Image

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 11ആം ദിവസത്തില്‍; ലോറിയുടെ ഡ്രൈവര്‍ ക്യാബിന്‍ തകര്‍ന്നിട്ടില്ലെന്ന് സൂചന

Published on 26 July, 2024
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 11ആം ദിവസത്തില്‍; ലോറിയുടെ ഡ്രൈവര്‍ ക്യാബിന്‍ തകര്‍ന്നിട്ടില്ലെന്ന് സൂചന

ഷിരൂര്‍ (കര്‍ണാടക): കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 11ആം ദിവസത്തിലേക്ക് കടന്നു. അത്യാധുനിക ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അര്‍ജുന്‍ എവിടെ എന്നതിനെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. ലോറിയുടെതെന്ന് കരുതുന്ന ലോഹഭാഗങ്ങളുടെ സാന്നിധ്യം ഇന്നലത്തെ ഡ്രോണ്‍ പരിശോധനയില്‍ സ്ഥിരീകരിച്ചെങ്കിലും ഇപ്പോഴും 100 ശതമാനം ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന രാത്രിയും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാത്രി നദിയിലെ തണുപ്പേറുമ്പോള്‍ ഈ പരിശോധനയ്ക്കു കൃത്യതയേറുമെന്നാണ് തിരച്ചിലിനു നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലന്‍ പറഞ്ഞത്. എന്നാല്‍ ശക്തമായ കാറ്റ് തുടര്‍ പരിശോധനയക്ക് തടസ്സമായി. ഡ്രോണ്‍ സംവിധാനത്തിന് സാങ്കേതിക തകരാറുമുണ്ടായി. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്ന് നാവിക സേനയും വ്യക്തമാക്കി. ഇതോടെ ഡ്രോണ്‍ പരിശോധന ഉള്‍പ്പടെ മുഴുവന്‍ തിരച്ചിലുകളും ഇന്ന് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അര്‍ജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 40 മുതല്‍ 60 മീറ്റര്‍ വരെ ദൂരെ പുഴയിലാണ്. ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിന്‍, ടവര്‍, ഡിവൈഡിങ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ലോറിയുടെ ഡ്രൈവിങ് കാബിന്‍ തകര്‍ന്നിട്ടില്ലെന്നും ഇന്നലെ ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സാധാരണഗതിയില്‍ കാബിന്‍ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിര്‍മാതാക്കളും അറിയിച്ചു.

അപകടം സംഭവിച്ചപ്പോള്‍ കാബിന്‍ ലോക്കാകുന്ന സിസ്റ്റം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അര്‍ജുന്‍ വാഹനത്തിനകത്തായിരുന്നെങ്കില്‍ കാബിനില്‍ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങള്‍ പ്രകാരം, അപകട സമയത്ത് ലോറിയുടെ എന്‍ജിന്‍ ഓണാണ്. ഇതാണ് അര്‍ജുന്‍ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത. അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അര്‍ജുന്‍ ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയപ്പോള്‍ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമത്തില്‍ പുഴയോരത്തു കണ്ടെത്തിയിട്ടുണ്ട്. ഇത് അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ലോറി ഉടമകള്‍ അറിയിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കിലോമീറ്ററുകള്‍ അകലെ കടലിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് തടി കിട്ടിയതെന്ന് നാട്ടുകാര്‍ അറിയിച്ചു. 400 അക്കേഷ്യ തടികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

കേരളത്തില്‍നിന്നു വന്നവര്‍ പറഞ്ഞിട്ടാണ് തങ്ങള്‍ കുന്നിലും റോഡിലും 6 ദിവസം തിരഞ്ഞതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. അര്‍ജുന്‍ ഞങ്ങള്‍ക്ക് സഹോദരനെപ്പോലെയാണ്. അര്‍ജുനു പുറമേ കാണാതായ 2 പേര്‍ക്കു വേണ്ടിക്കൂടിയാണ് തിരച്ചില്‍. കേരളവും കര്‍ണാടകയും ഒന്നിച്ചാണ് പരിശ്രമിക്കുന്നത്. ലോറിയില്‍ 6 ദിവസംവരെ ജീവന്‍ നിലനില്‍ക്കുമെന്നും ലോറിയുടെ ജിപിഎസ് റോഡിലാണ് കാണിക്കുന്നതെന്നും കേരളത്തില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു. ഇതോടെയാണ് പുഴയില്‍ കേന്ദ്രീകരിക്കാതെ റോഡില്‍ തിരഞ്ഞത്.

അധികൃതരോട് ആദ്യം അതൃപ്തി ഉണ്ടായെങ്കിലും ഇപ്പോള്‍ തിരച്ചില്‍ ശരിയായ ദിശയിലാണെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി റോഡിലുണ്ടോ എന്ന സംശയമാണ് പങ്കുവച്ചത്. പ്രാഥമിക തിരച്ചിലില്‍ ലോറി പുഴയില്‍ ഇല്ലെന്നാണ് നേവി, എന്‍ഡിആര്‍എഫ് സംഘങ്ങളും പറഞ്ഞതെന്നും ജിതിന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക