Image

പ്രൊഫ: കോശി തലക്കൽ: സാഹിത്യ ആചാര്യൻ, കർമ്മ രംഗങ്ങളിൽ പ്രതിഭ (സൂരജ് കെ.ആർ.)

സൂരജ് കെ.ആർ. Published on 25 July, 2024
പ്രൊഫ: കോശി തലക്കൽ: സാഹിത്യ ആചാര്യൻ,  കർമ്മ  രംഗങ്ങളിൽ  പ്രതിഭ (സൂരജ് കെ.ആർ.)

ഫൊക്കാന   സാഹിത്യ ആചാര്യ പുരസ്കാരം നേടിയ  പ്രൊഫ. കോശി തലയ്ക്കൽ   ബഹുമുഖ പ്രതിഭയാണ്. മലയാളം  അധ്യാപകൻ, എഴുത്തുകാരൻ, രാഷ്ട്രീയ നേതാവ്, തുടങ്ങി   വ്യത്യസ്ഥ കർമ്മ  രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച പ്രതിഭ.

പള്ളി, ബഡവാഗ്‌നി (നോവലുകൾ), വെളിച്ചം ഉറങ്ങുന്ന പാതകൾ (ചെറുകഥകൾ), ഡിങ്-ഡോങ്, മൈനയും മാലാഖയും (ബാലസാഹിത്യം), ക്രിസ്മസ്‌കരൾ (വിവര്‍ത്തനം), കാലാന്തരം (കവിതകൾ), ആത്മസങ്കീര്‍ത്തനം (ഗാനങ്ങൾ), പ്രശാന്തയാമങ്ങൾ (ലേഖനം), ഗാനങ്ങളുടെ കദനവഴികള്‍ കഥാവഴികൾ (അനുഭവങ്ങള്‍), കഥപറയുന്ന കീര്‍ത്തനങ്ങൾ (കീര്‍ത്തനചരിത്രം), ആത്മീയബിന്ദുക്കൾ (ലേഖനം), പഞ്ചവര്‍ണ്ണ കഥകൾ (കഥകൾ), കുരിശിലെ മൊഴികൾ (ലേഖനം) എന്നിവയാണ് കൃതികൾ.  


ചോദ്യം:  ഫൊക്കാനയുടെ സാഹിത്യ ആചാര്യ പുരസ്‌കാരത്തിന് അര്‍ഹനായതിനെക്കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കാമോ? ഒപ്പം സാഹിത്യത്തിലേയ്ക്ക് വന്ന വഴികളെപ്പറ്റിയും?

1996-ലാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. അന്ന് മുതല്‍ ഫൊക്കാനയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും, സെമിനാറുകള്‍ക്ക് നേതൃത്വം കൊടുക്കുകയും, പേപ്പറുകള്‍ പ്രസന്റ് ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. കഴിഞ്ഞ് മൂന്നുനാല് വര്‍ഷമായി ഫൊക്കാനയുടെ സാഹിത്യമത്സരത്തിന്റെ ജഡ്ജിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഇവിടുത്തെ പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി എഴുതുന്നുണ്ട്. കേരളത്തിലായിരിക്കുമ്പോള്‍ 1962 മുതല്‍ എഴുതിത്തുടങ്ങിയ ആളാണ് ഞാന്‍. അന്ന് കൂടെയുണ്ടായിരുന്ന പലരും പിന്നീട് വലിയ സാഹിത്യകാരന്മാരായപ്പോള്‍ ഞാന്‍ ഇടയ്ക്ക് രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചതിലൂടെ കുറേ കാലം എഴുത്തിന് കാര്യമായ തുടര്‍ച്ച സംഭവിച്ചില്ല. മാവേലിക്കര ബിഷപ് മൂർ  കോളജില്‍ മലയാളം പ്രൊഫസറായാണ് ജോലി ഞാന്‍ ചെയ്തിരുന്നത്. ഭാഷാപോഷിണി അടക്കമുള്ള മാസികകളില്‍ കഥകളും കവിതകളും എഴുതുമായിരുന്നു. 20-ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിന്റെയെല്ലാം വെളിച്ചത്തിലാണ് ഇപ്പോള്‍ ഫൊക്കാനയുടെ സാഹിത്യ ആചാര്യ അവാര്‍ഡ് ലഭിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഒപ്പം അമേരിക്കയിലെ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയിലും വര്‍ഷങ്ങളായി സജീവമാണ്. ഇതിലൂടെയെല്ലാം ഒരു ഗുരു എന്ന നിലയ്ക്ക് എനിക്ക് ലഭിച്ച അംഗീകരമായാണ് ഈ അവാര്‍ഡിനെ കാണുന്നത്.

ചോദ്യം:  അമേരിക്കയിലേയ്ക്ക് കുടിയേറാനുണ്ടായ സാഹചര്യം എന്തായിരുന്നു?

റിട്ടയര്‍മെന്റിന് മൂന്ന് വര്‍ഷം ബാക്കി നില്‍ക്കുമ്പോഴാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഭാര്യയുടെ സഹോദരി സ്‌പോണ്‍സര്‍ ചെയ്ത പ്രകാരം ഇവിടെയെത്തിയ ഞാനും ഭാര്യയും, പിന്നീട് ഇവിടെ സ്ഥിരമാകുകയായിരുന്നു.

ചോദ്യം:  അമേരിക്കയില്‍ എത്തിയതിന് ശേഷമായിരുന്നോ കൂടുതലായും സാഹിത്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്?

ചോദ്യം:  ഇവിടെ വന്നതിന് ശേഷമാണ് വായന കൂടുതലായി നടന്നത്. പ്രത്യേകിച്ചും ഒരുകാലത്ത് വായിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഇംഗ്ലിഷ് പുസ്തകങ്ങള്‍. അങ്ങനെ വിശ്വസാഹിത്യത്തോട് കൂടുതലായി ഒരു അടുപ്പം രൂപപ്പെട്ടു. ശേഷം ധാരാളമായി എഴുതാനാരംഭിച്ചു.

ചോദ്യം: കേരളത്തിലുണ്ടായിരുന്നപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി സൂചിപ്പിച്ചല്ലോ. എങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍?

ആദ്യകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ചന്ദ്രശേഖര്‍, ജഗ്ജീവന്‍ റാം മുതലായവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചപ്പോള്‍, ആ ഗ്രൂപ്പിനോട് ചായ്‌വുണ്ടായിരുന്ന ഞാനും രാജിവയ്ക്കുകയും, പിന്നീട് ജനതാ പാര്‍ട്ടി രൂപം കൊണ്ടപ്പോള്‍ അതിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. ജനത പിളര്‍ന്നപ്പോള്‍ കമലം ജനത വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായി. അവസാനം ഞങ്ങള്‍ പ്രവര്‍ത്തകരെല്ലാം തിരികെ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ തീരുമാനിക്കുകയും, തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തില്‍ ആ ആവശ്യമുന്നയിച്ചുള്ള പ്രമേയം ഞാന്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു. അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടി എന്നെ ഡിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയുമുണ്ടായി. വൈകാതെ തന്നെ അമേരിക്കയിലേയ്ക്ക് പോകേണ്ടതായി വന്നതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.

ചോദ്യം: ചെറുപ്പത്തില്‍ സാഹിത്യവുമായി അടുത്തത് എങ്ങനെയാണ്?

1962-ല്‍ കോളജില്‍ ബിഎ സെക്കന്‍ഡ് ഇയറിന് പഠിക്കുമ്പോഴാണ് ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചുവരുന്നത്. 'കേരള ഭൂഷണം' എന്ന പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിലെ ഒരു കവിതയായിരുന്ന അത്. പിന്നീട് നിരന്തരം ആ കാലഘട്ടത്തിലെ മാതൃഭൂമി, ജനയുഗം, മനോരമ, കേരളധ്വനി ഉള്‍പ്പെടെയുള്ള പത്രങ്ങളിലെ വാരാന്ത്യപ്പതിപ്പുകളില്‍ കവിതയും അതിന് പുറമെ കഥകള്‍, പുസ്തക നിരൂപണങ്ങള്‍ എന്നിവയും എഴുതാനാരംഭിച്ചു. പിന്നീട് എംഎയ്ക്ക് പഠിക്കുമ്പോഴും അത് തുടര്‍ന്നു. പ്രശസ്ത എഴുത്തുകാരനും, നടനുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗത്തിന്റെ എഡിറ്ററായിരുന്ന കാലത്ത് ‘മലയാള ചെറുകഥകളുടെ പുതിയ പ്രവണതകള്‍’ എന്ന പേരില്‍ എന്റേതടക്കം അഞ്ച് കഥകള്‍ ജനയുഗത്തിന്റെ ഒരു പ്രത്യേക പതിപ്പായി ഇറക്കിയിരുന്നു. 'കുര്‍ബാന' എന്നായിരുന്നു എന്റെ കഥയുടെ പേര്. വ്യവസായവിപ്ലവത്തിന് ശേഷം ലോകമെങ്ങും ആളുകള്‍ തൊഴിൽ ലഭിച്ച് തിരക്കേറിയവരായി മാറിയപ്പോള്‍ ട്രെയിനിലും മറ്റുമുള്ള യാത്രയ്ക്കിടെ വായിക്കാന്‍ തക്കവണ്ണം വളരെ ചെറിയ കഥകളെഴുതുന്ന 'വണ്‍ മിനിറ്റ് സ്‌റ്റോറീസ്' എന്ന ഒരു പ്രസ്ഥാനം ഇംഗ്ലിഷ് ഭാഷയില്‍ രൂപപ്പെട്ടിരുന്നു. മലയാളത്തിന് അന്ന് അപരിചിതമായിരുന്ന ആ രീതിയിലുള്ള ഒരു കഥയായിരുന്നു 'കുര്‍ബാന.' അത്തരം ഏറെ കഥകള്‍ പിന്നീടും എഴുതി. പക്ഷേ രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ എഴുത്ത് നിലച്ചു. സമയം കിട്ടുമ്പോള്‍ എഴുതുക എന്ന നിലയിലേയ്ക്ക് വന്നപ്പോള്‍ തുടര്‍ച്ചയായി എഴുതുന്ന ഒരാളല്ലാതായി ഞാന്‍ മാറി.

എഴുത്തിന് പുറമെ 1974 കാലത്ത് ‘റിബല്‍സ് മാവേലിക്കര’ എന്ന നാടകട്രൂപ്പിന്റെ 'തമസോമാ' എന്ന നാടകത്തിലും അഭിനയിച്ചിരുന്നു. അന്ന് പ്രശസ്ത നടനായ സോമന്‍, പങ്കജവല്ലി മുതലായവരെല്ലാം സഹഅഭിനേതാക്കളുമായിരുന്നു. 1975-ലെ അഖിലകേരള നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തെങ്കിലും അഭിനയം പിന്നീട് മുന്നോട്ടുകൊണ്ടുപോയില്ല.

ചോദ്യം: ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതാനാരംഭിച്ചത് എങ്ങനെയാണ്?

1983-84 കാലഘട്ടത്തിലാണ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതാനാരംഭിച്ചത്. സംഗീതം പഠിക്കുകയോ, ഏതെങ്കിലും സംഗീതോപകരണം വായിക്കാനറിയുകയോ ചെയ്യാത്ത എനിക്ക് ഭക്തിമാര്‍ഗ്ഗത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ സ്വാഭാവികമായി ഒരു സമ്മാനം പോലെ ദൈവം തന്ന കഴിവാണ് ഭക്തിഗാന രചന. കോളജ് പഠനകാലത്ത് പാടുകയും, ബെസ്റ്റ് വോയ്‌സ് എന്ന നിലയ്ക്ക് പ്രശംസിക്കപ്പെടുകയും ചെയ്തതായിരുന്നു കൈമുതല്‍. കവിതാരചനയുടെ പശ്ചാത്തലവും ഗാനരചനയില്‍ സഹായിച്ചു. പ്രാദേശികമായ ചില നാടകങ്ങള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ഗാനങ്ങള്‍ മനപ്പൂര്‍വ്വം എഴുതിയിരുന്നെങ്കിലും, ഭക്തിഗാനരചന മനപ്പൂര്‍വ്വം ചെയ്യുകയായിരുന്നില്ല. ഇതുവരെ എഴുതിയ 200-ലധികം ഭക്തിഗാനങ്ങളുടെയെല്ലാം വരികളും, സംഗീതവും ഞാന്‍ തന്നെയാണ് ചിട്ടപ്പെടുത്തിയത്. അതില്‍ 20-ഓളം എണ്ണം വലിയ രീതിയില്‍ ജനപ്രീതി നേടുകയും ചെയ്തു. ഒരിക്കല്‍പ്പോലും ഒരു ഗാനത്തിന്റെ ഈണം മറ്റൊരു ഗാനത്തില്‍ ആവര്‍ത്തിച്ചിട്ടില്ല. ഇതെല്ലാം ദൈവം തന്ന അനുഗ്രഹമായാണ് കരുതുന്നത്. അതിനാല്‍ത്തന്നെ ഞാനൊരു പാട്ടെഴുത്തുകാരനല്ല, കേട്ടെഴുത്തുകാരനാണെന്ന് സ്വയം പറയാറുണ്ട്. ദൈവം പാടിത്തരുന്നു, ഞാന്‍ കേട്ടെഴുതുന്നു. ബൈബിളില്‍ പറയും പോലെ ദൈവം മോശയ്ക്ക് ഒരു പാട്ട് പറഞ്ഞുകൊടുക്കുകയും, അത് മോശ എഴുതിയെടുത്ത് ഇസ്രായേല്‍ മക്കളെ പഠിപ്പിക്കുകയും ചെയ്തത് പോലെ. എല്ലാ കലകളുടെയും ആധാരം ദൈവമാണ്.

ചോദ്യം:  സമകാലിക മലയാള സാഹിത്യത്തില്‍ എഴുത്തുകാര്‍ക്ക് പ്രാധാന്യം കുറയുന്നതായി തോന്നുന്നുണ്ടോ? മുമ്പുണ്ടായിരുന്ന എഴുത്തുകാര്‍ക്ക് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ എഴുത്തുകാര്‍ക്ക് ലഭിക്കുന്നുണ്ടോ?

ഞങ്ങളൊക്കെ യുവാക്കളായിരുന്ന കാലത്തെ എഴുത്തുകാര്‍ എംടി, മുകുന്ദന്‍, കാക്കനാടന്‍ തുടങ്ങിയവരായിരുന്നു. അവരുടെ കൃതികള്‍ വായിച്ച് അവരോടെല്ലാം ഉണ്ടായിരുന്നത് ഒരുതരം വീരാരാധന ആയിരുന്നു. ഇന്നും എംടിയെ പോലെയുള്ളവരോടുള്ള ആ ആരാധന കേരളം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ മുകുന്ദനെ പോലുള്ളവരോട് ഇന്നത്തെ സമൂഹത്തിന് അത്തരമൊരു ആദരവ് ഉണ്ടെന്ന് തോന്നുന്നില്ല. അതിനുള്ള കാരണം ഇന്നത്തെ മലയാള സാഹിത്യം പല കള്ളികളിലേയ്ക്ക് ഒതുങ്ങിപ്പോയിരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിക്കുന്ന സാഹിത്യകാരന്മാര്‍ വരുമ്പോള്‍ ഇതര രാഷ്ട്രീയത്തില്‍ പെട്ടവര്‍ അവരെ അംഗീകരിക്കാനും, ആദരിക്കാനും തയ്യാറാകുന്നില്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്ന സാഹിത്യകാരന്മാരോടും സമൂഹത്തിനുള്ള മനോഭാവം വ്യത്യസ്തമാണ്. മലയാള സാഹിത്യത്തിലെ വലിയ ഒരു അപചയമാണിത്. സര്‍വ്വാദരം കിട്ടുന്ന സാഹിത്യകാരന്മാര്‍ ഇന്നില്ല. എംടി, ടി. പദ്മനാഭന്‍ പോലുള്ളവര്‍ മാത്രമാണ് അക്കാര്യത്തില്‍ ഇന്നും വ്യത്യസ്തരായി നില്‍ക്കുന്നത്.

ചോദ്യം: മലയാളത്തിലെ പുതിയ തലമുറ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു?

മലയാളത്തിലെ പുതിയ എഴുത്തുകാരെയെല്ലാം ഞാന്‍ വായിക്കാറുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും തന്നെ സ്വന്തമായി ഒരു സ്വത്വം ഉള്ളതായി തോന്നുന്നില്ല. ഇന്നത്തെ ചെറുകഥകളെ പറ്റി പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും ഒരേ ശൈലിയാണ്. പണ്ട് നമ്മള്‍ എംടിയുടെ ഒരു കഥ വായിച്ചാല്‍, അതില്‍ പേര് അച്ചടിച്ചിട്ടില്ലെങ്കില്‍ പോലും എഴുതിയത് എംടിയാണെന്ന് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. കാരൂരിന്റെയും, കാക്കനാടന്റെയും, മുകുന്ദന്റെയും കഥകളും അങ്ങനെ തന്നെ. പക്ഷേ ഇന്ന് അങ്ങനെ പറയാന്‍ സാധിക്കുന്ന വണ്ണം എഴുതുന്ന ഒരു സാഹിത്യകാരന്‍ പോലുമില്ല. ഈ എഴുത്തുകാര്‍ സ്വത്വം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിലും അതിന് സാധിക്കുന്നില്ല. ഒരേ അച്ചിലൂടെ വാര്‍ത്തു വരുന്ന, ഒരേ ഭാഷയിലുള്ള രചനകളായി അവ മാറുകയാണ്. അമേരിക്കയിലെ പുതിയ മലയാളം കഥാകൃത്തുക്കളുടെയും കവികളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഒരേ അച്ചില്‍ വാര്‍ത്ത പോലുള്ള ബിംബങ്ങൾ, ഭാഷാപ്രയോഗങ്ങള്‍, ലൈംഗികത എന്നിവയെല്ലാം ചേർത്തുവരുന്ന വ്യത്യസ്തതയില്ലാത്ത, ആരുടേതാണെന്ന് പറയാൻ സാധിക്കാത്തവിധം വ്യക്തിസ്വരൂപം നഷ്ടപ്പെട്ട കഥകളും കവിതകളുമാണ് പൊതുവെ ഇന്നുള്ളത്.

ചോദ്യം:  കവിതകളുടെ കാര്യം പറയുമ്പോള്‍ താളാത്മകമായ കവിതകളും, താളമില്ലാത്ത ഗദ്യം പോലെയുള്ള കവിതകളും ഉണ്ട്. ഇതില്‍ ഏതിനെയാണ് അങ്ങ് പിന്തുണയ്ക്കുന്നത്?

ആദ്യ കാലത്ത് വൃത്തത്തില്‍ ആണ് ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങിയത്. പിന്നീട് 1970-കളുടെ അവസാനമായപ്പോഴാണ് അയ്യപ്പപ്പണിക്കര്‍, കക്കാട് എന്നിവരെ പോലെയുള്ളവര്‍ ഗദ്യ രൂപത്തിലുള്ള കവിതകള്‍ എഴുതുന്ന പ്രവണത ആരംഭിച്ചത്. ആ വഴി ഞാനും പിന്തുടര്‍ന്നിരുന്നു. സംസ്‌കൃതവൃത്തത്തിലും, മലയാളത്തിലെ ദ്രാവിഡ വൃത്തത്തിലും ഞാന്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. പിന്നെ വൃത്തരഹിതമായ കവിതകളും എഴുതിയിട്ടുണ്ട്. ഭാഷാപോഷിണിയില്‍ വന്നിട്ടുള്ള എന്റെ കവിതകള്‍ മിക്കവയും വൃത്തരഹിതമാണ്. പക്ഷേ കവിതകള്‍ വൃത്തരഹിതമാകുമ്പോഴും അതിലൊരു താളം വേണം. കുറഞ്ഞപക്ഷം ഭാവതാളമെങ്കിലും വേണമെന്ന് ശഠിക്കുന്ന ആളാണ് ഞാന്‍. താളം വേണമെന്ന് ആധുനിക എഴുത്തുകാര്‍ക്കും അറിയാം. കാരണം കാവ്യാത്മകമല്ലാത്ത പദങ്ങള്‍ പോലും ഉപയോഗിച്ച് അവര്‍ എഴുതുന്ന കവിതകള്‍, സംഗീതജ്ഞരെ കൊണ്ട് പാടി ഒപ്പിക്കുകയാണ്. ആ ആലാപനത്തിലെ താളം അവര്‍ ആഗ്രഹിക്കുന്നുണ്ട്.

താളം എന്ന് പറയുന്നത് ഈ പ്രപഞ്ചത്തിന്റെ തന്നെ ഒരു അവസ്ഥയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന പൈഥഗോറസ് ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞ ഒരു വാചകമുണ്ട്, 'ദെയര്‍ ഈസ് എ മ്യൂസിക് ഇന്‍ ദി യൂണിവേഴ്‌സ്- ദാറ്റ് ഈസ് സെലസ്റ്റിയല്‍ മ്യൂസിക്.' ഖഗോളസംഗീതം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുന്നത്. സൗരയൂഥം അടക്കമുള്ള അനന്തമായ ഈ പ്രപഞ്ചം ഒരു താളക്രമത്തില്‍ ചലിച്ചുകൊണ്ടേയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ജീവിതത്തിനും ഒരു താളമുണ്ട്, അതിനാല്‍ നമ്മുടെ കവിതയിലും ഒരു താളം ആവശ്യമാണ് എന്ന് ഞാന്‍ ശഠിക്കുന്നു. പക്ഷേ ഇപ്പോഴത്തെ പല കവികളും എവിടെയാണ് വരി മുറിക്കേണ്ടത് എന്നുപോലും അറിയാതെ കവിതയെഴുതുന്നവരാണ്. പണ്ടൊരിക്കല്‍ എന്‍.എന്‍ കക്കാട് ഡല്‍ഹിയെ കുറിച്ച് 'സാരികളുടെ സരിഗമപധനി'  എന്ന് എഴുതിയ ഒരു നാലു വരി കവിതയുണ്ട്. നാലു വരി മാത്രമാണെങ്കിലും ഡല്‍ഹി നഗരത്തിന്റെ വിഹ്വലതകളും, തിരക്ക്, വൈവിധ്യം, വൈചിത്ര്യം എന്നിവയുമെല്ലാം ധ്വനിപ്പിക്കുന്നവയാണ് ആ നാല് വരികള്‍. എന്നാല്‍ അത്തരം ധ്വനിപ്പിക്കുന്ന കവിതകള്‍ ഇന്ന് വളരെ അപൂര്‍വ്വമാണ്.

ചോദ്യം: അങ്ങ് മുമ്പ് മലയാളം അദ്ധ്യാപകനായിരുന്നല്ലോ. നിലവില്‍ ധാരാളം മലയാളികള്‍ അമേരിക്ക പോലുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നുണ്ട്. അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഇന്ന് മലയാള ഭാഷയ്ക്ക് എത്രത്തോളം പ്രധാന്യമുണ്ട്?

ലോകത്ത് ഭാഷയോട് കൂറുകാണിക്കാത്ത ഒരേയൊരു വര്‍ഗ്ഗം മലയാളികളാണ്. ഞാന്‍ മലയാളിയാണ്, എന്റെ ഭാഷ മലയാളമാണ് എന്ന് പറയാത്ത ഏക വിഭാഗമാണ് നമ്മള്‍. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക അടക്കം മുകളിലോട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഉള്ളവര്‍ എനിക്ക് ചുറ്റുമായി അമേരിക്കയില്‍ ജീവിക്കുന്നുണ്ട്. അവര്‍ തങ്ങളുടെ സുഹൃത്തുക്കളോടും, മക്കളോടുമെല്ലാം സ്വന്തം ഭാഷയിലാണ് സംസാരിക്കുന്നത്. എന്നാല്‍ ഇവിടുത്തെ മലയാളികള്‍ അവരുടെ മക്കളോട് വീട്ടില്‍ പോലും ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്. അതാകട്ടെ ഒട്ടും നല്ല ഇംഗ്ലിഷ് അല്ല താനും. തങ്ങള്‍ മലയാളികളാണെന്ന് മറ്റുള്ളവര്‍ അറിയുന്നത് നാണക്കേടായാണ് അവര്‍ കരുതുന്നത്. പക്ഷേ മക്കള്‍ വളര്‍ന്നുവരുന്നതിനനുസരിച്ച് ഇംഗ്ലിഷില്‍ നല്ല പ്രാവീണ്യം നേടുകയും, ക്രമേണ മോശം ഇംഗ്ലിഷ് സംസാരിക്കുന്ന മാതാപിതാക്കളോട് ബഹുമാനമില്ലാത്തവരായി മാറുകയും ചെയ്യുന്നു. പിന്നെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മക്കളാകുകയും, അങ്ങനെ മാതാപിതാക്കള്‍ മക്കളുടെ അടിമകളായി തീരുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്ന് ഇവിടെയുള്ളത്. കുടുംബന്ധങ്ങളടക്കം ശിഥിലമാകാന്‍ അത് കാരണമാകുന്നു. ഇംഗ്ലിഷ് പറയുന്നതാണ് ഏറ്റവും മികച്ച സംസ്‌കാരം എന്ന് നമ്മുടെ മാതാപിതാക്കളില്‍ വലിയൊരു പങ്കും തെറ്റിദ്ധരിച്ചുവച്ചിരിക്കുകയാണ്. ഭാഷയെ സ്‌നേഹിക്കുന്ന മലയാളികള്‍ ഇവിടെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ലാന പോലെയുള്ള സംഘടനകള്‍ ഉള്‍പ്പെടുന്ന അവരാണ് ഇവിടെ സാഹിത്യപ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ മലയാള കഥാ രംഗത്തും, കാവ്യരംഗത്തും പുതുതായി വന്ന എഴുത്തുകാര്‍ കൃത്യമായ ഒരു സ്വത്വം ഉള്ളവരല്ലെങ്കില്‍പോലും, മികച്ച രചനകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ സമകാലിക രചനകള്‍ വായിച്ച് അത്തരത്തില്‍ എഴുതാന്‍ അവര്‍ക്ക് കഴിയുന്നു.

ചോദ്യം:  അങ്ങയുടെ പുതിയ രചനകളെ പറ്റി എന്താണ് വായനക്കാരോട് പങ്കുവയ്ക്കാനുള്ള വിശേഷം?

ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു പുതിയ കൃതിയുടെ രചനയിലാണ് ഇപ്പോള്‍. മലയാളത്തില്‍ എന്നല്ല വിശ്വസാഹിത്യത്തില്‍ പോലും എങ്ങും അന്വേഷിച്ച് കണ്ടെത്തിയിട്ടില്ലാത്ത ഒരു വിഷയമാണ് പുതിയ പുസ്തകത്തിന്റേത്. ബൈബിളിലെ ഉല്‍പ്പത്തി എന്ന പുസ്തകത്തിലുള്ള നാല് പ്രധാന കഥാപാത്രങ്ങള്‍- അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ജോസഫ്. ജീവിതത്തിന്റെ നന്മകള്‍, വൈകല്യങ്ങള്‍, പുരോഗതികള്‍, പതനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതാണ് അവരുടെ കഥ. പക്ഷേ ഒരു ഫിക്ഷന്‍ അഥവാ കാല്‍പ്പനിക കഥാരൂപത്തില്‍ ഇവരെ നാല് പേരെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു കൃതി ഇതുവരെ ലോകത്ത് ഉണ്ടായിട്ടില്ല. യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രശസ്ത ഗ്രീക്ക് സാഹിത്യകാരനായ ഖസാന്‍സാക്കിസിന്റെ 'ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' പത്ത് വര്‍ഷം ഗവേഷണം നടത്തിയാണ് അദ്ദേഹം എഴുതിയത്. അത്തരമൊരു ഇതിഹാസ നോവലാണ് ഈ നാല് ആദിമ പിതാക്കന്മാരെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന കൃതി. 500-ല്‍പരം പേജുകള്‍ വരുന്ന പുസ്‌കത്തിന് 'ഉല്‍പ്പത്തിയുടെ ഉപോല്‍ഘാതം' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തോളമെടുത്ത് അവസാന കഥാപാത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന എഴുത്ത് അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
--------
പ്രൊഫ. കോശി തലയ്ക്കല്‍. കുന്നം ഗവ. ഹൈസ്‌കൂള്‍, തിരുവല്ല മാര്‍ത്തോമ്മാ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിൽ 1968 മുതല്‍ അദ്ധ്യാപകൻ.  വകുപ്പ് അദ്ധ്യക്ഷനായി വിരമിച്ചു. ഫൊക്കാനയുടെ  ‘ഗുരു’ പുരസ്‌കാരം, ലാനയുടെ ലൂമിനറി അവാര്‍ഡ്, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയുടെ മോശവത്സലം ശാസ്ത്രിയാര്‍ പുരസ്‌കാരം, ക്രിസ്തീയഗാനരചനയ്ക്കുള്ള പ്രഥമ എം.ഇ. ചെറിയാന്‍ അവാര്‍ഡ്, ക്രൈസ്തവസാഹിത്യ അക്കാദമി അവാര്‍ഡ്, ഗാനങ്ങള്‍ക്കുള്ള അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക സേവനത്തിന് ഫിലദല്‍ഫിയ സിറ്റി കൗണ്‍സില്‍ പ്രശംസാപ്രതം നല്‍കി ആദരിച്ചു.

 

Join WhatsApp News
Jacob Moncompu(Jacob M. Kallupura) 2024-07-26 20:09:46
പ്രൊഫ. കോശി തലക്കലിന് അനുമോദനങ്ങൾ . ദീപികയിൽ ജോലിചെയ്യുമ്പോൾ അദ്ദേഹത്തെ നേരിൽ കണ്ടതായി ഓർമിക്കുന്നു . ആലപ്പുഴയിൽ അഭിഭാഷകൻ ആയിരുന്നപ്പോൾ ജനത പാർട്ടി ജില്ലാ കമ്മറ്റിയിൽ ഒന്നിച്ചു പ്റവതിച്ചതും ഓർമ്മിക്കുന്നു. വാസനാസമ്പന്നനായ എഴുത്തുകാരൻ , അധ്യാപകൻ, സംശുദ്ധനായ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമാന്യനായ പ്രിയ സുഹൃത്തിനു അഭിവാദ്യങ്ങൾ മകൊമ്പ് ജേക്കബ് ( ജേക്കബ് എം. കല്ലുപുര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക