Image

സ്വപ്ന തീരം (കഥ-രാജേഷ് നായർ, മിഷിഗൺ)

Published on 23 July, 2024
സ്വപ്ന തീരം (കഥ-രാജേഷ് നായർ, മിഷിഗൺ)

അശോക ഈ ചമ്മന്തി പൊടിയും ഉപ്പേരിയും കൂടി പെട്ടിയിലേക്ക് എടുത്തു വയ്ക്കൂ അമ്മയുടെ ഓർമ്മപ്പെടുത്തൽ. സർട്ടിഫിക്കറ്റുകൾ എല്ലാം എടുത്തോ  ഒന്നുകൂടി നോക്കൂ. പലഹാരങ്ങൾ ഒന്നും വേണ്ട അമ്മേ ആദ്യമായിട്ട് ഗൾഫിൽ പോകുവല്ലേ. വസ്ത്രങ്ങളും മറ്റും അടുക്കിവയ്ക്കുന്ന തിരക്കിൽ അശോകൻ അമ്മയോട് പറഞ്ഞു.

പാസ്പോർട്ട് ,വിമാന ടിക്കറ്റ് മറ്റും എടുത്തു എന്ന് ഉറപ്പാക്കി. നേരത്തെ കിടന്നുറങ്ങണം പുലർച്ചെ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടാൻ ഉള്ളതാണ്. തിരുവനന്തപുരത്തുനിന്ന് മുംബൈ വരെയും അവിടെനിന്നും  ദമാമിലേക്കും ആണ് ഫ്ലൈറ്റ്. പുലർച്ചെ ഇറങ്ങിയാലെ ഉച്ചയാകുമ്പോഴേക്കും തിരുവനന്തപുരത്ത് എത്തുകയുള്ളൂ. രണ്ടുപ്രാവശ്യം നാട്ടുമര്യാദ അനുസരിച്ചുള്ള യാത്ര പറച്ചിലിനു ശേഷം ഗൾഫിലേക്ക് പോകുവാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും റിക്യൂട്ടിങ് ഏജൻസിക്കാരുടെ ഉത്തരവാദിത്തബോധത്തിനാൽ രണ്ടു പ്രാവശ്യവും തിരികെ വീട്ടിലേക്ക് പോരേണ്ടിവന്നു...... വീട്ടുകാരോട് യാത്ര പറഞ്ഞു നാട്ടുകാരുടെയും കൂട്ടുകാരുടെയും മൗന അനുവാദത്തോടെയും അശോകൻ പുലർച്ചയുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ് പിടിച്ച് നേരെ എയർപോർട്ടിലേക്ക്. ഉച്ചയോടെ എയർപോർട്ടിൽ എത്തി, നാലുമണിക്കാണ് വിമാനം. ട്രാവൽ ഏജൻസിയിൽ നിന്നും പരിചയപ്പെടുത്തിയ ചന്ദ്രേട്ടനും കൂടെയുണ്ട്. അശോകൻ ഒരു ബഹുഭാഷാ പണ്ഡിതനായതിനാൽ ആവാം ടിയാന്റെ ഉത്തരവാദിത്വവും അശോകനെ ഏൽപ്പിച്ചിരിക്കുകയാണ്. രണ്ടാളും ചെക്കിംഗ് ചെയ്തു ആഭ്യന്തര സർവീസ് ലോഞ്ചിനുള്ളിൽ കയറി ഇരിപ്പായി.

ബാല്യകാലത്ത് അപ്പച്ചിയുടെ വീട്ടിലേക്ക് മാസത്തിൽ ഒരു യാത്രയുണ്ട് അശോകന്. ആറോളം കിടപ്പുമുറികളും ആധുനിക സൗകര്യങ്ങളും, എയർകണ്ടീഷണർ വാഷിംഗ് മെഷീൻ സോണിയുടെ വലിയ ടി വി, വി സി ആർ (ഫോണിലും വാച്ചിലും വരെ സിനിമാ കാണുന്ന ഇക്കാലത്ത് വിസിആർ എവിടെ കാണാൻ, വീഡിയോ കാസറ്റ് ഇട്ട് സിനിമാ കാണുന്ന ഒരു യന്ത്രം ) മുതലായവയൊക്കെയുള്ള ഒരു ബംഗ്ലാവ് തന്നെ.

എല്ലാം വല്യച്ഛൻ ഗൾഫിലെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയതാണെന്ന് അശോകൻ കുട്ടിക്കാലത്തെ കേട്ടിട്ടുണ്ട്. അന്നേ അശോകന്റെ ഒരു സ്വപ്നമാണ് ഗൾഫ് ജോലി. ആഗ്രഹസാഫല്യത്തിനായി ഇനി ഏതാനും നാഴിക അല്ലെങ്കിൽ വിനാഴിക മാത്രം. മുംബൈയിലേക്ക്  ഉള്ള അനൗൺസ്മെൻറ് കേട്ട അശോകൻ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു രണ്ടാളും എഴുന്നേറ്റ് ഗേറ്റിലേക്ക് നടന്നു. എയർപോർട്ട് ബസ്സിൽ കയറിയാണ് വിമാനത്തിനടുത്തേക്കുള്ള യാത്ര. അന്നത്തെ കാലത്ത് അത്രയൊക്കെ സൗകര്യങ്ങളേയുള്ളൂ. ജീവിതത്തിലെ പ്രഥമ ആകാശ യാത്രയിലേക്ക് ആകാംക്ഷയോടെ അശോകൻ നടന്നു കയറി ഒപ്പം ചന്ദ്രേട്ടനും. 
വലതുകാൽ വെച്ച് വിമാനത്തിനുള്ളിലേക്ക് കയറിയതും" "ഗുഡ്മോണിങ് ,വെൽക്കം ബോർഡ് "കൈകൂപ്പി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് എയർഹോസ്റ്റസിന്റെ ഊഷ്മളമായ സ്വാഗതം. രണ്ടാളും ആദ്യമായാണ് ഒരു എയർഹോസ്റ്റസിനെ നേരിൽ കാണുന്നത് പുഞ്ചിരിയോടെ അശോകനും ചന്ദ്രേട്ടനും അവരവരുടെ സീറ്റുകളിലേക്ക്. "ബോയിങ് ബോയിങ്" എന്ന സിനിമയിൽ മാത്രമാണ് ഞാൻ എയർഹോസ്റ്റസിനെ കണ്ടിരിക്കുന്നത് എന്ന് ചന്ദ്രേട്ടൻ അശോകനോട് അടക്കം പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഒരു താലത്തിൽ ചോക്ലേറ്റും ചെവിയിൽ വയ്ക്കുവാൻ ഉള്ള കോട്ടനുമായി (പഞ്ഞി) മറ്റൊരു എയർഹോസ്റ്റസ്. സേഫ്റ്റി ക്ലാസിനുശേഷം പൈലറ്റ് അനൗൺസ്മെൻറ്, ആകാശ നൗക യാത്ര പുറപ്പെടാൻ തയ്യാറെടുത്തു. അശോകൻ തന്റെ സീറ്റ് ബെൽറ്റ് ഒന്നുകൂടി ഉറപ്പിച്ച് ചന്ദ്രേട്ടനെയും ഓർമിപ്പിച്ചു. റൺവെയിലേക്ക് ഇറങ്ങി വേഗത കൈവരിച്ചു ആകാശത്തിന്റെ വിരി മാറിലേക്ക്. അൽപസമയം കഴിഞ്ഞപ്പോൾ റോഡിലെ ഗട്ടറിൽ വീണപോലെയൊരു ആട്ടവും കുലുക്കവും ശബ്ദവും. വാതാനുകൂല (എയർകണ്ടീഷണർ) അന്തരീക്ഷത്തിലും അശോകനും ചന്ദ്രേട്ടനും വെട്ടി വിയർത്തു. അപ്പോൾ ഒരു അശരീരി . എയർ പോക്കറ്റ് ആണത്രേ, ആകാശയാത്ര സ്ഥിരമാക്കിയ ഒരു മൂപ്പിലാൻ മുൻ സീറ്റിൽ നിന്നും മൊഴിഞ്ഞു. അതോടെ ആശ്വാസമായി. അങ്ങനെ മുംബൈയിലെത്തി. അവിടെ കാത്തിരുന്ന ബന്ധുക്കളോടൊപ്പം അവരുടെ വീട്ടിലേക്ക്. അന്നത്തെ വിശ്രമം അവിടെ. അടുത്തദിവസം രാവിലെ മുംബൈ എയർപോർട്ടിലേക്ക് തിരിച്ചു.
 
ചെക്കിംഗ് കൗണ്ടറിൽ ഉള്ള ഒഫീഷ്യൽസിന്റെ മറുപടി കേട്ട് രണ്ടാളും ഒന്ന് ഞെട്ടി. രണ്ടാളുടെയും ടിക്കറ്റ് കൺഫോം ആക്കാതെ ആണത്രേ റിക്രൂട്ടിംഗ് ഏജൻസി  എയർപോർട്ടിലേക്ക് വിട്ടിരിക്കുന്നത്. വിസ കാലാവധി തീരാൻ ഇനി ഒരാഴ്ച മാത്രമേയുള്ളൂ എന്നറിയാവുന്ന അശോകൻ കൗണ്ടറിലെ വിമാന കമ്പനി സ്റ്റാഫിനെ വിവരം അറിയിച്ചു. അവർ രണ്ടാളെയും സമാധാനിപ്പിച്ചു. ഭയപ്പെടേണ്ട ടിക്കറ്റ് ക്യാൻസലേഷൻ അനുസരിച്ച് ഞങ്ങൾ  രണ്ടാളെയും പരിഗണിക്കാം നിങ്ങൾ അല്പ സമയം കാത്തിരിക്കു. അവരുടെ നിർദ്ദേശപ്രകാരം പ്രാർത്ഥനയോടെ കാത്തിരുന്നു. അരനാഴിക നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ കൗണ്ടറിൽ നിന്നും ഉള്ള വിളി അവർക്ക് ഒരു ജീവ വായു ആയിരുന്നു. രണ്ടാളുടെയും ടിക്കറ്റ് ഒക്കെയായി ഇതാ ബോർഡിങ് പാസ്സ്, പുനർജന്മം ലഭിച്ച സന്തോഷം. ബോർഡിങ് പാസ്സുമായി ദമാം ഫ്ലൈറ്റിന്റെ ഗേറ്റിലേക്ക് നടന്നു. ഇനി അടുത്ത അനൗൺസ്മെൻറ് വരെ കാത്തിരിക്കണം. 
ദമാമിലേക്കുള്ള അനൗൺസ്മെൻറ് വിവിധ ഭാഷകളിലായി മുഴങ്ങിക്കേട്ടതോടെ വിമാനത്തിലേക്ക്. ബോർഡിങ് പാസ്മായി ക്യൂവിൽ അക്ഷമരായി നിന്നു. നീണ്ട ഒരു വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് രണ്ടാളും അവരവരുടെ സീറ്റുകളിലേക്ക്. എയർഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം സീറ്റ് ബെൽറ്റ് ഉറപ്പിച്ച് അവർ തങ്ങളുടെ പ്രവാസ ജീവിതത്തിനായുള്ള സ്വപ്നയാത്രയ്ക്കായി തയ്യാറെടുത്തു. 
വിമാനത്തിൽ നിന്നിറങ്ങി അൽപദൂരം കാൽനടയായി വേണം എയർപോർട്ട് ബിൽഡിങ്ങിലേക്ക് എത്താൻ. ഗൾഫ് രാജ്യങ്ങളിലെ ആഗസ്റ്റ് മാസത്തെ ചൂടും, ഹ്യൂമിഡിറ്റിയും എന്താണെന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻതന്നെ അശോകന് മനസ്സിലായി. സ്വപ്നം കണ്ട ഗൾഫ് അല്ല ഇവിടെ എന്നും അതിജീവനം അത് കഠിനം തന്നെ എന്നും അശോകൻ അങ്ങ് ഉറപ്പിച്ചു. 

ദീർഘവും കഠിനവുമായ കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം രണ്ടാളും നെയിം ബോർഡും പിടിച്ച് കമ്പനി പ്രതിനിധിയെയും കാത്ത് ഇരിപ്പായി. വൺ വേൾഡ് എന്ന വാക്ക് അന്വർത്ഥമാക്കി വിവിധ രാജ്യക്കാർ പ്രവാസ സ്വപ്നങ്ങളുമായി  വാചാലരായി കാത്തിരിപ്പ് തന്നെ. നിമിഷങ്ങൾ മിനിറ്റുകൾക്കും മണിക്കൂറിനും വഴി മാറി കൊടുത്തപ്പോൾ മാന്യ വസ്ത്രധാരിയായ ഒരാൾ തങ്ങളുടെ നെയിംബോർഡ് ലക്ഷ്യമാക്കി വരുന്നത് അശോകൻ കണ്ടു. അവരുടെ സമീപം എത്തിയ ആൾ ചന്ദ്രേട്ടനെ സ്നേഹത്തോടെ ആശ്ലേഷിക്കുന്നത്  അശോകൻ കൗതുകത്തോടെ നോക്കി. ചന്ദ്രേട്ടന്റെ വിളിയിൽ നിന്നും അദ്ദേഹത്തിൻറെ പേര് മുരളി എന്നാണെന്നും, ചന്ദ്രേട്ടന്റെ അയൽവാസിയും, തങ്ങളുടെ കമ്പനിയിലെ ക്യാമ്പ് ബോസ് (താമസസ്ഥല മാനേജർ) ആണെന്നും അശോകനും മനസ്സിലായി. രണ്ടാളും ആഹ്ലാദഭരിതരായി. രാജ്യം, ഭാഷ, ജോലി ഇവയെല്ലാം പുതിയതാണെങ്കിലും പരിചയമുള്ള ഒരാളെയെങ്കിലും കണ്ടല്ലോ എന്ന ആശ്വാസം ചന്ദ്രേട്ടനും , പരിചയമുള്ള ആളെ പരിചയമുണ്ടല്ലോ എന്ന ആശ്വാസം അശോകനും.
കമ്പനിയിലേക്കുള്ള യാത്ര മധ്യേ  നമുക്ക് സ്വല്പം ആഹാരം കഴിച്ചിട്ടാവാം തുടർ യാത്ര എന്ന മുരളി ചേട്ടൻറെ ക്ഷണം. വിശപ്പിന്റെ വിളി കേട്ട് തുടങ്ങിയിരുന്ന അശോകന് മുരളിയേട്ടന്റെ ചോദ്യം കർണാനന്ദകരമായിരുന്നു. മൂവരും ഒരു അറേബ്യൻ റസ്റ്റോറന്റിലേക്ക് കയറി. ആദ്യമായാണ് രണ്ടാളും ഒരു അറേബ്യൻ റസ്റ്റോറന്റിൽ കയറുന്നത് ചിക്കൻ കബ്സ വയർ നിറയെ കഴിച്ചു (പരമ്പരാഗത അറേബ്യൻ ആഹാരം). കാറിൽ കയറി കമ്പനിയിലേക്ക് തിരിക്കുമ്പോഴും അവരുടെ നാവിൽ കൊതിയൂറും കബ്സയുടെ രുചിയും, ഗന്ധവും നിറഞ്ഞു നിന്നിരുന്നു. നവാഗതർക്കുള്ള കിടക്ക, ബെഡ്ഷീറ്റ്, ആഹാരം പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ മുതലായവ നൽകി മുരളിയേട്ടൻ അവരെ നിർദ്ദിഷ്ട മുറികളിൽ എത്തിച്ചു. പ്രവാസം ആണെങ്കിലും നാട് ആണെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ദൈനംദിന ജീവിതത്തിന് അനിവാര്യം.

പൈപ്പ് ലൈൻ കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി. അശോകൻ പൈപ്പ് ലൈൻ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലും ചന്ദ്രേട്ടൻ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലും നിയമനം. അശോകനെ ഇൻസ്പെക്ഷൻ എൻജിനീയറുടെ മുറിയിലേക്ക് മുരളിയേട്ടൻ തന്നെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. ഫിലിപ്പിൻ കാരനാണ് എൻജിനീയർ അലക്സ്. ഒറ്റനോട്ടത്തിൽ സൗമ്യമെന്ന് തോന്നുന്ന ക്രശ ഗാത്രനായ ഒരാൾ, കാഴ്ചയിൽ മാത്രം സൗമ്യൻ എന്ന് മുരളിയേട്ടൻ അവനോട് പതിയെ പറഞ്ഞു.  അടുത്തദിവസം കാണാമെന്ന് പറഞ്ഞ് അലക്സ് വർക്ക് സൈറ്റിലേക്ക് പുറപ്പെട്ടു.

രണ്ടാളും വീണ്ടും തങ്ങളുടെ വാസസ്ഥലത്തേക്ക്. തലേദിവസം മുറികളിൽ എത്തിയിരുന്നെങ്കിലും സഹമുറിയന്മാരെ ഒന്നും പരിചയപ്പെട്ടിരുന്നില്ല. അഞ്ചുപേർക്ക് അനുവദിച്ചിരിക്കുന്ന മുറിയിൽ അഞ്ചാമൻ ആയാണ് അശോകൻ എത്തിയത് അപ്പോൾ ഇനി നാലാളെ പരിചയപ്പെടണം. രവിച്ചേട്ടൻ, പ്രസാദ് ഏട്ടൻ രണ്ടു മലയാളികൾ മറ്റു രണ്ടാളും തമിഴ്നാട്ടിൽനിന്നുള്ള ചിന്ന രാജ അണ്ണനും, രാജേന്ദ്രൻ അണ്ണനും. സൗഹൃദ സംഭാഷണം പരിചയപ്പെടൽ. നാട്ടിലെയും, വീട്ടിലെയും വിശേഷങ്ങളും പങ്കുവെച്ചു,. ആഹാര കാര്യമൊക്കെ എങ്ങനെ ഞാനും പ്രസാദും ഒരുമിച്ചാണ് ആഹാരം പാകം ചെയ്യൽ, അശോകൻ എങ്ങനെ ഞങ്ങളുടെ കൂടെ കൂടുന്നോ,പാചകപ്രിയൻ ആണോ രവി ചേട്ടൻറെ ചോദ്യം. വാചകപ്രിയനാണെന്ന് തോന്നുന്നു കൂടെ കൂട്ടിക്കളയാം എന്ന് പ്രസാദ് ഏട്ടൻ പുഞ്ചിരിയോടെ. പാചക വിശാരദൻ അല്ലാത്തതിനാൽ എന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്ന അശോകന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, ഒരു പിടി അരി എനിക്കുകൂടി ഇട്ടോളൂ എന്ന് അശോകന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. അതൊരു നീണ്ട സൗഹൃദ ബന്ധത്തിൻറെ തുടക്കമായിരുന്നു. 

. മൂന്നാൾക്കും വ്യത്യസ്ത സൈറ്റുകളിലാണ് ജോലി. വർക്ക് സൈറ്റിൽ തണൽ ഒന്നും കിട്ടില്ലേ എന്ന ചന്ദ്രേട്ടന്റെ സംശയത്തിന്, ആകാശത്തുകൂടി വല്ല വിമാനവും പറന്നാൽ നല്ല തണൽ കിട്ടും എന്ന പ്രസാദ് ഏട്ടൻറെ  മറുപടി ഏവരെയും പൊട്ടിച്ചിരിപ്പിച്ചു. രാവിലെ നാലുമണിക്ക് തയ്യാറായി സൈറ്റുകളിലേക്ക് പോയാൽ മിക്കവാറും പരസ്പരം കാണുന്നത് രാത്രി ഏഴുമണിക്ക് തിരികെ എത്തുമ്പോൾ ആവും. തിരിച്ചെത്തിയാൽ ഓരോ ഗ്ലാസ് സുലൈമാനിയും കുടിച്ച് നേരെ പൊതു അടുക്കളയിലേക്ക്. അടുത്ത  അങ്കം അടുക്കളയിൽ തന്നെ. പൊതു അടുക്കള, പൊതു ശുചിമുറി, ടിവി റൂം എല്ലാം പൊതുവായി തന്നെ, എല്ലായിടത്തും ക്യൂ തന്നെ. പ്രവാസ ജീവിതത്തെ കുറിച്ചുള്ള അശോകന്റെ വർണ്ണശബളമായ സ്വപ്നങ്ങളിലെ പ്രകാശവും, വർണ്ണവും മങ്ങിത്തുടങ്ങിയിരുന്നു.

ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ഓഫീസിൽ ചെന്ന അശോകനോട് അലക്സ് പറഞ്ഞു നാളെ മുതൽ അശോകന് വർക്ക് സൈറ്റിലാണ് ഡ്യൂട്ടി. കമ്പനി നിർദ്ദേശങ്ങൾ എല്ലാം പാലിച്ച് ഇൻസ്പെക്ഷൻ പൂർത്തിയാക്കുക മൂന്നുമാസത്തെ പ്രൊബേഷൻ ഭംഗിയായി പൂർത്തിയാക്കിയാലേ ജോലി സ്ഥിരത ഉണ്ടാവുകയുള്ളൂ എന്നൊരു മുന്നറിയിപ്പും അലക്സിന്റെ വക. ഉത്തരവ്" അശോകൻ പറഞ്ഞില്ല... മെല്ലെ തലയാട്ടി. 

അത്താഴമൊക്കെ കഴിഞ്ഞ് നാളത്തേക്കുള്ള ചോറും കറിയും ടിഫിൻ ബോക്സിൽ നിറച്ച  അശോകനോട് അതുകൂടി എടുത്തോളൂ ബ്രേക്ക് ഫാസ്റ്റ് ആണ് എന്ന് രവിച്ചേട്ടൻ. ചപ്പാത്തി ആണോ അത് , ചോദിച്ച അവനോട് കുബൂസ് ആണ് ഒരു മുട്ടയും ചേർത്ത് ഒരു സാൻവിച്ച് പോലെയൊക്കെ ഉണ്ട്. ഇതാണ് നമ്മുടെ പ്രഭാതഭക്ഷണം, വിശപ്പ് ഒരു പ്രശ്നമല്ലെങ്കിൽ എടുക്കേണ്ട കേട്ടോ എന്ന് പ്രസാദ് ഏട്ടൻ ഒരു ചെറു ചിരിയോടെ. വീട്ടിൽ മാതാപിതാക്കൾ സ്നേഹത്തോടെ പാകം ചെയ്തു തരുന്ന ആഹാരസാധനങ്ങൾ രുചിയില്ലെന്നും, മണമില്ലെന്നും, ഗുണമില്ലെന്നും മറ്റും പറഞ്ഞ് പുച്ഛത്തോടെ മുഖം തിരിക്കുന്നവർക്ക് ഇതൊക്കെ ഒരു പാഠം തന്നെ അശോകൻ  ഓർത്തു.

അതിരാവിലെ രണ്ടുമണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം വർക്ക് സൈറ്റിൽ എത്തിയ അശോകൻ വാഹനത്തിൽ നിന്നിറങ്ങി ഒന്ന് ചുറ്റും കണ്ണോടിച്ചു. നാലുവശവും മണലാരണ്യം തന്നെ. അതിന്റെ നടുവിലൂടെ അനന്തമായി നീണ്ടുകിടക്കുന്ന പൈപ്പ് ലൈൻ പാടം, അതും മിക്കതും ഒരാൾ പൊക്കത്തിൽ കൂടുതൽ വലിപ്പമുള്ളവ. എസ്കവേറ്റഡ് മാൻ ഹോളുകളിൽ ഇറങ്ങി വേണം പൈപ്പ് ലൈൻ ഇൻസ്പെക്ഷനും, വർക്ക് കംപ്ലീഷൻ സർട്ടിഫിക്കേഷനും ചെയ്യുവാൻ. അതിനുശേഷം കമ്പനി ഇൻസ്പെക്ടർ ഒപ്പമുള്ള സംയുക്ത പരിശോധനയും നടത്തണം. പ്രഥമ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങി നോക്കിയപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയ എൻജിനീയർ അലക്സിനെ കാണുന്നില്ല. ഉച്ച സമയമായതിനാൽ ടെന്റിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ച സഹജോലിക്കാർ സൗഹൃദത്തോടെ അശോകനെയും വിളിച്ചു. വിശപ്പിന്റെ വിളിയും കൂടി ആയപ്പോൾ അശോകൻ കൈകഴുകി ടിഫിൻ തുറന്ന് ആഹാരം കഴിക്കാൻ തയ്യാറായി. ഒരു കൂട്ടാൻ മാത്രം കൂട്ടി ആഹാരം കഴിക്കുന്ന കണ്ടതിനാൽ ആവും അപ്പോൾ ഉണ്ടായ ശക്തമായ മണൽ കാറ്റിലെ ഒരു തരിമണൽ പോലും അശോകന്റെ തുറന്ന ടിഫിൻ ബോക്സിനു വെളിയിൽ പോയില്ല. അങ്ങനെ അന്നത്തെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇഗ്ലൂ തുറന്ന് വയറു നിറയെ വെള്ളം കുടിച്ച അശോകന് പച്ചവെള്ളത്തിനു പോലും അനിർവചനീയമായ രുചിയുണ്ടെന്നും വിശപ്പടക്കാൻ സാധിക്കുമെന്നും ബോധ്യപ്പെട്ടു.

മരുഭൂമിയിലെ മണൽത്തീരം ആയാലും, കടൽത്തീരം ആയാലും അസ്തമയ സൂര്യന് മുറുക്കി ചുവപ്പിച്ച അന്തിച്ചുവപ്പ് തന്നെ. അന്തിമയങ്ങിയതിനാൽ എല്ലാവരും തിരികെ ക്യാമ്പിലേക്ക്. 
അന്നത്തെ പാചകം അശോകന്റെ ഊഴം ആയതിനാൽ സുലൈമാനിയെയും കൂട്ടി വാചകം ഒഴിവാക്കി നേരെ പാചകത്തിലേക്ക്. പാചക വിദഗ്ധനായ അശോകൻ മോര് കറിയുമായി മല്ല യുദ്ധത്തിൽ  ഏർപ്പെട്ടു, സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താനായി സഹ മുറിയൻ ചിന്ന രാജ അണ്ണന്റെ അവസരോചിതമായ ഇടപെടൽ. കുതിക്കട്ടെ തമ്പി കുതിക്കട്ടെ(തിളക്കട്ടെ) മോരു കുളമ്പ് എന്നായി അണ്ണൻ. രസമല്ല മോര് കറി എന്നുള്ള കാര്യം ആവേശത്തിനിടെ അണ്ണൻ മറന്നുപോയി. നിലയില്ലാതെ കുതിച്ച മോര് കറി പിരിഞ്ഞു പോയി. അച്ചാറും പച്ചമോരും കൂട്ടി അന്നത്തെ അത്താഴം കുശാൽ ആയി.

ദിവസങ്ങൾ ആഴ്ചകൾക്കും, മാസങ്ങൾക്കും വഴി മാറി. മാറ്റങ്ങൾ അശോകന്റെ ജീവിതത്തിലും ഉണ്ടായി. സുലൈമാനി ,കുബ്ബൂസ്, കബ്സ എന്നിവർക്ക് ദോശ, അപ്പം ,ചായ മുതലായവർ വഴി മാറി കൊടുത്തു. കൈനിറയെ കാശ് ചിലവാക്കിയിരുന്ന അശോകൻ ഓരോ റിയാലും ചെലവാക്കുമ്പോൾ ഇത് നാട്ടിലേക്ക് അയച്ചാൽ ഇത്ര രൂപയാകും എന്ന് മനക്കണക്ക് കൂട്ടി ചെലവ് കുറച്ച് ജീവിക്കാൻ പഠിച്ചു. അവധിക്ക് നാട്ടിൽ പോകുന്ന സുഹൃത്തുക്കളുടെ കയ്യിൽ കൊടുത്തയക്കാൻ എയർ മെയിലുകൾ വാങ്ങി കത്തുകൾ എഴുതിക്കൂട്ടി.

അന്നും പതിവുപോലെ പുലർച്ചെ ജോലി സ്ഥലത്തേക്ക്. രണ്ടാൾ പൊക്കമുള്ള  എണ്ണക്കുഴൽ (പൈപ്പ് ലൈൻ) പരിശോധനയ്ക്കിടെ കാലിൽ എന്തോ കടിച്ച പോലെ അശോകന് തോന്നി. അല്പം ദൂരം മാറിനിന്നിരുന്ന ഹെൽപ്പർ ആൻറണി  അശോകേട്ടാ ചേട്ടൻറെ കാലിൽ പാമ്പ് കടിച്ചോ എന്നൊരു സംശയം എന്നു പറഞ്ഞ് ഓടിയെടുത്ത് പാമ്പിനെ തോണ്ടിയറിഞ്ഞു. മോഹലസ്യപ്പെട്ട് അശോകൻ താഴേക്ക് വീണു. മരുഭൂമിയിലെ പാമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും  വിഷം കൂടുതൽ എന്ന് ഓടി അടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. അലർച്ച കേട്ട് ഓടിവന്ന അൽ ഖത്താനി എന്ന ഇൻസ്പെക്ടർ അശോകനെ കോരിയെടുത്ത് വാഹനത്തിൽ അടുത്ത ആശുപത്രി അത്യാഹിത വിഭാഗം ലക്ഷ്യമാക്കി പാഞ്ഞു. കടിച്ച് പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കുന്ന സംവിധാനം ഇല്ലാത്തതിനാൽ ആവാം അദ്ദേഹത്തിൻറെ ഈ ഇടപെടൽ. ഖത്താനിയുടെ അവസരോചിതമായ ഇടപെടലോ, തമ്പുരാൻറെ അനുഗ്രഹത്തോടെയുള്ള ഭിഷഗ്വരന്മാരുടെ ഇടപെടലോ എന്തോ അശോകൻ കണ്ണുതുറന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നു. നിറമിഴികളോടെ സഹായിച്ച ഏവരോടും അശോകൻ നന്ദി പറഞ്ഞു.

സായാഹ്നത്തോടെ വല്യേട്ടൻ മാരും, സഹമുറിയന്മാരും, പരമ്പരാഗത രീതിയിലുള്ള പഴവർഗങ്ങളും, റസ്ക്കും, ബിസ്ക്കറ്റും ഒന്നുമില്ലാതെ തന്നെ ആശുപത്രിയിൽ അശോകനെ സന്ദർശിക്കാൻ എത്തി. അവരോടൊപ്പം പോകാമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ അശോകനെ ആഹ്ലാദഭരിതനാക്കി. അവർക്കൊപ്പം തിരികെ വാസസ്ഥലത്തേക്ക്, വാഹനത്തിനുള്ളിലെ മൂകത ഭഞ്ജിക്കാനോ ആവോ പൊതുവേ ഫലിതപ്രിയനായ പ്രസാദ് ഏട്ടൻ മൗനം വെടിഞ്ഞു. അശോകാ നീ വന്നിട്ട് ആറുമാസം  അല്ലേ ആയുള്ളൂ എങ്കിലും ബാങ്ക് ബാലൻസ് വർദ്ധിച്ചുവോ എന്നൊരു സംശയം , ഇല്ല പ്രസാദ് ചേട്ടാ, എന്താ ചോദിച്ചത്, പൊതുവേ ബാങ്ക് ബാലൻസ് വർദ്ധിക്കുന്നത് അനുസരിച്ചാണത്രേ തലമുടി കൊഴിയുന്നത് ഇതിപ്പോൾ 'സൂര്യോദയം' നിൻറെ ഉച്ചിയിൽ തന്നെയാണല്ലോ അശോകാ എന്നായി പ്രസാദ് ഏട്ടൻ. സുഹൃത്തുക്കളുടെ പൊട്ടിച്ചിരിക്കൊപ്പം അശോകനും ചേർന്നു, അല്പസമയത്തേക്ക് വേദനകൾ മറന്ന് അവർ പൊട്ടിച്ചിരിച്ചു...
ഞങ്ങൾ പ്രവാസികൾ അങ്ങനെയാണ് , എന്തിലും ഏതിലും അല്പം നർമ്മം കണ്ടെത്തി സന്തോഷിക്കാൻ ശ്രമിക്കും.. അതൊരു തെറ്റല്ലല്ലോ... ആണോ?

🌹🌹🌹🌹🌹
❤പ്രിയമുള്ളവരെയും, പ്രിയമുള്ളവയും പാടെ ഉപേക്ഷിച്ച് കുടുംബാംഗങ്ങളോടൊപ്പം ഉള്ള കൂടിച്ചേരലും, ഉത്സവാഘോഷങ്ങളും ഉപേക്ഷിച്ച്, കുടുംബത്തിന്റെയും കുഞ്ഞുമക്കളുടെയും ജീവിതം ഭദ്രമാക്കാനായി, ജോലിയുടെയും, ജീവിതത്തിന്റെയും അനിശ്ചിതത്വത്തിൽ ജീവിക്കുന്ന യഥാർത്ഥ പ്രവാസികൾക്കായി സമർപ്പിക്കുന്നു❤

രാജേഷ് നായർ, 
ട്രോയ്, മിഷിഗൺ.

Join WhatsApp News
Samgeev 2024-07-23 02:49:16
Beautiful story. The ‘Pravasi’ life is well depicted. Samgeev
Deepa 2024-07-23 14:23:35
Nice 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക