Image

ട്രംപും ഹാരിസും ഫലത്തിൽ ഒപ്പത്തിനൊപ്പമാണെന്നു ന്യൂ യോർക്ക് ടൈംസ്/ സിയന്ന കോളജ് സർവേ (പിപിഎം)

Published on 26 July, 2024
ട്രംപും ഹാരിസും ഫലത്തിൽ ഒപ്പത്തിനൊപ്പമാണെന്നു ന്യൂ യോർക്ക് ടൈംസ്/ സിയന്ന കോളജ് സർവേ (പിപിഎം)

യുഎസ് പ്രസിഡൻറ് തിരഞ്ഞടുപ്പിനു 103 ദിവസം മാത്രം ബാക്കി നിൽക്കെ, ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ഫലത്തിൽ ഒപ്പത്തിനൊപ്പമാണെന്നു ന്യൂ യോർക്ക് ടൈംസ്/ സിയന്ന കോളജ് സർവേ കണ്ടെത്തി. ഒരൊറ്റ പോയിന്റ് ലീഡാണ് മുൻ പ്രസിഡന്റിനു ഞായറാഴ്ച മാത്രം മത്സരത്തിൽ പ്രവേശിച്ച വൈസ് പ്രസിഡന്റിനെതിരെ ഉള്ളത്. അതേ സമയം, പോളിംഗിൽ 3.3% മാർജിൻ ഓഫ് എറർ അഥവാ പിഴവ് സാധ്യത ഉണ്ട്.

ട്രംപിനു വോട്ട് ചെയ്യാൻ സാധ്യതയുള്ളവരിൽ 48--47 ലീഡാണ് പുതിയ സർവേ പറയുന്നത്. ജൂലൈയിൽ ടൈംസ്/സിയന്ന പോളിംഗിൽ തന്നെ ട്രംപിനു  പ്രസിഡന്റ് ജോ ബൈഡനെതിരെ 6% ലീഡ് ഉണ്ടായിരുന്നു. 
റജിസ്റ്റർ ചെയ്ത വോട്ടർമാക്കിടയിൽ ട്രംപിന് ഇപ്പോൾ 48--46 ആണ് ലീഡ്. ബൈഡനു എതിരെ 9% ലീഡ് ആയിരുന്നു ജൂൺ 27 ഡിബേറ്റിനു ശേഷം അദ്ദേഹം നേടിയത്.

ബൈഡൻ മത്സരം ഒഴിയുകയും ഹാരിസ് രംഗപ്രവേശം ചെയ്യുകയും ചെയ്തതോടെ ഡെമോക്രാറ്റിക്‌ അണികളിൽ ഏറെ ഊർജ്ജമുണ്ടായി എന്നാണ് നിഗമനം. മാത്രമല്ല, പാർട്ടിക്ക് എന്നും കരുത്തു പകർന്നിരുന്ന വിഭാഗങ്ങൾ ആവേശത്തോടെ തിരിച്ചെത്തി. പരിചയ സമ്പത്തും ഊർജസ്വലതയുമുള്ള സ്‌ഥാനാർഥി വന്നതോടെ ബൈഡന്റെ പേരിൽ ഉണ്ടായിരുന്ന പ്രായത്തിന്റെ പ്രശ്നം ഇപ്പോൾ ഡെമോക്രറ്റുകൾക്കാണ് ആയുധമായത്. ട്രംപിന് 78 വയസുണ്ടെങ്കിൽ ഹാരിസിന് 59 മാത്രം.

ഡെമോക്രാറ്റിക്‌ പാർട്ടിയിലെ 70% ഹാരിസിനു പിന്നിൽ അണിനിരക്കുമ്പോൾ മറ്റൊരു സ്ഥാനാർഥി വേണമെന്നു ആവശ്യപ്പെടുന്നത് 14% മാത്രം. ഫലത്തിൽ 93% പിന്തുണ ഹാരിസിനു പാർട്ടിയിൽ ഉണ്ട്. ട്രംപിനു റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉള്ള പിന്തുണയും 93% തന്നെ.

യുവാക്കളുടെ പിന്തുണ ഹാരിസിന് 

മുപ്പതു വയസിനു താഴെയുള്ള വോട്ടർമാരിൽ നിന്നു 60% പിന്തുണ ഹാരിസ് നേടുന്നു എന്നാണ് പുതിയ പോളിംഗ്. ഹിസ്പാനിക്കുകളിൽ നിന്നും അത്രയും പിന്തുണയുണ്ട്. ഈ രണ്ടു വിഭാഗങ്ങളിലും ബൈഡനു പിന്തുണ കുറഞ്ഞിരുന്നു.

ഹാരിസിനു 45 വയസിനു താഴെയുള്ള വോട്ടർമാരിൽ ട്രംപിനെക്കാൾ 10% പിന്തുണ കൂടുതൽ കാണുന്നു. മൂന്നാഴ്ച മുൻപ് ട്രംപിന് ഈ വിഭാഗത്തിൽ ബൈഡനെക്കാൾ പിന്തുണ ഉണ്ടായിരുന്നു.

ദേശീയ തലത്തിൽ നടത്തിയ പോളിംഗ് ആയതിനാൽ യുദ്ധഭൂമി സംസ്ഥാനങ്ങളിലെ നില കൃത്യമായി അളക്കാൻ കഴിഞ്ഞിട്ടില്ലെന്നും ടൈംസ്‌/സിയന്ന പറയുന്നു. എന്നാൽ യുവാക്കളിലും കൂടുതൽ വൈവിധ്യമുളള ഗ്രൂപ്പുകളിലും പിന്തുണയുളള ഡെമോക്രറ്റിനു നെവാഡ, അരിസോണ, ജോർജിയ യുദ്ധഭൂമികളിൽ മെച്ചം കിട്ടുമെന്നാണ് പ്രവചനം.

മത്സരത്തിൽ താല്പര്യം ഉണ്ടെന്ന് 64% പേർ പറയുന്നു. ജൂണിൽ ഡിബേറ്റിനു മുൻപ് അത് 48% ആയിരുന്നു.  എന്നാൽ രാജ്യത്തിൻറെ ദിശ ശരിയല്ലെന്നു പറയുന്ന 61% അധികാരത്തിൽ ഇരിക്കുന്ന വൈസ് പ്രസിഡന്റിനു താക്കീതാണ്. രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മോശമാണെന്ന വിലയിരുത്തൽ 75% പേർക്കുമുണ്ട് എന്നതും നല്ല സൂചനയല്ല.

എന്നാൽ ഫെബ്രുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 10% കൂടുതൽ ആളുകൾ ഇപ്പോൾ ഹാരിസിനെ ഇഷ്ടപ്പെടുന്നു: 46%. ബൈഡനെക്കാൾ മെച്ചമാണത്. എന്നാൽ ട്രംപിനു പിന്നിലുമാണ്. അദ്ദേഹത്തെ കൂടുതൽ കരുത്തനായി കാണുന്നവരും കൂടുതലാണ്.

കളം വിട്ടതിൽ ബൈഡനെ പ്രശംസിക്കാൻ 90% പേരുണ്ട്. രണ്ടു പാർട്ടികളിൽ ഉള്ളവരും സ്വതന്ത്രരും അക്കൂട്ടത്തിൽ ഉണ്ട്. രണ്ടു വർഷം കൊണ്ട് ബൈഡനു കഴിയാത്ത വിധം ഐക്യം പാർട്ടിയിൽ പൊടുന്നനെ സാധ്യമാക്കാൻ ഹാരിസിനു കഴിഞ്ഞു. അഞ്ചിൽ നാലു ഡെമോക്രറ്റുകളാണ് അവരെ സ്ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെടുന്നത്: 80%. ബൈഡനു ഉണ്ടായിരുന്ന പിന്തുണ 48% മാത്രം ആയിരുന്നു.

ഹാരിസ് ബുദ്ധിമതിയാണെന്നു 66% പറയുമ്പോൾ ട്രംപിനു കിട്ടുന്നത് 59% മാർക്കാണ്. അധികാരം ഏൽക്കാനുളള സ്വാഭാവിക ഗുണവിശേഷങ്ങൾ ഹാരിസിനുണ്ടെന്നു അവർ പറയുന്നു.

ജൂലൈ 22 മുതൽ 24 വരെ  1,142 റജിസ്റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. 96% പേരെയും ഫോണിലാണ് ബന്ധപ്പെട്ടത്.

Harris pulls up, closes gap with Trump 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക