Image

ബസ് ഏക് വറ ഭായ് (ചെറുകഥ: ചിഞ്ചു തോമസ്)

Published on 23 July, 2024
ബസ് ഏക് വറ ഭായ് (ചെറുകഥ: ചിഞ്ചു തോമസ്)

കാലം രണ്ടായിരത്തിഇരുപത് ഏപ്രിൽ മാസം. സ്ഥലം കുവൈറ്റിലെ ഒരു വാടകമുറി. മാസങ്ങൾക്ക് മുൻപ് എന്തു സംഭവിച്ചു എന്ന് ചുരുക്കി ആദ്യമേ പറഞ്ഞേക്കാം :

ജനുവരിയിൽ ജോസൂട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു പറക്കൽ പറന്നതാണ് കുവൈറ്റിലോട്ട്. ഹണിമൂൺ ആഘോഷിക്കാൻ ഏപ്രിൽ മാസം ദുബൈലേക്ക് വരാൻ ഭാര്യയോട് പറഞ്ഞുവെച്ചതായിരുന്നു.ഭാര്യ ആനിക്കുട്ടി ബാംഗ്ലൂരിൽനിന്നും ദുബൈലേക്ക് ജോസൂട്ടി കുവൈറ്റിൽനിന്നും ദുബൈലേക്ക്. രണ്ടാഴ്ച്ച ദുബൈയിൽ അടിച്ചുപൊളി. അങ്ങനെ വലിയകലത്തിൽ വെള്ളം തിളപ്പിച്ച്‌ അരിയിടാൻ വന്നപ്പോഴാണ് കൊറോണ എന്ന ബ്‌റൂട്ടസ് ജോസൂട്ടിയെ വഞ്ചിച്ചുകളഞ്ഞത്. ജോസൂട്ടി കുവൈറ്റിലെ മുറിയിൽ പെറ്റുകിടക്കുന്ന പെണ്ണിനെപ്പോലെ പെട്ടുപോയി! 
കാലം കരുതിവെച്ച മുട്ടൻ പണിയോർത്ത് ദിവസങ്ങൾ ആ കുടുസാ മുറിയിൽ തള്ളിനീക്കി. കൊറോണ ഇപ്പോൾ തീരും ഇപ്പോൾ തീരും എന്ന് നോക്കിയിരിക്കാൻ തുടങ്ങിയിട്ടും മരുന്ന് ഇന്നു കണ്ടുപിടിക്കും നാളെ കണ്ടുപിടിക്കും എന്ന് പ്രതീക്ഷിക്കാൻ തുടങ്ങിയിട്ടും നാളുകളായി. ഇങ്ങനെ തുടർന്നാൽ ആനിക്കുട്ടിയെ ഈ ജന്മം കാണാൻ പറ്റുമോ! ഓർത്തോർത്ത് ജീവിതത്തിന്റെ രുചിയെല്ലാം കെട്ടടങ്ങിയ പോലെയായി ജോസൂട്ടിക്ക്.

ജോസൂട്ടി താമസിച്ചുവന്നിരുന്ന കമ്പനിവക താമസസ്ഥലത്തു ആർക്കോ കൊറോണ പിടിപെട്ടതിനാൽ കമ്പനിയുടെ നിർദ്ദേശപ്രകാരം പെട്ടെന്ന് വേറൊരു താമസസ്ഥലം തരപ്പെടുത്തേണ്ടി വന്നു. ഒരു വാടകമുറി പെട്ടെന്ന് ഒപ്പിച്ചു. വലിയ ഡിമാൻഡ് വെക്കാനൊന്നും കഴിഞ്ഞില്ല കർഫ്യൂ കാലമായതിനാൽ.ജോസൂട്ടിക്ക് കിട്ടിയ മുറിയിൽ മറ്റു മൂന്ന് പേർകൂടി ഉണ്ടായിരുന്നു. ഒരു നോർത്ത് ഇന്ത്യനും രണ്ട് തെലുങ്കന്മാരും. മലയാളികളെ റൂംമേറ്റ്സ് ആയി ആഗ്രഹിക്കുന്നതുപോലും ആ കാലം വെറും അതിമോഹം മാത്രമായിരുന്നു. അങ്ങനെ ആ മുറിയിൽ ഇംഗ്ലീഷ് ഭാഷ കേമനായി തലപൊക്കി നിന്നു.

ജോസൂട്ടി ജന്മനാ ശാന്തനും ശുദ്ധഗതിക്കാരനുമാണ്. അതിരുവിട്ട ലാളനയിൽ ജോസൂട്ടിയെ മാതാപിതാക്കൾ എന്നും ഒരു കുട്ടിയായി വളർത്തി. സ്വയം പ്രഖ്യാപിത ഗുണ്ടയായിരുന്നു ജോസൂട്ടിയുടെ ചേച്ചി. കുട്ടിക്കാലത്തു ചേച്ചിയുടെ ഗുണ്ടായിസം കാരണം ചേച്ചിക്ക് വിപരീത സ്വഭാവക്കാരനായി  ജോസൂട്ടി വളർന്നുവന്നു. ജോസൂട്ടിയുടെ അനിയത്തിയാകട്ടെ പുറമേ ശാന്തയും എന്നാൽ നല്ല അടിയൊഴുക്കുള്ള സ്വഭാവക്കാരിയും. അങ്ങനെയോർത്താൽ പാവം ജോസൂട്ടി ജന്മം കൊണ്ടേ അകപ്പെട്ടുപോയിരുന്നു എന്ന് പറയാലോ!

എന്നാൽ ജോസൂട്ടി സ്വപ്നം കണ്ടപോലെ നല്ല അടക്കവും ഒതുക്കവുമുള്ള മൃതു ഭാഷിണിയായ സുന്ദരിയായ യുവതിയെ സ്വന്തമാക്കി സമാധാനപരമായ കുടുംബജീവിതം മനസ്സിൽ താലോലിച്ചു ഭാര്യയെ എത്രയും വേഗം കുവൈറ്റിലേക്ക് കൊണ്ടുവരണം എന്നാശിച്ചു കുവൈറ്റിൽ തിരിച്ചെത്തിയ ജോസൂട്ടിയെ കാത്തിരുന്നതോ നീണ്ട ഇരുൾ നിറഞ്ഞ മാസങ്ങൾ.
ജീവിതമങ്ങനെ നിരങ്ങി മടുത്തതിനാൽ അതിലേക്കു വിവിധതരം രുചിഭേദങ്ങൾ കൊണ്ട് തല്ക്കാലാശ്വാസം കണ്ടെത്താൻ ജോസൂട്ടി തീരുമാനിച്ചു. അതെ, ജോസൂട്ടി ഇനി നല്ലപോലെ ഭക്ഷണം പാകം ചെയ്യാൻ തീരുമാനിച്ചു. ബീഫിൽത്തന്നെയാകട്ടെ തുടക്കമെന്നുകരുതി ഒരുകിലോ ബീഫും അതിന് ആവശ്യമായ സാധന സാമഗ്രികളും ജോസൂട്ടി വാങ്ങിക്കൂട്ടി. അമ്മയെവിളിച്ചു ബീഫ്‌ക്കറിയുണ്ടാക്കുന്ന വിധമൊക്കെ മനസ്സിലാക്കിവെച്ചിരുന്നു. അതൊന്നും മറന്നുപോകാതെ പുസ്തകത്തിൽ പകർത്തിയിരുന്നു.

ജോസൂട്ടി താമസിക്കുന്ന മുറിയോട് ചേർന്നുള്ള അടുക്കളയിൽ ഒരു സമയം ഒരാൾക്ക് മാത്രം ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ട് ഒരുമണിക്കൂറിൽ കൂടുതൽ പാകം ചെയ്യാൻ ആരും എടുത്തിരുന്നില്ല. ജോസൂട്ടി തന്റെ സ്വന്തം കട്ടിങ്ബോർഡും പിച്ചാത്തിയുമായി അടുക്കളയിൽ കയറി. ഇരുന്നൂറ്‌ ഗ്രാം ചെറിയുള്ളിയുടെ തൊലി പൊളിച്ചത് ഇരുന്നും നിരങ്ങിയും കണ്ണുനീർ വാർത്തുമാണ്. അവിടെത്തന്നെ നല്ലൊരു സമയം പിന്നിട്ടു.പിന്നെ വലിയ രണ്ട് കൂട്ടം വെളുത്തുള്ളി പൊളിക്കലും ഇഞ്ചി ചിരണ്ടലും. ഇതെല്ലാം ഒരുക്കി കട്ടിങ് ബോർഡിൽ വെച്ചപ്പോൾ രാവിലെ സമയം പതിനൊന്നു മണി. നോർത്ത് ഇന്ത്യനും തെലുങ്കന്മാരും മാറി മാറി അടുക്കള വട്ടമിട്ടു പറക്കാൻ തുടങ്ങി.

ജോസൂട്ടി സമയം കടന്നുപോകുന്നത് മനസ്സിലാക്കി ചകചക പ്രത്യേകിച്ച് ഒരാകൃതിയും വലിപ്പവും നോക്കാതെ അരിയാൻ തുടങ്ങി. പിന്നെ വഴറ്റൽ. നല്ലപോലെ വാടണം പച്ച രുചി മാറണം എന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ ജോസൂട്ടി നിന്നു വഴറ്റി.നോർത്ത് ഇന്ത്യന്റെയും തെലുങ്കമാരുടെയും മുഖം വാടിത്തുടങ്ങി. എപ്പോൾ തീരും പാചകമെന്നു അവർ ചോദിക്കാനും മുഖം കറുപ്പിക്കാനും തുടങ്ങി.

ജോസൂട്ടി ആകെ വിയർത്തു.ഇപ്പോൾ തീരുമെന്ന് ഇടയ്ക്കിടെ അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ഒരുവിധം വഴറ്റിയൊപ്പിച്ചു മസാലകളെല്ലാം ചേർത്തു ബീഫിട്ടു പുരട്ടി വേവിക്കാൻ തുടങ്ങി. ബീഫിന്റെ വെള്ളമിറങ്ങി കുറച്ചുനേരം കുക്കർ ഉപയോഗിക്കാതെ വഴറ്റിക്കൊണ്ട് നിൽക്കണമെന്ന് ജോസൂട്ടി പുസ്തകത്തിൽ പ്രത്യേകം അടിവരയിട്ട് എഴുതിയിരുന്നു.ഇപ്പോൾ തീരുമെന്ന് ആശ്വസിച്ചു നോർത്ത് ഇന്ത്യനും തെലുങ്കന്മാരും അവരവരുടെ കട്ടിങ് ബോർഡും പിച്ചാത്തിയും ഉപയോഗിച്ച് അവർക്ക് പാകം ചെയ്യാനുള്ളതൊക്കെ മുറിച്ചു തയ്യാറാക്കി വെച്ചുകൊണ്ടിരുന്നു. അവിടെ സ്റ്റവ് ഒന്നേയുള്ളൂ പക്ഷേ കട്ടിങ് ബോർഡും പിച്ചാത്തിയും എല്ലാവർക്കും സ്വന്തമായുണ്ട്.

ജോസൂട്ടിയുടെ ബീഫിൽനിന്നും വെള്ളമിറങ്ങി നല്ല മണം വന്നുതുടങ്ങി. അതിലേക്ക് കറിവേപ്പിലയിട്ടിളക്കി. ജോസൂട്ടിയുടെ മുഖത്തൊരു ചിരി വന്നു. നീണ്ട നാളുകൾക്കു ശേഷം കളറുള്ള ഒരു പുഞ്ചിരി.

കഴിഞ്ഞോ പാചകം? നോർത്ത് ഇന്ത്യൻ അസ്വസ്ഥത പ്രകടമാക്കി.

ഇല്ലയില്ല! പക്ഷേ പെട്ടെന്നു തീരുമെന്ന് പറഞ്ഞ് ബീഫ് കുക്കറിലേക്കിട്ടു. കുക്കർ അടച്ചു. ‘ഇനി അഞ്ചു വിസിൽ’ ജോസൂട്ടി അൽപ്പം ഗമയ്ക്ക് നോർത്ത് ഇന്ത്യനോട് പറഞ്ഞു.

ജോസൂട്ടിയും മറ്റുള്ള അന്തേവാസികളും ഒട്ടും സൗഹൃദത്തിലായിരുന്നില്ല. പോരാത്തതിന് നോർത്ത് ഇന്ത്യൻ നല്ല ദേഷ്യക്കാരനും.

അഞ്ചു വിസിലടിച്ചു. ജോസൂട്ടി കുക്കർ തുറന്നു. ഇല്ല, ഇനിയും വേകാനുണ്ട്. ബീഫ് ഇത്തിരി മുതുക്കുപിടിച്ച ബീഫാണ്. ജോസൂട്ടി പിന്നെയും കുക്കർ അടച്ചു. ‘രണ്ടു വിസിൽ കൂടി’ ജോസൂട്ടി ആംഗ്യം കാണിച്ചു.

ബീഫിന്റെ  മണം മറ്റുള്ള അന്തേവാസികളുടെ വയറ്റിൽ തീക്കനൽ വാരി ഇട്ടപോലുള്ള അനുഭവം ഉളവാക്കി. അപ്പോൾ സമയം പന്ത്രണ്ടു മുപ്പത്!  

നോർത്ത് ഇന്ത്യൻ  തെലുങ്കന്മ്മാരുടെയും തെലുങ്കന്മാർ നോർത്ത് ഇന്ത്യന്റെയും അരിഞ്ഞു പാകം ചെയ്യാൻ തയ്യാറാക്കി വെച്ചിരിക്കുന്ന സാധനങ്ങളിലേക്ക് നോക്കി. അടുത്തത് എന്റെ ഊഴം എന്ന മട്ടിൽ മൂവരും നിന്നു.
വിസിൽ രണ്ടു കഴിഞ്ഞു. കുക്കർ തുറന്നു. മണം കൊണ്ട് കൊല്ലാൻ കഴിയുമോ? കഴിയും. നോർത്ത് ഇന്ത്യനും തെലുങ്കന്മാരും  ഏകദേശം മരിച്ചു കഴിഞ്ഞു.
കുക്കർ മാറ്റി ഒരു നോൺസ്റ്റിക്കിൽ ജോസൂട്ടി എണ്ണ ഒഴിച്ചു. 
‘യേ ക്യാ ഹേ ഭായ്‘ എന്ന് ചോദിച്ചു നോർത്ത് ഇന്ത്യൻ ജോസൂട്ടിയെ പിടിച്ചു തള്ളി.ജോസൂട്ടി ഒന്ന് പതറി. കടുകുവറ നിർബന്ധം എന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു. ജോസൂട്ടി തന്റെ താണു പോയ ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും വലിച്ചു പുറത്തേക്കിട്ടു.എന്നിട്ടു പറഞ്ഞു,
’ഇപ്പൊ കഴിയും. ബസ് ഏക് വറ ഭായ്‘.
വറക്ക് ജോസൂട്ടിയുടെ പക്കൽ ഹിന്ദിയും ഇംഗ്ലീഷും എടുക്കാനില്ലായിരുന്നു.
’ ഏക് വറ ‘? നോർത്ത് ഇന്ത്യൻ മനസിലാകാതെ ചോദിച്ചു.
ജോസൂട്ടി ഉമ്മിനീരിറക്കി.
’ബസ് ഏക് മിനിറ്റ് ദീജിയേ ഭായ്‘!
ജോസൂട്ടി കടുകുവറത്തു ബീഫിന്റെ മുകളിലേക്കൊഴിച്ചു. അതൊന്നിളക്കി.
ബീഫ് തയ്യാറായിക്കഴിഞ്ഞു. സ്റ്റവ് ഫ്രീ ആയി.
നോർത്ത് ഇന്ത്യനും തെലുങ്കന്മാരും അനങ്ങാതെ അവിടെത്തന്നെ നിന്നു. എല്ലാവരുടെയും വയറ് വെന്തു മരിച്ചു കഴിഞ്ഞു. സമയം പന്ത്രണ്ടു നാല്പത്തിയഞ്ചു. ഇനി എന്തുണ്ടാക്കാനാണ്? ആർക്കാണാവത്? 
ബീഫിന്റെ മണം അവരെ തളർത്തിക്കളഞ്ഞു! കൊന്നുകളഞ്ഞു!

ജോസൂട്ടി ബീഫ്ക്കറി വല്യപാത്രത്തിലാക്കി  ഒഴിച്ചു വെച്ചു.രുചിച്ചു നോക്കി. ഒന്നും പറയാനില്ല.ജീവിതത്തിനു രുചിയും മണവും കളറും വെച്ചു തുടങ്ങി.ബ്രഡും കൂട്ടിക്കഴിക്കാം അല്ലാതെ ചപ്പാത്തിയുണ്ടാക്കാൻ നേരമില്ലല്ലോ! 
സ്റ്റവിന്റെ മുന്നിൽ തിരക്കുകാണുന്നില്ല. ജോസൂട്ടി നോക്കിയപ്പോൾ നോർത്ത് ഇന്ത്യനും തെലുങ്കന്മാരും അവരവരുടെ കട്ടിലിലിരുന്നു ബ്രഡും ഹുമ്മൂസ്സും ലേസും കഴിക്കുന്നു. രുചിക്കുവേണ്ടിയുള്ള ത്വര അവരുടെ മുഖത്ത് നിഴലിച്ചു നിൽക്കുന്നത് ജോസൂട്ടി ശ്രദ്ധിച്ചു.
ജോസൂട്ടി ചെറിയ നാലു കോപ്പകളിലേക്ക് ബീഫ്ക്കറി ഒഴിച്ചു. ഓരോ അന്തേവാസികൾക്കും ഓരോ കോപ്പ ബീഫ്‌ക്കറി വെച്ചു നീട്ടി. നിറമനസ്സോടെ വിറകൈകളോടെ ഓരോരുത്തരും അതേറ്റുവാങ്ങി.എല്ലാവരും ബീഫ്‌ക്കറിയും ബ്രഡും ആർത്തിയോടെ അകത്താക്കി.

നോർത്ത് ഇന്ത്യൻ പിന്നെയും പിന്നെയും ബീഫ് ആവശ്യപ്പെട്ടു.ജോസൂട്ടി ബീഫ്‌ക്കറി ഒഴിച്ചുകൊടുത്തു.ഒരാൾക്ക് കൊടുത്തിട്ടു മറ്റേയാൾക്ക് കൊടുക്കാതിരിക്കുന്നതെങ്ങനെ? അങ്ങനെ തെലുങ്കന്മാർക്കും  ആവശ്യംപോലെ ഒഴിച്ചുകൊടുത്തു.മൂന്ന് ദിവസം കഴിക്കാനുണ്ടാക്കിയ ബീഫ്‌ക്കറി ഒരു നേരം കൊണ്ട് തീർന്നു!
ആ മുറിയിൽ സന്തോഷം അലയടിച്ചു എങ്കിലും ജോസൂട്ടി ഒരുകാര്യം തീർച്ചപ്പെടുത്തി: ഇനിമുതൽ വെളുപ്പിനെ നാലുമണിക്കെഴുന്നേറ്റ് ബീഫ്‌ക്കറിയുണ്ടാക്കിയാൽ മതി!എന്റെ ചിലവിൽ അങ്ങനെയാരും പുട്ടടിക്കേണ്ട!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക