Image

പാബ്ലോ നെരൂദയുടെ കവിതകൾ

Published on 25 July, 2024
പാബ്ലോ നെരൂദയുടെ കവിതകൾ

നിനക്ക് എല്ലാ പൂക്കളും
പറിച്ചെടുക്കാനാവും
പക്ഷേ വസന്തം വരുന്നത്
നിനക്ക് തടയാനാവില്ല...

അതിനാൽ നിനക്കായി
ഞാൻ കാത്തിരിക്കുന്നു,
ഏകാന്തമായ ഒരു വീടുപോലെ,
നീ എന്നെ വീണ്ടും കാണുന്നവരെ.
എന്നിട്ട് എന്നിൽ ജീവിക്കൂ
അതുവരെ
എന്റെ ജനാലകൾ വേദനിക്കും...

പീഡിപ്പിക്കപ്പെട്ട 
നഗരങ്ങൾക്കു മുകളിൽ
ഏതു ഭാഷയിലാണ്
മഴ പെയ്യുന്നത്...

രാത്രിയോടെ
പ്രിയേ,നിന്റെ ഹൃദയം
എന്റേതുമായി ബന്ധിക്കൂ,
എന്നിട്ട്
അവ രണ്ടിനെയും
സ്വപ്നം കാണാൻ 
അനുവദിക്കൂ,
ഇരുട്ടിനെ പരാജയപ്പെടുത്താൻ...

ഞാൻ നദികളെപ്പോലെ
കരയാനാശിക്കുന്നു,
ഞാൻ ഇരുട്ടായി വളരാൻ
ആശിക്കുന്നു,
പുരാതനമായ
ധാതുക്കളുടെ ഒരു രാത്രിപോലെ
ഉറങ്ങാൻ...

മരണത്തിൽ നിന്നും
ഒന്നും നമ്മെ രക്ഷിക്കുന്നില്ല,
ഒരുപക്ഷേ പ്രണയം
നമ്മെ ജീവിതത്തിൽനിന്നും
രക്ഷിച്ചേക്കാം...

നീ പ്രത്യക്ഷയാകുമ്പോൾ
എന്റെ ശരീരത്തിലെ എല്ലാ
നദികളും ഇരമ്പുന്നു,
ആകാശത്ത്
മണികൾ ആടുന്നു,
ഒരു കീർത്തനം
ലോകത്തെ നിറയ്ക്കുന്നു...

ഒരൊറ്റ ചുംബനത്തിൽ
ഞാൻ
പറഞ്ഞിട്ടില്ലാത്ത
എല്ലാ കാര്യങ്ങളും
നീ മനസ്സിലാക്കും...

കവിത
അത് എഴുതുന്നവരുമായി
ബന്ധപ്പെട്ടിരിക്കുന്നില്ല,
അത് ബന്ധപ്പെട്ടിരിക്കുന്നു,
അത് 
ആവശ്യമുള്ളവരുമായി...

ഒരുനാൾ
ഒരിടത്ത്,
എവിടെയെങ്കിലും,
അപരാജിതനായി
നീ നിന്നെ കണ്ടെത്തും;
അത്,
അതുമാത്രമായിരിക്കും
നിന്റെ ജീവിതത്തിലെ
ഏറ്റവും ആഹ്ലാദഭരിതമായ
അല്ലെങ്കിൽ
ഏറ്റവും കയ്പുനിറഞ്ഞ
സമയം...

( പരിഭാഷ  )
 

Join WhatsApp News
(ഡോ.കെ) 2024-07-26 22:09:56
“കവിത അത് എഴുതുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്നില്ല, അത് ബന്ധപ്പെട്ടിരിക്കുന്നു, അത്  ആവശ്യമുള്ളവരുമായി” ശ്രീ.ജോർജ് പുത്തൻ കുരിശിനല്ലാതെ ഈ കവിതയിൽ ലയിച്ചു കിടക്കുന്ന കേവല സൗന്ദര്യത്തെയും വൈകല്യസൗന്ദര്യത്തേയും വേർതിരിച്ചു അതി സുന്ദരമായി പരിഭാഷപ്പെടുത്താൻ മറ്റാർക്കും കഴിയുമെന്ന് തോന്നുനില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക