Image

പയർവിത്ത്‌ മുളച്ച് പൊന്തുന്ന പോൽ ഒരു ജീവിതം! (ഷുക്കൂർ ഉഗ്രപുരം)

Published on 21 July, 2024
പയർവിത്ത്‌ മുളച്ച് പൊന്തുന്ന പോൽ ഒരു ജീവിതം! (ഷുക്കൂർ ഉഗ്രപുരം)

അമ്മ എവിടുന്നോ എങ്ങനെയോ സംഘടിപ്പിച്ച് തന്ന ഒരു ബ്ലു ബ്ലാക്ക് സ്പെല്ലിംഗ് ബുക്ക് നോക്കിയാണ് ഞാൻ അക്ഷരങ്ങളെ പരിചയപ്പെടുന്നതും പഠിച്ചെടുത്തതും എന്ന് ആത്മകഥയിൽ എഴുതിയത് എബ്രഹാം ലിങ്കണാണ്. അഗ്നിച്ചിറകുകൾ എന്ന ആത്മകഥ സംബന്ധിയായ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഡോ. എ.പി.ജെ അബ്ദുൽ കലാം വളരെ സ്നേഹ വൈകാരികതയോടെ തന്റെ മാതാവിനെ ഇങ്ങനെ സ്മരിക്കുന്നു - അന്ന് രാത്രി പ്രാർത്ഥിച്ചിരിക്കുന്ന ഉമ്മയുടെ മടിത്തട്ടിൽ ഞാൻ വ്യഥയാൽ കിടക്കുകയായിരുന്നു. മാതാവിന്റെ കണ്ണുനീർ പൊഴിച്ചുള്ള പ്രാർത്ഥനയിൽ എപ്പഴോ രണ്ടിറ്റ് കണ്ണുനീർ എന്റെ കാൽമുട്ടുകളിൽ വീണു, ഞാൻ ഉണർന്നു! ഉമ്മാ നമുക്ക് കാണാം ആ അന്ത്യനാളിൽ ദൈവിക സന്നിധിയിൽ വെച്ച്! എന്ന് പറഞ്ഞുവെക്കുന്നു കലാം. മഹാൻമാരായ പുത്രൻമാരെ രൂപാന്തരപ്പെടുത്തി എടുക്കുന്നതിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് ഒരുപാട് വായിക്കാനാകും. വീട്ടിലെ സ്ത്രീകളാണ് ഭക്ഷണം പാചകം ചെയ്യുന്നത് എങ്കിലും ആദ്യം കഴിക്കുന്നത് ആണുങ്ങളാണ്, അവർ കഴിച്ചു കഴിഞ്ഞതിന് ശേഷം ഏറ്റവും അവസാനമായാണ് സ്ത്രീകൾ ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും അവർക്ക് ഭക്ഷണം ഇല്ലാതെ വരുമ്പോൾ ഉണക്ക കപ്പ പൊടിച്ച് പിട്ടാക്കിയാണ് അവർ കഴിക്കുന്നത് എന്ന സാരാംശത്തോടെ ഗ്രഹാന്തരീക്ഷത്തിന്റെ സാമൂഹിക ശാത്രത്തെ നഗ്നമായി മലയാളിക്ക് പരിചയപ്പെടുത്തിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിലാണ്. ഒട്ടുമിക്ക മലയാളി വീടുകളിലേയും കുടുംബ വ്യവസ്ഥിതിയേയും സാമൂഹിക അധികാര ശ്രേണീകരണത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുമാണ് ബഷീർ എഴുതിയത്.

 ചക്കിപ്പറമ്പൻ മറിയുമ്മ

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിൻമുറക്കാരി ചക്കിപ്പറമ്പൻ മറിയുമ്മയുടെ ജീവിത ഇതിവൃത്തവും ത്യാഗപൂർണ്ണവും മാതൃകാപരവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ പോരാട്ട പോർമുഖങ്ങളിലായിരുന്നു അവരുടെ പൂർവ്വപിതാക്കൾ! കുഞ്ഞുങ്ങളുടെ സുരക്ഷയെ പ്രതി അവരുടെ രക്ഷിതാക്കളെ അരീക്കോട് മാതൃഭവനത്തിലേക്ക് കൊണ്ടുവന്നതാണ് അവരുടെ അമ്മാവനും വലിയുപ്പയും. പിന്നീട് വിവാഹ ബന്ധത്തിലൂടെ വേരുകൾ പടർന്നു പന്തലിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തും സഹപ്രഭാഷകനുമായിരുന്ന കെ.സി അബൂബക്കർ മൗലവിയായിരുന്നു മറിയുമ്മയുടെ ജീവിത പങ്കാളി. അവരുടെ വീട്ടിലെ ആറ് പുരുഷൻമാരിൽ അഞ്ച് പേരും പൊതുപ്രവർത്തകരാണ്. ബാപ്പ മുഴുസമയ രാഷ്ട്രീയ പ്രവർത്തകൻ! രാഷ്ട്രീയക്കാരന്റെ ഭാര്യ അർദ്ധ വിധവയാണെന്ന് മുമ്പ് ഡോ. എം.കെ മുനീർ എഴുതിയിട്ടുണ്ട്! പത്ത് നാൽപത് കൊല്ലം മുമ്പ് പട്ടിണിക്കാലത്ത് പൊതുപ്രവർത്തനവും രാഷ്ട്രീയ ഇടപെടലുകളുമായി നടന്ന വീട്ടിലെ സ്ത്രീകൾ കുടുംബം പോറ്റാൻ അനുഭവിച്ച തീക്ഷണമായ അതിജീവനത്തിന്റെ ഒരു പ്രതീകം മാത്രമാണ് മറിയുമ്മയുടെ ജീവിതം! പയർ വിത്ത് മുളച്ച് പൊങ്ങുന്നത് പോലെ മുട്ട് കുത്തി നിവർന്ന് മണ്ണിൽ വേരുറപ്പിച്ച് ആർജ്ജവത്തോടെ പടർന്ന് പന്തലിച്ച് തണലൊരുക്കുന്ന രീതിയിലായിരുന്നു അത്. ആ തണലിന്റെ ഊർജ്ജത്തിലാണ് ആണുങ്ങൾ പൊതുപ്രവർത്തനത്തിൽ തിളങ്ങിയത്! രാത്രിയിൽ വ്യത്യസ്ഥ സമയങ്ങളിലായി വൈകിയെത്തുന്ന മക്കൾക്കും പ്രിയതമനും ഇടക്കിടെ ഉറക്കമുണർന്ന് വാതിൽ തുറന്ന് കൊടുത്തും ഭക്ഷണം വിളമ്പിയും ഉറക്ക് മുറുകാത്ത രാത്രികൾ. വീട് വിട്ട് സ്റ്റേജിലും പേജിലും ജീവിക്കുന്ന ഭർത്താവിന്റെ അഭാവത്തിൽ മക്കളെ പോറ്റുന്ന സാഹസം ആർജ്ജവത്തോടെ ചെയ്ത് തീർത്തു മറിയുമ്മ. അരിയും പൊടിയുമൊക്കെ കഴിഞ്ഞ നാളിൽ ഉണക്ക കപ്പ ഇടിച്ച് പൊടിച്ച് പത്തിരിയും പിട്ടും ഉണ്ടാക്കി കഴിക്കാൻ തേനും കൂട്ടി മക്കൾക്ക് നൽകിയ ഒരുപാട് നാളുകൾ.

പ്രിയതമൻ മൗലവി വീട്ടിൽ നിന്നും പോയിട്ട് ഒരുപാട് നാളുകളായി. അടുത്ത പ്രദേശത്ത് ഒരു രാഷ്ട്രീയ പ്രസംഗത്തിന് വരുന്നതിന്റെ വാർത്ത പത്രത്തിൽ കണ്ടു. ബാല്ല്യ പ്രായത്തിലുള്ള മൂത്തപുത്രൻ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ബാപ്പയെ തിരഞ്ഞ് പോയി. സ്റ്റേജിലിരിക്കുന്ന പിതാവിനെ കണ്ടപ്പോൾ കുട്ടി വേദിയിലേക്ക് കയറിച്ചെന്നു - "ബാപ്പെ ഉമ്മ ഇങ്ങളോട് വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്!" മകന്റെ സംസാരം ശ്രദ്ധയിൽ പെട്ട സി.എച്ച് മുഹമദ് കോയ കെ.സിയെ നിർബന്ധിച്ച് വീട്ടിലേക്ക് അയച്ചു!
ചക്കിപ്പറമ്പൻ മറിയുമ്മ അവരുടെ പൂർവ്വ പിതാക്കളുടെ ജനിതക ഗുണം രക്തത്തിൽ സൂക്ഷിച്ച ഉമ്മയായിരുന്നു. അവർ പാചകം ചെയ്ത് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാത്ത ഫഖീറുമാർ അന്ന് നാട്ടിൽ ഉണ്ടാവില്ല എന്ന് തന്നെ പറയാം. സർവ്വേശ്വരൻ നൽകിയ അനുഗ്രഹത്തെ മൂടിവെച്ച് സ്വന്തമായി അനുഭവിച്ച് തീർക്കുന്നതിന് പകരം മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകി സുകൃതം നിറച്ചു. അന്നത്തെ പട്ടിണിക്കാലത്ത് എല്ലാ ദിവസവും വീട്ടിൽ അതിഥികളുണ്ടാകും. അവരെയൊക്കെ മാന്യമായി സൽക്കരിച്ച് വിട്ടു. ഏറ്റവും വലിയ ദൈവിക ആരാധന വിശക്കുന്നവന് / അനാഥന് ഭക്ഷണം നൽകലാണെന്ന പ്രവാചക അധ്യാപനത്തെ ജീവിതത്തിൽ പകർത്തിയവരാണവർ. അരിക്കും മരുന്നിനും മക്കളെ കെട്ടിച്ചയക്കാനും മറ്റും ആരുമറിയാതെ സാമ്പത്തികമായും മനുഷ്യരെ സഹായിച്ചു. പൊതുപ്രവർത്തനവുമായി നടക്കുന്നതിനിടയിൽ സ്വന്തം ജീവിതം മറന്നുപോകുന്നിടത്ത് അവരുടെ കുടുംബത്തിന്റെ ജീവിതം തുന്നിച്ചേർത്തത് മറിയുമ്മാത്ത ആയിരുന്നു. കുറി ചേർന്നും നാണയത്തുട്ടുകൾ സ്വരുക്കൂട്ടിയും എടുത്തു വെച്ച പണമുയോഗിച്ച് പറമ്പ് വാങ്ങിയും മറ്റും കുടുംബത്തിന്റെ നിർവ്വചനത്തിന് പ്രൗഢിയേകി. കഴിഞ്ഞ ജൂലൈ മാസത്തിൽ സർവ്വ ശക്തന്റെ വിളിക്കുത്തരമേകി അവർ എന്നെന്നേക്കുമായി യാത്രയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക