Image

സ്‌നേഹം സാന്ത്വനം :ഡോ . എം. ആര്‍. രാജഗോപാല്‍ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് )

ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് Published on 24 July, 2024
 സ്‌നേഹം സാന്ത്വനം :ഡോ . എം. ആര്‍. രാജഗോപാല്‍ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോര്‍ജ്ജ് )

 'ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും, സാമൂഹികവും ആയിട്ടുള്ള    സൗഖ്യമാണ് '. ലോകാരോഗ്യ സംഘടനയാണ് ആരോഗ്യത്തിന് ഇങ്ങനെയൊരു നിര്‍വചനം കൊടുത്തിരിക്കുന്നത്.

   രാജഗോപാലന്‍ സാറിന്റെ സ്‌നേഹം, സ്വാന്തനം എന്ന പുസ്തകം വായിച്ച് അവസാനിപ്പിക്കുമ്പോള്‍ അവസാനത്തെ അധ്യായത്തില്‍ നിന്ന് തന്നെ തുടങ്ങണം ഇതിനൊരു ആസ്വാദനം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകം വായിക്കുമ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്കും അവസാന ചാപ്റ്റര്‍ വായിച്ചു തുടങ്ങാം. എന്നാലും ഈ പുസ്തകം വായിക്കാതെ പോകരുത്.
      ' യാത്രാമൊഴി ഇപ്പോഴേ '
  എന്നതാണ് അവസാന അധ്യായം. കണ്ണുനിറയാതെ വായിക്കാനാവില്ല എന്നതല്ല പ്രധാനം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ അന്ത്യ നിമിഷങ്ങള്‍ എങ്ങനെ ആഘോഷിക്കണം എന്ന് അദ്ദേഹത്തിനുള്ള ആഗ്രഹം അദ്ദേഹം തുറന്നു എഴുതുകയാണ്. അത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ നല്‍കുമെന്ന  പ്രതീക്ഷയോടെയാണ് ഈ പുസ്തകം സാര്‍ അവസാനിപ്പിക്കുന്നത്.


    പാലിയേറ്റീവ് കെയര്‍ വെറും ശാസ്ത്ര ചികിത്സ മാത്രമല്ല എന്നും അത് മനുഷ്യത്വവും സ്‌നേഹവും ചേര്‍ന്ന  ഒരു കല അതിലടങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്നവര്‍ തിരിച്ചറിയുമോ എന്ന് അദ്ദേഹം സംശയിക്കുന്നുണ്ട്.. 'വൈ ഡു യു വാണ്ട് ടു കാള്‍ ഹിം ബാക്ക്, ലെറ്റ് ഹിം ഹാവ് എ പീസ് ഫുള്‍ ഡെത്ത് ' എന്ന് എന്റെ അപ്പന്റെ മരണത്തിനു മുന്‍പില്‍ നിന്നു കൊണ്ട്  എന്നെ സ്വാന്ത്വനിപ്പിച്ച ഫിസിഷന്‍ ഡോക്ടര്‍ കുമുദാബായിയെ ഞാന്‍ ആരാധനയോടെ സ്മരിക്കുന്നു ഈ അവസരത്തില്‍.

    ഓരോ മനുഷ്യനും വിശിഷ്ടമായ സ്വന്തം ജീവിതം എങ്ങിനെയായിരിക്കണം അവസാനിക്കേണ്ടത് എന്നതിനെക്കുറിച്ച് ധാരണകള്‍ ഉണ്ടായിരിക്കും. വെറുതെ വലിച്ചു നീട്ടേണ്ട, നല്‍കാന്‍ പറ്റുന്ന സമാധാനം എല്ലാ നിലയിലും നടപ്പാക്കുക അതാണ് കരണീയം ആയിട്ടുള്ളത്. ഇന്നത്തെ നീണ്ടു നീണ്ടുപോകുന്ന തണുത്തു വിറയ്ക്കുന്ന  ഇന്റെന്‍സിവ് കെയര്‍ യൂണിറ്റുകളെ സാര്‍ അപലപിക്കുന്നുണ്ട്. ഒരു കുടുംബത്തെയും സുഹൃത്തുക്കളെയും ആവശ്യമുള്ള നേരത്ത് എന്നില്‍ നിന്നും അത് പറിച്ചു മാറ്റരുതേ എന്ന് അദ്ദേഹം അപേക്ഷിക്കുന്നുമുണ്ട്. ഇതു വായിക്കുമ്പോള്‍ ഒരുമാത്ര എന്റെ ഹൃദയവും വിറ കൊള്ളുന്നുണ്ട്.

നമുക്ക് ആദ്യ അധ്യായങ്ങളിലേക്ക് വരാം..   എന്താണ് പാലിയേറ്റീവ് കെയര്‍? രോഗിയെ രോഗി മാത്രമായി കാണാതെ അവരുടെ ഓരോ കോശങ്ങളെയും തിരിച്ചറിഞ്ഞ് മനസ്സും ശരീരവും വിചാരങ്ങളും വികാരങ്ങളും ഭയങ്ങളും ആശങ്കകളും മനസ്സിലാക്കി സമാധാനത്തില്‍ ശിഷ്ട ജീവിതം ജീവിച്ച് അന്തസ്സായി മരിക്കുവാന്‍ ഒരു രോഗിയെ സഹായിക്കുന്ന ചികിത്സാ വിധിയാണ് പാലിയേറ്റീവ് കെയര്‍.


     പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ രാജ്യം ഒട്ടാകെയും ആരോഗ്യമേഖലയുടെ ഏറ്റവും ചെറിയ യൂണിറ്റുകളില്‍ പോലും ചികിത്സ നല്‍കുവാനുള്ള സാധ്യതകള്‍ ഉണ്ടാകട്ടെ എന്ന്  സാര്‍  ആഗ്രഹിക്കുന്നു.51 ഓളം അധ്യായങ്ങളില്‍ 275 ഓളം പേജുകളില്‍ വളരെ വിശദമായും, വിശാലമായും, എന്നാല്‍ എല്ലാ വായനക്കാര്‍ക്കും മനസ്സിലാകുന്നത്ര സരളമായും ആണ് സാര്‍ എഴുതിയിരിക്കുന്നത്.
     ഞാന്‍ 'അതെന്റെയും ജീവനായിരുന്നു.' എന്ന അനസ്‌തേഷ്യ ഡയറിക്കുറിപ്പുകള്‍ എഴുതുമ്പോള്‍ പാലിയേറ്റീവ് കെയറില്‍ നിന്ന് ചില അനുഭവക്കുറിപ്പുകള്‍ എഴുതണമെന്ന് കരുതിയതാണ്. പക്ഷേ അന്നെന്റെ മനസ്സ് പറഞ്ഞു  ഇത് എഴുതേണ്ടത് ഞാനല്ല, രാജഗോപാലന്‍ സാര്‍ തന്നെയാണ്. ഇങ്ങനെ ഒരു പുസ്തക രചനയില്‍ സാര്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന ഒരു സൂചന പോലും എനിക്ക് ലഭിച്ചിരുന്നില്ല.. ഇപ്പോള്‍ രാജഗോപാലന്‍ സാര്‍ വളരെ വിശദമായി നല്ല ഭാഷയില്‍ ഖലീല്‍ ജിബ്രാനെയും പൗലോ കൊയിലോയേയും ഒക്കെ സാക്ഷിനിര്‍ത്തി എഴുതിയിരിക്കുന്നത് കാണുമ്പോള്‍, അതു വായിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷം അത്ര ചെറുതൊന്നുമല്ല.

      സാറിന് മാത്രമാണ് ഇങ്ങനെ ഒരു പുസ്തകം എഴുതാനുള്ള അവകാശം എന്ന് പോലും  ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം പ്രത്യേകിച്ച് കേരളം, അതിന്റെ ചെറിയ ചെറിയ മൂലകളില്‍ പോലും സ്വാന്ത്വന ചികിത്സയുടെ സന്തോഷങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ നമ്മള്‍ നന്ദി പറയേണ്ടത് രാജഗോപാല്‍ സാറിനോടാ ണ്.. ഇതിന്റെ പിറകില്‍ സാര്‍ ഒഴുക്കിയ ഒരുപാട് വിയര്‍പ്പുതുള്ളികള്‍ ഉണ്ട്. കാത്തിരിപ്പുകള്‍ ഉണ്ട്, നഷ്ടപ്പെടുത്തുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്ത നിമിഷങ്ങള്‍ ഉണ്ട്, അനേകം മണിക്കൂറുകള്‍, ദിവസങ്ങള്‍ ഉണ്ട്. ഒരിക്കല്‍പോലും സാറ് തളര്‍ന്നു പോയിട്ടില്ല. മനുഷ്യരിലെ നന്മയെ സാര്‍ തിരിച്ചറിയുന്നു. മനസ്സില്‍ നന്മയും, കാരുണ്യവും നിറഞ്ഞ കുറെയധികം മനുഷ്യരെ പലയിടങ്ങളിലായി ചേര്‍ത്തുവച്ചു വെച്ചാണ് ഈ സ്വാന്തന ചികിത്സ ഇപ്പോള്‍ ലഭിക്കുന്ന രീതിയില്‍ എങ്കിലും നാം അനുഭവിക്കുന്നത്. ഇത് ആവശ്യത്തിന് തികയുന്നുണ്ടെന്നും, ഇത്ര മതിയെന്നും ഒരിക്കലും സാര്‍ വിചാരിക്കുന്നില്ല. മറിച്ച് Dignified ആയ ഒരു ജീവിതവും, ജീവിത അന്ത്യവും ഓരോ മനുഷ്യനും ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട് സാറിന്റെ ഉള്ളില്‍.അതിനുള്ള നീക്കങ്ങള്‍ എല്ലാ ഇടങ്ങളില്‍ നിന്നും ഉണ്ടാകുമെന്ന  അതീവമായ പ്രത്യാശയുമുണ്ട്.


     1998 ല്‍ കാലിക്കറ്റ് മെഡിക്കല്‍ കോളേജിലേക്ക് ട്രാന്‍സ്ഫറായി എനിക്ക് സാറിന്റെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചെറിയൊരു വേള പരിശീലനം നേടാനുള്ള അവസരം ഉണ്ടായി. അന്ന് ഞാന്‍ ആദ്യം കേട്ട ക്ലാസ് How to break a bad news? എന്നതാണ്. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ഡിസ്‌കഷനില്‍ രോഗികളോട് അവരുടെ ബന്ധുക്കളോട് ഓരോ അവസ്ഥയിലും എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്നു ഞാന്‍ ഏറെ പഠിച്ചു. അതെന്റെ ഭാവി കരിയറില്‍ വളരെയധികം പ്രയോജനപ്പെടുത്താന്‍ എനിക്ക് സാധിച്ചു എന്നത് സന്തോഷത്തോടെ ഞാന്‍  കുറിക്കട്ടെ.


    ഞാന്‍ കണ്ട ഏറ്റവും നല്ല സഞ്ചരിക്കുന്ന പാഠപുസ്തകമാണ്  രാജഗോപാലന്‍ സാര്‍ എന്ന് എഴുതുവാന്‍ എനിക്ക് ഒരു മടിയുമില്ല. 


        രാജഗോപാലന്‍ സാറിന്റെ എല്ലാ പ്രയത്‌നങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നത് 2018ല്‍ സാറിന് രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു എന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നു.


സാറിന്റെ ശിഷ്ടജീവിതം സാര്‍ ആഗ്രഹിച്ചതുപോലെ ആകട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു.
    ' സ്‌നേഹം,സ്വാന്തനം' എന്ന ഡോക്ടര്‍ എം ആര്‍ രാജഗോപാലന്റെ ഈ പുസ്തകം വായിക്കാതിരിക്കുക എന്നാല്‍ മാനവികതയെ തൊടാതെ പോകുക എന്നുതന്നെയാണ് അര്‍ത്ഥം.


       സാറിന് ആരോഗ്യവും ദീര്‍ഘായുസ്സും സ്‌നേഹത്തോടെ നേര്‍ന്നുകൊണ്ട്
 Dr. Kunjamma George 24-07-2024.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക