Image

വിവാഹം എന്ന ഊരാക്കുടുക്ക് (മാനസി)

Published on 24 July, 2024
വിവാഹം എന്ന ഊരാക്കുടുക്ക് (മാനസി)

വിവാഹം  സാമൂഹ്യ ജീവിതത്തിന് അത്യാവശ്യമാണോ?

രണ്ടുപേർ ഇണകളായി ജീവിക്കാൻ അനുവദിക്കുന്ന സമൂഹത്തിൻറെ സമക്ഷത്തിലുള്ളതും രേഖാമൂലമുള്ളതും ആയ വിവാഹം എന്ന അനുമതി  അല്ലലുകളില്ലാതെ  ജീവിച്ചു പോകാൻ ആവശ്യമാണോ? എന്താണ് ഈ അനുമതി കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്?  സമൂഹത്തിലെ അംഗങ്ങളായ ഇണകൾക്ക്

കുട്ടികൾ ഉണ്ടായാൽ  അവരെ നോക്കാൻ മാതാപിതാക്കൾ/ രക്ഷിതാക്കൾ വേണമെന്ന സമൂഹത്തിന്റെ ആവശ്യം നിറവേറ്റാൻ ആയിരുന്നു വിവാഹം എന്ന സാമൂഹ്യ അനുമതി ആവശ്യമായിരുന്നത്. അതായത് അവരെ ചുമതലയുടെ  ചരടിൽ കെട്ടിയിടുകയും കുട്ടികൾക്ക് രക്ഷിതാക്കൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. മാതാപിതാക്കൾ നോക്കാത്ത കുട്ടികൾ അനാഥരായി  സമൂഹത്തിന് വലിയ ഭാരമാകുമെന്നുള്ള യാഥാർത്ഥ്യത്തെ നേരിടാൻ ഈ കുട്ടികളുടെ ചുമതല അവരെ ഉല്പാദിപ്പിച്ച  മാതാപിതാക്കളെ ഏൽപ്പിക്കുക എന്നത് സമൂഹം കൂട്ടമായി  തന്നെ ചിന്തിച്ച് ഉണ്ടാക്കിയ ഒരു  പോംവഴിയായിരുന്നു. വംശവർദ്ധന ഏതു ജീവിയുടെയും ജൈവിക ചോദനയായതിനാൽ അതിനെ മനുഷ്യൻ ( മൃഗങ്ങൾക്കില്ലാത്തതായ) നടന്നുവന്ന വഴികളിലേക്ക് ഒരു സാമൂഹ്യ ക്രമമാ യി  ഉൾക്കൊള്ളിക്കുക അത്യാവശ്യമായതു അതുകൊണ്ടാണ്. അതായത് ഈ കുട്ടികളുടെ ചുമതല ഏൽപ്പിച്ചു കൊടുക്കാൻ കൃത്യമായ വ്യക്തികൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നത് സമൂഹത്തിൻറെ ആരോഗ്യകരമായ നടത്തിപ്പിന് അത്യാവശ്യമായിരുന്നു എന്നർത്ഥം. കുട്ടികളെ നോക്കാത്തവരിൽ  നിന്ന് സാമ്പത്തികമായെങ്കിലും കുട്ടികൾക്ക് പരിരക്ഷ ഉറപ്പുവരുത്താൻ നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. ദമ്പതികൾ തമ്മിൽ സ്നേഹമുണ്ടോ ഇല്ലയോ   എന്നതൊന്നും സമൂഹത്തിൻറെ പ്രശ്നമേ അല്ല.  വിവാഹിതർക്കിടയിൽ സ്നേഹം വേണമെന്ന് സമൂഹത്തിന് ഒരു നിർബന്ധവും അന്നും ഇന്നും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ പുറത്ത് വരാൻ സ്ത്രീകളെ അനുവദിക്കാതിരിക്കുകയും വിദ്യാഭ്യാസവും ജോലിയും നിഷേധിക്കുകയും ചെയ്തിരുന്ന  കാ ലം മുതൽ സ്ത്രീയുടെ ചെലവും കുട്ടികളുടെ ചിലവും നോക്കാൻ ആളുണ്ടെന്നു ഉറപ്പുവരുത്താനുള്ള ഒരു സാമ്പത്തിക ക്രമം എന്ന നിലയ്ക്കാണ് വിവാഹം പരസ്യമായ ഒരു സാമൂഹ്യ ചടങ്ങായി രൂപപ്പെടുത്തപ്പെട്ടത്.  സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് മനസ്സിലാക്കാൻ തക്കവിധം  ഒരു വിവാഹത്തിലൂടെ ഉണ്ടാകാൻ പോകുന്ന കുട്ടികൾക്ക് രക്ഷിതാക്കൾ ആരായിരിക്കണം എന്ന് ഒരു പരസ്യപ്രസ്താവന  നടത്തുകയായിരുന്നു വിവാഹം എന്ന ചടങ്ങിന്റെ സാമൂഹികമായ കാതൽ. സ്ത്രീയുടെ സമ്പാദനശേഷി വിവാഹങ്ങളിൽ ഗണിക്കപ്പെടാതിരുന്നത് അതുകൊണ്ട് കൂടിയാണ്.  സമ്പാദിക്കുക എന്നുള്ളത് പുരുഷന്റെയും അനുസരണയോടെ ജീവിച് കുട്ടികളെ പരിപാലിച്ച് ഭർത്താവിന്റെ ഇഷ്ടങ്ങൾ നടത്തിക്കൊടുക്കുക എന്നത് സ്ത്രീയുടെയും ചുമതലയായതും അങ്ങനെയാണ്. സ്ത്രീ ഭാര്യയും ( ഭരിക്കപ്പെടുന്നവൾ) പുരുഷൻ ഭർത്താവായും (ഭരിക്കുന്നവൻ) നിർവചിക്കപ്പെട്ടു.  

ഈയിടെ അടുത്ത്  ഒരു സർക്കാർ സ്ഥാപനം നടത്തിയ  സർവ്വേയിൽ അഭ്യസ്തവിദ്യരായ അധികം പെൺകുട്ടികളും തങ്ങൾക്ക് വിവാഹം വേണ്ട എന്ന് പറഞ്ഞതു്  നമ്മുടെ സമൂഹത്തിൽ വലിയൊരു ചർച്ചയായി  തീർന്നിരുന്നു. വിദ്യാഭ്യാസവും പുറം ലോക സമ്പർക്കവും തനിക്ക് ഒരു ജീവിതോപായം കണ്ടെത്താൻ  കഴിവു നൽകും എന്നുള്ള വിശ്വാസത്തിന്റെയും ഒപ്പം തന്നെ നിലവിലുള്ള വിവാഹം എന്ന വ്യവസ്ഥ  പെൺകുട്ടികളിൽ ഏൽപ്പിക്കുന്ന വൈകാരികവും സാമ്പത്തികവും ആയ ഒരുപാട് നൂലാമാലകളെ  കുറിച്ചുള്ള ബോധവും  ആണ്  അവർ അങ്ങനെ പ്രതികരിക്കാൻ കാരണം എന്ന അറിവ്,സർവ്വേക്ക് ശേഷം സമൂഹത്തിനെ  വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. മലയാളി കുടുംബങ്ങളുടെ മൂല്യബോധങ്ങൾ വ്യത്യാസപ്പെടുന്നു എന്നതിൻറെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. യാഥാസ്ഥിതിക സമൂഹത്തിന് അത് വലിയ അങ്കലാപ്പ് ഉണ്ടാക്കി. അതോടെ, വിദ്യാഭ്യാസം നേടിയ പെൺകുട്ടികളെ"" നിലയ്ക്ക് നിർത്തുക ""എന്നത് ഓരോ കുടുംബത്തിന്റെയും ഉള്ളിന്റെ ഉള്ളിലുള്ള മുദ്രാവാക്യമായി.! സാധാരണ നിലയ്ക്ക് കുടുംബവ്യവസ്ഥ പുരുഷന് നൽകിയ അധികാരത്തിന്റെയും അവകാശത്തിന്റെയും ലംഘനം കൂടിയായിട്ടാണ് പെൺകുട്ടികളുടെ സർവ്വേയിലെ  അഭിപ്രായം കണക്കാക്കപ്പെട്ടത്. കൂടാതെ വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നു എന്നതും ഗാർഹിക പീഡനങ്ങളെക്കുറിച്ച് സ്ത്രീകൾ പോലീസിൽ  പരാതിപ്പെടാൻ ധൈര്യപ്പെടുന്നു എന്നതും  കുടുംബത്തിനുള്ളിൽ പോലും ചെറുപ്പക്കാർ നടത്തുന്ന ഭിന്നലൈംഗികതയെ പറ്റിയുള്ള തുറന്ന പരാമർശങ്ങളും ഒക്കെ കുടുംബം  എന്ന പവിത്ര വ്യവസ്ഥ തകരുന്നതിന്റെ ലക്ഷണമായിത്തന്നെ യാഥാസ്ഥിതികർ കണ്ടു. ഇതിനു മറ്റൊരു കാരണമായി യഥാസ്ഥിതികർ കണ്ടുപിടിച്ചത് അണു കുടുംബങ്ങളുടെ  നിർമ്മാണമായിരുന്നു. വലിയ തറവാടുകളിലേക്ക് കൂടുതൽ അംഗസംഖ്യയോടെ തിരിച്ചുപോകുക എന്ന ആഹ്വാനം അവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. സാമ്പത്തിക സാമൂഹ്യ കാരണങ്ങളാൽ രൂപപ്പെട്ടതാണ് അണു കുടുംബം എന്നും അവയിൽ നിന്നൊരു തിരിച്ചുപോക്ക് ഇത്തരം സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതി മാറുന്നത് വരെ സാധ്യമല്ലെന്നും ഉള്ള തിരിച്ചറിവുപോലും  സ്വായത്തമാക്കാൻ ഈ യാഥാസ്ഥിതികർ  കൂട്ടാക്കിയില്ല. കുടുംബത്തിലെ വ്യക്തികൾ സ്വന്തം സമ്പാദ്യങ്ങൾ കൊണ്ട് സാമ്പത്തികമായി കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങിയാൽ അവരുടെ അഭിപ്രായങ്ങൾ കൂട്ടിയിണക്കി കൊണ്ടു പോകേണ്ടത് ആ കുടുംബത്തിൻ്റെ നടത്തിപ്പിന് അത്യാവശ്യമാണെന്ന പ്രാഥമിക സത്യവും  ഈ യാഥാസ്ഥിതികർ  കാണാൻ കൂട്ടാക്കിയില്ല. അടിയൊഴുക്കുകൾ എന്താണെന്ന് മനസ്സിലാക്കാതെ സമൂഹത്തിൽ നടക്കുന്ന വിവിധ തലത്തിലുള്ള വ്യതിയാനങ്ങളെ ഉപരിപ്ലവമായി നോക്കിക്കാണുകയും കാല്പനികമായി വിമർശിക്കുകയും മാത്രമായിരുന്നു അവർ ചെയ്തത്.

മലയാളി കുടുംബം എന്നു നമ്മൾ ഇവിടെ പറയുമ്പോൾ അത് പുരുഷനും സ്ത്രീയും തമ്മിൽ വിവാഹിതരാകുന്ന ഒരു കുടുംബത്തെക്കുറിച്ച് ആണ് എന്ന് പ്രത്യേകം പറയട്ടെ.  നമ്മുടെ ഇടയിൽ  നിത്യ സാധാരണമായ ഇത്തരം കുടുംബങ്ങളെ കുറിച്ച് ഒരുപാട് ധാരണകൾ നമുക്കുണ്ട്. ഒന്ന് സഹാനുഭൂതി, കാരുണ്യം,  സ്നേഹം തുടങ്ങിയ ഒരുപാട് നല്ല ഗുണങ്ങളുടെ ഉറവിടം കുടുംബമാണ് എന്നാണ് നമ്മുടെ വിശ്വാസം .. അതായത് നമ്മുടെ മൂല്യബോധങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിൽ കുടുംബം പ്രധാന പങ്കുവഹിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു.പിന്നെ സമൂഹത്തെ കെട്ടി ഉയർത്തുന്ന ആദ്യത്തെ അടിസ്ഥാന യൂണിറ്റ് കുടുംബമാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ ഈ യൂണിറ്റിന്റെ സ്ഥിരത ഒരു വലിയ  മേന്മയായിട്ടാണ് സമൂഹ മനസ്സിൽ കുടി കൊള്ളാറ്. ഒരു സാധാരണ കുടുംബത്തിൽ ഭിന്നലിംഗക്കാർ തമ്മിലുള്ള വിവാഹ മോ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹമോ ഒന്നും പരാമർശിക്കപ്പെടുന്നില്ല.  എന്നുവച്ചാൽ നിത്യ നിത്യജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ ഒഴിച്ച് മറ്റ് പുറംലോക പ്രശ്നങ്ങൾ ഒന്നും അത്തരം കുടുംബങ്ങളിൽ ചർച്ചയ്ക്ക് വിധേയമാകാറില്ല. അതൊരു വലിയ ഗുണം ആയിട്ടാണ് നാം കാണാറ്. എന്നാൽ ചില കാര്യങ്ങൾ ഏതു കുടുംബത്തിലെയും അംഗങ്ങൾ അറിയേണ്ടത് ആയിട്ടുണ്ട്.

നിയമം ഐപിസി498  പ്രകാരം  വിവാഹിതയായ ഒരു സ്ത്രീക്ക് മാത്രമേ ഗാർഹിക പീഡനത്തെ കുറിച്ച് ഭർത്താവിന് എതിരെ കേസ് കൊടുക്കാനാവു എന്ന്‌ മിക്ക കുടുംബങ്ങൾക്കും അറിയില്ല.

എന്നാൽ ഭിന്ന ലിംഗക്കാരും ഒരേ ലിംഗത്തിൽ പെട്ടവരും തമ്മിലുള്ള വിവാഹത്തിൽ (ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം ഇന്ന് ഇന്ത്യയിൽ നിയമസാധു തയില്ലാത്തതാണ്)  ഗാർഹിക പീഡനം നടന്നാൽ അത് ഒരു തരത്തിലും ഈ 498 എന്ന് ക്രിമിനൽ കുറ്റ വകുപ്പിൽ  വരില്ല  എന്നും മറിച്ച് ഡൊമസ്റ്റിക് വയലൻസ് എന്ന  വേറെ  നിയമത്തിന് കീഴിൽ മാത്രമാണ് അത്തരം കേസുകൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നും അവ സിവിൽ കേസുകൾ ആണെന്നും കൂടി കുടുംബങ്ങൾ അറിയേണ്ടതുണ്ട്. ഗതാഗത നിയമങ്ങൾ ഏതു കുട്ടിയും അറിയേണ്ടത് പോലെ തന്നെ ഇത്തരം കാര്യങ്ങൾ ഇന്നത്തെ കാലത്ത് കുടുംബങ്ങൾ/ സ്ത്രീകൾ മനസ്സിലാക്കിയേ മതിയാവൂ. ഇത് ഉപയോഗിക്കുന്നുവോ ഉപയോഗിക്കുന്നില്ലയോ എന്ന കാര്യം  അപ്രധാനമാണ്. അറിയുക എന്നത് വളരെ പ്രധാനവും ആണ്..

മറ്റൊരു കാര്യം,വിവാഹമോചനത്തെ ഇന്നും വളരെ ആരോഗ്യകരമായ ഒരു കാഴ്ചപ്പാടിലൂടെ അല്ല നമ്മുടെ സമൂഹം നോക്കികാണുന്നത് എന്നതാണ്.അത് കുടുംബത്തിൻറെ തകർച്ചയ്ക്ക് കാരണമാണെന്ന് വിശ്വസിക്കുന്നതിനാൽ,( കാരണം ആരാണെന്നത് പ്രസക്തമല്ല) വിവാഹമോചനം നടത്തുന്ന/ നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളെ കുറിച്ചും വളരെ നല്ല അഭിപ്രായം സമൂഹത്തിന് ഇല്ല..... വ്യക്തിപരമായി എന്തൊക്കെയുണ്ടായാലും കുടുംബത്തിനുവേണ്ടി എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവർ സ്ത്രീകളാണെന്ന അടിസ്ഥാന ധാരണയാണ് ഇതിനു കാരണം.

കുടുംബസ്ഥിരതയെക്കുറിച്ച് ഇത്തരം പേടികൾ നിലനിൽക്കുമ്പോൾ തന്നെ വൈവാഹിക ജീവിതത്തിൻറെ ആവശ്യകതയെക്കുറിച്ച് സമൂഹത്തിന് യാതൊരു സംശയവുമില്ല എന്നും കാണാം. വിവാഹിതയാകുന്ന ഒരു സ്ത്രീ മാത്രമാണ് സമൂഹത്തിൽ മാന്യയും ശബ്ദമുള്ളവളും അവകാശമുള്ളവളും ഒക്കെ ആയിത്തീരുന്നത്. വിവാഹിത അല്ലാത്ത സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ മുടക്കാച്ചരക്കാണ് എന്നാണ് പൊതുവേയുള്ള പറച്ചിൽ.(കല്യാണം കഴിക്കാൻ ഒരു പുരുഷനും തയ്യാറാകാത്തത് കൊണ്ടാണ്  അവൾ അവിവാഹിതയായി ഇരിക്കുന്നത് എന്നാണ് പൊതു ധാരണ. സ്വന്തം ഇഷ്ടപ്രകാരം വിവാഹം വേണ്ട എന്ന് നിശ്ചയിക്കുന്ന ഒരു സ്ത്രീയെ  സങ്കൽപ്പിക്കുക ഇന്നും സമൂഹത്തിന് വിഷമമാണ്.) ഈ ധാരണയെ മറികടക്കുക എന്നത് ഇന്നത്തെ സ്ത്രീകളുടെ പ്രധാന അജണ്ടകളിൽ  ഒന്നായി തീർന്നിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കുകയും സ്വന്തം സമ്പാദ്യം അനുസരിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യാൻ തയ്യാറാകുന്ന നിരവധി സ്ത്രീകൾ ഇന്ന് സിംഗിൾ മദേഴ്സ് ആയി, അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണെങ്കിലും,കുട്ടികളെ ദത്തെടുക്കാനും അല്ലെങ്കിൽ സ്പേം ബാങ്കിൽ നിന്നുള്ള പുരുഷ ബീജം ഉപയോഗിച്ച് ഗർഭം ധരിച്ച്‌ പ്രസവിക്കാനും ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.വിവാഹിതരാകാൻ സ്ത്രീകൾ തയ്യാറാകാതിരിക്കുമ്പോൾ,  പല പുരുഷന്മാരും  ഇതേപോലെ കു ട്ടികളെ ദത്തെടുക്കുകയും സിംഗിൾ പാരന്റായി കുട്ടികളെ  വളർത്തുകയും ചെയ്യുന്നു. പരമ്പരാഗതമായി നമ്മുടെ സമൂഹം വിശ്വസിക്കുന്ന ഒരു കാര്യമാണ് സ്ത്രീകളാണ് മാതൃത്വം  ആഗ്രഹിക്കുന്നതെന്നും അവരാണ് കുട്ടികളെ വളർത്തി വലുതാക്കേണ്ടത് എന്നും.  ഇത് ജൈവികമായി തന്നെ തെറ്റാണ് എന്ന് സിംഗിൾ പാരന്റ് സമ്പ്രദായം ഉപയോഗിച്ച് കുട്ടികളെ വളർത്തുന്നവർ  തെളിയിക്കുന്നു..

അതായത് കുടുംബത്തെ കുറിച്ചുള്ള ധാരണകൾ അങ്ങേയറ്റം തകിടം മറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കഴിഞ്ഞുപോരുന്നത്. സാമ്പത്തികമായ കഴിവില്ലായ്മയാണ് സ്ത്രീകളെ സമൂഹത്തിൽ പിന്നോട്ട് തള്ളുന്നത് എന്നത്  ഇന്ന് വളരെ വ്യക്തമായി തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  സമ്പാദിക്കുന്ന സ്ത്രീകളുടെ  സ്വന്തം സമ്പാദ്യം പോലും അവരുടെ ഇഷ്ടപ്രകാരം ചെലവാക്കാൻ സാധിക്കാത്ത ഒരു സാമൂഹ്യ പരിസരം  ഇവിടെ   വളരെ വിപുലമായി  തന്നെ നിലനിൽക്കുന്നുമുണ്ട്. സ്ത്രീയുടെ ഉടലും സ്ത്രീയുടെ  സമ്പാദ്യവും  സ്ത്രീയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അടക്കം  സ്ത്രീയുടെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാതും അവളുടെ പുരുഷൻറെ അല്ലെങ്കിൽ കുടുംബനാഥന്റെ അവകാശമാണെന്ന് ഉള്ള  അടിസ്ഥാന ധാരണയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനെ മറികടക്കാനുള്ള സ്ത്രീയുടെ ശ്ര മങ്ങളുടെ പ്രധാന ഭാഗം, ഔപചാരികമായ വിവാഹം എന്ന ആശയത്തെ തന്നെ തിരസ്കരിക്കുകയാണ്. സ്ത്രീയുടെ സേവിങ്സ് ബാങ്ക് ആകേണ്ടവനല്ല  ജീവിതപങ്കാളി എന്നു പറഞ്ഞാൽ  സാമ്പത്തികമായി സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു സ്ത്രീക്ക് വേഗം മനസ്സിലാവും. സ്വന്തം സമ്പാദ്യം ഇല്ലാത്ത സ്ത്രീകൾക്ക് ആവട്ടെ അത് ഒട്ടും അംഗീകരിക്കാൻ ആവുകയുമില്ല.കൂലി കൊടുക്കേണ്ടാത്ത വീട്ടു ജോലിയും  മക്കളെ വളർത്തലും നിത്യ ചെലവി നു കൊടുക്കുന്നതിനു പകരമായി കിട്ടുന്ന സേവനമാണെന്ന് , അതായത് ഭാര്യയ്ക്ക് ചെലവിന് കൊടുക്കുന്നതിന്റെ പ്രതിഫലമാണെന്ന് ഉള്ള ധാരണ മിക്ക കുടുംബത്തിലും നിലനിൽക്കുന്നത് കൊണ്ട്, അതിനെതിരെയുള്ള എല്ലാ ശബ്ദങ്ങളും സ്ത്രീയുടെ ധിക്കാരമായിട്ടാണ് കണക്കുകൂട്ടപ്പെടാറ്. ഇതിൻറെ ഒരു പ്രധാന പ്രത്യാഘാതം,  വിവാഹമോചിതയാകുമ്പോൾ  സ്ത്രീയ്ക്ക്  ജീവനാംശത്തിന് മാത്രമാണ് അർഹത  എന്ന ധാരണയും നിയമവും ആണ്. അതുവരെയുള്ള അവളുടെ അധ്വാനത്തിനും   അതിൻറെ മൂല്യത്തിനും പുരുഷൻറെ സ്വത്തിൽ പങ്ക് കണക്കാക്കപ്പെടാറില്ല.

സമ്പാദിക്കുന്നവൻ പുരുഷനായത് കൊണ്ട് അതായത് പ്രത്യക്ഷമായി സമ്പാദ്യം  പുരുഷൻറെ കയ്യിലാണ് വരുന്നത് എന്നതുകൊണ്ടു ഇന്നത്തെ നിയമപ്ര#കാരം അതിൻറെ മുഴുവൻ അവകാശിയും പുരുഷനായിത്തീരുന്നു . സ്ത്രീയെ സാമ്പത്തികമായി അങ്ങേയറ്റം തളർത്തുന്ന ഒരു നിയമമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. വീടുപണിയും മക്കളെ വളർത്തലും പുരുഷൻറെ സമ്പാദ്യത്തിന് അനുകൂലമായ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ് എന്നും അതിനാൽ ആ സമ്പാദ്യത്തിൽ അവൾക്ക് പങ്കുണ്ടായിരിക്കണം എന്നും മനസ്സിലാക്കുന്ന    ഒരു മൂല്യബോധം അടിസ്ഥാനമാക്കിയുള്ള നിയമസംഹിതയാണ് ഇതിനുള്ള ഏക പരിഹാരമാർഗ്ഗം. വീട്ടുപണി വേതനത്തിന് അർഹമായ ഒരു ഉൽപാദന പ്രക്രിയ ആണെന്ന്  സമൂഹം അംഗീകരിക്കേണ്ടത് ഉണ്ട്.( കൃത്യമായ സമയമോ ജോലികളോ ഒഴിവ് ദിവസങ്ങളോ വീട്ടുജോലിയിൽ നിർവചിക്കപ്പെടാറില്ല. ലൈംഗിക തൊഴിൽ ഇതിന് പുറമെയാണ്.) . അന്നദാദാവായ പുരുഷൻ ചിലവിന് തരുന്നതിനപ്പുറമുള്ള ഒരു സ്വാതന്ത്ര്യത്തിന്റെ ഘടകം കൂടി അതിലുണ്ടാവണം. (ഇന്ന് പല രാജ്യങ്ങളിലും വിവാഹമോചനത്തിൻ്റെ  ഉടമ്പടികളിൽ, ദമ്പതികളുടെ മൊത്തം സമ്പാദ്യത്തിൽ ഏതാണ്ട് പകുതി  പങ്ക്  സ്ത്രീക്ക് അവകാശപ്പെട്ടതാണ് എന്നുള്ള നിയമം  നിലനിൽക്കുന്നുണ്ട്. ഒരു പുരുഷന് ജോലിസ്ഥലത്ത് ലഭിക്കുന്ന വേതന വ്യവസ്ഥകൾ തന്നെയാണ് സ്ത്രീക്ക് വീട്ടിനകത്ത് ലഭിക്കേണ്ട വേതന വ്യവസ്ഥകൾ.(ആ വ്യവസ്ഥകൾ നിർണയിക്കുന്നതിനുള്ള പ്രായോഗികവും വൈകാരികവുമായ ഘടകങ്ങളാണ് ഇതിനെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ  നടപ്പിലാക്കാതെ നീക്കി മാറ്റിനിർത്തുന്നത്. ഇത് പുറത്തുപോയി ജോലി ചെയ്യാത്ത, വീട്ടിനകത്ത് മാത്രം ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഒരുപോലെ ബാധകമാകേണ്ടതാണ്) . മൂന്നാം ലിംഗ കാർക്കും സ്വവർഗ്ഗപ്രേമികൾക്കും ഒക്കെ ഇത് ബാധകമാകണം. രണ്ടു നിയമങ്ങളാണ് വിവാഹിതകൾക്കും ലിവിങ് ഇൻ ടുഗതർ ആയി ജീവിക്കുന്നവർക്കും മറ്റു മൂന്നാം ലിം ഗക്കാർക്കും  ഉള്ളത് എന്നതു് തന്നെ,  വിവാഹത്തെ  വെറും ഇണ ചേരലിൽ നിന്ന്  വ്യത്യസ്തമായി സമൂഹം മറ്റൊരുതരത്തിൽ കാണുന്നു എന്നതിൻറെ തെളിവാണ്.

വിവാഹം ഒരു സ്ത്രീ ജീവിതത്തിൻറെ അന്തിമസായൂജ്യമാണെന്ന് ഉള്ള ധാരണയൊക്കെ മാറാൻ തുടങ്ങിയിട്ട് കാലങ്ങളായി. സ്ത്രീയും പുരുഷനും കൂടി നോക്കേണ്ട ഒരു സ്ഥാപനമാണ് കുടുംബം എന്ന (വിവാഹിതയായാലും അല്ലാതെ ആയാലും) ധാരണ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറെക്കുറെ ശക്തമായി തന്നെ  താത്വികമായെങ്കിലും നിലനിൽക്കുന്നുണ്ട്. വീട്ടകങ്ങൾ, പുരുഷനും കൂടി  വീട്ടു ചുമതലകൾ പങ്കുവയ്ക്കാനുള്ള സ്ഥലമാണെന്നുള്ള ധാരണ   ചെറുപ്പക്കാർ ക്കിടയിൽ ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെടുന്നുമുണ്ട്. സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യവും വേണമെങ്കിൽ അവർക്ക് വിവാഹമോചനം സാധ്യവുമാണെന്ന( അതിനവർ തയ്യാറാവുകയും ചെയ്യുമെന്ന്) ധാരണയാണ്  പുരുഷന്മാരെ ഈ വിട്ടുവീഴ്ചയ്ക്ക് സജ്ജമാക്കുന്നത്.

ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹമോചനം അത്ര എളുപ്പമല്ല. ആണിനായാലും പെണ്ണിനായാലും. അതിന്  നിയമപ്രകാരം അടിസ്ഥാനമാക്കേണ്ട ഒരുപാട് കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിലും കെട്ടിച്ചമച്ചു പറഞാണ്  പലരും വിവാഹമോചനം (ആണും പെണ്ണും) സാധ്യമാക്കുന്നത്. ഇത് ഇന്ന് ചെറുപ്പക്കാർക്ക് നല്ലപോലെ ബോധമുള്ള കാര്യമാണ്. അതിനാൽ അവർ ചോദിക്കുന്നത്  എന്തിനാണ് നൂലാമാലകൾ വിലയ്ക്ക് വാങ്ങുന്ന വിവാഹം എന്നാണ്. ഒരു ഇണയെ കണ്ടെത്തുകയും ആ ഇണയുടെ കൂടെ താമസിക്കുകയും ചെയ്യാൻ ഈ സമൂഹത്തിൻറെ അനുമതി പ്രായോഗികാർഥത്തിൽ   ആവശ്യമുള്ളതല്ല എന്നവർക്ക് അറിയാം.

മാത്രമല്ല ലിവിങ് ഇൻ ടു ഗെതർ ആണെങ്കിൽ കാര്യങ്ങൾ താരതമ്യേന എളുപ്പത്തിൽ രണ്ടുപേർക്കും മാന്യമായി പരിഹരിക്കാനാവും. കെട്ടുപാടുകൾ വേണ്ട എന്ന് തോന്നിയാൽ എപ്പോൾ വേണമെങ്കിലും  അവസാനിപ്പിക്കാനും എളുപ്പമാണ്. .

എന്നാൽ നമ്മുടെ സമൂഹത്തിൽ വളരുന്ന ആണും പെണ്ണും തലമുറകളായി പകർന്നുകിട്ടിയും പരിചയിച്ചും ഉള്ള ഒരുപാട് ധാരണകൾ, അതായത് ഭാര്യാഭർതൃ ബന്ധത്തെ സംബന്ധിച്ചുള്ള ഒരുപാട് ധാരണകൾ, ഇത്തരം ഊരി പോരലിനും വേണ്ടെന്നു വയ്ക്കലിനും അത്ര സഹായകരമല്ല. വിവാഹിതയായ ഒരു സ്ത്രീ ഭർത്താവിനോട് എങ്ങിനെ അടങ്ങി ഒതുങ്ങി അനുസരണയോടെ ജീവിക്കണം എന്ന്  ഒരു ശരാശരി ഭർത്താവ് പ്രതീക്ഷിക്കുന്നുവോ അതുപോലെ തന്നെയാണ് ലിവിങ് ഇൻ ടുഗതറിൽ പ്രേമബദ്ധ രാ ണെന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ട് ജീവിക്കുന്ന പുരുഷനും സ്ത്രീയും വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും.  ഭാവിയിൽ നൂലാമാലകൾ കുറയ്ക്കാൻ ഏറ്റവും എളുപ്പം കുട്ടികൾ  ഉണ്ടാകാതിരിക്കാൻ നോക്കുക എന്നതു മാത്രമാണ് ഇവയ്ക്കിടയിലെ കാര്യമായ വ്യത്യാസം എന്ന് രണ്ടുപേർക്കും അറിയാം. അതിന് എത്രയോ മാർഗ്ഗങ്ങൾ ഇന്ന് അവരുടെ മുന്നിൽ ഉണ്ട് താനും. ഇനി വിവാഹമോചനം കഴിഞ്ഞ് ഒറ്റയ്ക്ക് ആയാലും, കുട്ടികൾ വേണമെന്ന് തോന്നിയാൽ അവരെ ദത്ത് എടുക്കാനും ഒറ്റയ്ക്ക് വളർത്താനും ഉള്ള സൗകര്യങ്ങൾ ഇന്ന് ലഭിക്കുകയും ചെയ്യും.. ചുരുക്കത്തിൽ ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചും കുടുംബബന്ധങ്ങളെ കുറിച്ചും ഇന്നത്തെ തലമുറ വിശ്വസിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്  എന്നർത്ഥം.

വിവാഹമോചനം എന്നത് ഒരു വിദൂര സാധ്യത പോലും ആയി കണക്കാക്കാത്ത ദാമ്പത്യ ബന്ധങ്ങൾ നിലനിന്നിരുന്ന കഴിഞ്ഞ തലമുറയിൽ നിന്ന് വ്യത്യസ്തമായി,  ബന്ധം അവസാനിപ്പിക്കണമെന്ന് തോന്നിയാൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ തല ഊരി പോരാൻ  കഴിയുന്ന ഒരു ബന്ധമായിട്ടാണ് ഇന്ന് ചെറുപ്പക്കാർ ദാമ്പത്യത്തെ കാണുന്നത്. അവരുടെ ഈ ലക്ഷ്യത്തിന് അതിനാൽ ലിവിങ് ഇൻ ടുഗതർ ആണ്  വിവാഹത്തേക്കാൾ  എത്രയോ നല്ലത്. അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ ഒരു മുൻകരുതലാണ് അത്. ഇനി ഇന്നത്തെ ടെക്നോളജിയുടെ പശ്ചാത്തലത്തിൽ   വേണ്ടിവന്നാൽ നിയമപരമായി ഒരു കുട്ടിയുടെ പിതൃത്വം സ്ഥാപിച്ചെടുക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല താനും. കുടുംബങ്ങൾ ഇടപെട്ട്  കീറിപ്പോയ ദാമ്പത്യ ബന്ധം എങ്ങിനെയെങ്കിലും തുന്നിക്കൂട്ടിയോജിപ്പിച്ച് കൊണ്ടു നടക്കുന്നതിൽ ഇവർക്ക് യാതൊരു താൽപര്യവുമില്ല. ഇഷ്ടമല്ലെങ്കിൽ രണ്ടാളും രണ്ടു വഴിക്ക് മാന്യമായി പിരിയുക എന്നതാണ് ഇവർ പാലിക്കുന്ന തത്വം. പരസ്പരം പരാതികളോ പരിഭവങ്ങളോ ഇല്ലാതെ  മാന്യമായി യാത്ര പറയുക, സന്തോഷത്തോടെ ജീവിക്കാൻ പുതുവഴികൾ കണ്ടെത്തുക എന്നതിലാണ് ഊന്നൽ.

എന്നാൽ ഇത് ഇന്നത്തെ നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തിൽ എളുപ്പം നടക്കുന്ന സംഗതി അല്ല.കാരണം രണ്ടുപേരുടെ മനസ്സിലും ദാമ്പത്യത്തെക്കുറിച്ചും സ്ത്രീ പുരുഷ പെരുമാറ്റങ്ങളെ കുറിച്ചും തലമുറകൾ ഊട്ടി വളർത്തിയ കൃത്യമായ ധാരണകൾ ഉണ്ട്. കാലാ കാലങ്ങളായി കേട്ടും കണ്ടും വന്ന കുറെ പതിവുകൾ അവരുടെ മനസ്സിലും  എന്നേ ഉറച്ചിട്ടുണ്ടാവും. അവയിൽ ഒന്ന് ലിവിങ് ഇൻ ടുഗതർ ആണെങ്കിലും ഭർത്താവിനു ഭാര്യയുടെ മേലുള്ള അവകാശങ്ങളും അധികാരങ്ങളും ആണ്. അതിനാൽ നമ്മുടെ സാധാരണ വിവാഹങ്ങളിൽ എന്നപോലെ തന്നെ ആ ധാരണകൾ ഗാർഹിക പീഡനങ്ങളിൽ എത്തിപ്പെടാൻ വളരെ എളുപ്പവുമാണ്.  നിയമം വിവാഹിതകളെയും അവിവാഹിതകളായ ലിവിങ് ഇൻ ടുഗെതറിലെ പങ്കാളികളെയും വേർതിരിക്കുന്നത് ഇവിടെവച്ചാണ് എന്നതാണ് സങ്കടകരം.

വാസ്തവത്തിൽ  നിയമത്തിന്റെ ഈ വേർതിരിവിന്   വസ്തുനിഷ്ഠമായ കാരണങ്ങളുടെ അടിസ്ഥാനമൊന്നുമില്ല. പക്ഷേ സമൂഹത്തിൻറെ മൂല്യബോധങ്ങളും ധാരണകളും മനുഷ്യജീവിതത്തിലെയ്ക്ക് വന്ന് ഇടംകോലിടുന്നത് ഇത്തരം സന്ദർഭങ്ങളിൽ ആണ്. ഔദ്യോഗിക അർഥത്തിൽ വിവാഹിതർ അല്ലാത്ത, അതായത് സാമൂഹ്യ അനുമതിയോടെ ഇണകളായി ജീവിക്കാമെന്ന് സമൂഹത്തിനു മുന്നിൽ സമ്മതിക്കുന്ന രജിസ്ട്രേഷൻ എന്ന രേഖ ഇല്ലാത്ത ലിവിങ് ഇൻ ടുഗതർ പങ്കാളികളെ

സമൂഹത്തിന്  ഇഷ്ടമല്ല  എന്ന് പരോക്ഷമായി സമ്മതിക്കുന്ന നിയമവ്യത്യാസമാണ് അത്. അതായത് ഇത്രകാലവും സമൂഹം വളരെ പവിത്രവും അത്യാവശ്യവും ആണെന്ന് കരുതിയ  വിവാഹം എന്ന സ്ഥാപനത്തെ ഊട്ടി ഉറപ്പിക്കുന്നതിനു പകരം അതിനെ ധിക്കാരത്തോടെ മറികടക്കാനുള്ള ശ്രമത്തെ  അംഗീകരിക്കാതിരിക്കാൻ  സമൂഹം ആവുന്നതും പാടുപെടുന്നതിൻ്റെ  ലക്ഷണം കൂടിയാണ് അത്. പക്ഷേ മാറിവരുന്ന മൂല്യബോധങ്ങളുടെ പശ്ചാത്തലത്തിൽ ഈ തലമുറയോ  ഇനി വരുന്ന തലമുറയോ ഇത്തരം സ്ഥാപനവൽക്കരിക്കപ്പെട്ട അർത്ഥശൂന്യമായ ചടങ്ങുകളെ ബഹിഷ്കരിക്കാൻ അധികകാലം എടുത്തെന്നു വരില്ല. ആൺബീജത്തെയും പെൺ  അണ്ഡ ത്തെയും  ഒക്കെ  അവനവൻറെ ഇഷ്ടപ്രകാരം വിലയ്ക്ക് എടുക്കാൻ സാധിക്കുന്ന ഒരു കാലമാണ്  നമ്മെ തൊട്ടുനിൽക്കുന്നത് . അവിടെ അച്ഛൻ അമ്മയ്ക്കോ കുട്ടിക്കോ ചിലവിനു കൊടുക്കേണ്ട ഒരാവശ്യവും ഉണ്ടായിയെന്നു വരില്ല. അമ്മ വന്ന് കുട്ടിയെ നോക്കണം എന്ന് ശഠിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയും ഉണ്ടാവില്ല. വിവാഹം എന്നത് ഇന്ന് നമ്മൾ വ്യവഹരിക്കുന്ന അർത്ഥത്തിൽ ഒരു വിദൂരസാധ്യത പോലും ആയിരിക്കുകയുമില്ല.

വിവാഹം ആവശ്യമില്ല എന്ന് പ്രഖ്യാപിക്കുന്ന ഒരു തലമുറയെ അതിനാൽ നമുക്ക് ഉടൻ കാത്തിരിക്കാം. സ്ത്രീധനമോ മുൻകൂട്ടിയുള്ള പ്രഖ്യാപനമോ  ആലഭാരങ്ങളോ കടം മേടിച്ചുള്ള  ആഡംബരങ്ങളോ ഒന്നും ഇല്ലാതെ, രണ്ടുപേരുടെയും കുടുംബങ്ങളുടെ ഇടപെടലുകൾ ഇല്ലാതെ, രണ്ട് ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള ഒരു കൂട്ടു ജീവിതം വരുന്നത് കാണാൻ നമുക്ക് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.  ഇന്നത്തെ നിയമപശ്ചാത്തലത്തിൽ  പ്രശ്നം ഭിന്നലിംഗക്കാർക്കും സ്വവർഗ്ഗപ്രേമികൾക്കും ആയിരിക്കും. നിയമത്തിന്റെ സാധുത അവർക്ക് ഒരു വലിയ കടമ്പയാവും. യാഥാസ്ഥിതികത കൊടികുത്തി വാഴുന്ന സർക്കാർ മനോഭാവങ്ങൾ ഇവരുടെ ജീവിതം കുറേക്കാലം കൂടി നരക തുല്യമാക്കാനാണ് സാധ്യത.

 

Join WhatsApp News
FIAT ! 2024-07-24 15:43:40
Family as The Truth did not originate with man ; the Family of the Most Holy Trinity , operating in harmony , holiness , peace as the Divine Will operating in Oneness is what make possible every heart beat , breath and movement of persons ....stars ....disorder and divisions , evil came into same with the rebellion of the fallen angels who still try to bring same into many lives , esp. marriages and families in our times who are in the midst of those battles , struggling to make our own the victory already won by The Lord , who desires His children to ever more share in same through holiness - so that we can truly trust in His Love for us , love others too with that Love ....the holiness He has earned for each of us to bring again and again all persons / occasions , generations to be set free from agents who come to lie , steal and kill , who have been invited through wrong carnal choices including contraception as the prevasive evil which makes see each other as persons to be useand abused for ego and control !. The remedy for same , The Way to protect and cherish each other to live like the Holy Fmly of Joseph , Mary and Jesus , each eagerly anticipating and carrying out The Diving Will to have 'rivers ' of pure Holy Love flow through them is what God desires for each fmly ..as the remedy for the carnal evisl too ...The Compassionate Hearts know of our struggles to bring them unto them in readiness to accept His holiness as Precious Blood too to bring New Life of love , mercy compassion again and again , at ever more deeper wider levels unto each - may the upcoming Feast of St.Alphonsa who disdained marriage for religious life not because marriage is unholy but because she discerned the Divine Will for her was single hearted focus on uniting her life to The Lord on The Cross to help deliver many many lives and marriages from the clutches of the enemy , to be the hands and legs for The Lord ; same is the call and destiny of every life and marriage which in turn bring the joy of holiness and its peace into lives who are caught up in the rip currents of falsehoods and evils of our times - to instead often join the choirs of heaven to sing - 'holy ..holy ..' in the depth of hearts,also on behalf of those persons who seem incapable of loving - to trust and heed the Word that invites us, in marriage - ' submit to each other out of reverence for Christ ' , to whom we belong ...who awaits us to join the marriage Feast of The Lamb of God who would reveal the holiness as His LOve He has prepared for every life, some who were more faithful here more glorious than others in heaven .... There is a good marriage site - ' Logosmatrimonial.in for families who need more help both as insights and precious grace of prayer to be able to hear the call of the Divine Will more clearly ! FIAT !
Abdul 2024-07-25 00:24:25
These independent individual's world, single parents' importance are increasing...
(ഡോ .കെ) 2024-07-25 20:33:15
എഴുത്തുകാരി ശ്രീമതി മാനസി പറയുന്ന ഈ വിവാഹമെന്ന ‘ഊരാകുടുക്കിൽ’നിന്നാണ് ശാന്തി പൂർണ്ണമായ മാതൃകേന്ദ്രീകൃതമായ ഭാരതീയ (ഇന്ത്യയുടെ)കുടുംബ സങ്കല്പത്തിന്റെ മഹത്വം ആരംഭിക്കുന്നത്. ലോകം മുഴുവൻ ഇന്ന് അനൈക്യത്തിന്റെ, അസ്വസ്ഥതാപൂർണ്ണമായ ഒരു ജീവിതക്രമത്തിൽ നിന്നുള്ള പരിവർത്തനം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അത് കൊണ്ട് വിവാഹം എന്ന ആ പഴയ ഊരാക്കുടുക്കിനെ ഞങ്ങൾക്കാവശ്യമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് കാത്തിരിക്കാം.ഭാരതീയ കുടുംബ സങ്കല്പത്തിന്റെ മഹത്വം മനസ്സിലാക്കി അതിനെ പഠിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ലോകം മുഴുവൻ വൈശേഷികൻമാരടക്കം ചെയതുകൊണ്ടിരിക്കുകയാണ് .
Jayan varghese 2024-07-26 00:47:29
ഇണയുടെ ശരീര ഭാഗങ്ങളിൽ അനുഭവേദ്യമാവുന്ന അനുഭൂതികളുടെ ആഴങ്ങളിൽ മുങ്ങി വർഗ്ഗോല്പാദനത്തിന്റെ വിത്തുകൾ വിതറി ജൈവ പരിണാമത്തിന്റെ പുത്തൻ വേർഷനുകൾ ചമയ്ക്കുന്ന സർഗ്ഗ പ്രകൃതിയെ ആർക്ക് തടയാൻ പറ്റും എഴുത്തുകാരീ ? ഒരു തരി മഞ്ഞ മണ്ണ് അടിച്ചു പരത്തിയ നമ്പർ പ്ളേറ്റ് കെട്ടിത്തൂക്കി വാഹനം സ്വന്തമാക്കുന്ന പുരുഷ മേധാവിത്വം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു കുട്ടികളെ!. മതങ്ങളും അവരെ താങ്ങി നിർത്തുന്ന സാമൂഹ്യ മേലാളരും കൂടി കെട്ടിപ്പൊക്കിയ ഈ മണൽച്ചിറകൾ തകർത്തെറിയാൻ യുവാക്കൾ തയ്യാറാവണം. അതിനായി ഇവന്മാർക്ക് കപ്പം കൊടുക്കുന്ന സാമൂഹ്യ സമ്പത്ത് ബുദ്ധിപൂർവം വിനിയോഗിച്ച് ഇണകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ജീവിക്കണം. മഞ്ഞ മണ്ണും വർണ്ണക്കല്ലും വാരിത്തേക്കാതിരുന്നാൽ മതി രോഗങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും വരെ നിങ്ങള്ക്ക് മോചനം നേടാം. കുട്ടികളെ വളർത്തുന്നത് ബാധ്യതയായി കാണുന്ന ഈ ലേഖിക ഏത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു സംരക്ഷിക്കുന്ന ഏതൊരു ജീവിയും ആദിയോളം നീണ്ടു ചെല്ലുന്ന പ്രാപഞ്ചിക സ്നേഹ പ്രചുരിമയുടെ ആവർത്തനമാണ് നടപ്പിലാക്കുന്നതെന്ന് ഇവരോട് ആര് പറഞ്ഞു കൊടുക്കും ? മഹത്തായ മനുഷ്യ ബന്ധങ്ങളുടെ മണിയറകളിൽ നിന്നാണ് ഇണ ചേരലും ഗർഭോൽപ്പാദനവും പ്രസവവും സ്നേഹ വാത്സല്യങ്ങളും എല്ലാം ചുരത്തപ്പെടുന്നത് എന്നതിനാൽ ഭൂമുഖത്ത് ജീവൻ ഉള്ള കാലത്തോളവും അവ സംഭവിച്ചു കൊണ്ടേയിരിക്കും. ആചാരങ്ങളുടെ അറവ് ശാലകളിൽ അറുക്കപ്പെടാൻ നിന്ന് കൊടുക്കാതെ രക്ഷപ്പെട്ട് പുറത്ത് വരുവാൻ മനുഷ്യ രാശിയെ പ്രേരിപ്പിക്കുകയാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തു കാരുണ്ടെങ്കിൽ അവർ നിർവഹിക്കേണ്ടുന്ന പ്രാഥമിക കർമ്മം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക