Image

ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് മാർപാപ്പ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 26 July, 2024
ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള  അവസരം: ഫ്രാൻസിസ് മാർപാപ്പ

ഒളിമ്പിക്‌സ് മത്സരങ്ങൾ നിലവിലുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമിടട്ടെയെന്നും, ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ആശംസിച്ച് ഫ്രാൻസിസ്  മാർപാപ്പാ. പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്‌.

ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിർത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ അധികാരങ്ങൾ കൈയ്യാളുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

"ലോകത്ത് സമാധാനം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സംഘർഷങ്ങൾ പരിഹരിക്കപ്പെടുകയും ഐക്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യമെന്നുള്ള പ്രതീക്ഷയിൽ, ഒളിമ്പിക്‌സ് സന്ധി എല്ലാവരും മാനിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. 
"അധികാരത്തിലിരിക്കുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെ" എന്നതായിരുന്നു പാപ്പായുടെ സന്ദേശം.

ഏവരെയും ചേർത്തുപിടിക്കാനുള്ള അവസരം 

അതേ സമയം, ലോകത്ത് യുദ്ധങ്ങളും, സംഘർഷങ്ങളും, അനീതിയും നടമാടുമ്പോൾ, ഒളിമ്പിക്‌സ് മത്സരങ്ങൾ യുദ്ധങ്ങൾ അവസാനിപ്പിക്കാനും, അഭയാർത്ഥികൾ ഉൾപ്പെടെ ഏവരെയും ചേർത്തുപിടിക്കാനുമുള്ള ഒരു അവസരമാണെന്നു വത്തിക്കാൻ കായിക വിഭാഗം ഓർമിപ്പിച്ചു. ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കായി ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് കായികമത്സരങ്ങളിലൂടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള ഈ സന്ദേശം.

ഒളിമ്പിക്‌സ് മാനവികതയെ സന്ധിയിലേക്ക് നയിക്കുന്നതിനുള്ള ഒരു അവസരമായി മാറണമെന്നും, മത്സരങ്ങളിൽ അഭയാർഥികളുടെ ഒരു സംഘത്തെക്കൂടി പങ്കെടുപ്പിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ വഴി, ഇരുട്ടിലായിരുന്ന മാനവികതയ്ക്കും, കായിക കുടുംബത്തിനുമുള്ള സമാധാന നിർദ്ദേശങ്ങളാണ് ഫ്രാൻസിസ് പാപ്പാ നൽകിയിരുന്നതെന്ന് വത്തിക്കാൻ കായികവിഭാഗം തങ്ങളുടെ സന്ദേശത്തിൽ എഴുതി.

പാപ്പാ പലവുരു പറഞ്ഞതുപോലെ, ലോകത്ത് ഭീകരത വിതച്ചുകൊണ്ട് വിവിധയിടങ്ങളിലായി നടന്നുവരുന്ന മൂന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിക്കാൻ സാധിക്കാത്തപ്പോഴും, കൂടുതൽ സാഹോദര്യം ജീവിക്കാൻ സാധിക്കുന്ന ഒരു മാനവികതയെന്ന സാധ്യത മുന്നോട്ടുവയ്ക്കുന്ന സ്ത്രീപുരുഷന്മാരുടെ ചരിത്രമായി ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് എന്നിവ മാറുന്നുണ്ടെന്ന് വത്തിക്കാൻ സംഘം തങ്ങളുടെ കത്തിൽ കുറിച്ചു.

മൂന്നു വർഷങ്ങൾക്ക് മുൻപ് ടോക്കിയോയിൽ വച്ച്, ഒളിമ്പിക് കമ്മറ്റി, "കൂടുതൽ വേഗത്തിലും, ഉയരത്തിലും, ശക്തിയിലും" എന്ന മുദ്രാവാക്യത്തോട്, "ഒരുമിച്ച്" എന്ന വാക്ക് കൂട്ടിച്ചേർത്തതിനെ പരാമർശിച്ച വത്തിക്കാൻ കായികവിഭാഗം, ഇന്ന്, കായികരംഗത്ത് ഉയർന്നുകേൾക്കേണ്ട വാക്ക് "സാമീപ്യം" എന്നതാണെന്ന് ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ തങ്ങൾക്ക് നൽകിയ നിർദ്ദേശമാണിതെന്ന് സംഘം വ്യക്തമാക്കി.

കായികരംഗത്ത് നാമാരും ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിച്ച വൃത്തിക്കാൻ സംഘം, ഒരു ടീം, കുടുംബം, സമൂഹം ഒക്കെ നമ്മുടെ കൂടെയുണ്ടെന്ന് മറക്കരുതെന്ന് ഒളിമ്പിക്‌സ്, പാരാ ഒളിമ്പിക്‌സ് മത്സരാർത്ഥികളെ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, കുറുക്കുവഴികൾ തേടാതെയും, സത്യസന്ധമായും മത്സരങ്ങളിൽ പങ്കെടുക്കാനും, ഇത് പ്രത്യാശയുടെ ഒരു അവസരമാക്കി മാറ്റാനും ഒളിമ്പിക്‌സ് മത്സരങ്ങളെ സമാധാനത്തിന്റെ തന്ത്രങ്ങളും, യുദ്ധക്കളികൾക്കുള്ള മറുമരുന്നും ആക്കി മാറ്റാനും വത്തിക്കാൻ കായിക വിഭാഗം മത്സരാർത്ഥികളെ ആഹ്വാനം ചെയ്തു.

Pope prays Olympics will bring peace 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക