Image

യുപിയിലെ ബിജെപിയിൽ കലാപം; വീഴുമോ യോഗി?

Published on 26 July, 2024
യുപിയിലെ ബിജെപിയിൽ കലാപം; വീഴുമോ യോഗി?

ന്യൂഡല്‍ഹി: ഉത്തത്തര്‍ പ്രദേശ് ബിജെപിയിലെ തമ്മിലടി പൊട്ടിത്തെറിയിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരേ പാര്‍ട്ടിക്കകത്ത് പൊട്ടിപ്പുറപ്പെട്ട കലാപം  പോരിലേക്ക് നീങ്ങുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

എന്‍ഡിഎ ഘടകകക്ഷിയായ അപ്നാദള്‍-എസ് അധ്യക്ഷയും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ഉയര്‍ത്തിക്കാട്ടിയ സംവരണ അട്ടിമറിവിഷയം കേശവ് പ്രസാദ് മൗര്യ ഏറ്റെടുത്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം യോഗ്യരായവരില്ലെന്നുപറഞ്ഞ് അട്ടിമറിക്കുന്നുവെന്നായിരുന്നു അനുപ്രിയ പട്ടേലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിനുശേഷം കത്തയച്ചെങ്കിലും ആരോപണം സംസ്ഥാനസര്‍ക്കാരും ഉത്തര്‍പ്രദേശ് പി.എസ്.സി.യും നിഷേധിച്ചു. എന്നാല്‍, പുറംജോലി, കരാര്‍ ജോലി എന്നിവയില്‍ സംവരണനയം പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. 

ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ജൂണ്‍ നാലിന് സംസ്ഥാന പേഴ്സണല്‍ മന്ത്രാലയം അഡീഷണല്‍ ചീഫ്സെക്രട്ടറിക്ക് മൗര്യ നേരിട്ടെഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവന്നരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുറുകിയതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെയാണ് കത്ത് പുറത്തുവിട്ടത്. പിന്നാക്ക വിഭാഗങ്ങള്‍ കൈയൊഴിഞ്ഞതാണ് ഇത്തവണ യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടാന്‍ കാരണമെന്ന വിലയിരുത്തുകള്‍ക്കിടെയാണ് പുതിയ വിവാദം. 

തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഈ മാസം 15-ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ യോഗി, മൗര്യ പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ത്തിരുന്നു. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ മുന്നിലായിരുന്നു തമ്മിലടി. അതിനുശേഷമാണ് മൗര്യ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമടക്കമുള്ളവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. കത്ത് പുറത്തുവന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളായിട്ടുണ്ട്. 

വിവിധ സര്‍ക്കാര്‍വകുപ്പുകളില്‍ പണിയെടുക്കുന്ന പുറംജോലി, കരാര്‍ ജീവനക്കാരുടെ പട്ടിക കഴിഞ്ഞ ഒരു വര്‍ഷമായി ചോദിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് മൗര്യ കത്തില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലെ കരാര്‍ ജോലികളില്‍ സംവരണതത്ത്വം പാലിക്കണമെന്ന 2008 ജനുവരിയിലെ യു.പി. സര്‍ക്കാരിന്റെ തന്നെ ഉത്തരവുപ്രകാരം നടന്ന നിയമനങ്ങളുടെ പട്ടികയാണ് അദ്ദേഹം ചോദിച്ചത്. 

പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം അടുത്ത ദിവസം ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിനായി ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന യോഗിക്ക് മൂക്കുകയറിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച്ച

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക