോ കാണുന്ന ആർക്കും ഒട്ടും ദഹിച്ചിട്ടില്ല എന്നത് വാസ്തവമാണ്.  എങ്കിലും ആസഫലി എന്ന നടൻ വളരെ തന്മയത്വത്തോടെ യാതൊരു അസ്വാഭാവികതയുമില്ലാതെ ആ നിമിഷങ്ങൾ കൈകാര്യം ചെയ്യുന്നതും കേരളം കണ്ടതാണ്. എന്നാൽ  മലയാള സാഹിത്യ കാരണവർ, ആദരണീയനായ  എം.ടി യുടെ ചടങ്ങിൽ ഈ ഒരു .ചെറിയ കാര്യത്തിൻ്റെ പേരിൽ കാട് കയറിയ, വിഷം വമിപ്പിക്കുന്ന  ഭൂലോക ചർച്ചയാണ് രണ്ടു ദിവസം തലങ്ങും വിലങ്ങും നടന്നത്. രണ്ടക്ഷരം എഴുതാനോ ഫോണിൽ കുഞ്ഞിക്കുറിക്കുവാനോ അറിയുന്ന എല്ലാവരും പുലഭ്യവും തെറി  വിളികളും കേട്ടാലറക്കുന്ന ഭാഷയിൽ ജാതിയും, മതവും വേർ തിരിച്ചു വിളിച്ചു പറഞ്ഞു .

ഉയർന്ന ജാതിക്കാരുടെ വംശീയ വേർതിരിവ് തൊട്ടു ആസഫലിയുടെ മതം വരെ പരാമർശിക്കപ്പെട്ടു. രണ്ടു ദിവസം കൊണ്ട് നാൽപ്പത്തഞ്ച് ലക്ഷത്തിലധികം പേരാണ്  അവരവർക്ക് തോന്നിയ ഭാഷയിൽ പ്രതികരിച്ചത്.

ആസിഫലിയെ എനിക്ക് നേരിട്ട്  അറിയില്ല, അയാളെ കണ്ടിട്ടു പോലുമില്ല. എന്നാൽ മൂന്നു പതിറ്റാണ്ടിലധികമായി പണിറ്റ്  രമേശ് നാരായണൻ എന്ന സംഗീത പ്രതിഭയെ  വ്യക്തിപരമായി അറിയുന്ന ഒരു മനുഷ്യൻ എന്ന നിലക്ക് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അദ്ദേഹം  അതിനോട് ബന്ധപ്പെട്ട് ഇവിടെ ആരോപിക്കപ്പെട്ട ജാതി മത വർഗ്ഗ ചിന്തകൾ ഒന്നുമില്ലാത്ത ഒരു   വ്യക്തിയായിട്ടാണ് എന്റെ അനുഭവ ബോധ്യം. കൂടാതെ  നല്ലൊരു കലാകാരൻ എന്നതിലുപരി വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്ന കൂട്ടത്തിൽ വളരെ താൽപര്യം കാണിക്കുന്ന  നല്ലൊരു മനുഷ്യനാണ് എന്ന കാര്യം എനിക്കറിയാം. പക്ഷേ അന്നത്തെ പ്രത്യേക  സാഹചര്യത്തിലും, വിഷമത്തിലും പ്രയാസത്തിലും  അടിപ്പെട്ടു കൊണ്ട് എന്തുകൊണ്ടോ കാഴ്ചക്ക് അരോചകമായ , ഒട്ടും ഔചിത്യ ബോധം തോന്നിക്കാത്ത ഒരു പ്രകടനമാണ്  അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. സദസ്സിൽ  തന്നെ നിന്നു കൊണ്ട് ഏറെ വൈകി ഫലകം   സ്വീകരിക്കുമ്പോൾ  അങ്ങനെ ഒരു വൈകാരികമായ  പെരുമാറ്റം ഉണ്ടായത്  ശരിയായില്ല എന്ന് അദ്ദേഹം  തന്നെ നൂറു ശതമാനം ഉൾക്കൊള്ളുകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ആസിഫ് അലി അത് ശരിവെക്കുകയും  ചെയ്തു.  

പക്ഷെ അപ്പോഴെക്കും കാര്യങ്ങൾ കൈ വിട്ടു പോയിരുന്നു.  പ്രമുഖ ചാനലുകാർ മുതൽ മൊത്തം ജനങ്ങൾക്കും പ്രശ്നങ്ങൾ വലിച്ചിഴച്ചു കൊണ്ടു പോകാനായിരുന്നു വ്യഗ്രത. ഒരാൾക്കു ഒരു പ്രശ്നം വന്നാൽ വഴിയിൽ കൂടെ പോകുന്ന എല്ലാവരും അയാളെ രണ്ടു തെറി പറഞ്ഞു ചുളുവിൽ നന്മമരങ്ങളാകുന്നതാണ് പുതിയ പ്രവണത.  

പുരുഷൻ സ്ത്രീ - ഉള്ളവൻ ഇല്ലാത്തവൻ തുടങ്ങിയ വിഷയങ്ങൾ തൊട്ട് ഉയർന്ന ജാതി - കീഴ് ജാതി , വിവേചനം തുടങ്ങിയവയാണ് പലരുടെയും  ഇന്നത്തെ ഇഷ്ട വിഷയങ്ങൾ. എന്നാൽ രാഷ്ട്രീയം - മതം ഇവ കലർന്ന സംഭവങ്ങളാണെങ്കിൽ പൂരപ്പാട്ടും ഭരണി തെറികളും കൊണ്ട് മനുഷ്യൻ്റെ മനസ്സിൽ മായാത്ത വേദനയും   വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

30 വർഷങ്ങൾക്കു മുമ്പ് എൻ്റെ ഒരു സുഹൃത്ത് നിർമ്മിച്ച ഗർഷോം എന്ന  സിനിമയുടെ സഹനിർമ്മാതാവായി ഇടപ്പെട്ടു  കൊണ്ടാണ് രമേശ് നാരായൺനെ  എനിക്ക് അടുത്ത് പരിചയം. അത് ഇപ്പോഴും നിലനിൽക്കുന്നു. ഇടക്കിടെ  ബന്ധപ്പെട്ടു കൊണ്ടുമിരിക്കുന്നു. ഏറ്റവുമവസാനം രമേശ് നാരായണനെ നേരിൽ കണ്ടത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ മാനവ സൗഹൃദ സന്ദേശ യാത്രയുടെ സമാപനത്തിൽ തിരുവനന്തപുരത്ത് വച്ചാണ്. സദസ്സിൽ ചെല്ലുമ്പോൾ ഭാര്യാസമേതം ഇരിക്കുന്ന അദ്ദേഹത്തിൻ്റെ തൊട്ടടുത്ത് തന്നെ എന്നെ വിളിച്ചിരുത്തുകയായിരുന്നു. അവിടെവച്ച് കേരളത്തിലെ അറിയപ്പെടുന്ന എല്ലാ മത മേലധ്യക്ഷൻമാരുടെയും സാംസ്കാരിക നായകരുടെയും സാന്നിധ്യത്തിൽ സർവ്വമത സൗഹാർദ്ദത്തെയും മാനവികതയെയ്യം  വിളിച്ചറിയിച്ചു കൊണ്ടുള്ള ഒരു നല്ല കവിതയും അദ്ദേഹം ഭംഗിയായി   ആലപിക്കുകയുണ്ടായി. അവാർഡ് ദാന പ്രശ്നമുണ്ടായ പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹത്തെ വിളിച്ചുകൊണ്ട് ആസഫലിയോട്  നിങ്ങളുടെ സമീപനം ശരിയായില്ല എങ്കിൽ കൂടി മറ്റുള്ളവർ ഇപ്പോൾ ആക്ഷേപിക്കുന്നത് പോലെയുള്ള ഒരു മനുഷ്യൻ അല്ല, യാഥാർത്ഥ്യം ഇങ്ങിനെയാണ്  എന്ന് പറഞ്ഞുകൊണ്ട് ഒരു കാമ്പയിൻ തുടങ്ങിയാലോ   എന്ന് ചോദിച്ചപ്പോൾ വേണ്ട നസീർ, എനിക്ക് നേരെ വരുന്ന സൈബർ അറ്റാക്ക് അത്ര രൂക്ഷമാണ്, അത്  നിങ്ങൾക്ക് മാനസിക പ്രയാസം ഉണ്ടാക്കും,  എൻറെ ഏറ്റവും അടുത്ത ആളുകൾ വരെ ഇന  അവസരത്തിൽ ഭയങ്കരമായി എന്നെ വലിച്ചു കീറി  കൊണ്ടിരിക്കുകയാണ് എന്നാണ്  ആ സന്ദർഭത്തിലും അദ്ദേഹം പ്രതികരിച്ചത്.

ഏതായാലും  അദ്ദേഹത്തിൻ്റെ ക്ഷമാപണത്തിലും ആസഫ് അലിയുടെ  മനസ്സറിഞ്ഞ പ്രതികരണത്തോടും കൂടി  ആ പ്രശ്നം ഭംഗിയായി അവസാനിച്ചു. ഇനി അക്കാര്യത്തിൽ  വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. പക്ഷേ നമ്മൾ പ്രബുദ്ധരായ മലയാളികൾ എന്ന് ഉത്ഘോഷിക്കുന്നവർ ഇങ്ങനെ എന്തെങ്കിലും വിഷയം കിട്ടുമ്പോഴേക്ക് അതിൽ ജാതിയും മതവും വളരെ മോശമായ പദപ്രയോഗങ്ങളും വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇങ്ങനെ വിസർജിക്കുന്നത് പതിവായി മാറിക്കഴിഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇത് എല്ലാവരെയും  തുറന്നു ചിന്തിക്കേണ്ട ഒരു സമയമാണ്. എങ്ങോട്ടാണ് നമ്മുടെ ഈ പോക്ക് ?  എന്ത് വിഷയം ഉണ്ടെങ്കിലും  അങ്ങനെ ജാതിയും മതവും പറഞ്ഞുകൊണ്ടുള്ള ഒരു തരം  ചർച്ചകൾ എവിടെയും സാധാരണയായി മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരെല്ലാം വോട്ടുകൾ കിട്ടുന്നതിനുവേണ്ടിയാണൊ എന്നറിഞ്ഞുകൂടാ  ഈ പ്രവണതയെ  സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ രാജ്യം മുഴുവൻ. പ്രോൽസാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ മഹാ രോഗം  മുറിച്ചു മാറ്റാൻ പറ്റാത്ത കാൻസർ ആയി മാറി അടുത്ത തലമുറയെത്തന്നെ അതി  ഭീകരമായി  ബാധിക്കുന്ന തരത്തിലേക്ക് മാറുകയാണ്.  

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ ഫേസ്ബുക്കിലായാലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലായാലും ഇങ്ങനെ എന്തെങ്കിലും വിഷയം വരുമ്പോഴേക്കും മാലിന്യ കൂമ്പാരമായി മാറുകയാണ്. ആന ചെരിഞ്ഞാൽ പോലും  അതൊരു വിഭാഗത്തിൻ്റെ പ്രശ്നം ആക്കുന്നു. ഈ ഒരാഴ്ചക്കുള്ളിൽ ഉണ്ടായ മറ്റു രണ്ട് സംഭവങ്ങൾ കൂടി ഓർക്കുമ്പോഴാണ് ഇതിൻ്റെ ഭീകരത ബോധ്യപ്പെടുക.  കലാ മണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് കോഴി  ബിരിയാണി കൂടി വിളമ്പാൻ അവിടുത്തെ അധികൃതർ  തീരുമാനിച്ചപ്പോൾ കമന്റുകളും മറ്റും മുഖ്യമന്ത്രിയുടെ മരുമകനെ പന്നിയിറച്ചി തീറ്റിക്കണം , ബാർ കൂടി തുടങ്ങണം എന്ന് തൊട്ട് നോൺ വെജ്  ഭക്ഷണം കഴിക്കുന്നവരെ മൊത്തം തെറി പറയുന്ന രീതിയാണ് കണ്ടത്. എന്തിനേറെ പറയുന്നു മലയാള അക്ഷര ലോകത്തെ സാധാരണക്കാരുടെ മനസ്സിലെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ കൊച്ചുകുട്ടികൾ  അവതരിപ്പിച്ചപ്പോൾ അതൊരു വൻ ഗൂഢാലോചനയുടെ ഭാഗമാണ്  എന്നുവരെയുള്ള  ചില കമൻ്റുകൾ കണ്ടാൽ സരസ്വതി ദേവി വരെ  നാണിച്ചു തല താഴ്ത്തും.  

ബഷീറിനെയും തകഴിയെയും എസ് കെ പൊറ്റക്കാടിനെയും എല്ലാം വളരെ അടുത്തു  സ്നേഹിച്ചാദരിച്ചു ഇടപഴകി ജീവിച്ച ഒരു പൊതു പ്രവർത്തകൻ്റെ മകൻ എന്ന നിലയിൽ  ഇത്തരം പ്രതികരണങ്ങൾ കണ്ടപ്പോൾ തികച്ചും വേദനയും  പ്രയാസവും തോന്നി.
വിദ്വേഷ പ്രചരണത്തിനും തെറി വിളിക്കും ഒരു വിഭാഗവും പിന്നിലല്ല .  ആസിഫലിയുടെ ആസിഫലിക്കില്ലാത്ത ദുഃഖത്തിൽ മൽസരിച്ചു  പങ്കു ചേർന്നവരിൽ ഏറിയ പങ്കും  ബ്രാഹ്മണിക്കൽ ബൂർഷോ - വിഭാഗത്തെയാണ് അധിക്ഷേപിച്ചത് . പക്ഷെ ഞാനറിയുന്ന പൂണൂൽ സുഹൃത്തുക്കൾ ഏറിയ പങ്കും  ശുദ്ധിയുള്ള മനസ്സിനുടമകളും സഹായ തൽപരരുമായിട്ടാണ്  അനുഭവപ്പെട്ടിട്ടുള്ളത്. 
ഏതായാലും ഇനിയെങ്കിലും ഇത്തരത്തിലുള്ള പരാമർശങ്ങളും വർഗീയ വിഷം തുറ്റുന്ന .കമന്റുകളും , തെറി വിളികളും  അജ്ഞാത സ്ഥലങ്ങളിലിരുന്നു പരസ്പരം ആരോപിക്കുന്നതിൽ നിന്നും എഴുതുന്നതിൽ നിന്നും ഇനിയെങ്കിലും എല്ലാവരും വിട്ടുനിൽക്കണം. അങ്ങനെയുള്ള യാതൊരു ചിന്തയും പ്രവർത്തനങ്ങളും നമ്മളിൽ നിന്ന് ഉണ്ടാവാതിരിക്കട്ടെ എന്ന് മാത്രം വിനീതമായി ആഗ്രഹിച്ചു കൊണ്ടും പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ.
നിങ്ങൾക്ക് നന്ദി,
നന്മകൾ നേരുന്നു.

ജയ് ഹിന്ദ്
യു.എ നസീർ ന്യൂയോർക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക