Image

അപർണ ( തുടർക്കഥ : പി.സീമ )

പി.സീമ Published on 26 July, 2024
അപർണ  ( തുടർക്കഥ : പി.സീമ )

ഒരു പുരുഷനിലും അധികം വിശ്വാസം അർപ്പിക്കാത്ത അപർണ്ണ എങ്ങനെയാണ് ഹരികൃഷ്ണനെ ഇത്രത്തോളം വിശ്വസിച്ചതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു. പക്ഷെ ഈയിടെയായി അയാളിൽ നിന്നുള്ള പ്രതികരണങ്ങൾക്കു എണ്ണം കുറയുന്നു എന്നത് അവളുടെ സംസാരത്തിൽ നിന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.  ഇന്നേ വരെ ആരെയും ചേർത്ത് പിടിക്കാത്തവൾ,  വേണം എന്ന് തോന്നുന്ന  എന്തിനെയും  വേണ്ടെന്നു വെയ്ക്കാൻ കഴിവുള്ളവൾ,  ആരോടും സധൈര്യം നോ പറയാൻ മടി ഇല്ലാത്തവൾ.. അങ്ങനെ പല സ്വഭാവ വിശേഷങ്ങളും അവൾക്കുണ്ടായിരുന്നു.  ഒരു ബൈക്ക് അപകടത്തിൽ ഭർത്താവും കുഞ്ഞും നഷ്ടമായ അവൾ പിന്നീട് തീർത്തും തനിച്ചായിരുന്നു. മറ്റൊരു വിവാഹത്തിന് അവൾ ആഗ്രഹിച്ചിരുന്നുമില്ല.  എന്നിട്ടും  നല്ല ഒരു ഗസൽ ഗായകനായ  ഹരി  അവളുടെ  മനസ്സിലേക്ക് അവൾ പോലും അറിയാതെ  കടന്ന് വരികയായിരുന്നു. ഹരിയെ കുറിച്ച് ഏറെ അറിയും മുൻപ്   അയാൾക്കൊപ്പം  ഒരു യാത്രയിലേക്ക്   അവൾ ഇറങ്ങി പുറപ്പെട്ടപ്പോൾ ഞാൻ അവളെ വിലക്കിയിരുന്നു. പക്ഷെ അന്ന് ആദ്യമായാണ് അവൾ എന്നെ എതിർത്തത്.

"ചേച്ചി വിചാരിക്കും പോലല്ല. ഹി ഈസ്‌  എ സിൻസിയർ മാൻ.സ്നേഹിക്കാൻ എന്നെ പോലെ തന്നെ അധികം ആരും ഇല്ലാത്ത ഒരാൾ."  അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഹരി വളരെ ആത്മാർഥത ഉള്ള ഒരാൾ ആണെന്ന അവളുടെ കണ്ടു പിടിത്തം ശരിയായിരിക്കണേ എന്ന് ആഗ്രഹിക്കാൻ മാത്രമേ പിന്നെ എനിക്ക് കഴിഞ്ഞിരുന്നുള്ളു.  ഒന്നോ രണ്ടോ തവണ രുചിച്ചറിഞ്ഞു പിന്നെ മറ്റൊരു സ്ത്രീശരീരം തേടി പോകുന്ന പുരുഷ പ്രകൃതം എന്നിൽ ആശങ്ക ജനിപ്പിച്ചിരുന്നു.  എങ്കിലും  എന്റെ മനസ്സിൽ ഹരിയെക്കുറിച്ചുള്ളത്  അതിനേക്കാൾ മിഴിവുറ്റ ഒരു സങ്കൽപ്പമായിരുന്നു .അപ്പോഴും ഒരു സ്ത്രീയെ   അവളുടെ ഏത് അവസ്ഥയിലും ഉൾക്കൊള്ളുന്ന പുരുഷന്മാർ  വളരെ വിരളമാണെന്ന ചിന്ത എന്നെ ഇടയ്ക്ക് അലട്ടുകയും ചെയ്തിരുന്നു.

അത് ശരി വെയ്ക്കുന്നതായിരുന്നു പിന്നീട് ഞാൻ അവളിൽ കണ്ടെത്തിയ മൗനം.  അന്നത്തെ യാത്രയ്ക്ക് ശേഷം എന്തെല്ലാമോ കാരണങ്ങളാൽ ഇരു വഴിപിരിയാം എന്നയാൾ  തന്നെ  പറഞ്ഞെന്നു കേട്ടപ്പോൾ എനിക്ക് ഭയം തോന്നുകയും ചെയ്തു.

ആകെ തകർന്ന മട്ടിൽ ആയി എങ്കിലും ഞാൻ  അവളെ ആശ്വസിപ്പിച്ചു

"അങ്ങനെ ഒന്നും അയാൾ  വിട്ടു പോകില്ല  അപു.. അയാൾ തിരികെ വരും "  ഞാൻ പറഞ്ഞു.
അങ്ങനെ പറയുമ്പോഴും എനിക്ക് അതിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. ആർക്കും മറ്റൊരാളുടെ മനസ്സ് പൂർണ്ണമായും തുറന്നു വായിക്കാൻ ആകില്ലല്ലോ.

സുദീർഘമായ മൂന്ന് മാസങ്ങൾ  പതിവുള്ള അയാളുടെ സുപ്രഭാത ആശംസകൾ ഇല്ലാതെ കടന്ന് പോയപ്പോഴും അവൾ തികഞ്ഞ സമചിത്തയോടെ തന്നെ തുടർന്നു. അപ്പോഴും അവളുടെ മനസ്സിൽ ഹരി അതേ പോലെ തന്നെ ഓർമ്മകളിൽ നില നിന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി.  ഒന്ന് പൊട്ടിത്തെറിക്കാനോ ഹരിയെ പഴിക്കാനോ ഒരിക്കലും അവൾ മുതിർന്നിരുന്നില്ല.

തീർത്തും അവിചാരിതമായി ഒരു ദിവസം അപർണ്ണ അന്നേ വരെ കാണാത്ത പ്രസാദാത്മകതയോടെ എന്നെ കാണാൻ വന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ  ഏറെ നാളുകൾക്കു ശേഷം ഹരിയുടെ സുപ്രഭാത സന്ദേശം അവളുടെ മൊബൈൽ ചതുരത്തിൽ വന്നിരിക്കുന്നു. എത്ര സൂക്ഷ്മമായാണ് ഞാൻ അയാളുടെ മനസ്സ് തിരിച്ചറിഞ്ഞത് എന്ന് പറഞ്ഞ്  അവൾ എന്നെ ചേർത്ത് പിടിച്ചു.

"ചേച്ചി പറഞ്ഞത് എത്ര ശരിയായിരുന്നു. എങ്ങനെയാണ് ഇത്ര കൃത്യമായി ഹരിയെ ചേച്ചി മനസ്സിലാക്കിയത്?"അവൾ ചോദിച്ചു.

"നിന്നെ പോലെ ഇത്ര ആത്മാർഥത ഉള്ള പെണ്ണുങ്ങൾ ഇക്കാലത്തു വളരെ ചുരുക്കം. അയാൾക്കതു   എന്നെങ്കിലും തിരിച്ചറിയാൻ സാധിക്കും എന്ന് എനിക്ക് അറിയാമായിരുന്നു അപു.. നിന്നെ പോലെ ഒന്നിനും ആർത്തി ഇല്ലാത്ത ഒന്നിനും വേണ്ടി അല്ലാതെ ഒരാളെ വെറുതെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ  ഒരു പുരുഷനും വിട്ടു കളയില്ല."

ഞാൻ പറഞ്ഞു. അപർണയുടെ കണ്ണുകൾ നിറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ അവൾ വളരെ ഉന്മേഷഭരിതയായിരുന്നു.  എങ്കിലും തീർത്തും അവിചാരിതമായിരുന്നു പിന്നീട് അവൾ കൊണ്ടു വന്ന വാർത്ത. ആദ്യം എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞതേ ഇല്ല.

"അയാൾ നിന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവും., നീ അത് വിശ്വസിക്കുന്നോ.?" ഞാൻ ചോദിച്ചു.

"ഹരി കള്ളം പറയില്ല എന്ന് വെച്ചു ചേച്ചി ഇനി ഇതിനെ പറ്റി അയാളോട് ചോദിക്കണ്ട.."അവൾ പറഞ്ഞു.

നഗര പ്രാന്തത്തിലുള്ള ക്ഷേത്രത്തിൽ വെച്ചു ഹരി വിവാഹിതനാകുന്നു.  പെൺകുട്ടി ആരെന്ന് പറഞ്ഞില്ല.  ഹരിയെ വിളിച്ചു നേരിട്ട് സംസാരിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അപർണ്ണ അതിനു സമ്മതം നൽകിയില്ല. അതവളുടെ അഭിമാനത്തെ മുറിപ്പെടുത്തുന്ന ഒന്നാണ് എന്ന് പറഞ്ഞതോടെ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.   ഏത് ഇല്ലായ്മയിലും   വേദനകളിലും മറ്റൊരാളോട് ഒരു കടപ്പാട് സൃഷ്ടിക്കാൻ അവൾ ഇത് വരെ ആഗ്രഹിച്ചിരുന്നില്ല.   തികച്ചും സ്വതന്ത്രയായി നിൽക്കാനുള്ള അവളുടെ ആഗ്രഹം എനിക്ക് നന്നായി അറിയാമായിരുന്നു.

എങ്കിലും കുറച്ച് നാൾ എനിക്കൊപ്പം വന്നു നിൽക്കാൻ ഞാൻ അവളെ നിർബന്ധിച്ചു.   ഒരു നിശ്ചലതയ്ക്ക് ശേഷം  പെട്ടെന്നുണർന്ന   ആ മനസ്സ് ഇപ്പോൾ ചെന്ന് പതിച്ചിരിക്കുന്ന ചുഴിയൂടെ ആഴം എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നു.

ഇടവേളകളിൽ ഞങ്ങൾ ഒരുമിച്ച് പുറത്ത് പോയി. നല്ല സിനിമകൾ കണ്ടു. അവിചാരിതമായി ടൗണിലെ മുന്തിയ തുണിക്കടയിൽ വെച്ചു   ഒരു ദിവസം അയാളെ കാണുകയും ചെയ്തു.  അപ്പോൾ അപർണ്ണ അയാൾ കാണാതെ മറഞ്ഞു നിൽക്കാനാണ് താല്പര്യം കാണിച്ചത്. നിരത്തിയിട്ട പട്ടു സാരികൾക്കിടയിൽ നിന്നും ഏത് തിരഞ്ഞെടുക്കണം എന്നറിയാതെ വിഷമിച്ചു നിന്ന അയാൾക്കൊപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

ഏറെ നേരം   അത് കണ്ടു നിൽക്കാനാകാതെ കടയിൽ നിന്നിറങ്ങുമ്പോൾ അപർണ്ണ കണ്ണീരിലൂടെ ചിരിച്ചു.

"ഹരിയുടെ പെണ്ണിന് സാരി തിരഞ്ഞെടുക്കാനുള്ള യോഗം  കൂടി എനിക്കുണ്ടായിരുന്നോ ആവോ. " അങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ തോളിലേക്ക് മുഖം ചേർത്ത് അവൾ മൗനമായിരുന്നു. പിന്നെ തേങ്ങിക്കരഞ്ഞു. അവളുടെ നൊമ്പരം എനിക്കും താങ്ങാനായില്ല.

ഹരിയുടെ വിവാഹത്തിന് തലേന്ന് വൈകുന്നേരം ആണ്   ഓഫീസിൽ നിന്ന് അവൾ  ഡ്രസ്സ്‌ അടങ്ങിയ കൊറിയർ കവറുമായി വന്നത്.

"വേറൊരു സർപ്രൈസ്...ഇതുടുത്തു   വിവാഹത്തിന് ഒരുങ്ങി ചെല്ലാൻ  ഹരി വിളിച്ചു പറഞ്ഞു..പോകണം കാണണം. എന്നെ ക്ഷണിച്ച അയാൾ ഒരു സാഡിസ്റ്റ്  ആണോ? എനിക്ക് ചേച്ചി കൂടി കൂട്ട് വരുമൊ?" അപർണയുടെ ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തി.  ചിലപ്പോൾ ജീവിതം  ഓരോ പ്രതിസന്ധികളെയും അതിജീവിക്കാൻ ഏത് ദുർബലർക്കും അപാരമായ ധൈര്യവും ആത്മവിശ്വാസവും പകരുക പതിവാണല്ലോ. ഇതും അങ്ങനെ ആയിരിക്കണം.

( കഥ  തുടരും )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക