Image

രാമനും രാമായണവും: രാമായണ മാസത്തിലെ ചില രാമചിന്തകൾ (ദുർഗ മനോജ്)

Published on 21 July, 2024
രാമനും രാമായണവും: രാമായണ മാസത്തിലെ ചില രാമചിന്തകൾ (ദുർഗ മനോജ്)

വീണ്ടും കർക്കടകമാസം വന്നെത്തിയിരിക്കുന്നു. രാമായണ ശീലുകൾ ജനങ്ങൾ വീണ്ടും പാരായണത്തിന് എടുത്തുകഴിഞ്ഞു. എന്തുകൊണ്ട് രാമായണം ഇന്നും ജനങ്ങളിൽ ആഴത്തിൽ പ്രതിഷ്ഠ നേടുന്നു? രാമായണം എന്ന ഇതിഹാസത്തിന് അനുവാചകർ എത്രത്തോളമോ അത്രത്തോളമോ അതിലേറെയോ വിമർശകരുമുണ്ട്. മൂലകൃതിയിൽ നിന്നും, അനേകമനേകം ഭാഷ്യങ്ങൾ, അതിനെ ഉപജീവിച്ച് പല മട്ടിൽ പല ഭാഷകളിൽ രൂപംകൊണ്ടിട്ടുമുണ്ട്. രാമൻ്റേയും സീതയുടേയും കഥയെന്ന രാമായണം, ദേശം മാറുമ്പോൾ അടിസ്ഥാന കഥാരൂപത്തിൽ നിന്നും ഏറെ വൈരുധ്യങ്ങൾ സ്വീകരിച്ച് പല പല രാമായണങ്ങളായി മാറിയതും നമുക്കു മുന്നിലുണ്ട്. എന്താണ് ഈ ഒരു കൃതി ഇപ്രകാരം പല നാടുകളിൽ പല വിഭാഗം ജനങ്ങളിൽ ഇന്നും കുടികൊള്ളുന്നത്? കർക്കടകത്തിലേ രാമായണം വായിക്കാവൂ എന്നില്ല, എന്നാലും വർഷത്തിൽ ഒരു തവണയെങ്കിലും ഇതിഹാസത്തിലൂടെ കടന്നുപോകാൻ ഈ ആചാരം തുണയാകുമെങ്കിൽ അത് നല്ലത് എന്നേ പറയാനാകൂ.

ആദി കാവ്യമാണ് രാമായണം. അപ്പോൾ രാമായണത്തിനു മുൻപ് കാവ്യങ്ങൾ ഉണ്ടായിട്ടില്ലേ? മനുഷ്യരിൽ വരമൊഴി രൂപം കൊണ്ടിട്ടില്ല എങ്കിലും അവർ വാമൊഴി ശീലിച്ചിരുന്നിരിക്കുമല്ലോ? ഉള്ളിൽ കവിത തോന്നാത്തവരായിരുന്നിരിക്കില്ല എന്തായാലും ആ ജനത. പിന്നെന്തേ രാമായണം ആദ്യ കാവ്യമെന്നു പറയുന്നു?
രാമായണം ലക്ഷണങ്ങൾ തികഞ്ഞ ആദ്യകാവ്യമാണ് എന്നു തിരുത്തി പറയാം. കാവ്യലക്ഷണമൊത്തു വന്ന ആദ്യ കാവ്യമാണത്. വെറും കാവ്യം മാത്രമല്ല, മനുവിൻ്റെ കാലഘട്ടം നിർണയിച്ചുറപ്പിച്ച വർണാശ്രമധർമങ്ങളിലാണ് രാമായണത്തിൻ്റെ ധാർമികത നിലയുറപ്പിച്ചിരിക്കുന്നതെന്നതിനാൽ രാമായണം ധർമശാസ്ത്രവുമാണ്.
ഇനിയോ,
ഇതിൽ ഇതിഹ, അഥവാ പാരമ്പര്യോപദേശം ഉള്ളതിനാൽ ഇതിഹാസവുമാണ് എന്ന് പണ്ഡിതർ ഉറപ്പിക്കുന്നു.

ഒരു നാടിൻ്റെ, കുടുംബത്തിൻ്റെ കഥയല്ല രാമായണത്തിൻ്റെ കേന്ദ്രബിന്ദു. അതു കേവലം ഭക്തിയുടേതുമല്ല. ആചാരങ്ങളുടേതുമല്ല. എന്നാലത് ധർമത്തിൻ്റെ, പ്രത്യേകിച്ചും രാജ്യധർമത്തിൻ്റെ കാവ്യമാണ്. രാജനീതിയുടേയും രാജതന്ത്രത്തിൻ്റേയും സത്യത്തിൻ്റേയും കാവ്യമാണ്.
ജനങ്ങളിൽ അരാജകത്വം വളർന്നപ്പോൾ അവരിലേക്കു ധർമ ചിന്ത കടത്തിവിടാൻ രാമൻ എന്ന ബിംബം അത്യവശ്യമായിരുന്നു.
സീതാപഹരണത്തിനു ശേഷം രാമനെന്ന ആർത്തനായ മനുഷ്യനെ വാല്മീകി കൃത്യമായി വരച്ചിടുന്നുണ്ട്. എന്നാൽ രാവണവധത്തിനു ശേഷം സീതയുടെ മുന്നിൽ പ്രത്യക്ഷനാകുന്ന രാമൻ, കേവലമൊരു മനുഷ്യരാമനുമല്ല. ഈ ഒരൊറ്റ ഭാവപ്പകർച്ചയിലൂടെ മാനവനും ദേവനും എല്ലാം നമ്മളിൽ ഓരോരുത്തരിലും കുടികൊള്ളുന്നുവെന്നും, അവസ്ഥകൾക്കനുസരിച്ച് അവ ഉചിതമായി സ്വീകരിക്കുന്നതാണ് പ്രധാനമെന്നും ആദികവി വ്യക്തമാക്കുന്നുണ്ട്.

ഭക്തർക്കു മാത്രമല്ല രാമൻ, വേദാന്തക്കാർക്കും, പ്രാണോപാസകർക്കും രാമനാമം മുഖ്യമാണ്. രാ എന്ന ശബ്ദത്തിൽ ഉള്ളിലേക്കു സ്വീകരിക്കുന്ന പ്രാണൻ, മ എന്ന ശബ്ദത്തിൽ നിശ്വസിക്കപ്പെടുന്നു. രാമ എന്ന വാക്കിൽ ശ്വാസവും ഉച്ഛ്വാസവും സംഭവിക്കുമ്പോൾ പ്രാണൻ കുടികൊള്ളുന്നതേ രാമനിലെന്നു, രാമമന്ത്രത്തിലെന്നു പറഞ്ഞാൽ തെറ്റില്ല.

രാമായണം വരികളിലൂടെ വായിച്ചു മുന്നേറാം
രാമായണം വരികൾക്കിടയിലുടെയും വായിക്കാം.
തപസ്സ്, ശൗചം, ദയ, സത്യം എന്നിവയാണ് ധർമപാദങ്ങൾ. ഇവ നാലും തികഞ്ഞ ധർമവിഗ്രഹമാണ് രാമൻ എന്ന് ആദികവിരാമായണത്തിലൂടെ സ്ഥാപിക്കുന്നു. രാമൻ്റെ സുദീർഘ ജീവിതം തപോമയമായിരുന്നു.
വാല്മീകി രാമനെ മനുഷ്യനായിക്കണ്ടാണ് ഇതിഹാസം രചിച്ചിരിക്കുന്നത്.

അധ്യാത്മരാമായണം, ആനന്ദരാമായണം, അത്ഭുത രാമായണം, അങ്ങനെ രാമായണങ്ങൾ അനവധി രൂപപ്പെട്ടത് ആദി കാവ്യത്തിൽ നിന്നു തന്നെ. ഒരു പക്ഷേ, കാലങ്ങൾ മുന്നോട്ടു പോകെ രാമായണ ത്തോളം ഭാഷ്യങ്ങൾ ചമയ്ക്കപ്പെട്ട മറ്റൊരു കൃതിയുമില്ലെന്നതും രാമായണത്തിൻ്റെ മികവു തന്നെ. രാമയണവും രാമനും മനുഷ്യരുള്ള കാലം നിലനിൽക്കുക തന്നെ ചെയ്യും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക