Image

യാത്രയാകുന്ന പുസ്തകങ്ങൾ ( കഥ : തങ്കച്ചൻ പതിയാമൂല )

Published on 24 July, 2024
യാത്രയാകുന്ന പുസ്തകങ്ങൾ ( കഥ : തങ്കച്ചൻ പതിയാമൂല )

“ഈ പുസ്തകങ്ങൾ ഇവിടെ നിന്നും മാറ്റിയിരുന്നെങ്കിൽ ഈ മുറി വൃത്തിയായി കിടന്നേനെ”

അലമാരയിലും മേശയിലുമായി  നിറഞ്ഞുകിടക്കുന്ന പുസ്തകങ്ങളെ നോക്കി പ്രിയ പത്നി  പറഞ്ഞു.

പതിവുപോലെ അയാൾ ഒന്നും മിണ്ടിയില്ല.

“വായിച്ചുകഴിഞ്ഞ പുസ്തകങ്ങളെങ്കിലും ആർക്കെങ്കിലും കൊടുത്തുകൂടെ? ആക്രിക്കാരൻ കഴിഞ്ഞ ദിവസവും വന്നു ചോദിച്ചതാണ് പഴയ ബുക്കോ പുസ്തകങ്ങളോ കൊടുക്കാൻ ഉണ്ടോ എന്ന്”.

പുസ്തകങ്ങളാണ് ഇപ്പോൾ അവളുടെ ശത്രുക്കൾ!

“പുസ്തകങ്ങൾ എനിക്ക് അമ്മയെ പോലെയാണ്. എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ ഈ പുസ്തകങ്ങളാണ്.”

എന്റെ ലളിതമായ മറുപടി അവളുടെ ദേഷ്യം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

“എങ്കിൽ നിങ്ങൾ എപ്പോഴും വയസ്സായ അമ്മയെയും കെട്ടിപ്പിടിച്ചു കൊണ്ടിരുന്നോ? മരിച്ചു കഴിഞ്ഞാലെങ്കിലും കൊണ്ടുപോയി  അടക്കണമല്ലോ.”

അവൾ വിടുന്ന ഭാവമില്ല.

“പുസ്തകങ്ങൾക്ക് മരണമില്ല”

ഞാൻ വലിയ തത്വശാസ്ത്രം എന്നപോലെ ഗൗരവത്തിൽ പറഞ്ഞു.

“നിങ്ങളീ പുസ്തകം മുഴുവൻ വായിച്ചിട്ടുണ്ടോ?  വെറുതെ വാങ്ങിക്കൂട്ടിയത് അല്ലാതെ. ആ കാശ് ഉണ്ടായിരുന്നെങ്കിൽ ഈ വീടൊന്ന് പുതുക്കി പണിയാമായിരുന്നു.  നശിച്ച പുസ്തക ഭ്രാന്ത്.”

അവൾ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
“മക്കൾക്ക് മലയാളം വായിക്കാൻ അറിയില്ല. മാത്രമല്ല അവർ ഇനി നാട്ടിൽ വന്ന് ജീവിക്കുമെന്ന് കരുതുന്നുമില്ല. അവരുടെ മക്കൾ മലയാളം പറയുമോ എന്നുപോലും സംശയമാണ്.
പിന്നെ ആർക്കുവേണ്ടിയാണ് ഇതിവിടെ ഇങ്ങനെ സ്ഥലം മെനക്കെടുത്തി സൂക്ഷിച്ചിരിക്കുന്നത്.”

ഉത്തരം അർഹിക്കാത്തത് കൊണ്ടോ ഉത്തരം ഇല്ലാത്തതുകൊണ്ടോ ഒന്നുമല്ല  ഞാൻ മിണ്ടാതിരുന്നത്. അതെന്റെ ജീവിത വിജയത്തിന്റെ രഹസ്യമാണ്!

മക്കളുടെ നിർബന്ധം കൂടിയായപ്പോൾ അവസാനം നാട്ടിലെ വായനശാലയ്ക്ക് പുസ്തകങ്ങൾ കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു.

നാട്ടിലെ ഗ്രാമീണ വായനശാല നടത്തിപ്പുകാരനോട് പറഞ്ഞപ്പോൾ അയാൾ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല.

“പല ദിവസങ്ങളിലും ഒരാൾ പോലും പുസ്തകം വായിക്കാൻ എടുക്കാത്ത ഈ ലൈബ്രറിയിൽ ഇനിയും കുറേയേറെ പുസ്തകങ്ങൾ കൊണ്ടുവന്നു വെച്ചിട്ട് എന്ത് കാര്യം.”
അയാൾ പറഞ്ഞു.

ഗവൺമെന്റ്  ഗ്രാൻഡ് കൊണ്ട്  കുറച്ചു പുസ്തകങ്ങൾ വാങ്ങുകയും നിത്യച്ചിലവിന് വകയില്ലാതെ ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്ന ഒരു വായനശാല ആയിരുന്നു അത്.

എങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കിയപ്പോൾ അയാൾ ആ പുസ്തകങ്ങൾ സ്വീകരിക്കാൻ സമ്മതിച്ചു.

അങ്ങനെ വളരെ ഹൃദയ വേദനയോടെ പുസ്തകങ്ങൾ ഇനം തിരിച്ച് അടുക്കി ഒരു പെട്ടിയിലാക്കി അത് ലൈബ്രറിയിൽ എത്തിച്ചു കൊടുത്തു.

അന്ന് രാത്രി കിടന്നിട്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.  സ്വന്തം അമ്മയെ അനാഥാലയത്തിൽ ആക്കി തിരിച്ചെത്തിയ പോലെ എന്റെ ഹൃദയം വിങ്ങി.  ശൂന്യമായ ബുക്ക് ഷെൽഫുകൾ കണ്ടപ്പോൾ എനിക്ക് സങ്കടം അടക്കാനായില്ല .

വൈകുന്നേരം മാത്രം തുറക്കുന്ന ലൈബ്രറിയിൽ ഞാൻ രാവിലെ തന്നെ എത്തി കാത്തിരുന്നു. ലൈബ്രറേറിയൻ എത്തി വാതിൽ തുറന്നപ്പോഴേ ഞാൻ മുറിയിൽ ഓടിക്കയറി. എന്റെ പുസ്തകങ്ങളെ തഴുകി, കെട്ടിപ്പിടിച്ചു.

എന്റെ  പുസ്തക പ്രേമം കണ്ട് അയാൾ പറഞ്ഞു.

“ ഇത്ര പ്രയാസമാണെങ്കിൽ അത് തിരിച്ചു കൊണ്ടു പൊയ്ക്കോളൂ. അല്ലെങ്കിൽ ഇയാൾ ഇവിടെതന്നെ താമസിച്ചോളൂ.”

ഞാൻ ആശ്വാസത്തോടെ മുഖമുയർത്തി അയാളെ നോക്കി.

അടുത്തദിവസം മുതൽ ‘24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ലൈബ്രറി’ പ്രവർത്തനം ആരംഭിച്ചു!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക