Image

ഇസ്രായേലിന് ആയുധം നൽകുന്നത് നിയന്ത്രിക്കാൻ യുകെ; തീരുമാനം പുതിയ സർക്കാരിന്റേത്

Published on 26 July, 2024
ഇസ്രായേലിന് ആയുധം നൽകുന്നത് നിയന്ത്രിക്കാൻ യുകെ; തീരുമാനം പുതിയ സർക്കാരിന്റേത്

ലണ്ടന്‍: ഇസ്രായേലിനുള്ള ആയുധ വില്‍പ്പനയില്‍ നിയന്ത്രണം വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. മുതിര്‍ന്ന ഇസ്രായേലി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറന്റിനെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്മാറാനും യുകെ തീരുമാനിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ തന്നെ ആയുധ വില്‍പ്പന നിയന്ത്രണമുണ്ടാവുമെന്ന് ലേബര്‍ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. ആയുധ വില്‍പ്പന പൂര്‍ണമായി മരവിപ്പിക്കുന്നതിനു പകരം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പദ്ധതി.

ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തണമെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കഴിഞ്ഞയാഴ്ച്ച അധികാരമേറ്റ ഉടനെ ആവശ്യപ്പെട്ടിരുന്നു.

ആക്രമണ ആയുധങ്ങള്‍ വില്‍ക്കുന്നതിനായിരിക്കും നിയന്ത്രണമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ഹൂത്തികള്‍, ഹിസ്ബുല്ല, ഹമാസ് തുടങ്ങിയവയില്‍ നിന്ന് ഇസ്രായേല്‍ ആക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ നിയന്ത്രണം ശരിയായ നടപടിയായിരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു. ഇസ്രായേല്‍ ഗസയില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആക്രമണ ആയുധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

2023 ഒക്ടോബറിന് ശേഷം 100ലേറെ ആയുധ കയറ്റുമതി ലൈസന്‍സുകള്‍ക്ക് യുകെ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ 28 എണ്ണം ഇസ്രായേല്‍ സേന ഗസയില്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കുള്ളതാണെന്ന് ബിസിനസ് ആന്റ് ട്രേഡ് ഡിപാര്‍ട്ടമെന്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഈ ലൈസന്‍സുകള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ പെട്ടേക്കും.

ഇസ്രായേലിന് ആക്രമണ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് അമേരിക്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. റഫയില്‍ ഇസ്രായേല്‍ പൂര്‍ണ തോതിലുള്ള ആക്രമണം നടത്തിയാല്‍ ഇത് നടപ്പാക്കുമെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ഭീഷണി. എന്നാല്‍, ഇസ്രായേല്‍ അത് വകവയ്ക്കാതെ ആക്രമണം തുടര്‍ന്നിട്ടും അമേരിക്ക നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.

ഫലസ്തീനിലേക്കുള്ള ഇസ്രായേല്‍ കടന്നുകയറ്റം നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് ഇതിന് അറുതി വരുത്തണമെന്നും കഴിഞ്ഞയാഴ്ച്ച അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) അഭിപ്രായപ്പെട്ടിരുന്നു. യുകെ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ആയുധവില്‍പ്പന നിയന്ത്രിക്കാന്‍ യുകെ ഒരുങ്ങുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഐസിജെ നീക്കത്തോടുള്ള എതിര്‍പ്പില്‍ നിന്ന് പിന്മാറാനും യുകെ ഒരുങ്ങുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക