Image

'ടു കില്‍ എ ടൈഗര്‍' പ്രദര്‍ശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 25 July, 2024
'ടു കില്‍ എ ടൈഗര്‍' പ്രദര്‍ശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: 'ടു കില്‍ എ ടൈഗർ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കഴിഞ്ഞ ഓസ്കറില്‍ മികച്ച ഡോക്യൂമെന്ററിയിലേക്ക് അവസാന നോമിനേഷനിലെത്തിയ ചിത്രമാണ് 'ടു കില്‍ എ ടൈഗർ'.

എന്നാല്‍ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ തുളിർ ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ ജീവിതമാണ് ഡോക്യുമെന്‍ററിയുടെ പശ്ചാത്തലം.

ഇത് പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നതാണെന്നും പോക്സോ നിയമം ലംഘിച്ചെന്നുമാണ് പരാതി. ചിത്രത്തിന്റെ സംവിധായിക നിഷ പഹൂജയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെയാണ് പരാതി നല്‍കിയിരുന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് സംവിധായിക ചിത്രീകരണം ആരംഭിച്ചതെന്നും മൂന്നര വര്‍ഷക്കാലം നീണ്ട ചിത്രീകരണത്തിന് ശേഷം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ മാത്രമാണ് അനുവാദം വാങ്ങിയതെന്നും തുളിർ ചാരിറ്റബിള്‍ ട്രസ്റ്റ് സമ‍‍ർപ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ ചിത്രീകരണം തുടങ്ങുമ്ബോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്നും ഡോക്യൂമെന്‍ററി റിലീസ് ആകുമ്ബോള്‍ അതിജീവിത പ്രായപൂര്‍ത്തി ആയിരുന്നുവെന്നും നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു. വാദം കേട്ട ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് റാവു ഗെഡ്‌ല എന്നിവരടങ്ങിയ ബെഞ്ച് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും തുടര്‍വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 8ലേക്ക് കേസ് മാറ്റിവെക്കാനും തീരുമാനിച്ചു. മാർച്ച്‌ 10 ന് ഡോക്യുമെൻ്ററി റിലീസ് ചെയ്ത സാഹചര്യത്തില്‍ ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക