Image

ഗാർഹിക വായനയുടെ വംശനാശം ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 7 - പ്രകാശൻ കരിവെള്ളൂർ )

Published on 22 July, 2024
ഗാർഹിക വായനയുടെ വംശനാശം ( വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും 7 - പ്രകാശൻ കരിവെള്ളൂർ )

"മ" എന്ന് കളിയാക്കപ്പെട്ട വാരികകളിൽ നോവലുകൾക്കായിരുന്നു പ്രാമുഖ്യം . അത്ര കനപ്പെട്ട ഉള്ളടക്കമൊന്നുമായിരുന്നില്ല അവയുടേത് . എന്നാലും പ്രായഭേദമന്യേ കൗമാരം തൊട്ടുള്ള സ്ത്രീ പുരുഷന്മാർക്ക് അനായാസം വായിക്കാൻ കഴിയുമായിരുന്നു . കോട്ടയം പുഷ്പനാഥിൻ്റെയും ബാറ്റൺ ബോസിൻ്റെയും ഡിക്റ്ററ്റീവ് നോവലുകൾ പൈങ്കിളി അല്ലാത്ത വായനക്കാർക്കും ഹരം പകർന്നിരുന്നു . പിന്നെ , അവയിലെ കാർട്ടൂണുകളും ഫലിത ബിന്ദുക്കളും ഉന്നത നിലവാരം പുലർത്തിയവയായിരുന്നു . പത്ര വായന പോലും ശീലമില്ലാത്ത സ്കൂൾ കോളേജ് വിദ്യാർത്ഥികളും വീട്ടമ്മമാരും വരെ ആ വാരികകൾ അയൽവക്കങ്ങൾ കൈമാറി വായിച്ചിരുന്നു . മുട്ടത്തു വർക്കിയുടെയും മാത്യു മറ്റത്തിൻ്റെയും ജോയ്സിയുടെയും ജോസി വാഗമറ്റത്തിൻ്റെയും നോവലുകൾ ലൈബ്രറികളിൽ നിന്നെടുത്തതും കുടുംബ - അയൽവക്ക വായനയ്ക്ക് പ്രയോജനപ്പെടുത്തിയിരുന്നു . ആരും നിർബന്ധിക്കാതെ നമ്മുടെ നാട്ടുമ്പുറങ്ങളിലെ കേവല സാക്ഷരർ വരെ മുഴുകിയിരുന്ന ആ വായനക്കെതിരെയാണ് തൊണ്ണൂറുകളുടെ തുടക്കത്തിൽ നമ്മുടെ പ്രബുദ്ധർ സമരത്തിനിറങ്ങിയത് . അവർ കടകൾക്കു മുന്നിൽ കെട്ടിത്തൂക്കിയിട്ടിരുന്ന മനോരമയും മംഗളവും മനോരാജ്യവും മറ്റും സംഘടിതമായി ചെന്ന് വില കൊടുത്ത് വാങ്ങി എന്നിട്ട് മുദ്രാവാക്യം വിളിച്ചു കൊണ്ട് പരസ്യമായി റോട്ടിലിട്ട് കത്തിച്ചു - പൈങ്കിളി വായന തുലയട്ടെ .
ചായപ്പീടികയിലിരുന്ന് പത്രം വായിക്കുന്ന നിഷ്കളങ്കരായ വൃദ്ധർ മനോരമ പത്രവും മാറ്റി വച്ചു - പൈങ്കിളി പത്രം !
വീക്കിലികൾ മൊത്തം ഒന്നിച്ച് ചെലവാകുന്നതു കൊണ്ട് തുടക്കത്തിൽ കടക്കാർക്ക് സന്തോഷമായിരുന്നു ഈ സമരം . എന്നാൽ രണ്ടു മൂന്ന് തവണ സമരം ആവർത്തിച്ച സമരക്കാർ പിന്നീട് കടക്കാരോട് പറഞ്ഞു - ഫണ്ട് തീർന്നു . അതു കൊണ്ട് നിങ്ങളീ കടക്ക് മുന്നിൽ കെട്ടിത്തൂക്കുന്നത് നിർത്തിയാ മതി . എന്നിട്ടും വാങ്ങാനെത്തുന്നവരുണ്ടെങ്കിൽ വായിച്ചോട്ടേ .

അങ്ങനെ തൊണ്ണൂറുകളുടെ പകുതിയോളം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ മലയാളക്കരയിൽ നല്ല പ്രചാരമുണ്ടായിരുന്നു ഈ ഗ്രാമീണ വായനയ്ക്ക് .
ഇതിനിടയ്ക്കാണ് നാട്ടിൽ സ്വകാര്യ ചാനലുകളുടെ വേലിയേറ്റമുണ്ടായത് - ഏഷ്യാനെറ്റും സൂര്യയും സന്ധ്യ തൊട്ട് രാത്രി വരെ സീരിയലുകൾ കാണിച്ച് പ്രേക്ഷകരെ ആകർഷിച്ചു . അന്ന് വാർത്തകൾ ഇന്നത്തെപ്പോലെ പൈങ്കിളിയായിരുന്നില്ല . അതു കൊണ്ട് പ്രൈം ടൈം മുഴുവൻ വീടകങ്ങളിൽ പൈങ്കിളികൾ ചിറകടിച്ചു . അവ പലതും വാരികകളിൽ അച്ചടിച്ചു വരുന്നതിൻ്റെ പത്തിരട്ടി നിലവാരം കുറഞ്ഞതായിരുന്നു . പ്രേക്ഷകർ വായിച്ച നോവലുകൾ ഒട്ടും നിലവാരമില്ലാത്ത ശൈലിയിൽ വലിച്ചു നീട്ടി . അപ്പോൾ വാരികകൾ പുതിയ അടവുമായെത്തി - ഇന്നത്തെ നോവലുകൾ നാളത്തെ സീരിയലുകൾ . പുസ്തകം വായിക്കുന്നതിനേക്കാൾ സുഖം ടീവി കാണുന്നതാണെന്ന എളുപ്പപ്പണി ശീലിച്ച ആളുകൾ തീരുമാനിച്ചു - ഓ . . എന്നാപ്പിന്നെ വാരിക വാങ്ങി പണവും സമയവും കളയുന്നില്ല . സീരിയലാവുമ്പോൾ കണ്ടോളാം .അന്ന് അവസാനിച്ചതാണ് മിക്കവാറും  നമ്മുടെ നാട്ടുമ്പുറത്തെ സാധാരണക്കാരായ സ്ത്രീകളുടെ അക്ഷരബന്ധം .

ഇന്നിപ്പോ ഒരാഢംബരത്തിന് വനിതയും ഗൃഹലക്ഷ്മിയും വാങ്ങുന്ന കുടുംബങ്ങളുണ്ട്. ഒരു അനുബന്ധം പോലെ ആരോഗ്യമാസികകളും . കളർ ഫോട്ടോ മറിച്ച് നോക്കിയാലായി - അല്ലാതെ ആര് അതിൽ നിന്നൊരക്ഷരം വായിക്കാൻ . പിന്നെ , നിർബന്ധിച്ച് പിടിപ്പിക്കുന്ന സ്ത്രീ ശബ്ദം - തൊഴിലുറപ്പും കുറിയും ഡ്രസ്സ് കോഡ് മീറ്റിങ്ങും ഓക്കെ . അല്ലാതെ സ്ത്രീശബ്ദം എത്ര സ്ത്രീകൾക്ക് ഓക്കെ ? ചാനലുകൾ മത്സരിച്ച് രാപ്പകൽ വാർത്തായുദ്ധം ആരംഭിച്ചതോടെ പത്രങ്ങളിൽ വൻ ദുരന്തങ്ങളുടെ ചിത്രങ്ങളും വാർത്തകളും നോക്കുന്ന സ്ത്രീശീലവും മിക്കവാറും നാമാവശേഷമായി .
ഇന്നിപ്പോൾ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് ചുമന്ന് വീടുകളിൽ കൊണ്ട് കൊടുക്കാനുള്ള സന്നദ്ധ സന്നാഹങ്ങളുണ്ട് . മഹാന്മാരായ എഴുത്തുകാരുടെ കനപ്പെട്ട നോവലുകൾ വായനക്കാരെ തേടി യാത്രയിലാണ് . എന്നാൽ ഈ കൊടുക്കുന്നവരിൽ / വാങ്ങുന്നവരിൽ അത് വായിക്കുന്നവരുടെ എണ്ണം കണക്കിലെടുത്താൽ നമുക്ക് സങ്കടം വരും . പുസ്തകചർച്ചയൊക്കെ നടത്തുമ്പോഴാണ് കള്ളി വെളിച്ചത്താവുക - വായനക്കാരെന്ന് ബോധ്യപ്പെടുത്താനല്ലാതെ മെനക്കെട്ട് വായിക്കാൻ ആർക്ക് നേരം / താല്പര്യം ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക