Image

കേരളത്തില്‍ ചെള്ളുപനി വ്യാപിക്കുന്നു; കര്‍ഷകര്‍ക്കും തൊഴിലുറപ്പുകാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

Published on 26 July, 2024
കേരളത്തില്‍ ചെള്ളുപനി വ്യാപിക്കുന്നു; കര്‍ഷകര്‍ക്കും തൊഴിലുറപ്പുകാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് പുറമെ ചെള്ളുപനിയും വ്യാപിക്കുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ 88 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ജൂണില്‍ 36 പേര്‍ക്കും, മെയില്‍ 29 പേര്‍ക്കും രോഗം ബാധിക്കുകയും, ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

പുല്ലുകളും ചെടികളുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍ മുതലായവര്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കള്‍ പൊതുവെ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വര്‍ഗത്തില്‍പ്പെട്ട ചെറു പ്രാണികളുടെ ലാര്‍വ (ചിഗ്ഗര്‍ മൈറ്റ്) കടിക്കുന്നതു വഴിയാണ് മനുഷ്യരിലേക്കു രോഗം പകരുന്നത്.

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10-12 ദിവസം കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാവും. കടിച്ച ഭാഗം തുടക്കത്തില്‍ ചുവന്നു തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. കക്ഷം,കാലിന്റെ മടക്ക്, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. വിറയലോടു കൂടിയ പനി, തലവേദന, കണ്ണില്‍ ചുമപ്പ് നിറം, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. ചുരുക്കം പേരില്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും.

രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനി ഉപയോഗിച്ചും നിയന്ത്രിക്കാം. ഇവ ശരീരത്തില്‍ കയറാന്‍ സാധ്യതയില്ലാത്ത വണ്ണം കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കുകയാണ് മറ്റൊരു വഴി. രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയുറയും കാലുറയും ധരിക്കുക. ജോലിക്ക് പോയതിന് ശേഷം ചൂടുവെള്ളവും, സോപ്പും ഉപയോഗിച്ച് കുളിക്കുകയും വേണം. വസ്ത്രങ്ങള്‍ പുല്ലിലും ചെടികളുടെ പുറത്തും ഉണക്കാനിടുകയും അരുത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക