നിറവിന്റെയും
ഒഴിവിന്റെയും
ചില്ലുമേളനം
മുഖക്കണ്ണാടിയിൽ.
വേറെ വേറെയെന്നിരിക്കിലും
ഞാനും നീയും പിരിയാതെ ചേരുന്നു
മുഖവുര കൂടാതെ ഏകമുഖമായി
സ്വകാര്യമുഖക്കണ്ണാടിയിൽ.
ഒരിക്കൽ നിറങ്ങൾ സ്വന്തമാക്കാൻ വാശിയോടെ തുനിഞ്ഞപ്പഴാ
പാവം കണ്ണാടിയുടെ
മുഖം തകർന്നു പോയത്!
നിറങ്ങളിൽ കീറ്റ് വീണ
കുഞ്ഞൻനുറുങ്ങുകളിൽ
പ്രതിരൂപങ്ങളും ശിഥിലമായി.
കൊളുത്തിയിട്ട
ആണിയിൽ നിന്നും
കിനിഞ്ഞിറങ്ങിയ ചോര
കണ്ണാടിയുടെ മറുപുറത്തെ ഭിത്തിയിലൂടെ
പാൽവെള്ളനിറമുള്ള തറ നനച്ചു.
ഈ രക്തത്തിൽ
എനിക്കൊ നിനക്കൊ
പങ്കില്ല!
ജീവിതത്തിന്റെ വൈരൂപ്യത്തിനു
നമുക്ക് കണ്ണാടിയെ സ്തുതിക്കാം
അസ്സലിനെ
പകർപ്പായി കാട്ടി
മടുത്തുവൊ?
ഉയിർത്തെഴുന്നേറ്റ കണ്ണുകൾ
ഉന്നമിടാതെ ഉന്നമിടുമ്പോൾ
മറുപുറത്തെ അതാര്യതയിൽ
സൗന്ദര്യം പൂത്തുലയുമായിരിക്കും.
മുഖക്കണ്ണാടിയിൽ
മൌനത്തിന്റെയും
ഒച്ചയുടെയും മേളനം
കേൾക്കുന്നില്ലേ?
ചലനത്തിന്റെയും നിശ്ചലതയുടെയും
മേളനം അതിൽ കാണുന്നില്ലേ?
മരണത്തിന്റെ മിനുസമേറിയ
പ്രതലത്തിൽ നോക്കൂ,
അസ്തിത്വത്തിന്റെ സുതാര്യമായ
നിറവിൽ നിഴലുകൾ
പുണർന്നൊന്നാകുകയല്ലേ?
രൂപത്തിന്റെയും പ്രതിബിംബത്തിന്റെയും
ഇടയിലുള്ള അതിര് മങ്ങുകയാണ്
രൂപം തന്നെ പ്രതിബിംബം
പ്രതിബിംബം തന്നെ രൂപം.
സ്വപ്നത്തിൽ നിന്നുമുണരുന്ന
ഒരു സുദീർഘസ്വപ്നവും
കണ്ടു മെത്തയിൽ കിടന്നാൽ
ചില്ലുസ്വപ്നങ്ങൾക്ക്
അവസാനമെവിടെ!