ഇരുട്ടിന്റെ സുഖദശയ്യയിൽ
ഇരട്ടയാണെങ്കിലും
ഒന്നായുറങ്ങുന്നു
ഞാനും നീയും.
ഞാൻ ഇരുട്ടായിരുന്നു
നീ വെളിപ്പെടാൻ വീർപ്പുമുട്ടുന്ന
വെളിച്ചത്തിന്റെ തുണ്ടും.
ഇരുട്ട് അസ്തമിക്കുന്നതോടെ
ഒന്നായതൊക്കെ വേർപെട്ട്
ഓരോന്നിന്റെയും സ്വകാര്യതുരുത്തിലേക്ക്
പിൻവാങ്ങുകയായി
നിഴലുകൾക്ക് ഘോഷയാത്ര
അറിവിനു അതിർവരമ്പുകൾ
അവിടെ തുടങ്ങുന്നു
ഏകാന്ത ദുഃഖ യാത്രകൾ
നരകത്തിലേക്കുള്ള മുൾവഴികൾ
എല്ലാം ദ്വന്ദമാക്കുന്ന വെളിച്ചം
കണ്ണീരിന്റെയും ചിരിയുടെയും
സംഭാവ്യത നിറഞ്ഞ
ഒരു കണ്ണാടിവീടായി
എറിഞ്ഞ് തകർക്കപ്പെടുന്നു.
ഇരുളിൽ ഇരുളുമായി
എന്റെ ചുണ്ടുരസുന്നു
രസചഷകം ആവോളം
ഞാൻ ഊറ്റുന്നു
ഇരുട്ട് സ്നേഹമുള്ള ഒരു യക്ഷിയെപ്പോലെ അതിന്റെ
പുളിയുടെ നിറമുള്ള ചോരയിറ്റുന്ന നാവ് എന്റെ വായിൽ നിക്ഷേപിക്കുന്നു.
ചുറ്റിലും
മിന്നാമിനുങ്ങിന്റെ പാങ്ങിൽ
തീപ്പൊരികൾ ചിതറിപ്പരക്കുന്നു.
ഹ്രസ്വവും ദീപ്തവുമായ
ആ നിമിഷം ഞാൻ ഇല്ലാതാവുകയും
അടുത്ത നിമിഷം മായികമായി
ഉയിർത്തെഴുന്നേൽക്കുകയും
ചെയ്തു.
ഒരു കർത്താവായി
ഉയിർത്തെഴുന്നേറ്റതല്ല,
എന്നിലൂടെ ഇരുട്ട് ആ വിശുദ്ധകർമ്മം നിർവ്വഹിക്കുകയായിരുന്നു.
തമസ്സിന്റെ പുരാവൃത്തം
തേടി ഞാനിറങ്ങി നീയും;
തമസ്സിന്നാഴത്തിൽ
മുങ്ങി നിവർന്നപ്പോൾ
തമസ്സ് വെളിച്ചത്തിൻ
പൂത്തിരിയൊന്ന് കത്തിച്ചു കാട്ടി!